Site iconSite icon Janayugom Online

ജിഎസ്‌ടി ലാഭോത്സവത്തിന്റെ രാഷ്ട്രീയം

നിഘണ്ടുവിലെ അർത്ഥത്തിൽ നിന്ന് വ്യതിരിക്തമായി ഒരു വാക്ക് ഉപയോഗിക്കുമ്പോൾ, അത് രാഷ്ട്രീയമായി മാറുന്നു. സെപ്റ്റംബർ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാജ്യത്തോടുള്ള അഭിസംബോധനയും അതിലെ കൗശലവും ഈ നിർവചനവുമായി യോജിക്കുന്നു. കാരണം അദ്ദേഹം ജനങ്ങളുടെ ചെലവ് വർധിപ്പിക്കുന്നതിന് ആഹ്വാനം ചെയ്യാനും അതിനെ ചെലവുചുരുക്കൽ എന്ന് പ്രകീർത്തിക്കാനും മടിച്ചില്ല. സെപ്റ്റംബർ 22 മുതൽ നിലവിൽ വന്ന പുതിയ ജിഎസ്‌ടി 2.0 പരിഷ്കരണത്തെ ‘ജിഎസ്‌ടി സേവിങ് ഫെസ്റ്റിവൽ’ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. സ്വദേശി എന്ന വാക്കും മേമ്പൊടിയായി ചേർത്തു. മോഡിയുടെ പ്രധാനമന്ത്രി പദത്തിൻ കീഴിലുള്ള ഇന്ത്യയുടെ ഉയർന്ന വ്യാപാരക്കമ്മിയുടെ യാഥാർത്ഥ്യങ്ങൾ ഇത്തരം ‘ഉത്സവങ്ങളിൽ’ മൂടിവയ്ക്കപ്പെട്ടേക്കാം. വ്യാപാരത്തിലെ കൊടിയ പരാജയത്തിൽപ്പോലും അദ്ദേഹം രാഷ്ട്രീയ നേട്ടത്തിന് കച്ചകെട്ടി ഇറങ്ങുന്നു. കയറ്റുമതി ചെയ്യാൻ കഴിയുന്നതിനെക്കാൾ കൂടുതൽ ഇറക്കുമതി രാജ്യത്തേക്ക് അനുവദിച്ചതാണ് മോഡി ഭരണകാലം. മോഡി സർക്കാരിന്റെ രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. അദ്ദേഹത്തിൽ നിന്ന് വാചകമടിയല്ല കേൾക്കേണ്ടത്; ഉണ്മയാണ് ജനത്തിനറിയേണ്ടത്. 2025 ഓഗസ്റ്റിൽ 26.49 ദശലക്ഷം ഡോളറിന്റെ വ്യാപാരക്കമ്മിയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. പോയ വർഷം ഇതേ കാലയളവിൽ 29.7 ദശലക്ഷം ഡോളറായിരുന്നുവെന്നും 3.31 ദശലക്ഷം ഡോളറിന്റെ മികവുണ്ടായതായും സർക്കാർ അവകാശപ്പെടുന്നു. ചരക്കുകളുടെ ഇറക്കുമതി മുൻ വർഷത്തെ അപേക്ഷിച്ച് 10.1% കുറഞ്ഞ് 61.59 ദശലക്ഷം ഡോളറായി കുറഞ്ഞുവെന്നും പറയുന്നു. കുറഞ്ഞുവെന്നത് മികവായി തോന്നുമെങ്കിലും കമ്മി ഇപ്പോഴും വലിയ തോതിൽ ഉയർന്നതാണ്. ഈ നിരക്ക് ഇതേ ക്രമത്തിൽ തുടർന്നാൽ പോലും 26.5 മാസങ്ങൾക്കുള്ളിൽ രാജ്യത്തിന്റെ ഫോറെക്സ് കരുതൽ ധനത്തില്‍ നിന്ന് 702.996 ദശലക്ഷം ഡോളര്‍ ചോർത്താൻ ഇതിന് കഴിയും. ട്രംപ് താരിഫ് നിലവിലെ അപകടകരമായ അവസ്ഥയെ കൂടുതൽ ദുർബലമാക്കുന്നു. ഇതിലൂടെ ഇന്ത്യക്ക് പ്രതിവർഷം 55–60 ദശലക്ഷം ഡോളർ നഷ്ടം കണക്കാക്കുന്നു. നരേന്ദ്ര മോഡിയുടെ കീഴിൽ രാജ്യം ഇത്രയും മോശം അവസ്ഥയിലാണ്. വ്യാപാരക്കമ്മി