Site iconSite icon Janayugom Online

ബസ്തറിലെ കാടുകൾ മാഫിയകൾ കയ്യടക്കുന്നു

ന്മൂലന ലക്ഷ്യസാക്ഷാത്കാരത്തിന്റെ ഭാഗമായി ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡിഷ, ബിഹാർ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളെ ചേർത്ത് ചുവപ്പ് ഇടനാഴിയെന്ന പേരിട്ടപ്പോൾ അതിൽ പ്രധാനപ്പെട്ട മേഖലയായിരുന്നു ബസ്തർ. ബിജെപി അധികാരത്തിലെത്തുകയും മാവോയിസ്റ്റ് വേട്ടയ്ക്കായി ദശകോടിക്കണക്കിന് തുക നീക്കിവയ്ക്കുകയും ചെയ്തപ്പോൾ അതിന്റെ പേരിലുള്ള വേട്ടക്കഥകൾ സംഭ്രമിപ്പിക്കുന്ന വാർത്തകളാകുകയും ചെയ്തു. ബസ്തര്‍ ഛത്തീസ്ഗഢിലെ പ്രത്യേക ജില്ലയാണെങ്കിലും അതിനൊപ്പം ദന്തേവാഡ, കാങ്കർ, കോണ്ട്ഗാവ് എന്നിവയും ചേർന്നതാണ് ബസ്തർ മേഖല എന്നറിയപ്പെടുന്നത്. ദന്തേവാഡയോട് തൊട്ടുകിടക്കുന്ന ബിജാപൂർ ഉൾപ്പെടെ നിരവധി ജില്ലകളിൽ നക്സൽ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലായി 38 ജില്ലകളിലാണ് നക്സൽ സാന്നിധ്യമുള്ളതെന്ന് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ജില്ലകൾ ഛത്തീസ്ഗഢിലാണ്, 15. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്തുതന്നെ നക്സലിസത്തെയും മാവോയിസത്തെയും ഇടതുതീവ്രവാദികൾ എന്ന സംജ്ഞ നൽകി വേട്ടയാടുന്നത് ആരംഭിച്ചിരുന്നുവെങ്കിലും അതിന് സംഘടിതവും വ്യാപകവുമായ നീക്കങ്ങൾ ഉണ്ടായത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷമായിരുന്നു. ബിജെപിക്കാലത്ത് എതിർപ്പുന്നയിക്കുന്നവരെ മുഴുവൻ വേട്ടയാടുന്നതിന് നഗരനക്സലുകളെന്ന പ്രയോഗവും പ്രാബല്യത്തിലായി. നക്സൽ, മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ അവരെ ഉന്മൂലനം ചെയ്യുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും എന്ന പേരിൽ ആയിരക്കണക്കിന് കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. ഇതിൽ സിംഹഭാഗവും സുരക്ഷാ സേനകളുടെ സജ്ജീകരണങ്ങൾക്കാണ്. ഡിസംബർ ഒമ്പതിന് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ 2017ൽ ആവിഷ്കരിച്ച പ്രത്യേക പദ്ധതിക്കായി 3,848.5 കോടി രൂപയാണ് അനുവദിച്ചത്. 2014 മുതൽ 2025 ഡിസംബർ ഒന്നുവരെയുള്ള കാലയളവിൽ 1,734 പൗരന്മാരും 598 സുരക്ഷാ ജീവനക്കാരും മരിച്ചു. 16,336 പേര്‍ അറസ്റ്റിലാവുകയും 9,588 പേർ കീഴടങ്ങുകയും ചെയ്തു. ഇപ്പോഴും കൊലയും കീഴടങ്ങലും തുടരുകയാണ്. മരിച്ചവരെ പൗരന്മാരെന്നാണ് ലോക്‌സഭയിൽ പറഞ്ഞത് എന്നതിൽ നിന്ന് ഇവരെല്ലാവരും തീവ്ര ഇടതുപക്ഷ പ്രവർത്തരല്ലെന്ന ആരോപണം ശരിയാണെന്ന് വരുന്നു. 

