സംഘ്പരിവാറിന്റെ രാഷ്ട്രീയ കുതന്ത്രങ്ങൾക്കും ഫാസിസ്റ്റ് നയങ്ങൾക്കും വേരോട്ടമുണ്ടാക്കാൻ കഴിയാതെ പോയ ഏക സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ കേരളത്തെക്കുറിച്ച് നിരന്തരം അപവാദങ്ങൾ പ്രചരിപ്പിക്കുകയും കേരളത്തിലെ ജനങ്ങളെ താറടിച്ചു കാണിക്കുകയും ചെയ്യുന്ന നിലപാടാണ് എക്കാലവും ബിജെപി സ്വീകരിക്കാറുള്ളത്. ഏറ്റവും ഒടുവിൽ കേരളത്തെ മിനി പാകിസ്ഥാൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനയും മത തീവ്രവാദം വിളയാടുന്ന മണ്ണാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു. സാമുദായിക ധ്രുവീകരണം മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇസ്ലാം മതവിഭാഗത്തെ ഭീതിയുടെയും സംശയത്തിന്റെയും മറവിൽ നിർത്തി, അതിൽനിന്നു മുതലെടുക്കുന്ന മതസ്പർധയെ സമർത്ഥമായി ഉപയോഗിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തിൽ രൂപപ്പെടുത്തിയെടുത്ത ‘കേരള സ്റ്റോറി’ ഉണ്ടാക്കിയ വിവാദങ്ങൾ മറക്കാറായിട്ടില്ല. സംസ്ഥാനത്ത് നിന്ന് 32,000 പേർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായി സിറിയയിലേക്കും യെമനിലേക്കും നാടുകടത്തപ്പെട്ടുവെന്നും ഇവർ ഐഎസ്ഐസിന്റെ ഭീകരവാദികളായി അവിടെ കഴിയുന്നുണ്ടെന്നുമാണ് ചിത്രം അവകാശപ്പെട്ടത്. മതിയായ കണക്കുകളുടെയോ വിവരങ്ങളുടെയോ അടിസ്ഥാനത്തിലായിരുന്നില്ല പ്രസ്തുത ചിത്രത്തിലൂടെ സംഘ്പരിവാർ പ്രചാരകർ ഈ അവകാശവാദം മുന്നോട്ടുവച്ചത്. വൻ വിവാദമുണ്ടായപ്പോൾ ചലച്ചിത്രത്തിലെ കണക്കുകൾ പിന്നീട് തിരുത്തേണ്ടിവന്നതും നാം കണ്ടതാണ്. ഇതിലൂടെ കേരളത്തിനെതിരായ വിദ്വേഷ പ്രചരണം മാത്രമാണ് ലക്ഷ്യംവച്ചതെന്ന് ബോധ്യമാകുന്നു.
മുസ്ലിം സൗഹൃദം അപകടകരമെന്ന സംഘ്പരിവാർ ബോധത്തെ പൊതുമണ്ഡലത്തിലേക്ക് പ്രസരിപ്പിക്കുന്നതിന്റെ ഭാഗമായി ആസൂത്രിതമായി രൂപപ്പെടുത്തിയെടുത്ത പ്രചണ്ഡ പ്രചരണമായിരുന്നല്ലോ ‘ലൗ ജിഹാദ്’. വിവിധ മതങ്ങളിലുള്ള പെൺകുട്ടികളെ പ്രണയം നടിച്ച് വിവാഹം കഴിച്ച് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുകയും ശേഷം സിറിയയിലേക്ക് നാടുകടത്തുകയും ചെയ്യുന്ന ലൗ ജിഹാദിന്റെ കേന്ദ്രമാണ് കേരളമെന്ന് വരുത്തിത്തീർക്കാനായിരുന്നു ‘കേരള സ്റ്റോറി’ ശ്രമിച്ചത്.
വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ജയിച്ച തെരഞ്ഞെടുപ്പുകളെ ചൂണ്ടിയാണ് മഹാരാഷ്ട്ര മന്ത്രി തന്റെ വാദം സമർത്ഥിക്കുവാൻ ശ്രമിക്കുന്നത്. എന്നാൽ സംഘ്പരിവാർ പ്രചരണത്തെ ആശയപരമായി നേരിടാതിരുന്ന കോൺഗ്രസ് മുസ്ലിം ലീഗിന്റെ കൊടി ഉപയോഗിക്കാൻ പോലും അനുവാദം നൽകാതിരിക്കുകയായിരുന്നു ചെയ്തത്. ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാൻ ശ്രമിക്കുന്ന കോൺഗ്രസിനെയാണ് ഇവിടെ നാം കണ്ടത്. കേരളത്തിനെതിരെ സംഘ്പരിവാര കേന്ദ്രങ്ങൾ പടച്ചുവിടുന്ന വ്യാജപ്രചരണങ്ങളുടെ മറ്റൊരുദാഹരണമായിരുന്നു വർഷങ്ങൾക്ക് മുമ്പ് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്ഫോടക വസ്തു കടിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം. ദാരുണമായ സംഭവത്തിന് വർഗീയ നിറം നൽകുന്ന തരത്തിൽ വിഷയം മലപ്പുറത്താണെന്ന് പ്രഖ്യാപിച്ച് ദേശവ്യാപകമായ വിദ്വേഷ പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയത് മനേക ഗാന്ധി ആയിരുന്നുവെന്നോർക്കണം.
