രാജ്യസഭയുടെ നടപ്പുസമ്മേളനത്തിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ നൽകിയ വിവരങ്ങൾ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ ഭയാനകമായ അടിസ്ഥാന യാഥാർത്ഥ്യം മറച്ചുവയ്ക്കുന്നതാണ്. സംഗതി ലളിതമാണ്. ആദ്യം വിവിധ സർക്കാർ ഏജൻസികൾ തൊഴിൽ രംഗത്തെക്കുറിച്ചുള്ള വർണാഭമായ ചിത്രം നിർമ്മിക്കുന്നു, കേന്ദ്രം ഇത് ആവർത്തിക്കുകയും ചെയ്യുന്നു. ഈ പ്രചരണ പ്രഘോഷണത്തിനിടയിൽ തൊഴിലില്ലാത്തവരുടെ ശബ്ദങ്ങൾ മുങ്ങിപ്പോകുന്നു. തൊഴിലാളി ജനസംഖ്യാ അനുപാതം ഉയർന്നു, തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു, ഗുണനിലവാരമുള്ള ജോലികളുടെ ഔപചാരികവൽക്കരണം ഉയർന്നു എന്നൊക്കെയാണ് കേന്ദ്രം എടുത്തുകാട്ടുന്നത്. 2023–24ലെ ആനുകാലിക തൊഴിൽ ശക്തി സർവെ (പിഎൽഎഫ്എസ്), അസംഘടിത മേഖലാ സംരംഭങ്ങളുടെ വാർഷിക സർവേ (2022–23), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), മൂലധനം, തൊഴിൽ, ഊർജ്ജം, സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കണക്കുകൾ തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങളെന്ന പേരിലാണ് സർക്കാർ തൊഴിലില്ലായ്മ കുറഞ്ഞെന്ന തങ്ങളുടെ വാദം സ്ഥാപിക്കുവാൻ ശ്രമിക്കുന്നത്. അതേസമയം ഈ വിവരങ്ങൾ ഇതിനകം തന്നെ സംശയാസ്പദമാണെന്ന് മാത്രമല്ല നിരവധി വിദഗ്ധർ മുൻകാലങ്ങളിൽ നിരാകരിച്ചിരുന്നതുമായിരുന്നു.
രാജ്യസഭയിലെ മറുപടിയിൽ 2024–25 ബജറ്റിലെ സർക്കാർ പ്രഖ്യാപനത്തെ പരാമർശിക്കുന്നുണ്ട്. അഞ്ച് വർഷ കാലയളവിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് രണ്ട് ലക്ഷം കോടി രൂപ മുതൽ മുതൽമുടക്കുള്ള, പ്രധാനമന്ത്രിയുടെ അഞ്ച് പദ്ധതികളും സംരംഭങ്ങളുമാണ് പരാമർശിച്ചിട്ടുള്ളത്. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, (രണ്ട് മാസത്തിനുള്ളിൽ- ഫെബ്രുവരിയിൽ അവതരിപ്പിക്കും) ഇതിനകം തന്നെ ആരംഭിച്ച പദ്ധതിയിൽ എന്ത് പുരോഗതിയാണ് കൈവരിച്ചതെന്ന് പരാമർശിക്കുന്നേയില്ല.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിച്ഛായ സംരക്ഷിക്കുവാനും പ്രത്യേകിച്ച് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയെന്ന് വരുത്തുന്നതിലുമാണ് കേന്ദ്ര സർക്കാരിന്റ പ്രചരണ യന്ത്രം കേന്ദ്രീകരിച്ചിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ ‘മുഴുവൻ പേർക്കും തൊഴിൽ’ എന്ന അദ്ദേഹത്തിന്റെ വാഗ്ദാനം എല്ലാവർക്കും ഓർമയുള്ളതാണ്. പിന്നീട് ഓരോ വർഷവും രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഓരോ വർഷവും ഇത്രയധികം ആളുകൾ ഇന്ത്യയിലെ തൊഴിൽ സേനയിൽ ചേരുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോൾ രാജ്യസഭയിൽ നൽകിയിരിക്കുന്ന റിസർവ് ബാങ്കി(ആർബിഐ)ന്റെയും മറ്റും കണക്കുകൾ അവകാശപ്പെടുന്നത് 2014–15ലെ 47.15 കോടിയെ അപേക്ഷിച്ച് 2023–24ൽ തൊഴിൽ ശക്തി 64.33 കോടിയായി വർധിച്ചുവെന്നാണ്. ഈ കാലയളവിൽ മൊത്തം തൊഴിലവസരത്തിൽ 17.18 കോടി വർധനയുണ്ടായതായി കേന്ദ്ര തൊഴിൽ മന്ത്രാലയം പറയുന്നു.
ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന ആർബിഐ കണക്കുകൾ തൊഴിലവസരങ്ങളിൽ ഇത്രയധികം വർധനവ് കാണിക്കുന്നുവെന്ന് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയാണ് തൊഴിൽ മന്ത്രാലയത്തിലെ ലേബർ സെക്രട്ടറി പറഞ്ഞത്. പ്രധാനമന്ത്രി മോഡിയും ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു, ജൂലൈ എട്ടിന് ആർബിഐ വിവരങ്ങൾ പുറത്തുവിട്ടപ്പോഴാണ് യാഥാർത്ഥ്യം വെളിപ്പെട്ടത്. ആ കണക്കുകൾ സംശയാസ്പദമാണെന്നും കണ്ടെത്തുകയുണ്ടായി. 2014–15 വർഷത്തിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം 47.1.5 കോടി എന്നത് 2015–16ൽ 47.20 കോടിയായാണ് ഉയർന്നിരിക്കുന്നത്. 2016–17 വർഷത്തിൽ, 2016 നവംബറിലെ നോട്ട് അസാധുവാക്കലിനുശേഷം ദശലക്ഷക്കണക്കിന് ചെറുകിട — ഇടത്തരം സംരഭങ്ങൾ അടച്ചുപൂട്ടുകയോ പ്രവർത്തനം 75 ശതമാനമായി കുറയ്ക്കുകയോ ചെയ്യുകയും അതുവഴി ദശലക്ഷക്കണക്കിന് പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തപ്പോൾ, ആർബിഐ കണക്കുകൾ പ്രകാരം തൊഴിലവസരങ്ങൾ 47.32 കോടിയായി ഉയർന്നെന്നും 1.2 ശതമാനം വർധനവുണ്ടായെന്നുമാണ് കാണിച്ചിരിക്കുന്നത്.
2017–18 വർഷത്തിൽ, ദേശീയ സാമ്പിൾ സർവേ ഓഫിസി(എൻഎസ്എസ്ഒ)ന്റെ കണക്കുകളിൽ പോലും 6.1 ശതമാനമെന്ന 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് കാണിക്കുമ്പോഴാണ് ആർബിഐ തൊഴിൽശക്തി 1.8 ശതമാനം വർധിച്ച് 47.5 കോടിയായെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നത്. 2018–19ൽ, ആർബിഐ കണക്കുകൾ പ്രകാരം തൊഴിൽ ശക്തി 17.6 ശതമാനം വർധിച്ച് 49.26 കോടിയും 2019–20ൽ 41.8 ശതമാനമായി ഉയർന്ന് 53.44 കോടിയുമായിരിക്കുന്നു. ലോക്ഡൗണിന്റെയും കോവിഡ് പ്രതിസന്ധിയുടെയും ഫലമായി മുഴുവൻ സമ്പദ്‌വ്യവസ്ഥയും നിലച്ച 2020–21ൽ തൊഴിലവസരങ്ങൾ 31.2 ശതമാനം കുതിച്ചുയരുകയും തൊഴിൽശക്തി 56.56 കോടിയിലെത്തുകയും ചെയ്തെന്ന നിഗൂഢമായ കണക്കുകളാണ് ആർബിഐ അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് 19 പ്രതിസന്ധി നിലനിന്ന 2021–22ൽ ആർബിഐ കണക്കുകൾ കാണിക്കുന്നത് തൊഴിലവസരങ്ങളിൽ 11.9 ശതമാനം വർധനവ് രേഖപ്പെടുത്തി 57.75 കോടിയിലെത്തിലെത്തിയെന്നുമാണ്. 2022–23ൽ 19.2 ശതമാനം ഉയർന്ന് 59.67,2023–24ൽ 46.7 ശതമാനം ഉയർന്ന് 64.33 കോടിയായും തൊഴിൽശക്തി ഉയർന്നു. റിസർവ് ബാങ്കിന്റെ സംശയാസ്പദമായ കണക്കുകൾ വീണ്ടും രാജ്യസഭയിൽ അവതരിപ്പിച്ചത് തൊഴിൽമേഖലയിൽ ഒരു നല്ല ചിത്രം കാണിക്കാനാണെന്നതിൽ സംശയമില്ല.