മാവോയിസ്റ്റുകളെ അല്ലെങ്കിൽ നക്സലുകളെ വധിച്ചുവെന്ന ഓരോ സർക്കാർ പ്രായോജക വാർത്തകൾ പുറത്തുവരുമ്പോഴും മരിക്കുന്നവരിൽ പലരും നക്സലിസവുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന ആരോപണം ഉയരാറുണ്ട്. ഏറ്റുമുട്ടലുകൾ എന്നതുപോലും വ്യാജനിർമ്മിതിയാണെന്നാണ് പല സംഭവങ്ങളും വ്യക്തമാക്കുന്നത്. സംഭവത്തിൽ അറസ്റ്റിലാകുകയോ മരിക്കുകയോ ചെയ്യുന്നവരിൽ നിന്ന് പിടികൂടിയതായി പ്രദർശിപ്പിക്കുന്ന ആയുധങ്ങൾ പോലും വ്യാജമാണെന്നാണ് നാട്ടുകാർ പറയുന്നത്. മരിക്കുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടാതിരിക്കുക, മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാതിരിക്കുക തുടങ്ങിയ നിയമവിരുദ്ധ നടപടികളിലൂടെ ഈ സംശയങ്ങൾ സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. ബസ്തർ മേഖലയിൽ കഴിഞ്ഞ വർഷം മാത്രം 300ഓളം പേരെ നക്സലൈറ്റുകളെന്ന പേരിൽ സൈന്യം വധിച്ചിരുന്നു. ഇതിൽ മഹാഭൂരിപക്ഷവും പ്രദേശത്ത് താമസിക്കുന്ന ആദിവാസി വിഭാഗങ്ങളിൽപ്പെട്ട പാവപ്പെട്ടവരാണെന്ന ആരോപണം നിഷേധിക്കുന്നതിന് ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല. ഉപജീവനമാർഗം തേടി വനത്തിൽ പ്രവേശിക്കുന്നവരെയാണ് വധിക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കുറ്റപ്പെടുത്തൽ. ഇതിന് നക്സലുകൾ സുരക്ഷാസേനയെ വെടിവച്ചുവെന്നും ഏറ്റമുട്ടലുണ്ടായെന്നുമുള്ള വ്യാജകഥകൾ സൃഷ്ടിക്കുകയാണ്. ഛത്തീസ്ഗഢിലും ഒഡിഷയിലും മധ്യപ്രദേശിലുമൊക്കെയുള്ള കല്പിത നക്സൽബാധിത പ്രദേശങ്ങൾ അപൂർവമായ ധാതുലവണങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും വനസമ്പത്തിന്റെയും നിബിഡ കലവറകളാണ്. ഇതിൽ കണ്ണുവച്ചെത്തുന്ന കോർപറേറ്റുകൾ, മാഫിയകൾ എന്നിവരുടെ ചൂഷണം ആദിവാസികളുടെ കാവലിൽ തടയപ്പെടുന്നുവെന്നത് വസ്തുതയാണ്. അതുകൊണ്ട് ആദിവാസികളെ അകറ്റുകയെന്ന ലക്ഷ്യം നക്സൽബാധിതമെന്ന പ്രചരണത്തിനും വേട്ടയാടലിനും പിന്നിലുണ്ടെന്ന് സംശയിക്കണം. 

ആദിവാസികളെ അകറ്റുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചാണ് ഒഡിഷയിലെ വനപ്രദേശങ്ങളുൾപ്പെടെ പോസ്കോ കമ്പനിക്ക് തീറെഴുതിയത് എന്നതും ബസ്തർ ഉൾപ്പെടെ മേഖലകളിലെ കടന്നുകയറ്റ നീക്കങ്ങളും അതിനെതിരായി പ്രാദേശികമായി വളർന്നുവന്ന ചെറുത്തുനില്പുകളെ അടിച്ചമർത്തുന്നതും ഈ സംശയത്തെ ബലപ്പെടുത്തുന്നു. പോസ്കോ കമ്പനിക്കെതിരെ ഒഡിഷയിൽ വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾ സിപിഐയുടെയും ആദിവാസി സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുകയുണ്ടായി. അതിന്റെ ഫലമായി കമ്പനി സ്ഥലം വിട്ടെങ്കിലും ജിൻഡാൽ അലൂമിനിയം കമ്പനിയെ പകരം കുടിയിരുത്തുന്നതിനാണ് പിന്നീട് ശ്രമം നടന്നത്. ഇതിനെതിരെയും പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. ഈ വർഷം മാർച്ചോടെ നക്സലിസവും മാവോയിസവും തൂത്തെറിയുമെന്ന് പ്രഖ്യാപിച്ചാണ് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്മൂലന നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നത്. അതിന് ഫലം കാണുന്നുവെന്നും മാവോയിസ്റ്റ് സാന്നിധ്യം ഗണ്യമായി കുറഞ്ഞുവെന്നും ഇടയ്ക്കിടെ അവകാശവാദമുന്നയിക്കുകയും ചെയ്യുന്നു. അത് സമർത്ഥിക്കുന്നതിനുള്ള കണക്കുകളും പുറത്തുവിടുന്നുണ്ട്. ഇക്കാലയളവിനിടയിൽ ഏറ്റവുമധികം മാവോയിസ്റ്റ് വേട്ടയും കൊലപാതകങ്ങളും നടന്ന മേഖലയാണ് ബസ്തർ. ഈ ഉന്മൂലനപദ്ധതികളുടെ പ്രധാന പരീക്ഷണശാല. ഈ മേഖലയുടെ പ്രത്യേകത, വനപ്രദേശങ്ങൾ കൂടുതലും ദളിത്, ആദിവാസി വിഭാഗങ്ങൾ ജനസംഖ്യയിൽ മുന്നിലുമാണെന്നതാണ്. 2011ലെ കാനേഷുമാരി പ്രകാരം മൂന്നിൽ രണ്ടിലധികമാണ് ഇവരുടെ പങ്കാളിത്തം. വനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചെറുകിട വനവിഭവങ്ങൾ ശേഖരിച്ച് വിറ്റാണ് ഭക്ഷണവും മറ്റ് ജീവനോപാധികളും പ്രദേശവാസികൾ നേടുന്നത്. വനം വകുപ്പിൽ താൽക്കാലിക തൊഴിലാളികളായും ജോലി ചെയ്യുന്നു. അനുബന്ധതൊഴിലുകളും ചെയ്യുന്നു. ഈ മേഖലയിലെല്ലാമാണ് നിരന്തരം സുരക്ഷാ സേനയുമായി മാവോയിസ്റ്റുകൾ ഏട്ടുമുട്ടുന്നുവെന്നും മരിക്കുന്നുവെന്നുമുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. പ്രസ്തുത പ്രദേശത്ത് കേന്ദ്രസർക്കാരിന്റെ ഭാഷയിൽ പറയുന്ന തീവ്ര ഇടതുപക്ഷസാന്നിധ്യം കുറയുന്നത് വനസമ്പത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും കൊള്ളയ്ക്ക് കാരണമാകുന്നുവെന്നും പരിവർത്തിത ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചിരിക്കുന്നുവെന്നുമാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
(അവസാനിക്കുന്നില്ല)

Exit mobile version