Site iconSite icon Janayugom Online

അഴിമതിയുടെ ഹിമാലയം കച്ചത്തീവില്‍ മറയില്ല

ഇലക്ടറൽ ബോണ്ട് എന്ന ഹിമാലയന്‍ അഴിമതി, 12,000 കോടിയുടെ പിഎം കെയർ തട്ടിപ്പ്, സുപ്രീം കോടതിയില്‍ നിന്നുള്ള തുടര്‍ച്ചയായ തിരിച്ചടി എന്നിവയ്ക്കിടയില്‍ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് നരേന്ദ്ര മോഡിയും ബിജെപിയും. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഐക്യം തങ്ങളുടെ മൂന്നാംവരവിന് തടയിടാന്‍ പര്യാപ്തമാണെന്ന് ബോധ്യപ്പെട്ടതിന്റെ വെപ്രാളവുമുണ്ട്. അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തുകൊണ്ട് പ്രതിപക്ഷനിരയെ ഭയപ്പെടുത്താനും മാധ്യമ ശ്രദ്ധ തിരിച്ചുവിടാനും ശ്രമം നടത്തിനോക്കി. പക്ഷേ, അറസ്റ്റ് പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കുകയാണുണ്ടായത് എന്ന് രാംലീല മൈതാനത്ത് നടന്ന പ്രതിപക്ഷപാർട്ടികളുടെ സമ്മേളനം വ്യക്തമാക്കി. ഇന്ത്യ സഖ്യത്തോട് വിമുഖത കാണിച്ചിരുന്നവരെപ്പോലും കൂടുതൽ അടുപ്പിക്കാൻ സഹായിച്ചു അറസ്റ്റെന്നതാണ് സത്യം. അതിനിടയിലാണ് തങ്ങളുടെ കയ്യേറ്റത്തിന്റെ തുടര്‍ച്ചയായി അരുണാചല്‍ പ്രദേശിലെ ഏതാനും സ്ഥലങ്ങളുടെ കൂടി പേര് മാറ്റിക്കൊണ്ടുള്ള ചെെനയുടെ പ്രസ്താവന. പിടിവിട്ടു നില്‍ക്കുകയായിരുന്ന പ്രധാനമന്ത്രിയുടെ മുമ്പില്‍ വീണുകിട്ടിയ കച്ചിത്തുരുമ്പാവുകയായിരുന്നു കച്ചത്തീവ് എന്ന കുഞ്ഞു ദ്വീപ്.
തന്ത്രപ്രധാനമായ കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറാനുള്ള കോൺഗ്രസിന്റെ തീരുമാനം രാജ്യത്തിന്റെ അഖണ്ഡതയും താല്പര്യങ്ങളും ദുർബലപ്പെടുത്തുന്നതായിരുന്നുവെന്നാണ് മോഡി ആരോപിച്ചത്. 1974ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എങ്ങനെയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതെന്ന് വിവരാവകാശ റിപ്പോർട്ട് (ആർടിഐ) പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ‘റിപ്പോർട്ട് അമ്പരപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ച മോഡി, ആ നീക്കം ജനങ്ങളിൽ രോഷം ജനിപ്പിച്ചുവെന്നും കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ‘ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താല്പര്യങ്ങളും ദുർബലപ്പെടുത്തുന്ന പ്രവർത്തന രീതി കോൺഗ്രസ് 75 വർഷമായി തുടരുന്നു‘വെന്ന് മോഡി എക്സിൽ കുറിച്ചു. തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുപടര്‍ത്താനാകുമോ എന്ന് പരക്കംപാഞ്ഞു നടക്കുന്ന മോഡി, തമിഴ്ജനതയുടെ വികാരമുണര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

മോഡിയുടെ കച്ചത്തീവ് നിലപാട് മറ്റെല്ലാ നിലപാടുകളും പോലെ സത്യവിരുദ്ധം മാത്രമല്ല, സ്വന്തം കാപട്യം തന്നെ തുറന്നുകാട്ടുന്നതുമാണ്. മാത്രമല്ല അന്താരാഷ്ട്രനിയമമനുസരിച്ച് അയല്‍രാജ്യമായ ശ്രീലങ്കയുടെ ശത്രുത വിളിച്ചുവരുത്തുന്നതുമായി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇക്കാര്യത്തിലെ മറുപടി കുറിക്കുകൊള്ളുന്നതാണ്. ’10 വർഷം കുംഭകർണ സേവ നടത്തുകയും തെരഞ്ഞെടുപ്പിനായി പൊടുന്നനെ മത്സ്യത്തൊഴിലാളി പ്രണയം അഭിനയിക്കുകയും ചെയ്യുന്നവരോട് ഞങ്ങള്‍ ഉന്നയിക്കുന്നത് മൂന്ന് ചോദ്യങ്ങളാണ്. തമിഴ്‌നാട് ഒരു രൂപ നികുതിയായി അടച്ചാൽ കേന്ദ്രസർക്കാർ 29 പൈസ മാത്രം തിരികെ നൽകുന്നത് എന്തുകൊണ്ട്? ദുരന്തങ്ങൾ നേരിട്ടിട്ടും പ്രളയ ദുരിതാശ്വാസമായി ഒരു രൂപ പോലും നൽകാത്തത് എന്തുകൊണ്ട്? കേന്ദ്ര സർക്കാരില്‍ നിന്ന് 10 വർഷത്തിനിടെ തമിഴ്‌നാടിന് എന്തെങ്കിലും പ്രത്യേക പദ്ധതിയുണ്ടായിരുന്നോ? വിഷയം മാറ്റാന്‍ ശ്രമിക്കാതെ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാന്‍ തയ്യാറാകുകയാണ് വേണ്ടതെ‘ന്നാണ് സ്റ്റാലിന്‍ വെല്ലുവിളിച്ചത്.

