Site iconSite icon Janayugom Online

വിഷവൃക്ഷത്തിന് 100 വയസ്

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഒഴുക്കുകുറഞ്ഞ അവസ്ഥയിലായിരുന്നെങ്കിലും രണ്ട് കൈവഴികളിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ബാല ഗംഗാധര തിലകന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷവും ഗോപാലകൃഷ്ണ ഗോഖലെ നേതൃത്വം നൽകിയ മിതവാദി വിഭാഗവുമായിരുന്നു ആ കൈവഴികൾ. 1906ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും 1924ൽ അഖിലേന്ത്യാ ഹിന്ദു മഹാസഭയും പിറവിയെടുത്തു. 1915ൽ ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചുവന്നു, ഗോഖലെയുടെ പാതയിലൂടെയാണ് ഗാന്ധിജി ഇന്ത്യയിലെ രാഷ്ട്രീയയാത്ര ആരംഭിച്ചത്. അധികം വൈകാതെ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗമായ ഗാന്ധിജി രണ്ട് പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടു; ഖിലാഫത്ത് പ്രസ്ഥാനവും നിസഹകരണ സമരവും.
ദേശീയ പ്രസ്ഥാനത്തിൽ സംഭവിച്ച ഈ മാറ്റം പോലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ വലിയ ജനകീയ മുന്നേറ്റങ്ങളായി വളർന്നുവന്നിരുന്നു. മഹാത്മ ഫൂലെ നയിച്ച ദളിത് രാഷ്ട്രീയ പ്രസ്ഥാനം ഇതിൽ ശ്രദ്ധേയമാണ്. ബ്രാഹ്മണ മേധാവിത്ത രാഷ്ട്രീയത്തിനും ജാതിവ്യവസ്ഥയ്ക്കും വെല്ലുവിളിയുയർത്താൻ ഫൂലെയുടെ പ്രസ്ഥാനത്തിനു സാധിച്ചു. ജാതിവിരുദ്ധ സന്ദേശങ്ങളും സ്ത്രീസമത്വ പ്രമേയങ്ങളും ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായി സത്യശോധക് സമാജം പോലുള്ള പ്രസ്ഥാനങ്ങളും സാധാരണ ജനങ്ങളുടെ പ്രതീക്ഷയായി നിലകൊണ്ടു. 

ചാതുർവർണ്യ വ്യവസ്ഥയെ മുറുകെപ്പിടിച്ചിരുന്ന ബ്രാഹ്മണ വിഭാഗവും ഭൂപ്രഭു വിഭാഗങ്ങളും ഇക്കാര്യത്തിൽ ആശങ്കാകുലരായിരുന്നു. അതിൽ പ്രധാനികളായിരുന്നു ചിത്പാവൻ ബ്രാഹ്മണർ. ഒന്നാം സ്വാതന്ത്ര്യസമരമെന്നു വിളിക്കുന്ന 1857ലെ ശിപായി ലഹള നയിച്ച നായകരിൽ പ്രധാനിയായിരുന്ന നാനാ സാഹേബ് ചിത്പാവൻ ബ്രാഹ്മണനായിരുന്നു. സ്വദേശി സാമൂഹ്യഘടനയ്ക്ക് കോട്ടമുണ്ടാക്കാതെ ഭരണം നടത്തുകയെന്ന ബ്രിട്ടിഷ് തന്ത്രത്തെ തങ്ങൾക്കനുകൂലമാക്കാൻ മറാത്ത ബ്രാഹ്മണർക്ക് സാധിച്ചു.
ചമ്പാരൻ കർഷക സമരത്തിനുശേഷം ഗാന്ധിജിയുടെ ശക്തമായ ഇടപെടലുണ്ടായത് 1919 ഏപ്രിൽ 13ന് ജാലിയൻവാലാബാഗ് സംഭവത്തിനുശേഷമുള്ള രാഷ്ട്രീയ പ്രശ്നങ്ങളിലാണ്. സംഭവം അന്വേഷിക്കാൻ ബ്രിട്ടൻ ഹണ്ടർ കമ്മിഷനെ നിയോഗിച്ചു. ബ്രിട്ടീഷ് സര്‍ക്കാരുമായി സഹകരിക്കാതിരുന്ന ഗാന്ധി, ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടി പ്രവർത്തിക്കാന്‍ ആഹ്വാനം നൽകുകയായിരുന്നു. 1919 നവംബർ 23ന് ഗാന്ധിജി ഖിലാഫത്ത് അധ്യക്ഷപദവി ഏറ്റെടുത്തു. ഇതെല്ലാം യാഥാസ്ഥിതിക ഹിന്ദുത്വ രാഷ്ട്രീയ നേതാക്കളെ ചൊടിപ്പിച്ചു.
