Site iconSite icon Janayugom Online

സുഡാൻ കൂടുതൽ ഇരുളിലേക്ക്

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വടക്കു കിഴക്കൻ മേഖലയിലുള്ള സുഡാൻ ആഭ്യന്തര കലാപങ്ങളിൽ ഉലയുന്നു. രണ്ടു വർഷത്തിനിടെ 12 ദശലക്ഷം മനുഷ്യരെയാണ് ഭരണകൂടം നിർബന്ധിതമായി കുടിയിറക്കി അന്യരാജ്യങ്ങളിലേക്ക് നിർദയം തള്ളിയത്. ഇതിനിടെ രണ്ട് സൈനിക വിഭാഗങ്ങൾ ഏറ്റുമുട്ടൽ തുടങ്ങിയതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികൾ അതിക്രമങ്ങൾക്കിരയായി മരിച്ചു വീഴുന്നു. രണ്ടു ദിവസത്തിനിടെ രണ്ടായിരം മൃതശരീരങ്ങൾ തെരുവിൽ കണ്ടെത്തിയെന്ന കണക്കുതന്നെ ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒപ്പം, കടുത്ത പട്ടിണി കൂടി വരിഞ്ഞുമുറുക്കിയതോടെ സുഡാനിലെ രാഷ്ട്രീയ ചിത്രം കൂടുതൽ ഇരുളിലേക്കു നീങ്ങുകയാണെന്ന് വ്യക്തമായി. പോർക്കളത്തിലുള്ള ഇരുകൂട്ടരും കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്ര നാളത്തേക്കെന്ന് കണ്ടറിയണം. സുഡാനിൽ തുടരുന്ന കൂട്ടക്കുരുതിയിൽ നവംബർ 14 വ്യാഴാഴ്ച അടിയന്തര യോഗം ചേരാൻ യുഎൻ മനുഷ്യാവകാശ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടൻ, അയർലൻഡ്, ജർമ്മനി, നെതർലാൻഡ്സ്, നോർവേ എന്നീ രാജ്യങ്ങൾ ചേർന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ 50ലധികം രാജ്യങ്ങളാണ് പിന്തുണച്ചത്. മുതിർന്ന പട്ടാള ജനറൽമാരോട് കൂറുപുലർത്തുന്ന ഇരുവിഭാഗങ്ങൾ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ജനറൽ അബ്ദെൽ ഫത്താഹ് അൽ‑ബുർഹാൻ നയിക്കുന്ന സുഡാൻസ് ആംഡ് ഫോഴ്സും (എസ്എഎഫ്) ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോ (ഹെമെദ്തി) നയിക്കുന്ന റാപിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിൽ അധികാരത്തിനുവേണ്ടിയാണ് പരസ്പരം പോരടിക്കുന്നത്. ആർഎസ്എഫ് നിരവധിയാളുകളെ നിരത്തിനിർത്തി കഴിഞ്ഞ ദിവസം കൂട്ടക്കൊല ചെയ്യുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവിഭാഗങ്ങൾക്കും വിദേശങ്ങളിൽ നിന്നുള്ള പിന്തുണയുമുണ്ട്. മാത്രമല്ല, സമ്പന്നമായ ധാതുഖനന മാഫിയകൾ ഇരുഭാഗങ്ങൾക്കുമൊപ്പം സജീവമായി രംഗത്തുണ്ടുതാനും. ജർമ്മനി, ജോർദാൻ, യുകെ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തെങ്കിലും കലാപത്തിന് ശമനമില്ലെന്നാണ് സൂചനകൾ. രാജ്യത്തിന്റെ ഔദ്യോഗിക സൈന്യമായ എസ്എഎഫും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത് 2023 ഏപ്രിൽ മുതലാണ്. 1956ൽ ബ്രിട്ടനിൽനിന്നു സ്വതന്ത്രമായി രണ്ടു വർഷമായപ്പോഴേക്കും പട്ടാളം സുഡാനിലെ അധികാരം പിടിച്ചടക്കി. തുടർന്നും ഒന്നിലേറെ തവണ പട്ടാളത്തിന്റെ ഇടപെടലുണ്ടായി. കേ­ണലായിരുന്ന ബഷീർ 1989ൽ അധികാരത്തിൽ എത്തിയതും പട്ടാള വിപ്ലവത്തിലൂടെ ആയിരുന്നു. അൽഖ്വയ്ദ ഭീകര സംഘവും അതിന്റെ നേതാവ് ഉസാമ ബിൻ ലാദനും അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സംരക്ഷണത്തിലാകുന്നതിനു മുമ്പ് അവർക്ക് അഭയം നൽകിയത് സുഡാനാണ്. അതിന്റെ പേരിൽ സുഡാന് 1998ൽ അമേരിക്കയുടെ മിസൈൽ ആക്രമണത്തെ നേരിടേണ്ടിവന്നു. 20 വർഷത്തോളം യുഎസ് സാമ്പത്തിക ഉപരോധത്തിനും വിധേയമായി. 2017 ഒക്ടോബറിലാണ് ഉപരോധം പിൻവലിക്കപ്പെട്ടത്. അതിനിടയിൽ 2011ൽ രാജ്യത്തിന്റെ തെക്കൻ മേഖല വേറിട്ടുപോവുകയും ദക്ഷിണ സുഡാൻ എന്ന പേരിൽ സ്വതന്ത്ര രാജ്യമാവുകയും ചെയ്തു. അതോടെ സുഡാന്റെ എണ്ണ നിക്ഷേപങ്ങളുടെ മുക്കാൽ ഭാഗവും കൈവിട്ടുപോയി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.

