വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണല്ലോ ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജമാണ് നൽകുന്നത്. പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച ദുരിതകാലങ്ങൾക്കുശേഷം പരിപൂർണമായ അർത്ഥത്തിൽ നമ്മുടെ ഓണാഘോഷങ്ങൾ തിരികെ വന്നിരിക്കുകയാണ്. നാടും നഗരവും വിപണികളുമെല്ലാം ഓണത്തിരക്കിലാണ്. ഇത്തവണ ഓണക്കാലത്തെ വരവേൽക്കാൻ വിപുലമായ പ്രവർത്തനങ്ങളാണ് ധനവകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്. എല്ലാവരും പരിഗണിക്കപ്പെടുന്ന, വിലക്കയറ്റമില്ലാത്ത ഒരു ഓണം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനായി സർക്കാർ ഏറ്റെടുത്ത നടപടികളുടെ പ്രയോജനം ലഭിക്കാത്ത ഒരു കുടുംബവും കേരളത്തിൽ ഉണ്ടാകില്ല.
അല്ലലില്ലാത്ത മാവേലിനാടാണ് ഓണാഘോഷത്തിന്റെ സത്ത. ആ നാട് യാഥാർത്ഥ്യമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഈവർഷം ഓണാഘോഷത്തിൽ പ്രതിഫലിക്കുന്നു. ദശലക്ഷങ്ങൾക്കാണ് സർക്കാരിന്റെ ഓണസമ്മാനമായി വിവിധ ആനുകൂല്യങ്ങൾ സമയബന്ധിതമായി ഉറപ്പാക്കിയത്. ഉത്സവക്കാല ആനുകൂല്യത്തിനായി ഒരു വിഭാഗത്തിനും സമരം ചെയ്യേണ്ട സ്ഥിതിയുണ്ടായില്ല. തിരുവോണ നാളിൽ തൊഴിലാളികളും സാധാരണക്കാരും ഭരണകേന്ദ്രങ്ങൾക്ക് മുന്നിലും പണിശാലകൾക്ക് മുന്നിലും പട്ടിണി സമരം ചെയ്യേണ്ടിവരുന്ന അവസ്ഥ അന്യമായിരിക്കുകയാണ്. ഓണക്കാലത്തുമാത്രം ഏതാണ്ട് 20,000 കോടി രൂപയിലധികമാണ് ട്രഷറിയിൽനിന്നുള്ള ചെലവ്. രണ്ടുമാസത്തെ ക്ഷേമപെൻഷൻ രണ്ടാഴ്ചമുമ്പുതന്നെ വിതരണം ആരംഭിച്ചു. 62 ലക്ഷത്തിൽപ്പരം കുടുംബങ്ങളിലേക്ക് 3,200 രൂപവീതം ഓണത്തിനുമുന്നേ എത്തുന്നുവെന്ന് ഉറപ്പാക്കി. 1,800 കോടിയോളമാണ് നൽകിയത്. എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും 15 സാധനങ്ങൾ അടങ്ങിയ 6,03,291 കിറ്റുകൾ വിതരണം ചെയ്തു. 34.29 കോടി ഇതിനായി നീക്കിവച്ചു.
സംസ്ഥാനത്തെ കരാർ–സ്കീം തൊഴിലാളികളുടെ ഉത്സവബത്ത 250 രൂപ വർധിപ്പിച്ചു. ആശാ വർക്കർമാർ, അങ്കണവാടി, ബാലവാടി ഹെൽപ്പർമാർ, ആയമാർ എന്നിവർക്ക് ഉത്സവബത്ത 1,450 രൂപയായി വർധിപ്പിച്ചുനൽകി. പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവർക്ക് 1,350 രൂപ വീതം നല്‍കി. ബഡ്സ് സ്കൂൾ അധ്യാപകരും ജീവനക്കാരും, പാലിയേറ്റീവ് കെയർ നഴ്സുമാർ, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചർമാർ, കിശോരി ശക്തിയോജന സ്കൂൾ കൗൺസിലർമാർ തുടങ്ങിയവർക്കും 1,450 രൂപവീതം ലഭിച്ചു.
