Site iconSite icon Janayugom Online

ടെക് ഭീമന്മാരും രാജ്യങ്ങളും

ആധുനിക ലോകത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ നമ്മുടെ ദിനചര്യയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ മുതൽ വ്യക്തികളുടെ സ്വകാര്യജീവിതത്തിൽ വരെ ഇന്നത്തെ ഡിജിറ്റൽ ലോകം ആധിപത്യം പുലർത്തുന്നു. രാജ്യങ്ങളുടെ അതിർത്തികളും പരമാധികാരവും ഡിജിറ്റൽ മേലാളന്മാർ കൈകാര്യം ചെയ്യുന്നത് നിർവികാരമായി നോക്കി നിൽക്കാനേ നമുക്ക് സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ഗൂഗിളും, മെറ്റയും (ഫേസ്ബുക്ക്), ആപ്പിളും, ആമസോണും, മൈക്രോസോഫ്റ്റും ഭരിക്കുന്ന പുതിയ ലോകക്രമത്തിലെ അടിമകളായിരിക്കുന്നു നമ്മൾ. നവകൊളോണിയലിസത്തിന്റെ ഈ പുത്തൻ ആയുധങ്ങളെ എങ്ങനെ നേരിടുമെന്ന ചിന്ത പോലും നാമ്പിലെ നുള്ളാൻ അവർക്ക് കഴിയുന്നു. പറഞ്ഞുപഴകിയതും ശീലിച്ചതുമായ പ്രത്യയശാസ്ത്രങ്ങൾകൊണ്ട് നേരിടാവുന്നതിന് അപ്പുറത്തേക്ക് ലാഭം എന്ന ഒറ്റവാക്കിൽ അധിഷ്ഠിതമായി ഈ അപകടങ്ങൾ മുന്നേറുമ്പോൾ നാം നിരായുധരാകുകയാണോ? മനുഷ്യന്റെ മാനസിക വ്യവഹാരങ്ങളെ വളരെ വേഗത്തിൽ സ്വാധീനിക്കുന്ന ഡാറ്റാ നിർമ്മിതികൾ സൃഷ്‌ടിക്കുന്ന കോൺസൻട്രേഷൻ ക്യാമ്പുകൾ ഹിറ്റ്ലർ ഒരുക്കിയതിനേക്കാൾ ഭീതിദമാകുകയാണ്. 

ഇന്നത്തെ ലോകത്തിലെ ഏറ്റവും വിലയേറിയ സ്വത്ത് ഡാറ്റയാണ്. ശതകോടികളുടെ ഡോളർ വാരിയെറിയുന്ന ടെക് ഭീമന്മാർ കോടിക്കണക്കിന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച്, വിശകലനം ചെയ്ത്, വ്യാപാരലാഭത്തിനായി വിനിയോഗിക്കുന്നു. ഈ വിവരങ്ങൾ ഏതു രാജ്യത്താണ് സൂക്ഷിക്കുന്നത്, ആരാണ് നിയന്ത്രിക്കുന്നത് എന്നതിൽ ദേശീയ സർക്കാരുകൾക്ക് യാതൊരു നിയന്ത്രണവുമില്ല. സാങ്കേതികവിദ്യയുടെ വളർച്ച ദേശീയ സർക്കാരുകളെ നോക്കുകുത്തികളാക്കുന്നു. ഒരു പുതിയ തരത്തിലുള്ള ഡിജിറ്റൽ കൊളോണിയലിസത്തിന് മുമ്പിൽ ഏകാധിപത്യ പ്രവണതകൾ കാണിക്കുന്ന ഭരണകൂടങ്ങൾ പോലും പത്തിമടക്കിയിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ഡാറ്റ അനൈലൈസ് ചെയ്ത് കമ്പോളത്തിനാവശ്യമായ തരത്തിൽ വിതരണം ചെയ്യുന്ന സെർവറുകൾ പട്ടിണി നടമാടുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും ഉണ്ടെന്നാണ് സിപ്രി (സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ പറയുന്നത്. വലിയ ചാരശൃംഖലകൾ കൈവശം വച്ചിരിക്കുന്ന അമേരിക്കയ്ക്കും ചൈനയ്ക്കും കയ്യെത്താ ദൂരത്ത് സെർവറുകളെ ഒളിപ്പിച്ച് കച്ചവടം കൊഴുപ്പിക്കാൻ ഏറ്റവും നല്ലത് പട്ടിണിയും അഴിമതിയും വംശീയതയും കൊടികുത്തി വാഴുന്ന രാജ്യങ്ങളാണെന്ന് ബഹുരാഷ്ട്ര ടെക് ഭീമന്മാർക്ക് നല്ലവണ്ണം അറിയാം.

