മാമുക്കോയ അന്തരിച്ചു! വിശ്വസിക്കാന്‍ തോന്നുന്നില്ല. കാലയവനിക എന്നത് വല്ലാത്തൊരു വാക്കാണ്. എപ്പോള്‍ ഊര്‍ന്നു വീഴുമെന്നു പറയാനാവാത്ത നൂല്‍ബന്ധമേ അതിനുള്ളു. ഒരുപക്ഷെ, ഒന്നും ഗൗരവമായി തലയിലേറ്റാത്ത സാധാരണക്കാരനായിരുന്നല്ലോ അദ്ദേഹം. കല്ലായിക്കടവത്തെ തടിയളന്നു ശീലിച്ച ഒരാള്‍ മാനുഷിക ഭാവങ്ങളുടെ കൃത്യമായ അളവുകോല്‍ പഠിച്ചതും പ്രാവര്‍ത്തികമാക്കിയതുമെങ്ങനെ? വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളും വാസുപ്രദീപിന്റെയും കെ ടി മുഹമ്മദിന്റെയും നാടക പരിശീലനങ്ങളും നാട്ടറിവിന്റെ സര്‍വകലാശാലയില്‍ വച്ചാണ് അദ്ദേഹം ശ്രദ്ധിച്ചത്. വലിയ നടനാകുമെന്നോ പ്രശസ്തിയുടെ പടവുകള്‍ കയറുമെന്നോ മാമുക്കോയ കരുതിയിട്ടേയില്ല. ഒരു നടന് ആവശ്യമായ ആകാരാലംകൃതികളൊന്നും അവകാശപ്പെടാനില്ലാത്ത ഒരാള്‍ എങ്ങനെ ജനങ്ങളിഷ്ടപ്പെടുന്ന നടനായി? വിസ്മയമെന്നേ പറയാനാവൂ. അവസരങ്ങള്‍ കിട്ടിയാല്‍ എത്രയെത്ര പ്രഗത്ഭന്മാര്‍ നമ്മുടെ നാട്ടില്‍ത്തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കാം. നാടകത്തിന്റെ പരിമിതിയില്‍ നിന്ന് സിനിമയുടെ വിശാലലോകത്തേക്ക് വന്നതോടെ മാമുക്കോയയുടെ കലാജീവിതമാകെ മാറി. കോഴിക്കോടന്‍ സംഭാഷണത്തിന്റെ ചില നര്‍മ്മാംശങ്ങള്‍ പ്രചാരത്തിലായതോടെ മാമുക്കോയയെ സ്ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്നു. തൊഴിലാളിയോ, മുതലാളിയോ, പൊലീസോ, ഗുണ്ടയോ, പോക്കറ്റടിക്കാരനോ, നേതാവോ കഥാപാത്രമേതായാലും അവയെല്ലാം മാമുക്കോയയിലേക്ക് പരകായപ്രവേശം ചെയ്തു. ചിരി എന്ന മാനുഷിക സവിശേഷതയെ അത്രയേറെ ഉത്സാഹപൂര്‍വം കോഴിക്കോട്ടുകാര്‍ക്ക് സംഭാവന ചെയ്തത് കുതിരവട്ടം പപ്പുവായിരുന്നു. പിന്നീട് ചിരിയുടെ പര്യായമായി മാമുക്കോയ മാറിയപ്പോഴും എളിമ കൈവിടാത്ത യഥാര്‍ത്ഥ കലാകാരനായി അറിയപ്പെട്ടു.