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് ഉത്സവബത്ത 1,550 രൂപയായി ഉയർത്തി. പ്രേരക്‌മാർ, അസിസ്റ്റന്റ് പ്രേരക്‌മാർ എന്നിവർക്ക് 1,250 രൂപ വീതം ലഭിച്ചു. സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപക–അനധ്യാപക ജീവനക്കാർക്ക് 1,250 രൂപവീതം നൽകി. എസ്‌സി–എസ്‌ടി പ്രൊമോട്ടർമാർ, ടൂറിസം വകുപ്പിലെ ലൈഫ് ഗാർഡുകൾ, ആഭ്യന്തര വകുപ്പിന് കീഴിലെ ഹോം ഗാർഡുകൾ ഉൾപ്പെടെയുള്ളവർക്ക് 1,460 രൂപ വീതം വിതരണം ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണസമ്മാനവും 200 രൂപവീതം വർധിപ്പിച്ചു. നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ 1,200 രൂപവീതം നൽകി. 5,25,991 തൊഴിലാളികൾക്കായി 60 കോടിയോളം രൂപ വിതരണം ചെയ്തു. പൂട്ടിക്കിടക്കുന്ന 425 കശുവണ്ടി ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്ക് ഓണാശ്വാസം 250 രൂപ വർധിപ്പിച്ച് 2,250 രൂപ വീതം എക്സ്ഗ്രേഷ്യേ അനുവദിച്ചു. 250 രൂപയുടെ അരിയും വിതരണം ചെയ്തു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,149 തൊഴിലാളികൾക്ക് സപ്ലൈകോ ഓണക്കിറ്റ് വാങ്ങുന്നതിനായി 1,000 രൂപയുടെ വീതം ഗിഫ്റ്റ് കൂപ്പണുകൾ ലഭിച്ചു. 12,500 ഖാദി തൊഴിലാളികളുടെ ഉത്സവ ബത്തയും 250 രൂപ വർധിപ്പിച്ചു നൽകി. 3,79,284 പരമ്പരാഗത തൊഴിലാളികൾക്ക് ഓണക്കാല സഹായമായി 50 കോടി രൂപ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ (ഇൻകം സപ്പോർട്ട് സ്കീം) പദ്ധതിയിൽ കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആന്റ് സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട് സ്കീം ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. ഭാഗ്യക്കുറി ഏജന്റുമാർക്കും വില്പനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയായി 30 കോടി രൂപ വിതരണം ചെയ്തു. 37,000 പേക്ക് 7500 രൂപ വീതവും, 8,700 പെൻഷൻകാർക്ക് 2,750 രൂപവീതവുമാണ് സഹായം ലഭിച്ചത്. കയർ തൊഴിലാളികൾക്ക് ഓണാനുകൂല്യങ്ങൾ ഉറപ്പാക്കാൻ കയർ മാറ്റ്സ് സംഘങ്ങൾ, ഫോം മാറ്റിങ്സ് ഇന്ത്യാ ലിമിറ്റഡ്, കയർ കോർപറേഷൻ, കയർ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള വിപണി വികസന ഗ്രാന്റും ഓണക്കാലത്ത് ലഭ്യമാക്കി. ചെറുകിട കയർ സംഘങ്ങളിലെ തൊഴിലാളികൾക്ക് ബോണസ് ഉറപ്പാക്കാൻ കയർ കോർപറേഷൻ പരമ്പരാഗത കയറുല്പന്നങ്ങൾ ശേഖരിച്ചതിന്റെ വില നൽകാൻ സഹായം നൽകി.
സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് വേതനം, കേന്ദ്ര പദ്ധതി സഹായം നിഷേധിക്കപ്പെട്ട സമഗ്ര ശിക്ഷ കേരളയിലെ ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കൽ, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ പ്രതിഫലം, കൈത്തറി യൂണിഫോം പദ്ധതി വഴി കൈത്തറി തൊഴിലാളികൾക്കുള്ള സഹായം, അങ്കണവാടി സേവന പദ്ധതികൾക്കുള്ള സഹായം, നെൽക്കർഷകർക്കുള്ള സംസ്ഥാന സബ്സിഡി എന്നിങ്ങനെ ഒട്ടെല്ലാ തൊഴിൽ മേഖലകളിലും സർക്കാരിന്റെ ഓണക്കാല ആനുകൂല്യങ്ങളുടെ വിതരണം പൂർത്തിയായിട്ടുണ്ട്. തൊഴിലാളികൾക്കൊപ്പം സർക്കാർ ജീവനക്കാരെയും സർവീസ് പെൻഷൻകാരെയും അനുഭാവപൂർവമായാണ് സർക്കാർ പരിഗണിച്ചത്. ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ച് 4,500 രൂപയാക്കി. ബോണസിന് അർഹതയില്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2,750 രൂപയിൽനിന്നും 3,000 രൂപയായി ഉയർത്തി. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്തയും 250 രൂപ വർധിപ്പിച്ച്, 1,250 രൂപയാക്കി. പങ്കാളിത്ത പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിച്ചു. ജീവനക്കാർക്ക് 20,000 രൂപയും, പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് 6,000 രൂപവീതം ഓണം അഡ്വാൻസും അനുവദിച്ചു. ജീവനക്കാർക്കും അധ്യാപകർക്കും സർവീസ് പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത, ക്ഷാമാശ്വാസ ആനുകൂല്യവും പണമായി ഓണത്തിനുമുമ്പേ ലഭ്യമാക്കി. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം ആനുകൂല്യങ്ങൾ എത്തിയത്.