ജനങ്ങളിൽ പകുതിയിലേറെപേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് കണക്ക്. 2013ലാണ് ആർഎസ്എഫ് രൂപീകരിക്കപ്പെട്ടത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ അറബ് വംശജരും, അറബി സംസാരിക്കുന്ന നാടോടികളടങ്ങുന്ന ജാൻജവീദ് സേനയായിട്ടായിരുന്നു തുടക്കം. സർക്കാരിനെതിരായ കലാപത്തെ അടിച്ചമർത്താൻ പ്രസിഡന്റ് ഒമർ അൽ ബഷീർ സർക്കാർ ഈ സേനയെ പിന്തുണയ്ക്കുകയും ആയുധമാക്കുകയും ചെയ്തു. അടിച്ചമർത്തലിൽ ജാൻജവീദ് സേന അതിക്രൂര ആക്രമണങ്ങൾ അഴിച്ചുവിട്ടു. സാധാരണക്കാരെ ക്രൂരമായി ആക്രമിച്ചു. വീടുകൾക്ക് തീയിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് മസാലിത്, ഫർ, സഗാവ എന്നിങ്ങനെയുള്ള അറബ് ഇതര സമുദായങ്ങളിലെ മൂന്ന് ലക്ഷം പേരെയാണ് അന്ന് ഈ സംഘം കൊന്നൊടുക്കിയത്. തുടർന്ന് ഡാർഫറിലെ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയവ അന്താരാഷ്ട്ര ക്രിമിനൽ കോടതി സേനയ്ക്കും അവരുടെ കമാൻഡോകൾക്കുമെതിരെ ചുമത്തി. രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. അഞ്ച് ശതമാനം ക്രിസ്ത്യാനികളും അഞ്ച് ശതമാനം പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതും മനുഷ്യാവകാശലംഘനവും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിട്ട സംഘടനയായിരുന്നു ആർഎസ്എഫ്. പതിനായിരത്തിലേറെ അംഗങ്ങളുള്ള ആർഎസ്എഫിനെ എങ്ങനെയാണ് സൈന്യവുമായി സംയോജിപ്പിക്കുക, ആർക്കാണ് മേൽക്കൈ ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളിലാണ് ഡഗാലോ വിയോജിപ്പ് അറിയിച്ചത്. സൈന്യവും ആർഎസ്എഫും തമ്മിൽ ചേരുന്നത് അടുത്ത പത്ത് വർഷത്തേക്ക് വേണ്ടതില്ലെന്ന നിലപാടാണ് ഡഗാലോ സ്വീകരിച്ചതെങ്കിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ അത് നടക്കുമെന്നായിരുന്നു ബുർഹാൻ നയിക്കുന്ന സൈന്യം പറഞ്ഞത്. ലയനം സംബന്ധിച്ച ശീതയുദ്ധം തുടരുന്നതിനിടെ തലസ്ഥാനമായ ഖാർത്തൂമിലുൾപ്പെടെ ആർഎസ്എഫ് തങ്ങളുടെ സൈനികരെ വിന്യസിച്ചു. സൈനിക വിന്യാസത്തെ പ്രകോപനമായി കണ്ട സൈന്യം ഇതിനെതിരെ രംഗത്തിറങ്ങിയതോടെ ആക്രമണം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