വിവരങ്ങൾ പൊതുജനശ്രദ്ധയിൽ നിന്ന് അകറ്റാൻ പ്രധാനമന്ത്രി സ്വദേശി എന്ന വാക്ക് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. തന്റെ ഭരണത്തിന്റെ കഴിഞ്ഞ 11 വർഷങ്ങൾക്കിടയിൽ എപ്പോഴെങ്കിലും സ്വദേശി എന്ന വാക്ക് ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കിയിരുന്നെങ്കിൽ, രാജ്യം ഇത്രയും വലിയ വ്യാപാരക്കമ്മിയിലേക്ക് വീഴുമായിരുന്നില്ല. അദ്ദേഹം ‘ആത്മനിർഭർ ഭാരത്’ (സ്വാശ്രയ ഇന്ത്യ) എന്ന പദം തുടരെ ഉപയോഗിക്കുകയും കോവിഡ്-19 പ്രതിസന്ധി നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായി 2020 മേയ് 12, മുതൽ ഒരു പ്രത്യേക പരിപാടിയായി കൊണ്ടാടുകയും ചെയ്തത് ഇതിനൊപ്പം ചേർക്കാം. ഫലപ്രദമായ ഒരു കർമ്മപദ്ധതിയും ഉണ്ടായിട്ടില്ലാത്തതിനാൽ വ്യാപാര കമ്മി കുറഞ്ഞതേയില്ല. സ്വദേശിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകൾക്ക് എന്താണ് വില?

ഇനി ‘ജിഎസ്‌ടി സേവിങ് ഫെസ്റ്റിവൽ’ എന്ന പദം ശ്രദ്ധിക്കാം. കച്ചവടക്കാർ സേവിങ്സ് എന്ന പദം ഏത് അർത്ഥത്തിൽ ഉപയോഗിക്കുന്നുവോ അതേ അർത്ഥത്തിൽ അദ്ദേഹം ആ പദം ഉപയോഗിക്കുകയാണ്. കച്ചവടക്കാർ യഥാർത്ഥത്തിൽ ആളുകളെ അവരുടെ പണം ചെലവഴിക്കാനാണ് പ്രോത്സാഹിപ്പിക്കുക. ജനം പണം കരുതിവയ്ക്കണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. ഉപഭോക്താക്കളെ വശീകരിക്കാൻ അവർ ഉപയോഗിക്കുന്ന ശൈലിയാണ് “സാധനങ്ങൾ വാങ്ങൂ, പണം ലാഭിക്കൂ” എന്നത്. അത് ആളുകളുടെ ചെലവ് വർധിപ്പിക്കുന്നതിനും കച്ചവടക്കാരുടെ ആനുപാതിക ലാഭത്തിനും കാരണമാകുന്നു. അതിനാൽ, വാസ്തവത്തിൽ ഉപഭോക്താവ് കൂടുതൽ ചെലവഴിച്ചോ അതോ കൂടുതൽ ലാഭിച്ചോ എന്ന് രണ്ടുതവണ ചിന്തിക്കണം. ഉപഭോക്താവിനോട് ലാഭിക്കാൻ കച്ചവടക്കാർ പറയുന്നത് ഒരു രാഷ്ട്രീയമാണ്. രാജ്യത്ത് കൂടുതൽ നിക്ഷേപിക്കാൻ കഴിയുന്നതരത്തിൽ കൂടുതൽ ലാഭിക്കാൻ ജനങ്ങളെയും ഇന്ത്യയിലെ ബാങ്കുകളെയും ആഹ്വാനം ചെയ്ത കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പ്രസ്താവനയും താരതമ്യം ചെയ്യാം. സമ്പാദ്യം എന്നതിന്റെ അർത്ഥം കച്ചവടക്കാർ ഉപയോഗിക്കുന്ന പദത്തിന്റെ അർത്ഥത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അത് രാഷ്ട്രീയമല്ല, ശുദ്ധമായ സാമ്പത്തിക ശാസ്ത്രമാണ്. പ്രധാനമന്ത്രി ‘ജിഎസ്‌ടി രക്ഷാ ഉത്സവം’ (ജിഎസ്‌ടി ബചത് ഉത്സവ്) എന്ന പദം ഉപയോഗിച്ചു. പക്ഷേ അത് രാജ്യത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെ മറയ്ക്കുന്നു. ജനങ്ങള്‍ ഇപ്പോൾ അനുഭവിക്കുന്ന യഥാർത്ഥ സാമ്പത്തിക ദുരിതങ്ങളിൽ നിന്നും, തന്റെ സുഹൃത്ത് ട്രംപ്, താരിഫുകളിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏല്പിച്ച പരിക്കുകളിൽ നിന്നും എച്ച്-1ബി വിസ നിയന്ത്രണം ഉൾപ്പെടെയുള്ള ഭീഷണികളിൽ നിന്നും ജനങ്ങളുടെ ചിന്തയെ മാറ്റാനാണ് ശ്രമം. ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങളുടെ കാര്യത്തിൽ പോലും ഇന്ത്യക്കെതിരെ നിലകൊണ്ടു. പാകിസ്ഥാനുമായി സഖ്യത്തിലാണെന്ന് വിളിച്ചുപറഞ്ഞു. ഈ പശ്ചാത്തലത്തിലും യുഎസിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്യാൻ മോഡി സർക്കാർ അനുവദിച്ചു. അതേസമയം ട്രംപ് ഇന്ത്യൻ ഉല്പന്നങ്ങൾക്ക് 50% നികുതി ഏർപ്പെടുത്തി. ഈ നടപടി രാജ്യത്തെ തുണി വ്യവസായത്തെ രക്ഷിക്കുമെന്നാണ് മോഡി സർക്കാർ പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ പരുത്തി കർഷകർ നിസഹായരായി ജീവൻ വെടിയുന്നു. ആവർത്തിക്കുന്ന ആത്മഹത്യകൾക്ക് പതിറ്റാണ്ടുകളുടെ തുടർച്ചയുണ്ട്. ഇന്ത്യന്‍പരുത്തിയെ തകർത്ത്, സർക്കാർ യുഎസിൽ നിന്ന് വിലകുറഞ്ഞ പരുത്തി അനുവദിക്കുന്നു. ഇത് ആത്യന്തികമായി രാജ്യത്തെ പരുത്തി കർഷകരെ ബാധിക്കും. രാജ്യത്തെ കർഷകർക്കുവേണ്ടി കഷ്ടപ്പെടാൻ തയ്യാറാണെന്ന മോഡിയുടെ വാക്കുകളിലെ ആത്മാര്‍ത്ഥതയില്ലാത്ത ദുരവസ്ഥ എത്ര ദയനീയമാണ്.

പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും പൊതുവെ ജിഎസ്‌ടി പരിഷ്കരണത്തെ നിരവധി കാര്യങ്ങളിൽ വിമർശിച്ചിട്ടുണ്ട്. ഒന്നാമതായി സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കണക്കിലെടുക്കുന്നില്ല. നഷ്ടം നികത്താൻ സർക്കാരിന് ഒരു പദ്ധതിയുമില്ല. പ്രധാനമന്ത്രി മോഡിയുടെ സ്വദേശി പൊങ്ങച്ചത്തിനെതിരെ ഏറ്റവും രൂക്ഷമായ പ്രതികരണമുണ്ടായത് ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിൽ നിന്നാണ്. ജനങ്ങൾ പ്രസംഗങ്ങളല്ല, നടപടിയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്വദേശി സാധനങ്ങൾ വാങ്ങാൻ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു, എന്നാൽ “താങ്കൾ യാത്ര ചെയ്യുന്ന വിദേശ വിമാനങ്ങളുടെ കാര്യമോ, താങ്കൾ ഉപയോഗിക്കുന്ന വിദേശ സാധനങ്ങളുടെ കാര്യമോ?” മോഡിക്കൊന്നിനും മറുപടിയുമില്ല.