എൻഎസ്എസ്ഒ റിപ്പോർട്ട് പ്രകാരം 2017–18 ആയപ്പോഴേക്കും തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന നിരക്കായ 6.1 ശതമാനമായി ഉയർന്നു എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അക്കാലത്താണ് കണക്കുകൾ മറച്ചുവയ്ക്കുന്നു എന്ന് ആരോപിച്ച് എൻഎസ്എസ്ഒയിലെ ഉന്നത ഉദ്യോഗസ്ഥരുടെ രാജിയെത്തുടർന്ന് വിവരങ്ങള്‍ ചോർന്നത്. അന്ന് ആ കണക്കുകൾ നിഷേധിച്ചുവെങ്കിലും 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് സർക്കാർ ഈ കണക്കുകൾ പിന്നീട് പുറത്തുവിട്ടത്. തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്ന് 2017–18ൽ കേന്ദ്രം തൊഴിൽ വിവരശേഖരണ രീതി മാറ്റിയാണ് പുതിയ ആനുകാലിക തൊഴിൽ ശക്തി സർവേ (പിഎൽഎഫ്എസ്) ആരംഭിച്ചത്. പിഎൽഎഫ്എസ് രണ്ട് വിധം കണക്കുളാണ് തയാറാക്കുന്നത്. ഒന്ന് സാധാരണ സ്ഥിതി അടിസ്ഥാനത്തിലും മറ്റൊന്ന് നിലവിലെ പ്രതിവാര സ്ഥിതി അടിസ്ഥാനത്തിലുമാണ്.
തൊഴിലാളി — ജനസംഖ്യാ അനുപാതം (ഡബ്ല്യുപിആർ) പരാമർശിച്ച് രാജ്യസഭയിൽ നൽകിയ കണക്കുകളിലും പറയുന്നത് കോവിഡ് കാലയളവ് ഉൾപ്പെടെ കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ തൊഴിൽ വർധിച്ചുവെന്നാണ്. 2023–24ലെ പിഎൽഎഫ്എസ് കണക്കുകൾ ഇന്ത്യയുടെ തൊഴിൽ വിപണിയിലെ അപാകതകൾ വ്യക്തമാക്കുന്നതാണ്. ആ വർഷം പ്രതിവാര സ്ഥിതി അടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനവും ജനസംഖ്യയിൽ തൊഴിലില്ലാത്തവരുടെ അനുപാതം 2.1 ശതമാനവുമാണ്. കേന്ദ്ര സർക്കാരിന്റെ പ്രചാരണ യന്ത്രം ഉയർന്ന തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കുന്നില്ല, എല്ലായ്പോഴും സാധാരണ സ്ഥിതിയിലുള്ള കുറഞ്ഞ കണക്കുകളെയാണ് ആശ്രയിക്കുന്നത്.
കൂടാതെ, 2023–24 പിഎൽഎഫ്എസ് പ്രകാരം 19.4 ശതമാനം ആളുകൾ യഥാർത്ഥത്തിൽ ഗാർഹിക സംരംഭങ്ങളിൽ സഹായിക്കുകയും വേതനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ജോലിക്കാരായി കണക്കാക്കപ്പെടുന്നവരാണ്. ഇത്തരക്കാരുടെ എണ്ണം 2022–23ൽ 18.3 ശതമാനവും 2021–22ൽ 17.5 ശതമാനവും വർധിക്കുകയാണ് ചെയ്തത്. ഇതിന് പുറമേ സ്വന്തമായി ജോലി ചെയ്യുന്നവരുടെ എണ്ണം ഏകദേശം 39 ശതമാനമാണ്, അവരിൽ ഭൂരിഭാഗവും വളരെ കുറഞ്ഞ വരുമാനമുള്ള ജോലികൾ ചെയ്യുന്നവരാണ്. യഥാർത്ഥത്തിൽ അവരും തൊഴിലില്ലാത്തവരായി പരിഗണിക്കേണ്ടവരാണെങ്കിലും അക്കാര്യവും മറച്ചുവയ്ക്കുകയാണ്.
2023–24ൽ ആകെ തൊഴിൽ ചെയ്യുന്നവരിൽ 58.4 ശതമാനം പേരും സ്വയം തൊഴിൽ ചെയ്യുന്നവരാണ്. സ്വയം തൊഴിൽ ചെയ്യുന്നവരുടെ ശതമാനം 2021–22ൽ 55.8 ശതമാനത്തിൽ നിന്ന് 2022–23ൽ 57.3 ശതമാനമായും വർധിച്ചു. തൊഴിൽ വിപണിയിലെ അവസരങ്ങൾ കുറയുന്നതിന്റെ സൂചനയാണ് ഇത്. ഗാർഹിക സംരംഭങ്ങളിലോ അല്ലെങ്കിൽ സ്വന്തമായോ തൊഴിലെടുത്ത് സാമൂഹിക സുരക്ഷാ പരിരക്ഷയുടെ പരിധിയിൽപ്പെടാതെയും ജീവിക്കാൻ അവർ നിർബന്ധിതമാകുന്നുവെന്നർത്ഥം. 2023–24ലെ പിഎൽഎഫ്എസ് പ്രകാരം സ്ഥിരവേതനവും ശമ്പളവുമുള്ള ജോലികൾ ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. 2021–22ൽ ഇത് 21.5 ശതമാനമായിരുന്നത് 2022–23ൽ 20.9 ആയി കുറഞ്ഞു. 2023–24ൽ 21.7 ശതമാനത്തിലെത്തി. തൊഴിൽ സേനയിലെ സാധാരണ തൊഴിലാളികളുടെ എണ്ണവും കുറയുകയാണ്. 2021–22 ൽ 22.7, 2022–23 ൽ 21.8ശതമാനമായിരുന്നത് 2023–24 ൽ 19.8 ശതമാനമായി. ആഴ്ചയിൽ ഒരു മണിക്കൂർ കൂലിയുള്ള ജോലി ലഭിക്കുന്നവരും തൊഴിൽ ശക്തിയിലാണ് കണക്കാക്കപ്പെടുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ തൊഴിൽ തേടിയെത്തുകയും കിട്ടാതെ നിരാശരായി തിരിച്ചുപോകുന്നവരും ഊതിപ്പെരുപ്പിച്ച തൊഴിൽ കണക്കുകളും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കും നിർണയിക്കുന്നതിലെ ഘടകങ്ങളാണ്.
