Site iconSite icon Janayugom Online

സുഡാൻ: പൈതൃകവും പ്രതിസന്ധിയും

ആഫ്രിക്കയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള സുഡാൻ സമ്പന്നമായ നാഗരിക പൈതൃകവും, അതീവ സങ്കീർണമായ രാഷ്ട്രീയ യാത്രയും ഉള്ള രാജ്യമാണ്. നൈൽ നദിയുടെ തീരങ്ങളിൽ വളർന്ന പുരാതന സംസ്കാരങ്ങളിൽ തുടങ്ങി ഇന്നത്തെ ആഭ്യന്തര സംഘർഷങ്ങളിലേക്കുവരെ, സുഡാന്റെ ചരിത്രം മാറ്റങ്ങളും പോരാട്ടങ്ങളും നിറഞ്ഞതാണ്. സുഡാന്റെ ആദ്യകാല ചരിത്രം നൂബിയൻ രാജ്യങ്ങളോട് ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് ബിസി 1070 മുതൽ എഡി 350 വരെ നിലനിന്ന കുഷ് രാജവംശത്തിന്റെ കാലത്ത് നൈൽ താഴ്‌വരയിൽ ശക്തമായ ഒരു സംസ്കാരമായി സുഡാൻ വളർന്നു. മെറോയിലെ പിരമിഡുകളും, ഈജിപ്തുമായുള്ള വ്യാപാര‑സാംസ്കാരിക ബന്ധങ്ങളും, ഇരുമ്പ് ഉല്പാദനത്തിലെ പുരോഗതിയും സുഡാനെ ആഫ്രിക്കൻ ചരിത്രത്തിലെ പ്രധാന കേന്ദ്രമാക്കി. ഏഴാം നൂറ്റാണ്ടിന് ശേഷം അറബ് വ്യാപാരികളും പ്രചാരകരും നൂബിയ മേഖലയിലേക്കെത്തി. ക്രമേണ ഇസ്ലാം മതം വ്യാപിക്കുകയും അറബ് സംസ്കാര സ്വാധീനം വർധിക്കുകയും ചെയ്തു.
മധ്യകാലത്ത് വിവിധ ഇസ്ലാമിക സുൽത്താനേറ്റുകൾ ഇവിടെ ഉയർന്നു. അതിൽ പ്രധാനമായത് 1504 – 1821 കാലത്തെ ഫ്യൂഞ് സുൽത്താനേറ്റ് ആയിരുന്നു. 1821ൽ ഈജിപ്തിലെ ഭരണാധികാരി മുഹമ്മദ് അലി സുഡാൻ കീഴടക്കി. ഇതോടെ തുർക്കോ-ഈജിപ്ഷ്യൻ ഭരണകാലം ആരംഭിച്ചു. 1880കളിൽ മതനേതാവായ മുഹമ്മദ് അഹമ്മദ് സ്വയം “മഹ്ദി”യായി പ്രഖ്യാപിച്ച് ഒരു വിപ്ലവം നയിച്ചു, ഇസ്ലാമിക ഭരണരൂപം കൊണ്ടുവന്നു. എന്നാൽ 1898ൽ ബ്രിട്ടീഷ് — ഈജിപ്ഷ്യൻ സൈന്യം മഹ്ദിസ്റ്റ് ഭരണത്തെ പരാജയപ്പെടുത്തിയതിനുശേഷം സുഡാൻ ബ്രിട്ടീഷ് സാമ്രാജ്യവും ഈജിപ്തും ചേർന്ന ആംഗ്ലോ — ഈജിപ്ഷ്യൻ ഭരണത്തിൻ കീഴിലായി. ഈ കാലഘട്ടത്തിൽ ആധുനിക ഭരണ സംവിധാനങ്ങൾ രൂപപ്പെട്ടുവെങ്കിലും സുഡാന്റെ ഉത്തര-ദക്ഷിണ ഭാഗങ്ങൾ തമ്മിലുള്ള ഭിന്നത വർധിച്ചു. 

