Site iconSite icon Janayugom Online

ചെങ്കൊടിയുടെ ശക്തി

പത്തൊമ്പതാം നൂറ്റാണ്ടുവരെ സമ്പൂർണമായും ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഭാഗികമായും സാധാരണ ജനങ്ങൾ വിവരണാതീതമായ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും വിധേയമായിരുന്ന സാമൂഹ്യാന്തരീക്ഷമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. ഇന്നത്തെ തലമുറയ്ക്ക് സങ്കല്പിക്കുവാൻ പോലും കഴിയാത്തവിധത്തിലുള്ള അനീതികൾ അരങ്ങുതകർത്തു. മത ദൈവ വിശ്വാസങ്ങളെ നിഷ്ഠുരമായ മനുഷ്യചൂഷണത്തിനുള്ള ഉപാധിയാക്കി മാറ്റി. മനുഷ്യരെ അടിമകളാക്കി വില്പന നടത്തൽ നിയമവിധേയമായ കാലം. സമൂഹത്തിലെ ചെറുന്യൂനപക്ഷം വരുന്ന പ്രമാണി വർഗത്തിന്റെ കാൽക്കീഴിൽ ബഹുഭൂരിപക്ഷം ജനങ്ങൾ ദുരിത പൂർണമായ ജീവിതം നയിക്കുവാൻ വിധിക്കപ്പെട്ട അഭിശപ്തകാലം. ഈ ദുരവസ്ഥയ്ക്കെതിരെ മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും കമ്മ്യൂണിസവും നവോത്ഥാന മുന്നേറ്റങ്ങളുമാണ് കനത്ത പ്രതിഷേധം തീർത്തത്. ആത്മസമർപ്പണത്തിന്റെ കഠിന പാതകളിലൂടെ സഞ്ചരിച്ച പൂർവികർ. അവരുടെ പൈതൃകം ഏറ്റെടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, മറ്റ് ഉല്പതിഷ്ണുക്കളും നടത്തിയ പ്രവർത്തനങ്ങളാണ് കേരളത്തിൽ സാമൂഹ്യ മാറ്റത്തിന്റെ പാതയൊരുക്കിയത്. ഭാവിതലമുറയ്ക്ക് സ്വാതന്ത്ര്യവും സാമൂഹ്യനീതിയും അനുഭവിക്കാനാകുന്ന അന്തസുള്ള ജീവിതം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിനുപിന്നാലെ യാഥാർത്ഥ്യങ്ങളാണ് ഇന്ന് വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

