Site iconSite icon Janayugom Online

കംബോഡിയന്‍ ഓണ്‍ലൈന്‍ ട്രേഡിങ്; തട്ടിപ്പിന്റെ സൂത്രധാരന്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതിനുശേഷം ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ തിരുവനന്തപുരം സ്വദേശിയില്‍ നിന്നും രണ്ട് കോടി രൂപയോളം കവര്‍ന്ന കേസില്‍ സൂത്രധാരന്‍ അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ മനു (28) ആണ് അറസ്റ്റിലായത്. ഇയാള്‍ കംബോഡിയയില്‍ ആണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും, ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ സിറ്റി സൈബര്‍ ക്രൈം പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

കഴിഞ്ഞ ജൂണില്‍ പലഘട്ടങ്ങളിലായി രണ്ട് കോടി രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിയുമായി പ്രതി നടത്തിയ ചാറ്റുകളുടെയും, ഉപയോഗിച്ച ആപ്ലിക്കേഷനുകളുടെയും വിവരങ്ങള്‍ പരിശോധിച്ചതില്‍ വിദേശരാജ്യങ്ങളില്‍ നിന്നാണ് പ്രതി കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ വിജയ് ഭാരത് റെഡ്ഡിയുടെ നേരിട്ടുളള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയത്. 

കംബോഡിയയില്‍ ഒരു അപ്പാര്‍ട്ടുമെന്റ് വാടകയ്ക്ക് എടുത്ത് അതില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത കോള്‍ സെന്റര്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്ത് ജോലിക്കായി യുവാക്കളെ ഏര്‍പ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകള്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ യുവാക്കളില്‍ നിന്നും വാങ്ങി ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ തട്ടിപ്പ് നടത്തി കോടിക്കണക്കിന് രൂപ കൈവശപ്പെടുത്തുകയും, ബാക്കി തുക ക്രിപ്റ്റോ കറന്‍സിയായി മാറ്റി വിദേശത്തേക്ക് കടത്തുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് കടത്തിയ അഞ്ച് ലക്ഷത്തോളം വരുന്ന ക്രിപ്റ്റോ കറന്‍സി കോടതി ഉത്തരവു പ്രകാരം പൊലീസ് കണ്ടുകെട്ടി. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ പൊലീസ് അസി. കമ്മിഷണര്‍ ഷാനിഹാന്‍ എ ആറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ പി ബി, എസ്ഐമാരായ ഷിബു വി, ബിജുലാല്‍ കെ എന്‍, സിവില്‍ പൊലീസ് ഓഫിസറായ വിപിന്‍ വി എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. 

Exit mobile version