ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശത്തിനെതിരായി ലോകത്തുടനീളം ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരികയാണ്. അമേരിക്കയിലെ വിവിധ ക്യാമ്പുകളില്‍ അലയടിക്കുന്ന പ്രതിഷേധം ലോകത്തെല്ലായിടത്തും പടര്‍ന്നുപിടിക്കുകയാണ്. അമേരിക്കയിലെ പൊതു അഭിപ്രായത്തെ സ്വാധീനിക്കുന്നതില്‍ കാമ്പസുകളില്‍ നടക്കുന്ന ശക്തമായ പ്രതിഷേധം ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുന്ന തരത്തില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ വംശഹത്യക്ക് അമേരിക്ക നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. പൊലീസ് ഇടപെടുന്തോറും വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തിപ്പെടുന്നതായിട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട വിവിധ രാജ്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരുന്നു. കാമ്പസുകളിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പന്തലുകള്‍ കെട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാന്‍ രംഗത്തുവരുന്നത്. പൊതുസമൂഹം വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ പിന്തുണയുമായി എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥികളുടെ സമരം പടര്‍ന്നുപിടിച്ചതോടെ വിവിധ രാജ്യങ്ങള്‍ അവരുടെ ഇസ്രയേല്‍പക്ഷ നിലപാട് പുനഃപരിശോധിക്കാന്‍ മുന്നോട്ടുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങളായ സ്പെയിനും നോര്‍വെയും അയര്‍ലന്‍ഡും തീരുമാനിച്ചത് ഇസ്രയേലിന്റെ മുകളില്‍ കൂടുതല്‍ സമ്മര്‍ദത്തിന് കാരണമാകും. ഇസ്രയേലിന് എല്ലാ കാര്യത്തിലും പിന്തുണ നല്‍കുന്ന ബ്രിട്ടന്റെ സമീപനത്തില്‍ ബ്രിട്ടീഷ് ജനതയും ശക്തമായ പ്രതിഷേധത്തിലാണ്. അമേരിക്കയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ചുവടുവച്ച് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട വിവിധ രാജ്യങ്ങളില്‍ ഇസ്രയേലിന്റെ വംശഹത്യക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നത് ഇസ്രയേല്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ജനവികാരം തങ്ങള്‍ക്കെതിരാകുന്നു എന്ന് അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ഇസ്രയേല്‍പക്ഷ ഭരണകൂടങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി. പലസ്തീന്‍ ഒരു സ്വതന്ത്രരാഷ്ട്രമായി നില്‍ക്കണമെന്ന വികാരം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ശക്തിപ്പെട്ടുവരുന്നു.
ലോക മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വംശഹത്യ അവസാനിപ്പിക്കണമെന്ന വികാരം ലോകത്തിലുടനീളം ഉയര്‍ന്നുവരുന്നതിന്റെ ഫലമായി സ്പെയിന്‍, അയര്‍ലന്‍ഡ് നോര്‍വെ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നു. സമാധാനത്തിലും പരസ്പര സഹകരണത്തിലും പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്ന അഭിപ്രായം നോര്‍വെ ഭരണാധികാരി പരസ്യമായിതന്നെ വ്യക്തമാക്കാന്‍ മുന്നോട്ടുവന്നത് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഇതിനകംതന്നെ ചര്‍ച്ചാവിഷയമായി. യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നിലപാട് ഇസ്രയേലിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നത് പലസ്തീന്‍ ജനതയ്ക്ക് ആശ്വാസമാകുന്നുണ്ട്.
