“കദളി ചെങ്കദളി…” “നീലപ്പൊന്മാനേ…” തുടങ്ങിയ ഗാനങ്ങളൊക്കെ നല്കിയ ‘നെല്ല്’ എന്ന സിനിമ കണ്ടതിനുശേഷമാണ് നോവല്‍ വായിക്കാനിടയായത്. സിനിമ എന്ന കലാസങ്കേതത്തിന്റെ കൃത്രിമച്ചേരുവകളെല്ലാം ഉപേക്ഷിച്ചുകളഞ്ഞ് നോവലിലൂടെ സഞ്ചരിച്ചപ്പോള്‍, അതുവരെ പരിചയിച്ചിട്ടില്ലാത്ത പ്രാകൃതമായ ഒരു ജീവിതവ്യവസ്ഥയും ചൂഷണത്തിന്റെ അറിയാത്ത മുഖവെെകൃതവും ബോധ്യപ്പെട്ടു. പരിഷ്കാരികളെന്നഭിമാനിക്കുന്നവരുടെ പൊയ്‌മുഖം കാട്ടുചോലയുടെ നെെര്‍മ്മല്യത്തെ വിഷലിപ്തമാക്കുന്നത് കണ്ടു. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നോവലെഴുതിയതോടെ പി വത്സല എന്ന പേര് മലയാളക്കരയ്ക്ക് സുപരിചിതമായി. വയനാട്ടിലെ ആദിവാസി ഗോത്രസമൂഹത്തിന്റെ വിചിത്രമായ ആചാരങ്ങള്‍ പഠിക്കാന്‍ ദീര്‍ഘകാലം അവിടെത്തന്നെ താമസമാക്കി. തനിക്ക് ബോധ്യമുള്ളതുമാത്രം എഴുതുക എന്ന സത്യസന്ധത എക്കാലവും പുലര്‍ത്തി.
പ്രാകൃതജീവിതമെന്നാല്‍ കെട്ട ജീവിതമെന്ന് അര്‍ത്ഥം കല്പിക്കരുതെന്ന് വായനക്കാരെ അവര്‍ ഓര്‍മ്മിപ്പിച്ചു. പ്രകൃതിയോടിണങ്ങിയ ശുദ്ധജീവിതത്തിന്റെ കാനനശോഭയില്‍ കഥാപാത്രങ്ങള്‍ മനുഷ്യര്‍ മാത്രമായിരുന്നില്ല. കാട്ടുകിഴങ്ങും വള്ളിപ്പടര്‍പ്പും നീരൊഴുക്കും വയലേലയും പണിയായുധങ്ങളുമെല്ലാം പ്രാധാന്യത്തോടെ ഉണ്ടായിരുന്നു. വേട്ടയാടപ്പെടുന്ന മൃഗങ്ങളും മനുഷ്യരും നിലനില്പിനുവേണ്ടി പൊരുതുന്നതെങ്ങനെയെന്ന് പുറംലോകമറിയുകയായിരുന്നു. എഴുത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ നിരന്തരം യാത്ര ചെയ്യുകയും പഠിക്കുകയും ചെയ്യുക പതിവായിരുന്നു. ആദിവാസി ജീവിതം മുതല്‍ കമ്പോളം വരെയുള്ള വികാസപരിണാമങ്ങളെ സാമൂഹികമായും രാഷ്ട്രീയമായും വായിച്ചെടുക്കാന്‍ പി വത്സലയുടെ രചനകള്‍ സഹായകമാകും.
1939ല്‍ കാനങ്ങോട്ടു ചന്തുവിന്റെയും എലിപ്പറമ്പത്തു പത്മാവതിയുടെയും മകളായി കോഴിക്കോട് വെള്ളിമാടുകുന്നില്‍ ജനിച്ച പി വത്സലയെ വായനയിലേക്ക് നയിച്ചത് എം എന്‍ സത്യാര്‍ത്ഥിയായിരുന്നു. തടിച്ച പുസ്തകവുമായി ശാന്തസ്വഭാവിയായ ഒരു മനുഷ്യന്‍ ഇടവഴിയിലൂടെ നടന്നുപോകുന്ന ചിത്രം പലപ്രാവശ്യം അവര്‍ അനുസ്മരിച്ചിരുന്നു. ബംഗാളി സാഹിത്യത്തിലേക്കുള്ള വാതായനം തുറന്നുകിട്ടിയതോടെ സാഹിത്യചിന്തയുടെ മാനം വിശാലമായി എന്നും സൂചിപ്പിച്ചിരുന്നു. അധ്യാപിക എന്ന നിലയില്‍ ഭാഷയോടുള്ള അടുപ്പം പ്രാണശ്വാസം പോലെ പരിപാലിക്കാന്‍ കഴിഞ്ഞു. എംടിയും എസ് കെ പൊറ്റെക്കാടും തകഴിയും ദേവും വെെക്കം മുഹമ്മദ് ബഷീറുമൊക്കെ വായനയെ നയിച്ച അദൃശ്യശക്തികളായിരുന്നു. സ്കൂള്‍ പഠനകാലത്ത് എഴുതിത്തുടങ്ങിയ പി വത്സല സാഹിത്യലോകത്തും വിദ്യാഭ്യാസരംഗത്തും ശ്രദ്ധേയായി. കോഴിക്കോട് നടക്കാവ് ട്രയിനിങ് കോളജില്‍ നിന്ന് വിരമിക്കുമ്പോള്‍ പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു അവര്‍.