50 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട് കാലാപാനി ജയിലിലെത്തിയ വിനായക് ദാമോദർ സവർക്കർ തുടർച്ചയായി ബ്രിട്ടീഷ് സർക്കാരിനോട് മാപ്പപേക്ഷിച്ച്, ഒടുവിൽ 1924 ജനുവരി ആറിന് ജയിൽ മോചിതനായി. 1924 ജനുവരി 23ന് ഹിന്ദു മഹാസഭ ഉദയം ചെയ്യുമ്പോൾ, ആ സമ്മേളനത്തിൽ പങ്കെടുക്കാതെ സവർക്കർ മാറിനിന്നു. എന്നാൽ അദ്ദേഹമായിരുന്നു, അതിന്റെ സൂത്രധാരൻ. ഹിന്ദു വംശീയവാദിയായി അറിയപ്പെട്ടിരുന്ന ഡി വി കേൽക്കർ ഹെഗ്ഡേവാറുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹവുമായി ചേർന്നാണ് നാഗ്പൂർ ഹിന്ദു മഹാസഭ എന്ന പേരിൽ സംഘടനയ്ക്ക് രൂപം നൽകിയത്. രാജെ ലക്ഷ്മൺ ഭോൺസ്‌ലേ പ്രസിഡന്റും ഡോ. ബി എസ് മുഞ്ജേ വൈസ് പ്രസിഡന്റും ഡോ. കേശവ ബലിറാം ഹെഗ്ഡേവാർ സെക്രട്ടറിയുമായുള്ള നേതൃത്വമാണ് അതിനെ നയിച്ചത്.
സവർക്കറുടെ ജ്യേഷ്ഠൻ ബാബറാവു എന്ന വിളിപ്പേരുള്ള ഗണേഷ് ദാമോദർ സവർക്കർ (ജി ഡി സവർക്കർ) ബ്രിട്ടീഷ് വിരുദ്ധ നിലപാട് ഉപേക്ഷിച്ചതിനെത്തുടർന്ന് ജയിൽ വിമോചിതനായി. അദ്ദേത്തിന്റെ മുൻകയ്യിൽ ‘തരുൺ ഹിന്ദുസഭ’ എന്ന ഒരു ഹിന്ദുത്വ സംഘടന രൂപീകരിച്ചു. ഹിന്ദുവംശീയ രാഷ്ട്രീയം പ്രചരിപ്പിച്ച് യുവാക്കളെ ആകർഷിക്കുകയും ഏകോപിപ്പിക്കുകയുമായിരുന്നു ഉദ്ദേശം. മുസ്ലിം വിരുദ്ധതയോടൊപ്പം ഹിന്ദുവംശീയതയും സനാതനധർമ്മവും ആര്യസമാജം, ജൈനമതം, സിഖ് മതം തുടങ്ങിയ വിഭാഗങ്ങളെ ഐക്യപ്പെടുത്തി നിർത്തുന്ന പ്രവർത്തനവും രാഷ്ട്രീയ തന്ത്രമെന്ന നിലയിൽ ‘തരുൺ ഹിന്ദു സഭ’ ആസൂത്രണം ചെയ്തു.
ബ്രാഹ്മണോത്സവങ്ങൾ, ശുദ്ധി പ്രക്രിയയെന്ന പേരിൽ ഹിന്ദു മതത്തിലേക്ക് ഇതരമതസ്ഥരെ പരിവർത്തനം ചെയ്യിക്കല്‍, ലാത്തി ഉപയോഗിച്ചുള്ള കായിക പരിശിലനം തുടങ്ങിയ പരിപാടികൾ ‘തരുൺ ഹിന്ദു മഹാസഭ’ സംഘടിപ്പിച്ചു. 1924ൽ നടന്ന ഹിന്ദു മഹാസഭയുടെ സമ്മേളനം ‘ഹിന്ദു സ്വയംസേവക് സംഘടന’ ഉണ്ടാക്കുന്നതിനായി ഡോ. മുഞ്ജേയെയും ബാബറാവുവിനെയും ചുമതലപ്പെടുത്തി. ജി ഡി സവർക്കർ, ഡോ. മുഞ്ജേ, ഡോ. എൽ വി പരാഞ്ജ്പേ, ഭാവുജി കാർവേ, അണ്ണ സോഹോനി, ചോൾക്കർ, വിശ്വനാഥ് കേൽക്കർ, ഡോ. തോൽക്കർ എന്നിവർക്കൊപ്പം ഡോ. ഹെഡ്ഗേവാറും കേന്ദ്ര ഹിന്ദു സ്വയം സേവകിന്റെ രൂപീകരണത്തിനായി ശ്രമം നടത്തി. 1925 സെപ്റ്റംബർ 27ന് വിജയദശമി ദിനത്തിൽ ഹിന്ദുവംശീയ സംഘടന എന്ന നിലയിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് ജന്മമെടുത്തു.

