ഫുട്ബോൾ എന്ന കായികവിനോദത്തെ ജനകീയവൽക്കരിക്കുന്നതിൽ പ്രഥമസ്ഥാനീയനായിരുന്ന കാല്‍പ്പന്ത് മാന്ത്രികൻ പെലെ വിടവാങ്ങി. കളിക്കളത്തിലെ കറുത്ത മുത്തായ പെലെയുടെ ശരിയായ പേര് എഡ്സൺ അരാന്റെസ് ഡി നാസിമെന്റൊ എന്നായിരുന്നു. ഫുട്ബോൾമെെതാനിയില്‍ ജനഹൃദയങ്ങളെ കീഴടക്കുമ്പോൾ അവര്‍ ആർത്തുവിളിച്ച പെലെ എന്ന ഓമനപ്പേരാണ് പിന്നീട് ലോകം സ്വീകരിച്ചത്. 1958ലെ ലോകകപ്പിൽ അരങ്ങേറിയത് അല്പസമയം മാത്രമാണെങ്കിലും പിന്നീട് ഒഴിവാക്കാൻ കഴിയാത്ത കളിക്കാരനായി 17 വയസുകാരൻ പെലെ മാറി. ഇന്നത്തെപ്പോലെ ടെക്നോളജിയോ ആധുനിക സൗകര്യമോ ഇല്ലാതിരുന്ന കാലത്താണ് മൈതാനത്തെ വിസ്മയിപ്പിച്ചു കൊണ്ട് ബ്രസീലിനെ വിജയത്തിൽ എത്തിച്ചത്. തന്റെ ഒൻപതാം വയസിൽ ഉറുഗ്വേയുടെ മുൻപിൽ കപ്പ് കൈവിട്ടു പോയ ബ്രസീലിനെ എട്ടു വർഷം കഴിയുന്നതിന് മുൻപ് വിജയതീരത്തെത്തിച്ചത് പെലെയെന്ന കറുത്ത മുത്ത് തന്നെയാണ്. സെമിയിൽ ശക്തരായ ഫ്രാൻസിന്റെ വലയിൽ മൂന്നു ഗോളുകൾ പായിച്ചു ചിരിക്കുമ്പോള്‍ പെലെയുടെ പ്രായം 17 വയസ്. 62 ലും ബ്രസീലിനെ ജേതാക്കളാക്കി.
ഇതുകൂടി വായിക്കു; പെലെ..അനശ്വരം ; പെലെയെ വായിക്കാനായി മാത്രം ലക്ഷക്കണക്കിന് ബ്രസീലുകാര്‍ അക്ഷരം പഠിച്ചു
1966 ലോകകപ്പിൽ എതിരാളികളുടെ മുഖ്യശത്രു പത്താം നമ്പര്‍കാരനായ കറുത്ത മുത്തായിരുന്നു. പെലെയെ ചവുട്ടിയൊതുക്കിപുറത്താക്കിയാണ് ഏതിരാളികൾ വിജയം ആഘോഷിച്ചത്. അന്ന് വേദനകൊണ്ട് പുളയുന്ന പെലെ ദുഃഖിതനായി പറഞ്ഞത്. “ഇനി ഞാൻ ലോക കപ്പിനില്ലെന്നാണ്”. എന്നാൽ, ഫുട്ബോൾ കളി ജീവിതവ്രതമാക്കിയ പെലെക്ക് അടുത്ത ലോകകപ്പിൽ മാറി നിൽക്കാനായില്ല. 1970 ലോകകപ്പിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ടായിരുന്നു. ഫൈനലിൽ എത്തിയ രണ്ടു രാജ്യങ്ങൾക്കും ജീവൻമരണപോരാട്ടം കൂടിയാണ്. രണ്ടു രാജ്യങ്ങളും രണ്ടു തവണവീതം ജയിച്ചവരാണ്. മൂന്നാം തവണ ജയിക്കുന്നവർക്ക് യൂൾറിമെ കപ്പ് സ്വന്തമാക്കാം. മെക്സിക്കോ ആണ് മത്സരവേദി. ഇറ്റലിയാണ് ബ്രസീലിന്റെ എതിരാളി.
കളിക്ക് രണ്ടു ദിവസം മുൻപേ ബ്രസീലിനെ വിഷമത്തിലാക്കിയ ഒരു വാർത്ത പുറത്തു വന്നു. ഇറ്റലി ജയിക്കാൻ മാർപ്പാപ്പ ദൈവത്തോട് പ്രാർത്ഥിച്ചു എന്നാണ് വാർത്ത. വിശ്വാസികളായ ബ്രസീലുകാരെ വാർത്ത പരിഭ്രാന്തിതരാക്കി. പെലെ അതേക്കുറിച്ചു പറഞ്ഞത് “ഈ വാർത്ത ഞങ്ങളെ വല്ലാതെ മാനസികമായി തകർത്തു. ഒടുവിൽ രാജ്യത്തെ ജനങ്ങളാകെ ദൈവത്തോട് നേരിട്ടു പ്രാർത്ഥിച്ചു. കളിക്കാർ ഒന്നിച്ചിരുന്നു പ്രാർത്ഥിച്ചു. ദൈവം ഞങ്ങളുടെ പ്രാർത്ഥനകേട്ടു, ഫൈനലിൽ 4–1 ന് നമ്മൾ ജയിച്ചു കപ്പ് സ്വന്തമാക്കി”.
ഇതുകൂടി വായിക്കു; പെലെയെ വായിക്കാനായി മാത്രം എഴുത്തും വായനയും പഠിച്ച ബ്രസീലിയൻ ജനത
1930 മുതൽ ഒരു ലോക വിജയത്തിന് വേണ്ടി ദാഹിച്ചു കഴിഞ്ഞ നാട്ടുകാർക്ക് വേണ്ടി ഹാട്രിക് വിജയം നേടി അവരെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുവാൻ ഫുട്ബോള്‍ കളിയിലെ മാസ്മരിക തന്ത്രങ്ങൾ സ്വയം സ്വായത്തമാക്കുകയായിരുന്നു പെലെ. ഇത്തവണത്തെ ലോകകപ്പിൽ കറുത്ത മനുഷ്യരുടെ പോരാട്ട മികവിന്റെ സംഘടിതരൂപം ലോകം ശ്രദ്ധിച്ചു. ഫ്രാൻസിന്റെ പടയിലെ ചാട്ടുളിയായത് കറുത്തവനായ എംബാപ്പെയാണെങ്കിൽ മൊറോക്കോ എന്ന ആഫ്രിക്കൻ രാജ്യം സെമിയിലെത്തി ചരിത്രം സൃഷ്ടിക്കുന്നതും നേരിൽ കണ്ടു.
അരനൂറ്റാണ്ട് മുൻപ് കറുത്ത മനുഷ്യന്റെ അഭിമാനം ഉയർത്തിക്കാട്ടാൻ ഒരേയൊരു പെലെയെ ഉണ്ടായിരുന്നുള്ളു. കറുത്തവരോട് കരുണയില്ലാത്ത കാലത്ത് കറുപ്പിന്റെ സൗന്ദര്യവും പോരാട്ടവീര്യവും കളിയിലെ മാസ്മരികസ്പർശവും കൊണ്ട് മനുഷ്യരാശിയെ അമ്പരപ്പിച്ചത് പെലെയെന്ന ഉയരം കുറഞ്ഞ കറുത്ത മുത്താണ്.