മുന്നൂറിലേറെ ചെറുകഥകളും ഇരുപതിലധികം നോവലുകളും യാത്രാവിവരണ ഗ്രന്ഥങ്ങളും ആ എഴുത്തുപുരയില്‍ പിറവികൊണ്ടു. പഠനങ്ങളും ബാലസാഹിത്യവും ജീവചരിത്രവുമൊക്കെയായി എത്രയെത്ര കൃതികള്‍. വയനാടന്‍ ആദിവാസി ജീവിതവും അമേരിക്കന്‍ നാഗരികപ്രൗഢിയും പരിചയിക്കാന്‍ സമയം കണ്ടെത്തി. മഷി തോരാത്ത തൂലിക എപ്പോഴും പ്രകാശിപ്പിച്ച് തുറന്ന ചിരിയോടെ അവര്‍ വെള്ളിമാടുകുന്നിലെ ഹരിതാഭ നിറഞ്ഞ വീട്ടില്‍ ആര്‍ഭാടമില്ലാതെ ജീവിച്ചു. ഭര്‍ത്താവ് എം അപ്പുക്കുട്ടി മാഷ് എഴുത്തില്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ നല്കി. കോഴിക്കോടിന്റെ സാംസ്കാരിക വേദികളില്‍ നിറസാന്നിധ്യമായിരുന്നു പി വത്സലയെന്ന അമ്മയും സഹോദരിയും ടീച്ചറും. പെണ്ണെഴുത്തുകാരി എന്ന കേവലസംജ്ഞയെ നിരാകരിക്കാന്‍ ധീരത കാണിക്കണമെന്ന് അവര്‍ പലപ്രാവശ്യം പൊതുവേദികളില്‍ ഉറക്കെപ്പറഞ്ഞിരുന്നു. ആനുകൂല്യമല്ല, അവകാശമാണ് സ്വാതന്ത്ര്യത്തിന്റെ സര്‍ഗാത്മകതയെ ജനകീയമാക്കുന്നത്. സ്വന്തം ജീവിതംകൊണ്ട് പി വത്സല അത് തെളിയിച്ചു.
ഹൃദയത്തെ ഇളക്കിമറിക്കുന്ന സംഭവമോ അനുഭവമോ ഇല്ലാതെ എഴുതാനാവുകയില്ലെന്ന് പി വത്സല സൂചിപ്പിച്ചിട്ടുണ്ട്. വായനയുടെ കൗതുകത്തിന് വേണ്ടി അതിശയോക്തികളെ മനോഹരമായി അവതരിപ്പിക്കാം. പക്ഷെ, സത്യസന്ധതയില്ലാതെ കഥയ്ക്ക് ജീവിതഗന്ധമുണ്ടാവുകയില്ല. ‘ആഗ്നേയ’മെന്ന കൃതിയുടെ പ്രേരണ നക്സല്‍ വര്‍ഗീസും പോരാട്ടത്തിന്റെ നാള്‍വഴികളുമായിരുന്നുവെന്ന് എഴുത്തുകാരി പറഞ്ഞിരുന്നു. ഉള്ളില്‍ ആഴത്തില്‍ പതിയാത്ത യാതൊന്നും താന്‍ എഴുതിയിട്ടില്ലെന്നായിരുന്നു ആ കഥാപ്രപഞ്ചത്തിന്റെ വെളിപാട്. കഥാപാത്രങ്ങളെ ഭാവനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രീതിയല്ല, ജീവിതത്തില്‍ നിന്ന് കഥയുടെ പരിസരത്തേക്ക് വിളിച്ചുവരുത്തുന്ന വെെകാരികതയ്ക്കായിരുന്നു അവര്‍ പ്രാധാന്യം നല്കിയത്. നങ്ങേമ അന്തര്‍ജ്ജനവും കുറുമാട്ടിയും പേമ്പിയും മല്ലനും മാരയും ബാലന്‍ നമ്പ്യാരും ക്ഷുരകന്‍ ഗോപാലനും അനന്തന്‍ മാസ്റ്ററുമൊക്കെ വത്സല