ഉത്തര സുഡാനിൽ അറബ് — മുസ്ലിങ്ങളും, ദക്ഷിണ സുഡാനിൽ ആഫ്രിക്കൻ — ക്രിസ്ത്യൻ ജനതയുമായിരുന്നു ഭൂരിപക്ഷം. വിദ്യാഭ്യാസവും, വികസനവും അസമമായി നടന്നു. ഈ അസമത്വം പിന്നീട് ആഭ്യന്തര യുദ്ധങ്ങൾക്ക് വിത്തിട്ടു. 1956 ജനുവരി ഒന്നിന് സുഡാൻ ആംഗ്ലോ — ഈജിപ്ഷ്യൻ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി. എന്നാൽ ദേശീയ ഐക്യം ഉറപ്പാക്കാൻ രാജ്യത്തിന് കഴിഞ്ഞില്ല. രണ്ട് ദീർഘകാല ആഭ്യന്തര യുദ്ധങ്ങൾ രാജ്യത്തെ ദുർബലമാക്കി. 1989ൽ സുഡാനീസ് ആർമിയിലെ ബ്രിഗേഡിയർ ജനറലായ ഒമർ അൽ ബഷിർ, നാഷണൽ ഇസ്ലാമിക് ഫ്രണ്ടിന്റെ പിന്തുണയോടെ, പ്രധാനമന്ത്രി സാദിഖ് അൽ-മഹ്ദിയുടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിൽ വന്നു. 1993ൽ ഒമർ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു.
സുഡാനിൽ ഇസ്ലാമിക നിയമ സ്വാധീനം ചരിത്രപരമായി ശക്തമാണ്. ഒമറിന്റെ ഭരണകാലത്ത് (1989–2019) ശരിഅത്ത് നിയമങ്ങൾ കർശനമായി നടപ്പിലാക്കി. മതേതര സമൂഹത്തിന്റെ തകർച്ച കുടുംബ ഘടനകളെയും ബാധിച്ചു. പല പ്രദേശങ്ങളിലും പ്രാദേശിക മിലീഷ്യകളും ഗോത്രശക്തികളും നിയന്ത്രണം പിടിച്ചെടുത്തത് നിയമവ്യവസ്ഥയെ കൂടുതൽ ദുർബലമാക്കി. 2019ലാണ് ഏറെനാൾ നീണ്ട സംഘർഷത്തിനിടെ ഒമർ അൽ ബഷീറിനെ പുറത്താക്കി, സൈന്യം അധികാരമേറ്റെടുത്തത്. ജനാധിപത്യം വാഗ്ദാനം ചെയ്തായിരുന്നു അധികാരമേറ്റെടുത്തതെങ്കിലും ഇത് നടക്കാതെ വന്നതോടെയാണ് സുഡാൻ സൈന്യമായ സുഡാൻ ആംഡ് ഫോഴ്സ് (എസ്എഎഫ്) തലവൻ അബ്ദേൽ ഫത്തേ അൽ ബുഹ്റാനും കമാൻഡർ മൊഹമ്മദ് ഹംദാൻ ഡഗ്ലോയും തെറ്റിപ്പിരിഞ്ഞത്. ഒമർ അൽ ബഷീർ രൂപം നൽകിയ ജൻജാവീദ് സൈനിക വിഭാഗത്തിന്റെ ആധുനിക വിമത സൈനിക രൂപമാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആര്‍എസ്എഫ്). മൊഹമ്മദ് ഹംദാൻ ഡഗ്ലോയുടെ നേതൃത്വത്തിൽ പാരാമിലിറ്ററി വിഭാഗമായ ആര്‍എസ്
എഫ് ശക്തമാവുകയും ചെയ്തു. 