കേരളത്തെ തീവ്രവാദത്തിന്റെയും വിധ്വംസക പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മുദ്ര കുത്തുകയും വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് വോട്ട് നൽകിയില്ലെങ്കിൽ ഇവിടം കേരളമാകുമെന്ന ഭീതി വ്യാപകമായി പരത്തുകയും ചെയ്യുകയാണ് സംഘ്പരിവാർ. ആർഎസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളം നിരാകരിക്കുന്നു എന്നതാണ് അവരെ നിരന്തരം ഇത്തരത്തിലുള്ള നുണപ്രചരണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല ഇവിടെയുള്ള ഒരു വിഭാഗം ജനങ്ങളുടെ ഇടയിലും സംസ്ഥാന സർക്കാർ ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കുന്നു എന്ന് പ്രബോധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പലസ്തീൻ പ്രശ്നത്തിലും പൗരത്വ ഭേദഗതി നിയമത്തിലും ഏകീകൃത സിവിൽ കോഡ് വിഷയത്തിലും സർക്കാർ കൈക്കൊണ്ട നിലപാടുകൾ ഉയർത്തിക്കാട്ടിയാണ് മുസ്ലിം പക്ഷപാതിത്വമെന്ന ആരോപണം ഉന്നയിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് പരസ്യമായി പറയുകയും സിഎഎ — എൻആർസി ബില്ലിനെതിരെ നിയമസഭയിൽ സംയുക്ത പ്രമേയം പാസാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ബഹുസ്വര സമൂഹത്തിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെപ്പോലും കാറ്റിൽപ്പറത്തിക്കൊണ്ട് പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന നെറികെട്ട വ്യവസ്ഥയ്ക്കെതിരെയുള്ള ഇടപെടലുകൾ എങ്ങനെയാണ് മുസ്ലിം പ്രീണനമാകുന്നത്? ഇസ്രയേൽ പലസ്തീൻ ജനതയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെയും കേരളം അതിശക്തമായാണ് പ്രതികരിച്ചിരുന്നത്. അധിനിവേശം നേരിടുകയും അടിച്ചമർത്തൽ അനുഭവിക്കുകയും ചെയ്യുന്ന ജനവിഭാഗത്തോടുള്ള ഐക്യദാർഢ്യത്തെയും പ്രീണനമായി വ്യാഖ്യാനിക്കാനാണ് ഇവിടെയും ചിലർക്ക് താല്പര്യം. എന്നാൽ മേൽപ്പറഞ്ഞ വിഷയങ്ങളെ ഒരു മതവുമായി മാത്രം ബന്ധപ്പെടുത്താനും ആ മതത്തിന്റെ മാത്രം വിഷയമാക്കി ചുരുക്കാനും ശ്രമിച്ച് സംഘ്പരിവാറിന് മുതലെടുക്കാനുള്ള അവസരമൊരുക്കാൻ ചിലർ രംഗത്ത് വരുന്നതിനെയും ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഒന്നിനെ ചൂണ്ടിയാണ് മറ്റൊന്ന് വളരുന്നത് എന്നതിനാൽ ജാഗ്രത കാണിക്കേണ്ടത് മതേതര വിശ്വാസികളാണ്. ഇന്ത്യൻ ദേശീയതയെ തകർക്കാൻ ബ്രീട്ടീഷുകാർ കണ്ടെത്തിയ എളുപ്പവഴി നമ്മെ വർഗീയമായി വിഭജിക്കുക എന്നതായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ പയറ്റിയ അപകടകരമായ തന്ത്രം തന്നെയാണ് ഇന്ന് സംഘ്പരിവാർ ഉപയോഗിക്കുന്നത്. കേരളത്തെ പാകിസ്ഥാനായി അവതരിപ്പിക്കുക വഴി വർഗീയത വളർത്തുകയും അനന്തരം കലാപങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയാധീശത്വം ഉറപ്പിക്കുകയുമാണവരുടെ ലക്ഷ്യം. രാജ്യം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ ധാർമ്മികതയുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തിയേ മതിയാകൂ.