ഇതുകൂടി വായിക്കു; പെയ്തു തീര്‍ന്ന ചിരിമഴക്കാലം
സിനിമയുടെ ചായം പൂശാത്ത മുഖവും മനസുമായി ഏത് ജനാധിപത്യ സദസിലും മാമുക്കോയ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. നമ്മുടെ രാഷ്ട്രീയ രംഗത്തിന്റെ ധാര്‍മ്മികാധഃപതനത്തില്‍ ദുഃഖിച്ചു. പൊതുജീവിതത്തിന്റെ മൂല്യശോഷണത്തില്‍ പ്രതിഷേധിച്ചു. സ്നേഹസമ്പന്നമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചു. വലിയവരോടും ചെറിയവരോടും അടുത്തിടപഴകി. ടി പത്മനാഭനോ എം മുകുന്ദനോ യു എ ഖാദറോ അകലമില്ലാതെ സൗഹൃദപ്പട്ടികയില്‍ ഒന്നിച്ചിരുന്നു. എംടിയോട് അസാധാരണമായ ആദരം പുലര്‍ത്തി. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും കമലും രഞ്ജിത്തുമൊക്കെ മാമുക്കോയയുടെ അഭിനയമികവിനായി കഥാപാത്രങ്ങളൊരുക്കി. തമാശക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല, ഗൗരവമേറിയ ഏത് രംഗത്തും ഭാവാഭിനയമികവ് പ്രകടിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് മാമുക്കോയ തെളിയിച്ചിട്ടുണ്ട്.
ഇതുകൂടി വായിക്കു; മാമുക്കോയയുടെ സംസ്‌കാരം നാളെ
എത്രയോ സാംസ്കാരിക സദസുകളില്‍ ഒന്നിച്ചു പങ്കെടുക്കാന്‍ ഈ ലേഖകന് അവസരമുണ്ടായിട്ടുണ്ട്. യാത്രയ്ക്കിടയില്‍ പഴയ ചങ്ങാതിമാരുടെ വീടുകള്‍ സന്ദര്‍ശിക്കുക മാമുക്കോയയുടെ ശീലമായിരുന്നു. നാടകാഭിനയ കാലത്തെ ത്യാഗങ്ങളയവിറക്കി പലരും സംസാരിച്ചിരിക്കുമ്പോള്‍ സമയം പോകുന്നതറിയുകയില്ല. ഒരുകാലത്ത് നാട്ടുനാടകങ്ങള്‍ക്കായി കാത്തിരുന്ന ജനങ്ങളോട് ചലച്ചിത്രതാരമെന്ന നിലയിലും മാമുക്കോയ ആദരം പുലര്‍ത്തി. വന്നവഴികളെ എന്നും പിന്തിരിഞ്ഞു നോക്കുന്ന ഒരു നാടന്‍ തൊഴിലാളി എപ്പോഴും മാമുക്കോയയില്‍ ജീവിച്ചിരുന്നു. പ്രശസ്തിയും സമ്പത്തും തലയ്ക്കു പിടിക്കാത്ത ആ നല്ല മനുഷ്യന്‍ ഇനി മലയാളിയുടെ മനസിലാണ് പകര്‍ന്നാടുക. ഞങ്ങളൊന്നിച്ച് ലക്ഷദ്വീപിലേക്ക് ചെയ്ത ഒരു കപ്പല്‍ യാത്രയുടെ അവിസ്മരണീയമായ അനുഭവം എഴുതിയാല്‍ ഈ കുറിപ്പിന്റെ ദൈര്‍ഘ്യം വര്‍ധിക്കും. രാത്രി ഉറങ്ങാതെ കപ്പല്‍ത്തട്ടില്‍ ഒത്തുകൂടിയവര്‍ക്ക് സമൃദ്ധമായ കളിതമാശയാല്‍ വിരുന്നു നല്‍കാന്‍ അദ്ദേഹം ഒട്ടും മടികാണിച്ചില്ല. കൂട്ടത്തില്‍ പറയട്ടെ: കവിത ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു മാമുക്കോയ. യാത്രയില്‍ പലപ്പോഴും കവിത കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നല്ല പ്രസംഗം മാമുക്കോയ ഇഷ്ടപ്പെട്ടിരുന്നു. നമ്മുടെ സാംസ്കാരികരംഗത്ത് മാമുക്കോയയുടെ വേര്‍പാട് വേദനാജനകമാണ്. അഭിനയിക്കാനറിയാത്ത ആ വലിയ നടന്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ ഓരോന്നായി മനസില്‍ തെളിയുന്നു.