അസംഘടിത മേഖലാ സംരംഭങ്ങളു (എഎസ്യുഎസ്ഇ) ടെ ലഭ്യമായ വാർഷിക റിപ്പോർട്ട് അനുസരിച്ച് കണക്കാക്കിയ തൊഴിലാളികളുടെ എണ്ണം 2021–22ൽ 7.79 കോടിയിൽ നിന്ന് 2022–23 ൽ 10. 96 കോടിയായി വർധിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രാലയം രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. വേതനം കുറഞ്ഞ ജോലികളുടെയും അസംഘടിത തൊഴിലാളികളുടെയും എണ്ണം കുത്തനെ കൂടിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നിരുന്നാലും, 2017 സെപ്റ്റംബറിനും 2024 സെപ്റ്റംബറിനുമിടയിൽ ഏഴ് കോടി വരിക്കാർ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) ചേർന്നിട്ടുണ്ടെന്ന് മറുപടി പറയുന്നു.
മാന്യമായ ജോലികൾക്ക് ഇന്ത്യയിൽ കടുത്ത ക്ഷാമം ഉണ്ടായിട്ടുണ്ട് എന്നതുകൊണ്ടാണ് 2024–25 ബജറ്റിൽ മൂന്ന് തൊഴിൽബന്ധിത പദ്ധതികൾ പ്രഖ്യാപിക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച ഘടകമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിലാകട്ടെ ഇതുവരെ വളരെ കുറച്ച് പുരോഗതി മാത്രമേ കൈവരിക്കാനായിട്ടുള്ളു. ഇപിഎഫ്ഒ നവീകരിക്കാനുള്ള ശ്രമത്തിലുമാണ് സർക്കാർ.
അതിനാൽ, 2024–25 ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശക്തമായ നടപടികൾ കേന്ദ്രസർക്കാരിന് അടിയന്തരമായി ആവശ്യമാണ്. 2014ൽ ‘എല്ലാവർക്കും ജോലി’ നൽകുമെന്ന വാഗ്ദാനം ചെയ്ത് 11 വർഷത്തിനുശേഷം, കുറഞ്ഞത് 2025 മുതലെങ്കിലും അത് ശരിയായ ഗൗരവത്തോടെ നടപ്പാക്കണം. ഗവൺമെന്റിന്റെ നിറംപിടിപ്പിച്ച ചിത്രവും പ്രതിച്ഛായ നിർമ്മാണവും കാണിക്കാൻ കടലാസിലെ കണക്കുകൾ മാത്രം ഉപയോഗിക്കുന്നത് യഥാർത്ഥ ലക്ഷ്യത്തിന് ഗുണം ചെയ്യുകയില്ല.
വിടവുകൾ കണ്ടെത്തുന്നതിനും, മൂലധന ചെലവ് വർധിപ്പിക്കുന്നതിനും, ഗ്രാമപ്രദേശങ്ങൾക്കായി തൊഴിലുറപ്പ് പദ്ധതി വിഹിതവും നഗരപ്രദേശങ്ങളിൽ സമാനമായ തൊഴിലുറപ്പ് പദ്ധതിയും അവതരിപ്പിക്കുന്നതിനും സേവന തൊഴിലാളികളെ അംഗീകരിക്കുന്നത് ഉൾപ്പെടെ നടപടികൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചിട്ടുള്ള വിവിധ പരിപാടികൾ പുനഃപരിശോധിക്കുന്നതിനും 2025–26ലെ കേന്ദ്ര ബജറ്റിലൂടെ സന്നദ്ധമാകണം.
(ഐപിഎ)