പിന്നീടവർ കടന്നത് ആർഎസ്എസിന്റെ ഘടന വികസിപ്പിക്കുന്നതിലേക്കായിരുന്നു. അവരുടെ അന്വേഷണം ചെന്നെത്തിയത് ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരിയായ ബെനിറ്റോ മുസോളിനിയിലേക്കാണ്. 1931 മാർച്ച് 15 മുതൽ 24 വരെ ഡോ. ബി എസ് മുഞ്ജേയുടെ നേതൃത്വത്തിൽ ആർഎസ്എസ് സംഘം ഇറ്റലി സന്ദർശിക്കുകയും മുസോളിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇറ്റലിയിൽ ഫാസിസ്റ്റ് സൈനിക ഭരണത്തിന്റെ ഉപകരണമായി പ്രവർത്തിച്ചിരുന്ന ‘ബലില്ല’യിൽ നിന്നാണ് സൈനിക ഹിന്ദുവെന്ന ആശയം കടമെടുത്തതും ഹിന്ദുത്വ ഇന്ത്യക്കുവേണ്ടിയുള്ള പുനഃസൈനികവല്‍ക്കരണം എന്ന ആശയം പ്രയോഗവല്‍ക്കരിച്ചതും. അവര്‍ മടങ്ങിവന്നതിനുശേഷം തുടങ്ങിയ ഭോൺസ്‌ലേ സൈനിക സ്കൂളും സെൻട്രൽ ഹിന്ദു മിലിറ്ററി എജ്യുക്കേഷൻ സൊസൈറ്റിയും മുഞ്ജേ ആവിഷ്കരിച്ച പ്രായോഗിക പദ്ധതികളാണ്. രാജ്യം ഭരിച്ചിരുന്ന ഇംഗ്ലീഷുകാരോട് യാതൊരുവിധ എതിർപ്പും മുഞ്ജേയും ഹിന്ദു മഹാസഭയും പ്രകടിപ്പിച്ചിരുന്നില്ല.
ആർഎസ്എസിന്റെ പിതാമഹൻ ഡോ. ഹെഡ്ഗേവാറായിരുന്നെങ്കിലും താത്വികാടിത്തറ നിർമ്മിച്ചതും ഹിന്ദുത്വ രാഷ്ട്രീയ ലക്ഷ്യം ഹിന്ദുരാഷ്ട്ര സ്ഥാപനമാണെന്ന് പ്രഖാപിച്ചതും മാധവ് സദാശിവ ഗോൾവാല്‍ക്കറാണ്. വിരാട് പുരുഷന്റെ രൂപത്തിലാണ് ഹിന്ദുവംശം പിറന്നത് എന്നും ചാതുർവർണ്യ സമ്പ്രദായത്തിൽ അധിഷ്ഠിതമാണ് ഹിന്ദുവംശമെന്നും സമർത്ഥിക്കാൻ അദ്ദേഹം ശ്രമിച്ചു. ഇന്ത്യൻ ഭരണഘടനയെ നഖശിഖാന്തം എതിർത്തയാൾ കൂടിയാണ് ഗോൾവാല്‍ക്കർ. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ഗോൾവാല്‍ക്കർ എഴുതി, “ഐക്യരാഷ്ട്ര സഭയുടെ ചാർട്ടർ അല്ലെങ്കിൽ മുൻകാല ലീഗ് ഓഫ് നാഷണലിൽ നിന്നുള്ള ചില മുടന്തൻ തത്വങ്ങളും അമേരിക്ക, ബ്രിട്ടീഷ് ഭരണഘടനകളിൽ നിന്നും കടമെടുത്ത ഭാഗങ്ങളും കൊണ്ട് തട്ടിക്കൂട്ടിയ ഒന്നാണ് ഇന്ത്യൻ ഭരണഘടന”.
സമഗ്രതയുള്ള ഇന്ത്യൻ ഭരണഘടന അംഗീകരിക്കുവാൻ ഗോൾവാല്‍ക്കർ തയ്യാറായിരുന്നില്ല. കാലഹരണപ്പെട്ടതും ജാതിവ്യവസ്ഥയുടെ അടിസ്ഥാനമാക്കിയ ചാതുർവർണ്യത്തെ ഉദ്ഘോഷിക്കുന്നതും സ്ത്രീക്കും ശൂദ്രനും വിദ്യ നിഷേധിക്കുകയും ചെയ്യുന്ന അസമത്വ തത്വസംഹിതയായ മനുസ്മൃതിയെ മുറുകെ പിടിക്കുകയാണവർ ചെയ്തത്. ഫെഡറൽ മൂല്യങ്ങളെ അംഗീകരിക്കാൻ ആർഎസ്എസ് ഒരിക്കലും തയ്യാറായിരുന്നില്ല. രാജ്യത്തിന്, ഒരേ ഒരു സര്‍ക്കാര്‍ എന്ന സംവിധാനമാണ് വേണ്ടതെന്നും ആർഎസ്എസ് പ്രസ്താവിച്ചു. അവരുടെ നിലപാട് എന്നും ന്യൂനപക്ഷവിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമാണ്. 

