Site iconSite icon Janayugom Online

ജനാധിപത്യത്തിന്റെ ഭാവി

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. മഹത്തായ 75 വർഷങ്ങൾ രാജ്യത്തിന് ഒട്ടേറെ പരീക്ഷണ ഘട്ടങ്ങളെ അതിജീവിക്കേണ്ടിവന്ന കാലംകൂടിയാണ്. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരായി സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ദീർഘവും ത്യാഗഭരിതവുമായ പോരാട്ടങ്ങളുടെ തീക്ഷ്ണമായ അനുഭവങ്ങളും ഓർമ്മകളുമാണ് ഇക്കാലമത്രയും മുന്നോട്ടുള്ള പ്രയാണത്തിന് രാജ്യത്തിന് കരുത്തായിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരം വ്യത്യസ്തങ്ങളായ ആശയധാരകളുടെയും സമരാനുഭവങ്ങളുടെയും സംഗമ ഭൂമിയായിരുന്നു. ആശയങ്ങളിലും രീതികളിലും വ്യത്യസ്തതകളുണ്ടായിരുന്നെങ്കിലും സമരഭൂമിയിൽ അണിനിരന്ന മനുഷ്യരെ നയിച്ച വികാരങ്ങൾ ഒന്നായിരുന്നു. അവർ മോഹിച്ചത് സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു. അവർ ആഗ്രഹിച്ചത് ജനാധിപത്യം പുലരണം എന്നായിരുന്നു. അവർ സ്വപ്നം കണ്ടത് എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന ഇന്ത്യയെക്കുറിച്ചായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം 75-ാം വാർഷികത്തിലേക്കെത്തുമ്പോൾ ജനാധിപത്യം ശരശയ്യയിലാകുന്നതാണ് രാജ്യം കാണുന്നത്.

രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഭരണകൂടം ജനാധിപത്യത്തെ കഴുത്തുഞെരിച്ച് കൊലചെയ്യുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് നമുക്ക് ചുറ്റും. ഈ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനങ്ങൾ തീർത്തും ജനാധിപത്യ വിരുദ്ധവും പാർലമെന്ററി ജനാധിപത്യത്തിന്റെ നാളിതുവരെയുള്ള കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധവുമായിരുന്നു. പാർലമെന്റിനുള്ളിൽ വാക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യ ഇന്ത്യയെ ഞെട്ടിച്ച ഒന്നായിരുന്നു. ആശയസംവാദങ്ങളുടെയും വിയോജിപ്പുകളുടെയും കേന്ദ്രമാവുക എന്നതാണ് എക്കാലത്തും നിയമനിർമ്മാണ സഭകളുടെ ദൗത്യം. ഭരണപക്ഷത്തിന്റെ നിലപാടുകളെയും സമീപനങ്ങളെയും തലനാരിഴകീറിയുള്ള പരിശോധനകൾക്ക് വിധേയമാക്കുകയും ശക്തമായ വിമർശനങ്ങൾ ഉയർത്തി ഭരണപക്ഷത്തെ തിരുത്തുകയും ചെയ്യുക എന്നതാണ് പ്രതിപക്ഷത്തിന്റെ ദൗത്യം. ഇത്തരം വിമർശനങ്ങളും പരിശോധനകളും തിരുത്തലുകളുമാണ് ജനാധിപത്യത്തിന്റെ അടിത്തറ. വിമർശനങ്ങളുടെയും സംവാദങ്ങളുടെയും ഭാഷ എങ്ങനെയായിരിക്കണമെന്ന് ഭരണപക്ഷം തീരുമാനിക്കുമെന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം. നിങ്ങൾക്ക് ഞങ്ങളെ വിമർശിക്കാം. പക്ഷെ, വിമർശനത്തിന്റെ തോത്, അതിന്റെ ഭാഷ, വിമർശനത്തിന് വിധേയമാകുന്ന വിഷയങ്ങൾ ഇതെല്ലാം ഞങ്ങൾ തീരുമാനിക്കും എന്ന് ഒരു ഭരണകൂടം പ്രതിപക്ഷത്തോട് പറയുന്നത് ജനാധിപത്യത്തിൽ നൽകുന്ന സന്ദേശം എന്താണ്? കാലാകാലങ്ങളായി പാർലമെന്റിനുള്ളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല വാക്കുകളും ഇനി അൺപാർലമെന്ററിയാണ്. അത്തരം വാക്കുകൾ സഭാരേഖകളിൽ ഉണ്ടാവുകയില്ല. സാധാരണഗതിയിൽ പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ് നിഷ്പക്ഷത പാലിക്കുക എന്നത്. സ്പീക്കറുടെ നിലപാടുകളോടുള്ള പ്രതിപക്ഷത്തിന്റെ വിമർശനം രേഖപ്പെടുത്താനാണ് പലപ്പോഴും ഈ വാക്ക് ഉപയോഗിക്കുന്നത്. ഈ വാക്ക് ഇനി പാർലമെന്റിൽ ഉപയോഗിച്ചാൽ അത് രേഖയിൽ ഉണ്ടാവില്ലത്രെ. നിഷ്പക്ഷത എന്ന വാക്കിനെപ്പോലും ഭയപ്പെടുന്ന ഒരു ഭരണകൂടത്തിന് രാജ്യത്ത് നിഷ്പക്ഷമായ ഭരണനിർവഹണം എങ്ങനെ ഉറപ്പുവരുത്താനാകും. സ്വേച്ഛാധിപതി എന്ന വാക്ക് പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ല. ചതി, അഹങ്കാരം, കരിദിനം, അഴിമതി, നാട്യക്കാരൻ, കുറ്റവാളി തുടങ്ങിയ വാക്കുകളൊന്നും പാർലമെന്ററി രേഖകളിൽ ഉണ്ടാവുകയില്ല.

