കടലുകളാല്‍ ചുറ്റപ്പെട്ട ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയുടെ തീരത്തുള്ള വലിയ മൈതാനത്തിൽ കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും പങ്കെടുത്ത ശ്രീലങ്കയിലെ മേയ്ദിന റാലി ആവേശകരമായ അനുഭവം തന്നെയായിരുന്നു. ഒരു പക്ഷേ ഈ വർഷം ലോകത്ത് നടന്ന ഏറ്റവും വലിയ മേയ്ദിനാചരണങ്ങളിൽ ഒന്നാണതെന്ന കാര്യം നിസംശയമാണ്. മൂന്നുമണിക്ക് ഞങ്ങൾ പൊതുസമ്മേളന നഗരിയിൽ എത്തിച്ചേരുമ്പോൾ കടപ്പുറം തിങ്ങിനിറഞ്ഞു കഴിഞ്ഞിരുന്നു. വേദിയിലിരുന്ന് കത്തുന്ന വെയിലിലേക്ക് നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ പൊള്ളുകയായിരുന്നു. പക്ഷേ റാലിയിൽ പങ്കെടുക്കാൻ എത്തിയ പതിനായിരങ്ങൾ ആ കൊടുംചൂടിനെ ഗൗനിച്ചതേയില്ല. ഏഴേകാൽ മണിക്ക് അവസാനത്തെ പ്രസംഗവും കഴിഞ്ഞപ്പോഴാണ് അവർ എഴുന്നേറ്റത്. രാഷ്ട്രീയ ബോധത്തിന്റെ കരുത്തിൽ അത്രയും നേരം അത്രയും വലിയ ഒരു ജനസഞ്ചയത്തെ അച്ചടക്കത്തോടെ ഇരുത്താൻ ജനതാ വിമുക്തി പെരമുന (ജെവിപി)ക്ക് കഴിയുന്നു. വർഷങ്ങളിലൂടെ പാർട്ടിയണികളിലേക്കും അനുഭാവി വൃന്ദത്തിലേക്കും ജെവിപി കൈമാറിയ സിദ്ധിവിശേഷം ആയിരിക്കാം ഈ അച്ചടക്കം.
ശ്രീലങ്കയുടെ മോചനത്തിനുവേണ്ടി ആയുധമേന്തി പോരാടിയ ചരിത്രമുണ്ട് ജെവിപിക്ക്. 1965ൽ രൂപീകൃതമായ ജനതാ വിമുക്തി പെരമുന, രാഷ്ട്രീയ സംഘർഷങ്ങളുടെയും സാമൂഹ്യ സങ്കീർണതകളുടെയും കൂടെ സഞ്ചരിച്ച പാർട്ടിയാണ്. 1971 ലും 1987–89ലും സായുധ കലാപങ്ങൾക്ക് ആഹ്വാനം മുഴക്കിയ പാർട്ടിയുമാണ്. സായുധസംഘട്ടനങ്ങളിൽ പ്രമുഖ നേതാക്കൾ അടക്കം നൂറുകണക്കിന് പ്രവർത്തകരെ നഷ്ടപ്പെട്ട അനുഭവങ്ങളും അവർക്കുണ്ട്. മാർക്സിസത്തിന്റെ ആശയ വ്യാഖ്യാനങ്ങളിൽ ട്രോട്സ്കിയുടെ പക്ഷം പിടിച്ചുകൊണ്ട് ആരംഭ വർഷങ്ങൾ പ്രവർത്തിച്ച പാർട്ടിയാണത്. അനുഭവങ്ങളുടെയും പാളിച്ചകളുടെയും ചരിത്രമുള്ള പ്രസ്ഥാനമാണ് ജെവിപി. 1965 മുതൽ പിന്നിട്ട ആറു ദശാബ്ദക്കാലത്ത് ആശയപരമായ ഒട്ടേറെ തിളച്ചു മറിയലുകൾ ആ പാർട്ടിയിൽ ഉണ്ടായിട്ടുണ്ട്. അവർ സഞ്ചരിച്ച രാഷ്ട്രീയപാതകൾ ആഴമേറിയ പഠനത്തിനും പരിശോധനയ്ക്കും വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട ആത്മവിമർശനങ്ങളും വേണ്ടുവോളം അവർക്കിടയിൽ സംഭവിച്ചിട്ടുണ്ടാവണം. അതിന്റെ സ്ഫുടതയാണ് ജെവിപിയിൽ ഉടനീളം ഇന്ന് കാണാൻ ആകുന്നത്.
മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങൾ വായിച്ച് പാർലമെന്ററി ജനാധിപത്യത്തിന്റെ വഴിയിലേക്ക് സ്വയം നടന്നുവരികയായിരുന്നു ജെവിപി. ഇപ്പോഴത്തെതിന്റെ തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പിൽ, 2019 ൽ, പാർട്ടി നേടിയത് 3.84 ശതമാനം വോട്ടുകൾ മാത്രമായിരുന്നു. അന്നത്തെ പാർലമെന്റിൽ അവർക്കുണ്ടായിരുന്നത് കേവലം മൂന്ന് അംഗങ്ങൾ മാത്രവും. ഏറ്റവും ഒടുവിൽ 2024 ൽ നടന്ന തെരഞ്ഞെടുപ്പിൽ 225 അംഗ പാർലമെന്റിൽ ജെവിപിയുടെ സംഖ്യാബലം 159 ആയി ഉയർന്നു — മൂന്നിൽ രണ്ടു ഭൂരിപക്ഷം! ഈ വളർച്ച തങ്ങളുടെമേൽ അർപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച് ജെവിപി നേതൃത്വം തികച്ചും ബോധവാന്മാരാണ്. പലതലങ്ങളിൽ അവരുടെ നേതൃത്വവുമായി നടത്തിയ ആശയവിനിമയങ്ങളിൽ ആ സഖാക്കൾ ആവർത്തിച്ചു പറഞ്ഞ കാര്യമാണത്.
കഴിഞ്ഞ 10 വർഷത്തിലേറെയായി സിപിഐക്ക് ജെവിപിയുമായി സൗഹാർദ ബന്ധങ്ങളുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഉഭയബന്ധങ്ങൾ പുതിയ വിതാനത്തിലേക്ക് ഉയർത്തണമെന്ന കാഴ്ചപ്പാടോടുകൂടി ഇരുപാർട്ടികളും സുദീർഘങ്ങളായ സംഭാഷണങ്ങൾ നടത്തിയത്. മേയ്ദിന റാലി അതിനുള്ള അവസരമാണ് ഒരുക്കിയത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അനുഭവസമ്പത്തിന്റെ കാര്യത്തിൽ പ്രമുഖ സ്ഥാനമാണ് സിപിഐക്ക് എന്നും സഹോദര പാർട്ടികൾ കല്പിച്ചിട്ടുള്ളത്. സോവിയറ്റ് — ചൈനീസ് പാർട്ടികൾ തമ്മിലുള്ള തീവ്രമായ ആശയസംവാദത്തിന്റെ കാലത്തും മാവോയിസം, മാർക്സിസത്തിന്റെ വികൃതമായ അനുകരണം മാത്രമാണെന്ന് ആദ്യമായി പറഞ്ഞ പാർട്ടിയാണ് സിപിഐ. ജനങ്ങളോടൊപ്പം നാടിനുവേണ്ടി പ്രവർത്തിച്ചതിന്റെ 100 വർഷം പൂർത്തിയാക്കുമ്പോൾ സ്വന്തം ശക്തിദൗർബല്യങ്ങളെ കുറിച്ച് സിപിഐയും സ്വന്തം പാഠങ്ങൾ പഠിക്കേണ്ട സന്ദർഭമാണിത്. ആ ബോധത്തോടെയാണ് മേയ്ദിന റാലിയോടൊപ്പം ഉഭയകക്ഷി സംഭാഷണങ്ങൾക്കുള്ള ക്ഷണത്തെ സിപിഐ മനസിലാക്കിയത്. ജെവിപി എന്ന മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി മുഖ്യപങ്കാളിത്തം വഹിക്കുന്ന നാഷണൽ പീപ്പിൾസ് പവർ (എൻപിപി)എന്ന രാഷ്ട്രീയ സംവിധാനമാണ് ശ്രീലങ്കയിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചതും മികവാർന്ന വിജയം നേടിയതും. ജെവിപിയോടൊപ്പം നിരവധി പൗരസമൂഹ പ്രസ്ഥാനങ്ങളാണ് എൻപിപിയിൽ കൈകോർക്കുന്നത്. ശ്രീലങ്കയിൽ ഭരണം കയ്യാളിയിരുന്ന രാജപക്സേമാരുടെ അതിരില്ലാത്ത അഴിമതി കണ്ട് മനംമടുത്ത ജനങ്ങളാണ് എൻപിപിക്ക് അവിശ്വസനീയമാംവിധം തിളക്കമാർന്ന വിജയം നൽകിയത്. ആ വിജയം അഭിമാനകരമായ അംഗീകാരവും അവഗണിക്കാനാവാത്ത വെല്ലുവിളിയുമായാണ് തങ്ങൾ കാണുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ജനവിശ്വാസത്തിന്റെ കൊടുമുടിയിലേറി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചേർന്ന അനുര കുമാര ദിസനായകെയാണ് പുതിയ ശ്രീലങ്കയുടെ രാഷ്ട്രീയ മുഖമെന്ന് വേണമെങ്കിൽ പറയാം. എകെഡി എന്നാണ് സഖാക്കൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. മേയ്ദിന റാലിയിലേക്ക് ആ സഖാവ് കടന്നുവന്നപ്പോൾ ആഹ്ലാദാതിരേകത്താൽ ജനങ്ങൾ ആർത്തുവിളിച്ചു. ഉത്തരവാദിത്തബോധമുള്ള ഒരു രാഷ്ട്ര നേതാവിനെപ്പോലെ ശ്രീലങ്ക നേരിടുന്ന പ്രശ്നങ്ങളും സാധ്യതകളും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. അനുരയുടെ പ്രസംഗം ആത്മവിശ്വാസം പ്രസരിപ്പിക്കുന്ന ഒരു രാഷ്ട്രീയ ക്ലാസ് പോലെയായിരുന്നു. യാഥാർത്ഥ്യ ബോധമായിരുന്നു അതിലെ എടുത്തു പറയേണ്ട പ്രത്യേകത. ജെവിപി ആസ്ഥാനത്തിന് മുമ്പിലുള്ള കൊടിമരത്തിൽ പാറുന്ന പതാക ഞാൻ സൂക്ഷിച്ചു നോക്കി. അത് അരിവാളും ചുറ്റികയും ഉള്ള രക്തപതാക തന്നെയായിരുന്നു. കൂടിക്കാഴ്ചയ്ക്കുവേണ്ടി ഞങ്ങൾ ഇരുന്ന മുറിയിലെ ഭിത്തിയിൽ പ്രാധാന്യത്തോടെ മൂന്ന് ചിത്രങ്ങൾ ‑മാർക്സ്, എംഗൽസ്, ലെനിൻ. ആ മുറിയിൽ വച്ചുതന്നെയാണ് രണ്ടുദിവസങ്ങളിലായി പ്രധാനപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടന്നത്. മേയ്ദിനപ്രഭാതത്തിൽ ആയിരുന്നു ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായുള്ള ചർച്ച നടന്നത്. 40 മിനിറ്റ് നീണ്ടുനിന്നു ആ ചർച്ച. ശ്രീലങ്കൻ ജനത തങ്ങൾക്കുമേൽ അർപ്പിച്ച വിശ്വാസത്തിന്റെ ആഴം നല്ലവണ്ണം തിരിച്ചറിഞ്ഞ ഒരു നേതാവിന്റെ യാഥാർത്ഥ്യബോധമുള്ള നിശ്ചയദാർഢ്യം ആണ് അനുരയുടെ ഓരോ വാക്കിലും പ്രതിഫലിച്ചത്.