കേരളമാർജിച്ച സാമൂഹിക സവിശേഷതയാണ് എല്ലാ ജീവിത മേഖലകളിലും പുരോഗമനപരമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാൻ ഇപ്പോഴും ഒരു പരിധിവരെ സാധ്യമാക്കുന്നത്. വിമർശിക്കപ്പെടേണ്ട പരിമിതികൾ നിലനിൽക്കുന്നുണ്ടെങ്കിലും ജീവിതനന്മകളുടെ വെളിച്ചം അല്പമെങ്കിലും കെടാതെ നിൽക്കുന്നത് ചെങ്കൊടിയുടെ സ്വാധീനം കൊണ്ടാണ്. സ്വാർത്ഥതാല്പര്യമോ അഴിമതിയോ അഹങ്കാരമോ ഇല്ലാത്ത പൂർവസൂരികളായ കമ്മ്യൂണിസ്റ്റുകളെ എല്ലാവരും ആദരിച്ചു. ആദരവുള്ള സ്നേഹത്തിന്റെ പ്രതീകമായിരുന്നു അവരെല്ലാം. ആദർശത്തിന്റെ അടിയാധാരം ജീവിതത്തിൽ പകർത്തിയ ധീര സഖാക്കൾ. അവരെ സംഭാവന ചെയ്തത് ചെങ്കൊടിയാണ്. ചരിത്രം വഴിമാറുമ്പോൾ ചിലർ വരും. ജീവിതത്തിന്റെ കർമ്മ സാധ്യതകളില്‍ സമരസപ്പെടാതെ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനില്‍ക്കും. വെറുതെ ഈ ലോകത്ത് ജീവിക്കുന്നതെന്തിന്? നാം നമുക്കു വേണ്ടിയും നാടിനു വേണ്ടിയും ജനത്തിനു വേണ്ടിയും എന്തുചെയ്തു? നാം നമുക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നതെങ്കിൽ മൃഗങ്ങളും നാമും തമ്മിൽ എന്തു വ്യത്യാസമാണ്? ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ അത്യുജ്വല പോരാട്ടങ്ങളിൽ ഏർപ്പെട്ട കമ്മ്യൂണിസ്റ്റുകാർ സ്വയം ചോദിച്ചവയാണ്. കമ്മ്യൂണിസവും മാർക്സിസവും പ്രാണവായുവായി കരുതിയ ധീരസഖാക്കളുടെ അടയാളമാണ് ചെങ്കൊടി. വിപ്ലവ ചരിത്രത്തിലെ മഹാമേരുക്കൾക്ക് തുണയായത് ഈ ചെങ്കൊടിയാണ്. ത്യാഗത്തിന്റെ ആൾരൂപങ്ങളായ ധാരാളം ധീരവനിതകൾ ഈ ചെങ്കൊടി പിടിച്ചു. മഹാവിപ്ലവകാരികളുടെ സഹധർമ്മിണിമാർ അവരുടെ ചെറുപ്പകാലം മുതൽ ഹൃദയത്തിൽ കോരിയിട്ടത് കനൽച്ചൂടായിരുന്നു. മഹാവിപ്ലവകാരികൾക്കൊപ്പം അസാമാന്യശക്തിയായി അവർ നിലകൊണ്ടു. സമരാങ്കണത്തിന്റെ മുമ്പന്തിയിൽ അവർ നിന്നിരുന്നു. കയ്യൂരിലെയും കരിവെള്ളൂരിലെയും മടിക്കെെയിലെയും ഒഞ്ചിയത്തെയും ശൂരനാട്ടിലെയും പുന്നപ്രയിലെയും രക്തത്തിന്റെ ഗന്ധവും കറയും കാട്ടാള നീതിയുടെ കൈയ്യൊപ്പായി, മഹാവിപ്ലവകാരികളോടൊപ്പം സഞ്ചരിച്ച പത്നിമാരുടെ മനസിലും പതിഞ്ഞു. കാട്ടാളനീതിക്കു മുന്നിൽ തളരാതെ നിൽക്കാൻ സഖാക്കൾക്ക് കരുത്തായത് പാർട്ടി ക്ലാസുകളും വായനയും. ജയിലിലെ വൃത്തിഹീനമായ അന്തരീക്ഷം, ക്രൂരമായ പീഡനങ്ങൾ, ശരീരം മുഴുവൻ ആഞ്ഞു ‌ചവിട്ടല്‍, പൊലീസുകാർ മൂത്രമൊഴിച്ച പാത്രത്തിൽ വെള്ളം കുടിപ്പിക്കല്‍… എല്ലാം സഖാക്കൾ അനുഭവിച്ചു. കട്ടച്ചോര തളംകെട്ടി നിൽക്കുന്നതിനിടെ മർദനങ്ങളുടെ ആഘോഷം നടക്കും. കയ്യൂരും കരിവെള്ളൂരും ഉള്‍പ്പെടെ പല സ്ഥലങ്ങളിലും നടന്ന അതിശക്തമായ പോരാട്ടങ്ങളിൽ ഏതുവിധത്തിലുള്ള മർദനങ്ങളും സഹിച്ച് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിന്റെ ക്രൂരതകൾക്കുമെതിരെ പോരാടാൻ അചഞ്ചലമായ ആവേശം നൽകിയത് ചെങ്കൊടിയാണ്. 