മോഡി, രാജ്യത്തെ അഭിസംബോധന ചെയ്തതിലെ സാമ്പത്തികശാസ്ത്രം പരിശോധിക്കാം. അദ്ദേഹം പറഞ്ഞു, “പുതിയ ഫോർമാറ്റിൽ, ഇപ്പോൾ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും നികുതി സ്ലാബുകൾ മാത്രമേ ഉണ്ടാകൂ. അതായത് മിക്ക നിത്യോപയോഗ സാധനങ്ങളും കൂടുതൽ താങ്ങാനാവുന്ന തലത്തിലേക്ക് എത്തും. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, സോപ്പ്, ബ്രഷുകൾ, ടൂത്ത് പേസ്റ്റ്, ആരോഗ്യം, ലൈഫ് ഇൻഷുറൻസ് പല സാധനങ്ങളും സേവനങ്ങളും ഒന്നുകിൽ നികുതി രഹിതമായിരിക്കും അല്ലെങ്കിൽ അഞ്ച് ശതമാനം നികുതി മാത്രമേ ഈടാക്കൂ. നേരത്തെ 12% ചുമത്തിയിരുന്ന സാധനങ്ങളിൽ 99% ഇപ്പോൾ അഞ്ച് ശതമാനം നികുതിയുടെ പരിധിയിൽ വന്നിരിക്കുന്നു.” പൗരന്മാർ ദൈവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു (നാഗരിക് ദേവ് ഭവ). “ആദായനികുതിയിലെ ഇളവും ജിഎസ്‌ടിയിലെ ഇളവും കൂടി ചേർത്താൽ, ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ജനങ്ങൾക്ക് 2.5 ലക്ഷം കോടിയിലധികം രൂപ ലാഭിക്കും. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഇത് ഒരു സമ്പാദ്യോത്സവം ആണ് എന്ന്.” യാഥാർത്ഥത്തില്‍ പ്രധാനമന്ത്രി ജനങ്ങൾ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. ആവശ്യം, ഉപഭോഗം എന്നിവയിലെ വർധനവിലൂടെ വൻകിട കച്ചവടക്കാർക്കും കുത്തകകൾക്കും വലിയ ലാഭത്തിനായി സാമ്പത്തികചക്രം വേഗത്തിൽ ഉരുണ്ടുതുടങ്ങുമെന്ന് അദ്ദേഹത്തിനറിയാം. ഭൂരിഭാഗം വിമർശകരും പറയുന്നതുപോലെ, നികുതി ഇളവിൽ നിന്ന് ആളുകൾക്ക് നേട്ടമുണ്ടായേക്കാം. പക്ഷേ ആ നേട്ടം വൻകിട കച്ചവടക്കാരുടെ സമ്പാദ്യമായിരിക്കും. ജനങ്ങൾ കൂടുതൽ പണം സമ്പാദിച്ച് ബാങ്കുകളിലോ ഇതരമാർഗങ്ങളിലോ സൂക്ഷിക്കാൻ തുടങ്ങുമ്പോൾ മാത്രമേ അവരുടെ “സമ്പാദ്യോത്സവം” ആരംഭിക്കൂ. ഇത് ഇന്ത്യയിലെ ഭൂരിഭാഗം പൗരന്മാർക്കും സമീപഭാവിയിൽ സാധ്യമാകില്ല. കാരണം രാജ്യത്തിന് ആവശ്യമായ തൊഴിൽ സൃഷ്ടിക്കുന്നതിന് സർക്കാരിന് വ്യക്തമായ പദ്ധതിയില്ല. തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രവുമില്ല. രാഷ്ട്രീയത്തിനുവേണ്ടി “കച്ചവടക്കാരുടെ സമ്പാദ്യം” “ജനങ്ങളുടെ സമ്പാദ്യം” എന്നിവ തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാൻ പ്രധാനമന്ത്രി ശ്രമിച്ചില്ലായിരുന്നെങ്കിൽ നന്നായിരുന്നു.
(ഐപിഎ)

Exit mobile version