സാമ്പത്തികശക്തിയിൽ പല രാജ്യങ്ങളെക്കാളും മുന്നിൽ നിൽക്കുന്ന ഈ ടെക് കമ്പനികൾക്ക് രാഷ്ട്രീയമായ ഇടപെടൽ വളരെ എളുപ്പമായിരിക്കുന്നു. വിവിധ രാജ്യങ്ങളുടെ എല്ലാ മേഖലകളിലേയും നയരൂപീകരണത്തിൽ ഏറെക്കുറെ പ്രത്യക്ഷമായി തന്നെ ഇവർ ഇടപെടുന്നു. ജനാധിപത്യ സംവിധാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന യൂറോപ്പിലെ പല രാജ്യങ്ങളിലെയും ഭരണാധികാരികളെ സ്വാധീനിക്കാനും ഇവർക്ക് കഴിയുന്നു എന്നാണ് ജർമ്മൻ മാധ്യമമായ ഡിഡബ്ല്യു ടെലിവിഷൻ ഈയിടെ റിപ്പോർട്ട് ചെയ്തത്. അവർ അതേക്കുറിച്ച് ചെയ്തിട്ടുള്ള ഡോക്യുമെന്ററികൾ പബ്ലിക് ഡൊമയിനുകളിൽ ലഭ്യവുമാണ്. ഡാറ്റ പ്രൊട്ടക്ഷൻ നിയമങ്ങൾ രൂപപ്പെടുത്തുമ്പോൾ ഈ കമ്പനികൾ നടത്തുന്ന ലോബിയിങ്ങിനെയും സമ്മർദ തന്ത്രങ്ങളേയും അതിജീവിക്കാൻ തീരുമാനങ്ങളെടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനും അത് നടപ്പാക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാർക്കും കഴിയാറില്ല. ഇവി‌ടെ വെല്ലുവിളിക്കപ്പെടുന്നത് പരമാധികാര രാജ്യങ്ങളുടെ നിയമനിർമ്മാണത്തിനുളള സ്വാതന്ത്ര്യമാണ്.
ഇക്കാലഘട്ടത്തിലെ പൊതുചർച്ചായിടങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ്. ഈ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്ന വമ്പൻ കമ്പനികൾക്ക് ജനഹിതത്തെ എങ്ങനെ വേണമെങ്കിലും സ്വാധീനിക്കാൻ കഴിയും. സ്വാധീനിക്കാൻ മാത്രമല്ല തങ്ങൾക്ക് ആവശ്യമായ തരത്തിൽ അതിനെ മാറ്റിത്തീർക്കാനും സാധിക്കുമെന്നതാണ് യാഥാർത്ഥ്യം. പല തെരഞ്ഞെടുപ്പ് ഫലങ്ങളേയും ഇത്തരത്തിൽ ഇവർ സ്വാധീനിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതിൽ പ്രധാനമായത് ട്രംപ് അമേരിക്കൻ പ്രസിഡന്റായത് തന്നെ. ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാൻ സാങ്കേതികവിദ്യയെ ഉപയോഗിച്ച് ഇവർ നടത്തുന്ന ശ്രമങ്ങളെ യാതൊരു വിധത്തിലും നിയന്ത്രിക്കാൻ സാധിക്കാത്ത സ്ഥിതിയെന്നത് അത്യന്തം അപകടകരമാണെന്നത് പറയേണ്ടതില്ലല്ലോ? മനുഷ്യരാശിക്ക് വളരെയേറെ ഉപകാരങ്ങൾ ഈ സാങ്കേതികവിദ്യകൾ നൽകുന്നത് വെറുതെയല്ല. അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ മനസിലാക്കാൻ നമുക്ക് സാധിക്കാതെ പോകുന്നിടത്താണ് പിഴവ് സംഭവിക്കുന്നത്. വെറുതെ സംഭവിക്കുന്ന പിഴവല്ല. അത് മനപ്പൂർവം സൃഷ്ടിച്ചെടുക്കുന്നതാണ്. കുട്ടികൾ കളിക്കുന്ന ഗെയിമുകൾ തയ്യാറാക്കുമ്പോൾ മനഃശാസ്ത്ര വിദഗ്ധർ കൂടി ഉൾപ്പെടുന്ന മാഫിയ കുട്ടികളെ ഗെയിം അഡിക്ട് ആക്കുന്നത് പോലുള്ള ഒരു പ്രക്രിയയാണിവിടെ സംഭവിക്കുന്നത്. കിടപ്പറ രഹസ്യങ്ങളെ പോലും മൊബൈൽ ചിപ്പുകളിലൂടെ അതിർത്തി കടത്തി ഡാറ്റ മൈനിങ് ചെയ്യുന്നത് ലാഭത്തിന് വേണ്ടി മാത്രമാണ്. ഈ ലാഭം രാജ്യങ്ങളുടെ പരമാധികാരത്തെ തകർക്കുമ്പോഴാണ് നാം എത്തിനിൽക്കുന്ന ദയനീയ സാഹചര്യത്തെക്കുറിച്ച് നമുക്ക് മനസിലാകുന്നത്. സാങ്കേതിക വളർച്ചയും രാജ്യങ്ങളുടെ പരമാധികാരവും സന്തുലിതമാകുമ്പോഴേ ജനാധിപത്യത്തിന് പ്രസക്തിയുള്ളു. ഇതാണ് ഇപ്പോൾ മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളിയും.