അന്ധവിശ്വാസവും അനാചാരങ്ങളും ശക്തമായി തിരിച്ചുവരുന്ന മലീമസമായ ഇക്കാലത്ത്, ഫാസിസ്റ്റ് ശക്തികൾക്കെതിരെ അതിശക്തമായ പോരാട്ടം അനുപേക്ഷണീയം. മുപ്പതുകളിലും നാല്പതുകളിലും ഇത്തരം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആശയ പ്രചരണത്തിലൂടെ ചെറുപ്പക്കാരെ അന്നത്തെ നേതാക്കള്‍ ബോധവാന്മാരാക്കി. നല്ല മനുഷ്യനാകാതെ ഒരു രാഷ്ട്രീയക്കാരനാകാൻ കഴിയില്ലെന്ന് സഖാക്കളുടെ സഖാവ് കാണിച്ചുകൊടുത്തു. ജന്മിനാടുവാഴിത്ത സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ഒട്ടേറെ നേതാക്കളുടെ ജന്മം കൊണ്ടും കർമ്മം കൊണ്ടും സമ്പുഷ്ടമായതാണ് കേരളത്തിന്റെ മണ്ണ്. വിപ്ലവകേരളത്തിന്റെ മുന്നേറ്റ ചരിത്രത്തിലെ ഒരിക്കലും മായാത്ത ഐതിഹാസിക അധ്യായമാണ് കയ്യൂർ. സ്വന്തം ജീവൻ കൊടുത്ത് ആത്മസമർപ്പണം നടത്തിയ സഖാക്കളായിരുന്നു സ്വാതന്ത്ര്യ സമര കാലത്തിലെന്ന് കയ്യൂരിന്റെ വീരസ്മരണ ഉച്ചൈസ്തരം വിളിച്ചു പറയുന്നു. വിദേശാധിപത്യത്തിനും ജന്മിനാടുവാഴിത്തത്തിനും എതിരായി നടത്തിയ ചെറുത്തുനില്പാണ് ഫാസിസത്തിനു മുന്നിൽ മൗനമായി തലകുനിക്കുന്ന ഇന്നത്തെ തലമുറ മറന്നുപോകുന്നത്.
തൂക്കുമരം കാത്തുനിൽക്കെ തങ്ങളെ സന്ദർശിച്ച സഖാവ് പി സി ജോഷി കയ്യൂർ സമര ഭടന്മാരുടെ അവസാന വാക്കുകൾ ഹൃദയാവർജകമായി കുറിച്ചു. അബൂബക്കർ പറഞ്ഞത് ഇങ്ങനെയാണ് “നമ്മുടെ രക്തസാക്ഷികളുടെ ജീവിതത്തിൽ നിന്ന് ഞങ്ങൾ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അവരിലൊരാളെന്ന ബഹുമതി ഞങ്ങളും പങ്കിടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എല്ലാ സഖാക്കളോടും പറയൂ, ഞങ്ങൾ നിർഭയമായി തൂക്കുമരം കയറുമെന്ന്.” നിറഞ്ഞ കണ്ണുകളോടെ ജോഷി നാലുപേർക്കും കൈ കൊടുത്തു. ജയിൽ വളപ്പിലെ പൂക്കൾ ചൂണ്ടി അദ്ദേഹം അവരോട് പറഞ്ഞു “ഈ പൂക്കൾ നശിക്കുന്നവയാണ്. സഖാക്കളെ നിങ്ങൾ ഒരിക്കലും നശിക്കാത്ത മാനവികതയുടെ പൂക്കളാണ്.” തൂക്കുമരത്തിലേറ്റപ്പെട്ട നാല് യുവാക്കളെയും പ്രായപൂർത്തിയാവാത്തതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട സഖാവ് ചൂരിക്കാടൻ കൃഷ്ണൻ നായരെയും മുന്നോട്ടു നയിച്ചത് ചെങ്കൊടിയാണ്. 