2019ൽ, സുഡാന്റെ ഏകാധിപതി ഒമർ അൽ ബഷീറിനെ പുറത്താക്കിയതു മുതലാണ് ഇരുസേനകളും തമ്മിൽ അധികാര വടംവലി തുടങ്ങിയത്. പ്രക്ഷോഭം രൂക്ഷമായപ്പോൾ അദ്ദേഹത്തെ സൈനിക ജനറൽമാർ ഭരണത്തലപ്പത്തുനിന്ന് പുറത്താക്കി. മൂന്ന് പതിറ്റാണ്ട് കാലം നീണ്ടുനിന്ന ബഷീറിന്റെ കസേര തെറിച്ചത് വലിയ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലെ സൈനിക അട്ടിമറിയിലൂടെയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തി ജനകീയ സർക്കാർ അധികാരത്തിലേറണമെന്നായിരുന്നു ബഷീറിന്റെ ആവശ്യം. പ്രക്ഷോഭം തുടരുന്നതിനിടെ സൈന്യവും രാഷ്ട്രീയ നേതാക്കളും തമ്മിൽ അധികാരം പങ്കിടുന്നതു സംബന്ധിച്ച് കരാറിലേർപ്പെട്ടു. നേതാക്കൾക്കും സൈനിക ഓഫിസർക്കും തുല്യസ്ഥാനമുള്ള പരമാധികാര കൗൺസിൽ (സോവെറിൻ കൗൺസിൽ) രൂപീകരിക്കാനും 2023 അവസാനത്തോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനുമായിരുന്നു കരാർ. സുഡാനിലെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവര്‍ കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചു. ഇതനുസരിച്ച്, സൈന്യവും അർധസൈന്യ വിഭാഗമായ ആർഎസ്എഫും അധികാരം പരിത്യജിക്കണം. എന്നാൽ, ഈ കരാറിലെ രണ്ട് വ്യവസ്ഥകളിലായിരുന്നു പ്രധാനമായും തർക്കം ഉയർന്നത്. ആർഎസ്എഫിനെ ഒരു സമ്പൂർണമായ സൈന്യവിഭാഗം ആക്കുന്നതിനുള്ള സമയം, സൈന്യത്തെ പൂർണമായും സിവിലിയൻ സർക്കാരിനു കീഴിൽ ആക്കുന്നതിനുള്ള സമയം എന്നിവയായിരുന്നു തർക്ക വിഷയങ്ങൾ. ഈ തർക്കം മൂർധന്യത്തിൽ എത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. 2019 മുതൽ സുഡാൻ റൂളിങ് കൗൺസിൽ തലവനായി തുടരുന്ന, സൈനിക മേധാവി ജനറൽ അബ്ദെൽ ഫത്താഹ് അൽ ബുർഹാൻ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും ആർഎസ്എഫ് തലവനുമായ ജനറൽ മുഹമ്മദ് ഹംദാൻ ഡഗലോ എന്നിവരാണ് ഇരുഭാഗത്ത് നിന്നും ആഭ്യന്തര യുദ്ധം നയിച്ചത്. 2021ലെ അട്ടിമറിക്ക് പിന്നാലെയാണ് സൈന്യവും ആർഎസ്എഫും തമ്മിലുള്ള തർക്കങ്ങൾ ആരംഭിക്കുന്നത്. സൈനിക മേധാവി ബുർഹാനും ആർഎസ്എഫ് തലവൻ ഡഗാലോയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കിയത്. സൈന്യം ഉണ്ടാക്കിയ കരാറിലെ സുപ്രധാന നിർദേശങ്ങളിലൊന്നായിരുന്നു സേനകളുടെ ലയനം. എന്നാൽ, സൈന്യവുമായി ലയിക്കണമെന്ന തീരുമാനത്തോട് ഡഗാലോയ്ക്ക് കടുത്ത എതിർപ്പാണുണ്ടായിരുന്നത്. എതിർപ്പ് പ്രകടമായതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇരുസേനാ വിഭാഗങ്ങളും തമ്മിൽ അധികാരം സംബന്ധിച്ച് ഭിന്നിപ്പുണ്ടായി. ഇതോടെ സൈന്യം ഉണ്ടാക്കിയ കരാറിനും ആയുസില്ലാതായി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് സുഡാൻ. 2019ലെ സൈനിക അട്ടിമറിക്ക് ശേഷം ജനാധിപത്യ ഭരണം ആവശ്യപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ ആയിരങ്ങളാണ് സുഡാനിൽ മരിച്ചുവീണത്. ഇതോടെ അതിഗുരുതര ഭക്ഷ്യക്ഷാമത്തിൽ സുഡാനിലെ 2.5 കോടി ജനങ്ങൾ കൊടും പട്ടിണിയുടെ പിടിയിലുമായി. ലോകത്ത് അതിഗുരുതരമായ ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ഏക രാജ്യമാണ് സുഡാൻ. രാജ്യത്തെ രണ്ടു സൈനിക വിഭാഗങ്ങൾ തമ്മിൽ രണ്ടു വർഷത്തോളമായി നടന്നുവരുന്ന യുദ്ധം, സുഡാനെ ലോകത്തെ ഏറ്റവും വലിയ മാനുഷികദുരന്തത്തിന്റെ വക്കിലേക്കാണ് തള്ളിവിടുന്നത്.

Exit mobile version