ഒരുകാലത്ത് ആഗോളശക്തികൾ ആധിപത്യം നേടിയിരുന്നത് തോക്കിന്റെയും ഫോസിൽ ഇന്ധനങ്ങളുടേയും ബലത്തിലായിരുന്നു. ഇന്നത് മാറിയിരിക്കുന്നു. 21-ാം നൂറ്റാണ്ടിന്റെ പുതിയ ആയുധം ഡാറ്റയാണ്, പുതിയ സാമ്രാജ്യങ്ങളായ ടെക് കമ്പനികൾ നമ്മുടെ ജീവിതത്തിന്റെ എല്ലാ കോണിലും — ബാങ്കിങ് മുതൽ പഠനവ്യവസ്ഥ വരെയും, ആരോഗ്യരംഗം മുതൽ വിനോദരംഗം വരെയും — അവരുടെ അദൃശ്യശക്തിയാൽ ആധിപത്യം പുലർത്തുന്നു. “ഡാറ്റയാണ് പുതിയ ഓയിൽ” എന്നത് വെറും പറച്ചിലല്ല, രാഷ്ട്രീയവും സാമ്പത്തികവുമായ യാഥാർത്ഥ്യമാണ്. ഗൂഗിൾ, മെറ്റ, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാർ ദിനംപ്രതി കോടിക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നു. നമ്മുടെ തെരച്ചിലുകൾ, ശബ്ദങ്ങൾ, ശീലങ്ങൾ, ഇടപെടലുകൾ തുടങ്ങിയവയെല്ലാം അവരുടെ സെർവറുകളിലേക്കാണ് ഒഴുകുന്നത്. ഈ ഡാറ്റയുടെ അനലിറ്റിക്‌സിലൂടെ അവർ വിപണിയെയും രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്നു. നാട്ടിൻപുറങ്ങളിലെ ചെറിയ കച്ചവടക്കാരെ മുതൽ അതാത് രാജ്യങ്ങളിലെ വ്യവസായികളെ വരെ ആമസോൺ പോലുള്ള ഇ‑കൊമേഴ്സ് ഭീമന്മാർ മുട്ടുകുത്തിക്കുന്നു. അവർ വിപണിയിലെ വിലനിർണയവും വിതരണശൃംഖലയും ഉൾപ്പെടെ എല്ലാം നിയന്ത്രിക്കുന്നു. ആപ്പ് സ്റ്റോറുകളിലൂടെ ആപ്പിൾ, ഗൂഗിൾ തുടങ്ങിയവർ ഡിജിറ്റൽ വിപണിയിലെ മേധാവിത്വവും നിലനിർത്തുന്നു.

വിവിധങ്ങളായ ഭാഷകളേയും സംസ്കാരങ്ങളേയും നശിപ്പിക്കുന്നതിലും ഈ ‌ടെക്ഭീമന്മാർ ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. വലിയ ടെക് പ്ലാറ്റ്‌ഫോമുകൾ ലോകം മുഴുവൻ ഒരേ ഭാഷയിലും ശൈലിയിലുമുള്ള ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അതുവഴി പ്രാദേശിക ഭാഷകളും സംസ്‌കാരങ്ങളും നശിക്കുകയാണ് ചെയ്യുന്നത്. ഗൂഗിളിന്റെ ട്രാൻസ്‌ലേഷൻ സംവിധാനങ്ങളോ യുട്യൂബിന്റെ ശുപാ­ർശ ആൽഗോരിതങ്ങളോ എ­ല്ലാം ആഗോള ഭാഷകളെ മുൻനിർത്തി മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ ഡിജിറ്റൽ ലോകം സാംസ്‌കാരിക ഏകീകരണത്തിലേക്ക് നീങ്ങുമ്പോൾ, ചെറിയ ഭാഷകളും ആശയരീതികളും മാഞ്ഞുപോകുന്നു. ആ­ഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇത് വലിയ രീതിയിലുള്ള സംഘട്ടനങ്ങൾക്ക് വഴി തുറന്നു കഴിഞ്ഞു.

വലിയ ടെക് കമ്പനികൾ ഇ­ന്ന് വെറും സാങ്കേതിക സ്ഥാപനങ്ങൾ മാത്രമല്ല. അവ ആഗോള രാഷ്ട്രീയ ശക്തികളാണ്. നമ്മൾ കാണാത്ത അതിരുകളിലൂടെ കടന്നുവരുന്ന പുതിയ സാമ്രാജ്യാധിപതികളാണ്. ഒരു രാജ്യം സ്വതന്ത്രമെന്ന് ഇന്ന് പറയണമെങ്കിൽ അതിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാത്രംകൊണ്ട് കാര്യമില്ല. ഡാറ്റയിലും, വിവരസ്രോതസുകളിലും, ആൽഗോരിതങ്ങളിലും സ്വാതന്ത്ര്യം നിലനിർത്തുമ്പോൾ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ കഴിയൂ. ഭരണാധികാരികൾ വ്യവസ്ഥാപിത രീതിയിൽ നിന്നു മാറി ചിന്തിച്ചില്ലെങ്കിൽ പൊരുതി നേടിയ സ്വാതന്ത്ര്യം പൊരുതാതെ തന്നെ നഷ്ടപ്പെടും.

Exit mobile version