 


ഇതുകൂടി വായിക്കൂതെരഞ്ഞെടുപ്പ് ബോണ്ട് : 45 കമ്പനികളുടെ ധനസ്രോതസ് സംശയാസ്പദം


ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്കിലെ 285 ഏക്കർ വിസ്തൃതിയുള്ള ജനവാസമില്ലാത്ത കച്ചത്തീവിന്റെ ചരിത്രത്തില്‍ തമിഴ് ജനതയ്ക്ക് ബന്ധമുണ്ട്. 1974ൽ ഇന്ദിരാഗാന്ധി സമുദ്രാതിർത്തിത്തര്‍ക്കം പരിഹരിക്കാനായി ‘ഇന്തോ-ശ്രീലങ്കൻ മാരിടൈം കരാർ’ എന്ന ഒത്തുതീർപ്പിന്റെ ഭാഗമായി കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തു. ദ്വീപിന് തന്ത്രപരമായ മൂല്യം കുറവാണെന്നും അതിലെ അവകാശവാദം അവസാനിപ്പിക്കുന്നത് തെക്കന്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്നുമാണ് ഇന്ദിരാഗാന്ധി കണക്കുകൂട്ടിയത്. കരാർ പ്രകാരം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് കച്ചത്തീവിലേക്ക് പ്രവേശിക്കാൻ അനുവാദവുമുണ്ടായിരുന്നു. എന്നാൽ പിന്നീട് വിപരീതഫലങ്ങൾ നേരിടാൻ തുടങ്ങി. 2009ൽ, എൽടിടിഇയുമായുള്ള ലങ്കന്‍ യുദ്ധം അവസാനിച്ചതോടെയാണ് കാര്യങ്ങൾ മാറിയത്. അവര്‍ സമുദ്ര പ്രതിരോധം ശക്തമാക്കി, ഇന്ത്യൻ മത്സ്യത്തൊഴിലാളികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശ്രീലങ്കൻ സേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്യുന്നത് പതിവായി. കസ്റ്റഡി പീഡനം സംബന്ധിച്ചും നിരവധി ആരോപണങ്ങളുയര്‍ന്നു. ഓരോ തവണ ഇത്തരം സംഭവമുണ്ടാകുമ്പോഴും കച്ചത്തീവിന്റെ ഉടമസ്ഥത സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കാന്‍ തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെടും.
തമിഴ്‌നാട് സര്‍ക്കാരുമായി ആലോചിക്കാതെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത്. 1974 ജൂണിൽ അന്നത്തെ വിദേശകാര്യ സെക്രട്ടറി കേവൽ സിങ് മുഖ്യമന്ത്രി എം കരുണാനിധിയെ കച്ചത്തീവ് കൈമാറാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. ആ സമയത്ത് തന്നെ ഇന്ദിരാഗാന്ധിയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. 1991ൽ, ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കച്ചത്തീവ് വീണ്ടെടുക്കാനും മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം പുനഃസ്ഥാപിക്കാനും തമിഴ്‌നാട് നിയമസഭ ആവശ്യപ്പെട്ടു. 2008ൽ, അന്നത്തെ എഐഎഡിഎംകെ അധ്യക്ഷ ജെ ജയലളിത, ഭരണഘടനാ ഭേദഗതിയില്ലാതെ മറ്റൊരു രാജ്യത്തിന് കച്ചത്തീവ് വിട്ടുനൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി നൽകി. 2011ൽ മുഖ്യമന്ത്രിയായ ശേഷം, അവർ നിയമസഭയിൽ പ്രമേയവും അവതരിപ്പിച്ചു. 2012ൽ തന്റെ ഹർജി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കൂഇലക്ടറൽ ബോണ്ടിനെ തോൽപ്പിക്കുന്ന മോഡിയുടെ നുണബോംബ്


ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കഴിഞ്ഞ വർഷം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തില്‍ കച്ചത്തീവ് ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾക്ക് സമാധാനപരമായ ജീവിതം നയിക്കുന്നതിന്’ കച്ചത്തീവ് വീണ്ടെടുക്കുന്നതിനായി 2006ൽ മുൻ മുഖ്യമന്ത്രി എം കരുണാനിധി അന്നത്തെ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതുൾപ്പെടെയുള്ള ശ്രമങ്ങളും സ്റ്റാലിൻ പരാമർശിച്ചിരുന്നു. എന്നാല്‍ കച്ചത്തീവിലെ കേന്ദ്രസർക്കാരിന്റെ നിലപാട് പതിവുപോലെ നിസംഗമായിരുന്നു. ‘ഇന്ത്യയുടെ ഒരു പ്രദേശമോ പരമാധികാരമോ വിട്ടുകൊടുത്തിട്ടില്ല’ എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.  2014ൽ സുപ്രീം കോടതിയിൽ അന്നത്തെ അറ്റോർണി ജനറൽ മുകുൾ റോത്തഗി പറഞ്ഞത് “1974ലെ ഒരു കരാറിലൂടെയാണ് കച്ചത്തീവ് ശ്രീലങ്കയിലേക്ക് പോയത്. അത് എങ്ങനെ തിരിച്ചെടുക്കാൻ കഴിയും? കച്ചത്തീവ് തിരിച്ചുകിട്ടണമെങ്കിൽ യുദ്ധം ചെയ്യേണ്ടിവരും” എന്നാണ്. അന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് 10 വര്‍ഷം ഉറക്കം നടിച്ചിരുന്നിട്ട് ഇപ്പോള്‍ മത്സ്യത്തൊഴിലാളി സ്നേഹം കാണിക്കുന്നത് പ്രധാനമന്ത്രിയുടെ കാപട്യമാണെന്ന് സ്റ്റാലിന്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ 13 ജില്ലകളിലായി 15 മണ്ഡലങ്ങളിൽ മത്സ്യത്തൊഴിലാളി വോട്ട് നിർണായകമാണ്. തമിഴ്‌ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന അറസ്റ്റുചെയ്യുന്നതിനെതിരെ കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ലെന്ന രോഷം ശക്തവുമാണ്. അതുകാെണ്ടാണ് കച്ചത്തീവ് കോൺഗ്രസ് വിട്ടുകൊടുത്തതാണ് പ്രശ്നത്തിനെല്ലാം കാരണം എന്ന് സ്ഥാപിക്കാനുള്ള മോഡിയുടെ ശ്രമം. ദ്വീപ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെടുന്ന സ്റ്റാലിനെയും ചൈനീസ് അധിനിവേശം തടയുന്നതിൽ മോഡി പരാജയപ്പെട്ടെന്ന് വിമർശിക്കുന്ന രാഹുൽ ഗാന്ധിയെയും പ്രതിരോധിക്കുകയെന്നതും ലക്ഷ്യമാണ്.
മോഡിയുടെ കച്ചത്തീവ് പരാമര്‍ശം വിദേശനയത്തിലും വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു. ശ്രീലങ്കന്‍ ജനനേതാക്കളും മാധ്യമങ്ങളും ഇതിനെതിരെ രംഗത്തുവന്നു. കച്ചത്തീവുമായി ബന്ധപ്പെട്ട വിവാദം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും ഇന്ത്യയിൽ തെരഞ്ഞെടുപ്പുകാലമായതിനാല്‍ ഇത്തരം അവകാശവാദങ്ങളും പ്രതിവാദങ്ങളും ഉയര്‍ന്നുവരുന്നത് സ്വാഭാവികം മാത്രമാണെന്നും ലങ്കൻ ഫിഷറീസ് വകുപ്പ് മന്ത്രി ഡഗ്ലസ് ദേവാനന്ദ പ്രതികരിച്ചു. കൊളംബോയിലെ ഇംഗ്ലീഷ് ദിനപത്രം ഡെയ്‌ലി മിറര്‍ അതിന്റെ എഡിറ്റോറിയലില്‍, തമിഴ്‌നാട്ടില്‍ നിന്ന് കുറച്ച് വോട്ടിനായി വംശീയ വികാരങ്ങള്‍ ഊതിക്കത്തിക്കാന്‍ ‌ശ്രമിക്കുന്നു എന്ന് വിമര്‍ശിച്ചു. വാണിജ്യ ദിനപത്രം ഫിനാന്‍ഷ്യല്‍ ടൈംസ് ‘വസ്തുതകളുടെ വളച്ചൊടിക്കല്‍, അപകടകരവും അനാവശ്യവുമായ പ്രകോപനം’ എന്നാണ് വിശേഷിപ്പിച്ചത്.
കച്ചത്തീവ് വിഷയം ഉന്നയിക്കുന്നതിനെതിരെ മുൻ വിദേശകാര്യ സെക്രട്ടറിമാരും രംഗത്തെത്തി. വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാൽ സെൽഫ് ഗോളാകുമെന്ന് ശിവശങ്കർ മേനോനും ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും മുന്നറിയിപ്പ് നൽകുന്നു. കേന്ദ്രത്തിൽ സർക്കാരുകൾ മാറുന്നതിനനുസരിച്ചുള്ള നിലപാടുമാറ്റം ഗുണകരമല്ലെന്ന് മുൻ ഹൈക്കമ്മിഷണർ അശോക് കാന്ത അഭിപ്രായപ്പെടുന്നു. എന്നാല്‍ വിഷയത്തിൽ ശ്രീലങ്കൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Exit mobile version