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലം. ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിത സൈനിക സേവനം അടിച്ചേല്പിക്കാൻ തുടങ്ങി. കമ്മ്യൂണിസ്റ്റ് കർഷക സംഘടനകൾ ഇതിനെതിരെ നിലപാട് കൈക്കൊണ്ടു. കമ്മ്യൂണിസ്റ്റുകാർക്കെതിരെ അധികാരികൾ വലിയ കുറ്റങ്ങൾ ചുമത്തി കേസെടുത്ത് അഴികൾക്കുള്ളിലാക്കാൻ ശ്രമം നടത്തി. മലബാറിലും തിരുവിതാംകൂറിലും സഖാക്കൾക്കെതിരെ അതിഭീകര മർദനം. പോലീസിന്റെ നരനായാട്ടും ക്രൂരതാണ്ഡവവും ഗ്രാമങ്ങളെ വിറപ്പിച്ചു. കയ്യൂരിലും മടിക്കൈയിലും കരിവെള്ളൂരിലും നീലേശ്വരത്തും ശൂരനാടും പുന്നപ്രയിലും മറ്റും അതിഭീകരമർദനങ്ങളും വെടിവയ്പും നടന്നു. കരിവെള്ളൂർ, വെള്ളൂർ, പെരളം തുടങ്ങിയ കേന്ദ്രങ്ങളിലെ കർഷക സംഘ രൂപീകരണങ്ങള്‍, സമരങ്ങള്‍, അഖില മലബാർ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അചഞ്ചലമായ പോരാട്ടങ്ങൾ… ഇതിനൊക്കെ അവരെ പ്രാപ്തരാക്കിയത് ചെങ്കൊടിയാണ്. 1935 മേയിൽ ഒന്നാമത്തെ കേരള തൊഴിലാളി സമ്മേളനം കോഴിക്കോട് സംഘടിക്കപ്പെട്ടു. ഒരു സ്വതന്ത്ര വർഗശക്തി എന്ന നിലയിൽ ഈ ഇടപെടൽ കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിന് പശ്ചാത്തലമൊരുക്കി. തിരുവിതാംകൂറിൽ കയർത്തൊഴിലാളികൾ സംഘടിച്ചു. കൊച്ചിയിൽ കൊച്ചിൻ സ്റ്റെർലിങ്ങ് വർക്കേഴ്സ് യൂണിയൻ, അളഗപ്പ ടെക്സ്റ്റെെലിലെയും സീതാറാം മില്ലിലെയും യൂണിയനുകളും രൂപപ്പെട്ടു. തൊഴിലാളികൾക്കിടയിൽ രൂപപ്പെട്ടു വന്ന ഈ സംഘടനാ ബോധം വളർത്തിയത് ചൂഷണ വിരുദ്ധ പ്രത്യയശാസ്ത്രമായിരുന്നു. ഗ്രാമങ്ങളിൽ വായനശാലകൾ, ഗ്രന്ഥശാലകൾ, നിശാപാoശാലകൾ എന്നിവയുണ്ടാക്കി സഖാക്കളെ പഠിപ്പിച്ചു. നിരന്തരമായ പാർട്ടി ക്ലാസുകൾ സംഘടിപ്പിച്ചു. ജാതീയമായ അനാചാരങ്ങൾക്കെതിരായ സമരത്തോടൊപ്പം ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളിയുടെയും കൃഷിക്കാരുടെയും വർഗസംഘടനകൾ വളർത്തിയെടുക്കുന്നതിനും പാർട്ടി നിരന്തരം ശ്രമിച്ചു. സാമൂഹ്യ അവശതകൾക്കെതിരായുള്ള പോരാട്ടത്തെ വർഗബോധത്തിന്റെ തലത്തിലേക്ക് വളർത്താന്‍ കഴിഞ്ഞത് മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അനന്യമായ സ്വാധീനം കാണിക്കുന്നു.

ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിനായി നടത്തിയ സമരം, പാലിയം സമരം, ക്ഷേത്രക്കുളങ്ങളിൽ കുളിക്കാനുള്ള അവകാശത്തിനുള്ള സമരങ്ങൾ, കുട്ടംകുളം സമരം തുടങ്ങി സാമൂഹ്യ നവീകരണങ്ങൾക്കായുള്ള പോരാട്ടത്തിലെ സജീവമായ ഇടപെടല്‍ പാർട്ടിയുടെ വളർച്ചയ്ക്ക് സുപ്രധാന ഘടകമായി. കാപട്യങ്ങളെ തുറന്നെതിർത്തും തെറ്റായ രീതികളെ വിമർശിച്ചും സഖാക്കൾ മുന്നോട്ടുഗമിച്ചു. ചൂഷകവർഗത്തിനെതിരായ പ്രതിഷേധവും സമരവും ജ്വലിപ്പിച്ചുണർത്തിയ കാലത്തിന്റെ രക്തത്തിളപ്പിന്റെയും വിവേചനബുദ്ധിയുടെയും പരിപക്വചിന്തയുടെയും പര്യായ പദങ്ങളായിരുന്നു സഖാക്കൾ. ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ രക്തരൂക്ഷിത സമരത്തിലെ അനശ്വര അധ്യായവും കേരള വിപ്ലവചരിത്രത്തിലെ ചുവന്ന ഏടുമാണ് പുന്നപ്ര — വയലാർ സമരം. സാമ്രാജ്യത്വ ഭരണത്തിന്റെ കിരാത നടപടികൾക്കെതിരെ അധ്വാനവർഗം നടത്തിയ ആ മുന്നേറ്റത്തിൽ തോക്കുകൾക്കു മുന്നിൽ വിരിമാറുകാട്ടി നൂറുകണക്കിനു തൊഴിലാളികൾക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നു. അനീതിയെ വെല്ലുവിളിക്കാൻ തൊഴിലാളികൾക്കുണ്ടായ ത്വരയും ഇത് അധഃസ്ഥിതർക്കേകിയ വിപ്ലവബോധവും പുന്നപ്ര — വയലാർ മുന്നേറ്റത്തിന് വഴിയൊരുക്കി. ചെങ്കൊടി അവർ നെഞ്ചോടുചേർത്തു.
(അവസാനി‌ക്കുന്നില്ല)

Exit mobile version