അസാമാന്യ വ്യക്തിവിശേഷങ്ങളുടെ ഉടമയായിരുന്ന വെളിയം ഭാർഗവനെന്ന എല്ലാവരുടെയും ആശാന്റെ ചരമവാർഷികമാണ് ഇന്ന്. കേരള രാഷ്ട്രീയത്തിലെ ചുഴിമലരികളുടെ സാക്ഷിയും ചിലപ്പോൾ സ്രഷ്ടാവുമായ അദ്ദേഹം എല്ലാ തലമുറകളിൽപ്പെട്ടവരുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ മിടുക്കനായിരുന്നു. അളന്നുമുറിച്ച് കാർക്കശ്യത്തോടെ കമ്മ്യൂണിസ്റ്റ് നിലപാടുകൾ പ്രഖ്യാപിക്കുന്ന വെളിയം ഭാർഗവൻ എന്ന മാർക്സിസ്റ്റിനു മറ്റൊരു പൂർവാശ്രമമുണ്ടായിരുന്നു. അവിടെ വീടും നാടും വിട്ട് കാടും മേടും കയറിയ, കാഷായം ധരിക്കുന്ന സന്യാസിയായിരുന്നു അദ്ദേഹം. മനുഷ്യദുഃഖങ്ങളുടെ മോചനമാർഗം അന്വേഷിച്ചപ്പോഴാണ് വെളിയം എന്ന സ്ഥലത്തെ നെയ്ത്തു കുടുംബത്തിൽ നിന്നുള്ള ഈ ചെറുപ്പക്കാരൻ സന്ന്യാസിയായത്. കഠിനതപസ്യയിലൂടെ നിരന്തരം അദ്ദേഹം തന്നോടുതന്നെയും സംവാദം നടത്തുമായിരുന്നു. സന്ന്യാസത്തിന്റെ നിരർത്ഥകത ബോധ്യമായപ്പോൾ അദ്ദേഹം സ്തംഭിച്ചുനിന്നില്ല, ഗഹനമായ ആശയപഠനങ്ങളിലൂടെ കമ്മ്യൂണിസമാണ് തന്റെ വഴി എന്നു കണ്ടെത്തി. സന്ന്യാസം വിട്ടപ്പോഴും അതിലെ സർവസംഗപരിത്യാഗ ബോധം വെളിയം കൈവിട്ടില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ഉന്നതസ്ഥാനങ്ങൾ കയ്യാളുമ്പോഴും അധികാരം ഒരിക്കലും വെളിയം ഭാർഗവനെ പ്രലോഭിപ്പിക്കാതിരുന്നത് അതിനാലാണ്. മുന്നണി രാഷ്ട്രീയം ഇന്ത്യയെ പഠിപ്പിച്ചത് കേരളമാണ്. സംസ്ഥാനത്തെ മുന്നണിരാഷ്ട്രീയത്തിന്റെ രാജശില്പികളിൽ പ്രമുഖനായിരുന്നു വെളിയം ഭാർഗവൻ. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയോടെയാണ് അദ്ദേഹം രാഷ്ട്രീയപ്രവർത്തനം നടത്തിയത്. താൻ ഏറ്റെടുത്ത ദൗത്യം കൃത്യതയോടെ ചെയ്യണമെന്ന വാശി എപ്പോഴുമുണ്ടായിരുന്നു. അതേസമയം രാഷ്ട്രീയം മാത്രം ചിന്തിച്ച ആൾ എന്ന് വെളിയം ഭാർഗവനെ സംബന്ധിച്ച ധാരണ തെറ്റാണ്. ചരിത്രവും ധനശാസ്ത്രവും സാഹിത്യവും തത്വചിന്തയും അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. അപൂർവമായി കിട്ടുന്ന വിശ്രമവേളകളിൽ ശാസ്ത്രീയ സംഗീതത്തിന്റെ ശീലുകൾക്കു മുമ്പിൽ എല്ലാം മറന്ന് തലയാട്ടി ഇരിക്കുമായിരുന്നു. വേദനിക്കുന്നവരോടൊപ്പം കണ്ണീർ പൊഴിച്ചു. പഴയ സഹപ്രവർത്തകർ അവശരായാൽ അവരെ കാണാൻ എല്ലാ തിരക്കിനുമിടയിൽ സമയം കണ്ടെത്തി. ധനാധിപത്യത്തിന്റെ ശക്തികൾ ആഗോളവൽക്കരണത്തിന്റെ തേർ തെളിക്കുമ്പോൾ രാഷ്ട്രീയം വഴിതെറ്റിപ്പോകുന്നതിൽ വെളിയം രോഷംകൊണ്ടു. കമ്മ്യൂണിസ്റ്റുകാർ ഇത്തരം അപഭ്രംശത്തിന് ഇരയാകരുതെന്ന് പാർട്ടിക്കകത്തും പുറത്തും ആവുന്നത്ര ഉച്ചത്തിൽ അദ്ദേഹം വാദിച്ചു. സ്വന്തം നിലപാടുകൾ ആരുടെയും മുഖത്തുനോക്കി പറയുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ഒന്നിനും കഴിയുമായിരുന്നില്ല. അർത്ഥവും ആഴവുമുള്ള സംവാദങ്ങൾ ആശയവ്യക്തതയ്ക്ക് വഴിതെളിക്കുമെന്നാണ് വെളിയം വിശ്വസിച്ചത്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമാണ് ഇന്നത്തെ പൊതുജീവിതത്തെ മലീമസമാക്കുന്നത്. എന്നാല്‍ പറയുന്നതുപോലെ ജീവിക്കാൻ ശാഠ്യം കാട്ടിയ നേതാവായിരുന്നു വെളിയം. ആ ശാഠ്യം അഭിമാനകരമായ ഒന്നാണെന്ന് അദ്ദേഹം എല്ലാവരെയും പഠിപ്പിക്കാൻ ശ്രമിച്ചു. മുന്നണി രാഷ്ട്രീയത്തിന്റെ അടവുനയങ്ങൾ ആവിഷ്കരിക്കുന്നതിലും സർക്കാരുകളുടെ കർമ്മപരിപാടികൾ രൂപീകരിക്കുന്നതിലും അറുപതുകളുടെ അവസാനം മുതൽ വെളിയം മുൻപന്തിയിലുണ്ടായിരുന്നു. അധികാരത്തോട് ഏറ്റവും അടുത്താണ് നാലഞ്ചു ദശാബ്ദങ്ങൾ നിലകൊണ്ടത്. എന്നാൽ, അധികാര രാഷ്ട്രീയത്തോട് പുലർത്തിയ നിർമമത്വം അത്ഭുതമുളവാക്കുന്നതായിരുന്നു. ആശയങ്ങളെ അതിന്റെ പൂർണതയിൽ ഉൾക്കൊള്ളുന്ന ഒരു യഥാർത്ഥ വിപ്ലവകാരിക്കു മാത്രമേ അതു സാധിക്കൂ. അദ്ദേഹത്തെക്കുറിച്ചെഴുതുമ്പോൾ വ്യക്തിപരമായ ഓർമ്മകളുടെ ഒരടുക്കുണ്ട് മനസിൽ. എൺപതുകളുടെ തുടക്കം, കേരള യൂണിവേഴ്സിറ്റിയിലെ മാർക്ക് തട്ടിപ്പിനെതിരായ സമരത്തിൽ പൊലീസ് മർദനമേറ്റ് മെഡിക്കൽ കോളജിലെ പൊലീസ് സെല്ലിൽ കിടക്കുകയായിരുന്നു ഞാനും എച്ച് രാജീവനും ജി അജയനും. തിരിഞ്ഞും മറിഞ്ഞും കിടക്കാനാകാത്ത അവസ്ഥയിലുള്ള ഞങ്ങളെ കാണാൻ മാതാപിതാക്കളെത്താറുണ്ടായിരുന്നു. എന്നാൽ, എന്നും വന്നത് ആശാനായിരുന്നു. ആശാന്റെ മുഖത്തായിരുന്നു ഏറ്റവും കൂടുതൽ വികാരഭാരം കണ്ടത്. നിർബന്ധപൂർവം ആശാൻ ഞങ്ങളെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലേക്ക് പറഞ്ഞയച്ചു. ഒന്നര മാസത്തെ ആയുർവേദചികിത്സയ്ക്കു പോകാൻ ഞാൻ വിസമ്മതിച്ചു. ആശാൻ അടുത്തുവന്ന് പറഞ്ഞു, “നിർബന്ധമായും ആയുർവേദചികിത്സയ്ക്കു പോണം. ചതഞ്ഞ എല്ലും മാംസവും ഭാവിയിൽ പ്രയാസമുണ്ടാക്കും. നിങ്ങളെയൊക്കെ പാർട്ടിക്ക് ആവശ്യമുണ്ട്. “സ്വന്തം അച്ഛൻ പറയും പോലെയാണ് എനിക്കു തോന്നിയത്. ഒരക്ഷരം മറുത്തുപറയാതെ അനുസരിച്ചു. അതാണ് ഞങ്ങൾക്ക് വെളിയം ഭാർഗവൻ. തൊണ്ണൂറുകളിലാണ്, ദേശീയ കൗൺസിൽ യോഗത്തിനു ഞങ്ങൾ പോയിരുന്നത് ട്രെയിനിലാണ്. മൂന്നുദിവസം അങ്ങോട്ടും മൂന്നുദിവസം ഇങ്ങോട്ടും. പലപ്പോഴും ആ യാത്രകളിൽ ആശാന്റെ സഹയാത്രികനായിട്ടുണ്ട്. ആ ദീർഘയാത്രകൾ ഒരനുഭവം തന്നെയായിരുന്നു. എന്തെല്ലാം അറിവുകളാണ്, എത്രയെത്ര സ്മരണകളാണ് യാത്രാവേളകളിൽ ആശാൻ കൈമാറിയിട്ടുള്ളത്. ആ മഹാപാണ്ഡിത്യത്തിന്റെ സീമകൾ എത്ര വിപുലമായിരുന്നു! ആരെയും അത്ഭുതപ്പെടുത്തും. ഒരിക്കൽ വിന്ധ്യാ പർവതനിരകൾ അകലെ കാണാനായപ്പോൾ ആശാൻ മേഘസന്ദേശത്തിലെ ശ്ലോകങ്ങൾ ഓർത്തെടുത്തു. വിരഹാർത്തനായ യക്ഷൻ മേഘത്തോട് സന്ദേശം കൈമാറുമ്പോൾ കടന്നുപോകുന്ന വഴിയിലെ കാഴ്ചകളോരോന്നും ആശാന് ഹൃദിസ്ഥമായിരുന്നു. ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലേക്കുള്ള ഒരു ചർച്ചയാകും തുടർന്നുണ്ടാവുക. ചിലപ്പോൾ ദേബിപ്രസാദ് ചതോപാധ്യായയും ഡി ഡി കൊസാംബിയും ചർച്ചയിലേക്കു കടന്നുവരും. വായനയാണ് പൂർണനായ വിപ്ലവകാരിയെ സൃഷ്ടിക്കുന്നതെന്ന് അപ്പോൾ ആശാൻ പറയും. അത്തരം അയത്നലളിതമായ സന്ദർഭങ്ങളിൽ അദ്ദേഹം ചിലപ്പോൾ ഗുരുവും ചിലപ്പോൾ സതീർത്ഥ്യനുമാകും. ഈ അനുഭവങ്ങൾ എനിക്കു മാത്രമല്ല, ഞങ്ങളുടെ തലമുറയിൽപ്പെട്ടവരും പിന്നാലെ വന്നവരുമായ എത്രയെത്ര പേർ ഇത്തരം അനുഭവങ്ങളുടെ കനൽ കെടാതെ സൂക്ഷിച്ചുവയ്ക്കുന്നുണ്ടാകും. സങ്കീർണ സാഹചര്യങ്ങളിൽ സ്നേഹ പ്രവാഹമായും നിർണായക സന്ധികളിൽ സാന്ത്വനമായും രാഷ്ട്രീയ പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ മാർഗദർശിയുമായാണ് അദ്ദേഹം നിലകൊണ്ടത്. സമാനമായ സാഹചര്യങ്ങൾ രാജ്യത്തും സംസ്ഥാനത്തും നിലനിൽക്കുമ്പോഴാണ് വെളിയം എന്ന കമ്മ്യൂണിസ്റ്റ് പോരാളിയെ, നേതാവിനെ സ്മരിക്കുന്നത്.
രാജ്യത്തെ, ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കും മതേതരത്വത്തിൽ നിന്ന് മതാധിഷ്ഠിതാശയങ്ങളിലേക്കും നയിക്കുന്നതിനുള്ള കുത്സിതശ്രമങ്ങൾ ഭരണ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തിൽ അദ്ദേഹം എഴുതിയും പറഞ്ഞും വച്ച ആശയപരമായ ആയുധങ്ങൾ വർഗീയതയെ ചെറുക്കുന്നതിനുള്ള പോരാട്ടത്തിൽ അനിവാര്യ ഘടകമാകുമെന്നതിൽ തർക്കമില്ല. അത് നേരിട്ട് പകർന്നു കിട്ടേണ്ട ഈ വേളയിൽ അദ്ദേഹം ഒപ്പമില്ലല്ലോ എന്ന നഷ്ടബോധ്യം വല്ലാതെയുണ്ടെങ്കിലും അദ്ദേഹം ജീവിതത്തിലൂടെ കാട്ടിത്തന്ന മൂല്യങ്ങളുടെ അടിത്തറയിൽ നമുക്ക് മുന്നോട്ടുപോയേ തീരൂ. ആ യാത്രയ്ക്ക് കരുത്ത് നൽകുന്ന, രാഷ്ട്രീയ – സാമൂഹ്യ ഭൂമികയിൽ വെളിച്ചം വിതറി കടന്നുപോയെങ്കിലും പിന്നാലെ വന്നവർക്ക് സൂര്യവെളിച്ചമായി ശോഭിക്കുന്ന അദ്ദേഹത്തിന്റെ സ്മരണയെ ഒരിക്കൽകൂടി നെഞ്ചിലേറ്റുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു.