സ്പെയിന്‍, അയര്‍ലന്‍ഡ് ഭരണാധികാരികളും ഇസ്രയേലിന്റെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചത് ഇസ്രയേലിനെ ഞെട്ടിപ്പിച്ചു. അമേരിക്കയില്‍ ആരംഭിച്ചതും യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതുമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം വിവിധ രാജ്യങ്ങളെ ഇസ്രയേലിനെതിരായി നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ്. ഇസ്രയേല്‍ സ്വീകരിച്ച വംശഹത്യ നിലപാടിനെതിരായ വികാരം ലോകത്ത് വ്യാപിച്ചപ്പോള്‍ അതിന്റെ പ്രതിഫലനം ഇസ്രയേലിനകത്തും ശക്തിപ്പെട്ടു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലിന്റെ തെരുവുകളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരായി ഇറങ്ങിയിട്ടുണ്ട്. ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ പാര്‍ട്ടികള്‍ ഇസ്രയേല്‍ ഭരണകൂടം സ്വീകരിച്ച നിലപാട് സ്വന്തം ജനതയ്ക്ക് അപകടമുണ്ടാക്കുമെന്നും പലസ്തീനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നെതന്യാഹു മന്ത്രിസഭയില്‍ത്തന്നെ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നതായി വാര്‍ത്തകള്‍ പുറത്തുവരികയാണ്. ഇതിനിടെയാണ് അന്താരാഷ്ട്ര കോടതി നെതന്യാഹുവിനെതിരായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ ഭരണകൂടത്തെ ഈ നടപടി കൂടുതല്‍ സമ്മര്‍ദത്തിലും ഭയത്തിലും ആക്കിയിട്ടുണ്ട്. ഇസ്രയേല്‍ ജനങ്ങളില്‍ വളര്‍ന്നുവരുന്ന ശക്തമായ പ്രതിഷേധം ഭരണകൂടത്തിലും പ്രതിഫലിക്കാന്‍ തുടങ്ങി. മന്ത്രിസഭയിലെ അംഗങ്ങള്‍ പലസ്തീനെതിരായി സ്വീകരിക്കുന്ന നിലപാടിലും ഗാസയില്‍ നടത്തുന്ന യുദ്ധത്തിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി. മന്ത്രിസഭയില്‍ നിന്ന് വിട്ടുപോകുമെന്ന ഭീഷണിവരെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നു.
ഒരു ജനതയെ എത്രകാലം മര്‍ദിച്ച് ഒതുക്കി ഭയപ്പെടുത്താന്‍ കഴിയും. ഇസ്രയേല്‍ സ്വീകരിക്കുന്ന നിലപാടിനെ കണ്ണുംപൂട്ടി പിന്തുണയ്ക്കുന്ന നിലപാട് അമേരിക്കയും ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പുനഃപരിശോധിക്കാന്‍ സമയമായി. സ്വന്തം രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ശക്തമായ പ്രതിഷേധങ്ങള്‍ അവരുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യ എല്ലാകാലത്തും സ്വതന്ത്ര പലസ്തീന്‍ നിലപാട് ഉയര്‍ത്തിയ രാജ്യമാണ്. പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയണമെങ്കില്‍ പലസ്തീന്‍ ജനതയ്ക്ക് സ്വതന്ത്രമായ രാജ്യം ഉണ്ടായേ പറ്റൂ. ഇന്ത്യ എക്കാലത്തും സ്വീകരിച്ച നിലപാടും ഇതാണ്. പലസ്തീന്‍ ജനതയുടെ നേതാവായിരുന്ന യാസര്‍ അറഫത്ത് ഇന്ത്യയുടെ അടുത്ത സുഹൃത്തുമായിരുന്നു. ആ നിലപാട് പുനഃപരിശോധിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തില്‍ വന്നപ്പോള്‍ നടത്തിയത്. അത്തരം നീക്കങ്ങള്‍ക്കെതിരായി രാജ്യത്തിനകത്ത് പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. ലോകത്ത് സമാധാനം ഉണ്ടാകണമെങ്കില്‍ വിവിധ വിഭാഗം ജനതകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്.
ആയുധക്കച്ചവടത്തിനായി സംഘര്‍ഷം ഉണ്ടാകേണ്ടത് ബഹുരാഷ്ട്ര ആയുധ കമ്പനികളുടെ ലക്ഷ്യമാണ്. അവരുടെ ആവശ്യമാണ് യുദ്ധം. ആയുധക്കച്ചവടത്തിനും അതിലൂടെ ലാഭം കൊയ്യുന്നതിനും ആണ് അവര്‍ക്ക് യുദ്ധം. യുദ്ധം ചെയ്യുന്ന രണ്ടുഭാഗത്തും ആയുധങ്ങള്‍ നല്‍കുന്നത് ഒരേ കമ്പനികള്‍ തന്നെയാണ്. ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി അവര്‍ ലാഭം കൊയ്യുകയാണ്. ഇതിനെതിരായി ലോകത്ത് ജനവികാരം ശക്തിപ്പെടുന്നുണ്ട്. അതാണ് ഇസ്രയേലിനെതിരായി ഇസ്രയേലിനകത്തും അമേരിക്കയിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ തെളിയിക്കുന്നത്.