ടീച്ചറുടെ ജീവിതപരിസരത്തിന്റെ പ്രതിനിധികളാണ്. അതുകൊണ്ട് മാത്രമാണ് അവരെല്ലാം വായനക്കാരന്റെ മനസില്‍ എന്നും ജീവിക്കുന്നത്. മാനന്തവാടിയില്‍ റവന്യുവകുപ്പില്‍ ജോലി ചെയ്തിരുന്ന കെ പാനൂര്‍ എന്ന മനുഷ്യസ്നേഹിയുടെ എഴുത്തനുഭവങ്ങള്‍ പി വത്സലയെ ആകര്‍ഷിച്ചിരുന്നു. ഒരുപക്ഷെ, മലയാളി വേണ്ടതുപോലെ മനസിലാക്കാതെ പോയ പൊള്ളുന്ന സത്യത്തിന്റെ ‘ആഗ്നേയം’ പി വത്സല അനശ്വരമാക്കുകയായിരുന്നു. ആഗ്നേയത്തിന്റെ കാനനവെളിച്ചം ഇനിയും കെട്ടടങ്ങിയെന്ന് പറയാനാവില്ല. ബ്രഹ്മഗിരിയില്‍ കോടക്കാറ്റിന് അപരിചിതമായ ഗന്ധമുണ്ട്. കൂമന്‍കൊല്ലിയിലെ ഉരുളന്‍ കല്ലുകള്‍ക്ക് നമ്മളറിയാത്ത ചരിത്ര പശ്ചാത്തലമുണ്ട്. നെല്ലും ആഗ്നേയവും കൂമന്‍കൊല്ലിയും മാത്രം മതി രാജ്യത്തിന്റെ പരമോന്നത സാഹിത്യപുരസ്കാരം പി വത്സലയ്ക്ക് ലഭിക്കാന്‍. പതിതരുടെ ജീവിതവ്യഥകളെ ചരിത്രത്തിലേക്ക് കെെപിടിച്ചു നടത്തിയ പി വത്സലയ്ക്ക് വയലാര്‍ അവാര്‍ഡ് കിട്ടിയോ എന്നറിയില്ല. അത് വേറെ കാര്യം. എഴുത്തച്ഛന്‍ പുരസ്കാരം കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ച് മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കുമ്പോള്‍ പി വത്സല ക്ഷീണിതയായിരുന്നു. പതിവുള്ള നിഷ്കളങ്കമായ പ്രസരിപ്പ് ആ മുഖത്ത് കണ്ടില്ല. എഴുത്തിന്റെ എത്രയെത്ര രൂപരേഖകള്‍ ബാക്കിവച്ചാണ് ഈ മടക്കം. ഇംഗ്ലീഷ് നോവല്‍, ബാല്യകാല സ്മൃതികള്‍… അതങ്ങനെയാണല്ലോ. എല്ലാം പൂര്‍ത്തിയാക്കാന്‍ കാലം അനുവദിക്കില്ല. വെള്ളിമാടുകുന്നിലെ വീട്ടില്‍ എത്രയെത്ര തവണ ഈ ലേഖകന്‍ കവിത ഇഷ്ടപ്പെടുന്ന വത്സല ടീച്ചറുടെ സ്നേഹപൂര്‍ണമായ ആതിഥ്യമാധുര്യങ്ങള്‍ നുകര്‍ന്നിട്ടുണ്ട്. മുക്കത്ത് മകളുടെ വീട്ടിലേക്ക് താമസം മാറ്റിയതിനുശേഷം സന്ദര്‍ശനങ്ങള്‍ കുറഞ്ഞു. എങ്കിലും ഉദാരമായ ആ സ്നേഹത്തിന്റെ സാഹിത്യവഴിയില്‍ എന്നും കൂപ്പുകയ്യോടെ മനസുണ്ട്. പ്രിയപ്പെട്ട അപ്പുക്കുട്ടി മാഷിന്റെയും മക്കളായ അരുണിന്റെയും ഡോ. മിനിയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.