 


ഇതുകൂടി വായിക്കു; പണപ്പെരുപ്പത്തിന്റെയും വിലക്കുതിപ്പിന്റെയും നീരാളിപിടിത്തം


അഴിമതിക്കെതിരായി വലിയ പോരാട്ടം ഉയർന്നുവരേണ്ടത് ജനാധിപത്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ഭരണകൂടം പാർലമെന്റിനുള്ളിൽ ശക്തമായി വിചാരണ ചെയ്യപ്പെട്ടതെല്ലാം അഴിമതിയുമായി ബന്ധപ്പെട്ട വിമർശനങ്ങളുടെ പേരിലായിരുന്നു. രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കപ്പെടുന്ന കാലത്തെല്ലാം പാർലമെന്റ് അതിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രമായിരുന്നിട്ടുണ്ട്. ഓഹരി കുംഭകോണം മുതൽ സ്പെക്ട്രം അഴിമതി വരെ എത്രയോ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പാർലമെന്റ് സാക്ഷ്യം വഹിച്ചു. ഇനി പാർലമെന്റിൽ അഴിമതി ആക്ഷേപം ഉന്നയിച്ചാൽ അത് രേഖകളിൽ കാണില്ല. അഴിമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങൾ മായ്ച്ചുകളയാൻ ഇതിലും എളുപ്പവഴി ഭരണപക്ഷത്തിന് മറ്റൊന്നില്ല. അഴിമതിയുടെയും പൊതുസ്വത്ത് കൊള്ളയടിക്കുന്നതിന്റെയും കറപുരണ്ട ഒരു കാലം തങ്ങൾക്കുണ്ടായിരുന്നുവെന്ന് ഭാവിതലമുറ അറിയരുത് എന്ന് നിർബന്ധം ഉള്ളവർക്ക് മാത്രമേ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാനാകൂ. സംശുദ്ധമായ രാഷ്ട്രീയ നിലപാടുകളും സമീപനങ്ങളുമുള്ള, സുതാര്യമായി ഭരണം നിർവഹിക്കുന്ന ഒരു ഭരണകൂടം എന്തിന് ‘അഴിമതി’ എന്ന വാക്കിനെ ഭയക്കണം. ആ വാക്കുയർത്തിയുള്ള സംവാദങ്ങളെ ഭയക്കണം.

സ്വേച്ഛാധിപത്യം എന്ന വാക്ക് ലോകത്തെല്ലാക്കാലത്തും ഏകാധിപതികളും ഫാസിസ്റ്റ് രീതികളുമുള്ള ഭരണാധികാരികൾ അംഗീകരിക്കാൻ തയാറാകാതിരുന്ന വാക്കാണ്. സ്വേച്ഛാധിപത്യം എന്ന വാക്ക് ലക്ഷ്യം വയ്ക്കുന്നത് തങ്ങളെത്തന്നെയാണ് എന്ന തിരിച്ചറിവാണ് ആ വാക്കിനെ വെറുക്കാൻ ഏകാധിപതികളെ പ്രേരിപ്പിച്ചിരുന്നത്. പുതിയ കാലത്ത് സ്വേച്ഛാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത് എന്ന വിമർശനം ഉയർന്നാൽ ആ വിമർശനം സത്യമാണെന്ന ബോധം നമ്മുടെ ഭരണാധികാരികളെ വേട്ടയാടുന്നുണ്ടാകാം. അതാവാം ആ വാക്കിനെ നിരോധിക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. തെറ്റായ വിവരം തെറ്റിദ്ധരിപ്പിക്കുക, ഇരട്ടത്താപ്പ്, വ്യാജം, ലജ്ജാകരം, ഭീരു, അപക്വം തുടങ്ങിയുള്ള ഒരുവാക്കും ഈ പാർലമെന്റിൽ ജനാധിപത്യത്തിന്റെ ഭാഗമല്ല. വാക്കുകളുടെ അർത്ഥവ്യാപ്തിയും അവ പ്രസരിപ്പിക്കുന്ന ഊർജവും നമ്മുടെ ഭരണാധികാരികളെ എത്രമേൽ ഭീകരമായി വേട്ടയാടുന്നു എന്നതിന്റെ തെളിവുകളാണ് ഈ നിരോധനം.