2023 ഏപ്രിൽ മാസത്തിൽ എസ്എഎഫും, ആർഎസ്എഫും തമ്മിലുള്ള അധികാര വിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെ രാജ്യം സമ്പൂർണ ആഭ്യന്തര കലാപത്തിലേക്ക് എത്തിപ്പെട്ടു. അബ്ദേൽ ഫത്തേ അൽ ബുഹ്റാനും, മൊഹമ്മദ് ഹംദാൻ ഡഗ്ലോയ്ക്കും ഇടയിലെ അധികാര പോരാട്ടത്തിന്റെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട സംഘർഷം, സുഡാനിലെ രാഷ്ട്രീയ സംവിധാനത്തെ പൂർണമായും തകർത്തു. ഈ ഏറ്റുമുട്ടലുകൾ തലസ്ഥാനമായ ഖർട്ടോയും ഉൾപ്പെടെ പല നഗരങ്ങളെയും യുദ്ധഭൂമികളാക്കി. രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടി എന്ന കാരണം പറഞ്ഞ് ഇരുവിഭാഗവും യുദ്ധത്തിലായതോടെ ഒന്നരലക്ഷത്തോളം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒരുകോടിയിലേറെ ജനങ്ങൾക്ക് വീടും, സ്വത്തും ഉപേക്ഷിച്ച് ഒളിച്ചോടിപ്പോകേണ്ടിയും വന്നു. ഇതോടെ കിഴക്കൻ സുഡാൻ, എസ്എഎഫിന്റെയും, പടിഞ്ഞാറൻ സുഡാൻ ആർഎസ്എഫിന്റെയും നിയന്ത്രണത്തിലായി. സിവിലിയൻ ഭരണത്തിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചിരുന്ന ജനങ്ങൾ വീണ്ടും സൈനികാധിപത്യത്തിന്റെ ഇരയായി. യുദ്ധം സാധാരണ ജനങ്ങളുടെ ജീവിതം തകർത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകൾ വീടൊഴിഞ്ഞ് അഭയാർത്ഥികളായി മാറി. ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങളെയും യുദ്ധം ഗുരുതരമായി ബാധിച്ചിരിക്കുന്നു. നിലവിൽ രാജ്യത്തെ 2.4 കോടി ജനങ്ങൾ ഭക്ഷ്യ ദൗര്‍ലഭ്യത അനുഭവിക്കുന്നുണ്ട്. അന്താരാഷ്ട്ര സഹായം പലപ്പോഴും സുരക്ഷാ പ്രശ്നങ്ങൾ കാരണം എത്തിച്ചേരാൻ ബുദ്ധിമുട്ടുകയാണ്. മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്, ഈ സംഘർഷത്തിന്റെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളും കുട്ടികളുമാണെന്നാണ്. സമൂഹത്തിൽ ലൈംഗിക പീഡനങ്ങൾ വർധിച്ചു. ബാലവിവാഹവും ചൂഷണവും ഉയർന്നു. സ്ത്രീകൾക്കെതിരായ മതപരമായ “സദാചാര നിയമങ്ങൾ” കർശനമായി പ്രയോഗിക്കുന്നു. ഒമർ അൽ ബഷീർ പുറത്തായതിനു ശേഷം, പുതിയ ഭരണകൂടം ചില പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചെങ്കിലും, നിലവിലെ അസ്ഥിരതയിൽ പഴയ മതനിയമങ്ങൾ വീണ്ടും ശക്തിപ്രാപിക്കുന്നതായി വിമർശകർ പറയുന്നു. മതപരമായ നിയമങ്ങൾ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണവും ശക്തമാണ്. അതിനിടെ സുഡാനിൽ വ്യഭിചാരക്കുറ്റം ചുമത്തി രണ്ട് സ്ത്രീകളെ കല്ലെറിഞ്ഞ് വധിക്കാനുള്ള കോടതിവിധി വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. 