സ്വാതന്ത്ര്യത്തെക്കുറിച്ചും ആർഎസ്എസ് വിചിത്ര സമീപനമാണ് പിന്തുടരുന്നത്. ആധുനിക സ്വാതന്ത്ര്യ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല. മനുസ്മൃതി വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യമാണ് അംഗീകരിച്ചത്. ഗോൾവാല്‍ക്കർ വിചാരധാരയിൽ ഇങ്ങനെ സൂചിപ്പിക്കുന്നു- “നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ആത്യന്തിക നിലനില്പിൽ അന്തർഭവിച്ചിരിക്കുന്ന മതത്തിലും സംസ്കാരത്തിലും അധിഷ്ഠിതമായ ദേശീയ മൂല്യങ്ങളുടെ സംരക്ഷണവും പ്രചരണവുമാണെന്നാണ് നമ്മുടെ ചരിത്രപരമായ പരമ്പരാഗത വീക്ഷണം.”
ഗാന്ധിജി വധിക്കപ്പെട്ട് ആറ് ദിവസം കഴിഞ്ഞപ്പോൾ കേന്ദ്രസർക്കാർ ആർഎസ്എസിനെ നിരോധിച്ചു. ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ, നിരോധിക്കാൻ ഇടയാക്കിയ സാഹചര്യം വെളിപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിക്കും എഴുതിയ കത്തിന്റെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്നതായിരുന്നു: “രാജ്യമാകെയുള്ള കലാപത്തിനാണ് അവർ ആസൂത്രണം ചെയ്തിരുന്നത്. മുസ്ലിം വേഷധാരികളെ രംഗത്തിറക്കുക, അവരെക്കൊണ്ട് ഹിന്ദുക്കളെ ആക്രമിക്കുക തുടങ്ങിയ ദൗത്യങ്ങളാണ് അവരെ ഏല്പിച്ചിരുന്നത്. ഈ സന്ദർഭത്തിൽ ആർഎസ്എസിനാൽ പ്രചോദിതരായ ഹിന്ദുക്കൾ, മുസ്ലിങ്ങളെ ആക്രമിക്കുകയും അവരെ പ്രകോപിതരാക്കുകയും ചെയ്യും. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ഈ സംഘർഷം ഒരു വർഗീയകലാപത്തിന് വഴിയൊരുക്കും.”
ഗാന്ധിവധത്തിൽ ആർഎസ്എസിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ അന്വേഷണ കമ്മിഷന് ലഭിച്ചിരുന്നില്ല. എന്നാൽ ആർഎസ്എസ് വളർച്ചയ്ക്ക് എല്ലാവിധ സഹായവും നൽകിയിരുന്ന വി ഡി സവർക്കർ ഗാന്ധി വധക്കേസിൽ പ്രതിപ്പട്ടികയിൽ ഒമ്പതാമത്തെ ആളായിരുന്നു. അദ്ദേഹത്തിന്റെ വത്സല ശിഷ്യനായിരുന്നു ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സെ.
100 വർഷത്തെ വിഷലിപ്തമായ പ്രചരണത്തിലൂടെ വിഷവൃക്ഷമായി വളരുവാൻ ആർഎസ്എസിന് സാധിച്ചു. സംഘ്പരിവാറിന്റെ ഭരണനിയന്ത്രണത്തിലാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം. നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭരണം ഈ വിഷവൃക്ഷത്തിന് വെള്ളവും വളവും നൽകി പോഷിപ്പിക്കുന്നു. ചരിത്രം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങി സർവ മേഖലകളിലും ഇവരുടെ ചാതുർവർണ്യ പ്രത്യയശാസ്ത്രം പിടിമുറുക്കി കഴിഞ്ഞു. ഫെഡറലിസവും മതേതരത്വവും ജനാധിപത്യവും പാർലമെന്ററി സംവിധാനങ്ങളും മാത്രമല്ല, ഇന്ത്യയുടെ ഭരണഘടന തന്നെ ഈ ചാതുർവർണ്യശക്തികളുടെ ഭീഷണിയിലാണ് നിൽക്കുന്നത്. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ഒരുമയും പോരാട്ടവും ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ ഈ വിഷവൃക്ഷത്തിന്റെ ആപത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനാകൂ. 

Exit mobile version