ഇതുകൂടി വായിക്കു;  പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണം | Janayugom Editorial


 

പാർലമെന്റിനുള്ളിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരോട് സർക്കാർ സ്വീകരിച്ച സമീപനങ്ങൾ പരക്കെ വിമർശിക്കപ്പെട്ടുകഴിഞ്ഞു. ഭരണപക്ഷ സമീപനങ്ങളോട് വിയോജിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും പ്ലക്കാർഡ് ഉയർത്തുന്നതും പാർലമെന്ററി സംവിധാനത്തിൽ പുതിയ കാര്യങ്ങളല്ല. അത്തരം സന്ദർഭങ്ങളിൽ എതിർപ്പ് ഉയർത്തുന്ന എംപിമാരോട് സംസാരിക്കാനും അവർ ഉയർത്തുന്ന വിഷയങ്ങൾ പരിഹരിക്കാനും ഭരണകൂടം ഇടപെട്ട അനുഭവങ്ങളാണ് മുമ്പ് ഉണ്ടായിരുന്നത്. ഭരണകൂട നയങ്ങളോട് കലഹിച്ച് പാർലമെന്റിന് ഉള്ളിലും വളപ്പിലും സത്യഗ്രഹം അനുഷ്ഠിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ സ്പീക്കറും ഭരണപക്ഷത്തെ പ്രമുഖരും സന്ദർശിക്കുകയും സത്യഗ്രഹം അനുഷ്ഠിക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്യുന്ന സുന്ദരമായ കാഴ്ചകളാണ് നിയമനിർമ്മാണ സഭകളിൽ നിന്ന് എക്കാലവും ഇന്ത്യ കണ്ടിരുന്നത്. എന്നാൽ പ്രതിഷേധത്തിന്റെ ചെറിയ ശബ്ദം ഉയരുമ്പോൾതന്നെ അത് ഉയർത്തുന്നവരെ സഭയ്ക്കുള്ളിൽ നിന്ന് പുറത്താക്കുന്ന നിലയിലേക്കാണ് ഇന്ത്യൻ ജനാധിപത്യം എത്തിച്ചേർന്നിരിക്കുന്നത്. രാജ്യസഭയിലും ലോക്‌സഭയിലുമായി അമ്പതോളം എംപിമാരെയാണ് ഈ സമ്മേളന കാലയളവിൽ പ്രതിഷേധിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്.

ഒരു ദിവസത്തേക്കല്ല, അനിശ്ചിതകാലത്തേക്കാണ് ആ സസ്പെൻഷൻ. പ്രതിഷേധത്തിന്റെ ശബ്ദങ്ങളെ എത്രകാലം ഇങ്ങനെ സസ്പെൻഡ് ചെയ്ത് നിർത്താനാകും
ജനാധിപത്യത്തിന്റെ അതിരുകൾ അനുദിനം ചുരുക്കപ്പെടുന്നു. ജനാധിപത്യം മുന്നോട്ടുവയ്ക്കുന്ന വിശാലമായ ആശയധാരയെ ദുർബലപ്പെടുത്തുന്ന ഭരണകൂട നടപടികൾ ആത്യന്തികമായി ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനിൽപ്പിനെതന്നെയാണ് ദുർബലപ്പെടുത്തുന്നത്. ഫാസിസം ജനാധിപത്യത്തിനുമേൽ ബുദ്ധിപരമായി അതിന്റെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നത് ഇതിൽ നിന്ന് നാം വായിച്ചെടുക്കണം. പ്രധാനമന്ത്രി സമീപകാലത്ത് അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിലെ സിംഹങ്ങളുടെ മുഖച്ഛായയിൽ വന്ന മാറ്റം പ്രതീകാത്മകമാണ്. അത് ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന ക്രൗര്യം നിറഞ്ഞ രാഷ്ട്രീയത്തിന്റെ യഥാർത്ഥത്തിലുള്ള പ്രതിഫലനമാണ്. ഇന്ത്യപോലെ വിഭിന്നങ്ങളായ സാംസ്കാരിക ധാരകളും ആശയങ്ങളും നിലപാടുകളിലെ വൈവിധ്യങ്ങളും നിലനിൽക്കുന്ന ഒരു രാജ്യത്ത് ഈ ഏകാധിപത്യത്തിന്റെ രാഷ്ട്രീയവും ക്രൗര്യം നിറഞ്ഞ സമീപനങ്ങളും അനുവദിക്കാനാകില്ല. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ ജനങ്ങൾക്ക് നിർഭയമായി സംസാരിക്കാനും പ്രതിപക്ഷത്തിന് ഭയരഹിതമായി തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി പുതിയ പോരാട്ടങ്ങൾക്ക് തയാറെടുക്കേണ്ടുന്ന സാഹചര്യം എത്തിയിരിക്കുന്നു. ആ പോരാട്ടങ്ങൾ അനിവാര്യമാണ്. ആ പോരാട്ടങ്ങളിലാണ് ഭാവി ഇന്ത്യയുടെ നിലനില്പ്. ആ പോരാട്ടങ്ങളിലാണ് ജനാധിപത്യ വിശ്വാസികളായ മനുഷ്യരുടെ പ്രതീക്ഷയും.

Exit mobile version