ഖാർത്തൂം നോർത്ത്, എർ റോസൈറീസ് കോടതികൾ രണ്ട് സുഡാനീസ് സ്ത്രീകൾക്ക് വ്യഭിചാരകുറ്റം ചുമത്തി കല്ലെറിഞ്ഞ് വധശിക്ഷ നടത്താൻ വിധിച്ചതായി, ഒരു പ്രാദേശിക വനിതാവകാശ സംഘടനയാണ് അറിയിച്ചത്. ജഡ്ജി ഹാതിം അബ്ദുറഹ്‌മാൻ മുഹമ്മദ് ഹസൻ അധ്യക്ഷനായ കോടതി, അമൂന അബ്ദല്ല ദൽദൂം, ദാർഫൂരിലെ തമ ഗോത്രത്തിൽ നിന്നുള്ള സാദിയ ഇദ്രിസ് ഫദുൽ എന്നിവരെയാണ് വ്യഭിചാരം ചെയ്തെന്ന കുറ്റം ആരോപിച്ച് കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചത്. രണ്ടു പേരുടെയും ഭർത്താക്കന്മാരാണ് അവരിൽ കുറ്റം ആരോപിച്ചത്. യുവതികള്‍ അവർ കുറ്റം നിഷേധിച്ചെങ്കിലും, ഇസ്ലാമിക നിയമപ്രകാരം പുരുഷന്റെ മൊഴിക്കാണ് കോടതി പ്രാധാന്യം കൊടുത്തത്. കോടതിയിൽ ഉപയോഗിച്ച അറബി ഭാഷ, പൂർണമായി മനസ്സിലാകുന്നില്ലെന്ന് സാദിയ ഇദ്രിസ് ഫദുൽ പറഞ്ഞിരുന്നു. അവളോടൊപ്പം കൂട്ടുപ്രതിയായ പുരുഷനെ, വ്യഭിചാരം നിഷേധിച്ചതിനാലും, തെളിവുകളുടെ അഭാവം മൂലവും വിട്ടയച്ചതായും അറിയുന്നു.
1991ലെ സുഡാനീസ് ശിക്ഷാനിയമത്തിലെ 146(എ) വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്. ഈ വകുപ്പ് പ്രകാരം “വ്യഭിചാരം ചെയ്യുന്നവർക്ക്: (എ) വിവാഹിതനായാൽ (മുഹ്സൻ) കല്ലെറിഞ്ഞ് വധശിക്ഷ; (ബി) വിവാഹിതനല്ലെങ്കിൽ (നോൺ‑മുഹ്സൻ) നൂറ് ചാട്ടയടി” എന്നതാണ് ശിക്ഷ. ശിക്ഷിക്കപ്പെട്ട ഇരുവരും വിധിക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥ തകർന്ന നിലയിലും, നിയമസഹായ സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കപ്പെട്ട സാഹചര്യത്തിലും, സ്ത്രീകൾക്ക് നിയമ പ്രതിനിധാനം ലഭ്യമല്ലെന്നാണ് മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടുകൾ.
സുഡാൻ ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും അസ്ഥിരമായ ഘട്ടങ്ങളിലൊന്നിലൂടെ കടന്നുപോകുകയാണ്. സൈനിക അധികാര പോരാട്ടം, നീണ്ടുനിൽക്കുന്ന ആഭ്യന്തര യുദ്ധം, സാമ്പത്തിക തകർച്ച, മത‑സാമൂഹിക വിഭജനങ്ങൾ ഇവയെല്ലാം ചേർന്ന് രാജ്യത്തെ ഗുരുതരമായ മാനവിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഐക്യരാഷ്ട്രസഭയും, വിവിധ മനുഷ്യാവകാശ സംഘടനകളും, അടിയന്തര വെടിനിർത്തലിനും, മനുഷ്യാവകാശ സംരക്ഷണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ പ്രാദേശികവും ആഗോളവുമായ രാഷ്ട്രീയ താല്പര്യങ്ങൾ സമാധാന ശ്രമങ്ങളെ സങ്കീർണമാക്കുന്നു. സുഡാനിൽ സ്ഥിരമായ സമാധാനവും, ജനാധിപത്യവും ഉറപ്പാക്കാൻ ആഭ്യന്തര രാഷ്ട്രീയ ഇച്ഛാശക്തിയോടൊപ്പം, ശക്തമായ അന്താരാഷ്ട്ര പിന്തുണയും അനിവാര്യമാണ്. 

Exit mobile version