കെഎസ്ആർടിസിക്ക് ഓഗസ്റ്റിൽ 122 കോടി നൽകി. ഇതുവഴി ഓഗസ്റ്റിലെ ശമ്പളവും 3,000 രൂപ ബോണസും ഉത്സവബത്തയും ഓണത്തിനുമുമ്പേ വിതരണം ചെയ്യാനായി. കെഎസ്എഫ്ഇ, കെഎഫ്‌സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും മെച്ചപ്പെട്ട ഉത്സവകാല ആനുകൂല്യങ്ങൾ ഉറപ്പാക്കാനായി.
വിലക്കയറ്റം ഇല്ലാത്ത ഓണക്കാലം ഉറപ്പാക്കാൻ സപ്ലൈകോയും കൺസ്യൂമർഫെഡും അടക്കമുള്ള ഏജൻസികൾക്ക് ശക്തമായ പിന്തുണയാണ് സർക്കാർ നൽകിയത്. വിപണി ഇടപെടലിനടക്കം 262 കോടി രൂപയാണ് ഓഗസ്റ്റിൽ നൽകിയത്. ആയിരത്തിലധികം വരുന്ന വില്പനശാലകൾക്ക് പുറമെ സപ്ലൈകോ ഓണം ഫെയറുകൾ വ്യാപകമായി ആരംഭിച്ചു. കൺസ്യൂമർഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തുന്നു. പഴം പച്ചക്കറി വിപണി ഇടപെടലിനായി ഹോർട്ടികോർപിന് ഉൾപ്പെടെ സഹായം ഉറപ്പാക്കി. അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങൾ നൽകുന്നത്. കേന്ദ്ര നയങ്ങൾ സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം നമുക്ക് ലഭിക്കേണ്ട കേന്ദ്ര നികുതി വിഹിതത്തിൽ വലിയ കുറവാണുണ്ടായത്. ജിഎസ്‌ടി അടിച്ചേല്പിക്കപ്പെട്ടതോടെ സംസ്ഥാനങ്ങളുടെ നികുതി വളർച്ചാ സാധ്യതകൾ പരിമിതപ്പെട്ടു. ഇതിനൊപ്പം നിയമപ്രകാരം വായ്പ എടുക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു. ഇതിനുപുറെമയാണ് കിഫ്ബി, ക്ഷേമ പെൻഷൻ കമ്പനി എന്നിവ മുൻകാലങ്ങളിൽ എടുത്ത വായ്പയുടെ പേരിൽ ഇപ്പോൾ വായ്പാവകാശത്തിൽ വെട്ടിക്കുറവ് വരുത്തുന്നത്. ഇവയെല്ലാം സൃഷ്ടിക്കുന്ന ഈ പ്രയാസങ്ങൾക്കുമുന്നിൽ നിസഹായത കാട്ടാനല്ല സർക്കാർ തയ്യാറായത്. ചെലവുകൾ ക്രമീകരിച്ചും നികുതി സമാഹരണം കൂടുതൽ ശാക്തീകരിച്ചും സംസ്ഥാനം മുന്നോട്ടു പോകുകയാണ്.
ഈ ഉത്സവക്കാലത്തിനിടയിലും ചില ആശങ്കകളും പങ്കുവയ്ക്കാതിരിക്കാനാകുന്നില്ല. ഒരു ഭാഗത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ ഭ്രാന്തൻ ചുങ്ക നയങ്ങൾമൂലം സംസ്ഥാനത്തിന്റെ കയറ്റുമതിയിലും സമ്പദ്ഘടനയിലും പ്രകടമായിത്തുടങ്ങിയ പ്രതിസന്ധികൾ. മറുഭാഗത്ത് നോട്ട് നിരോധനത്തിന് തുല്യമായ നിലയിൽ, ഒരു അവധാനതയുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ള ജിഎസ്‌ടി നിരക്ക് പരിഷ്കരണ തീരുമാനം. രണ്ടും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും സർക്കാരിന്റെ വരുമാനത്തിനും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അതൊന്നും ഓണാഘോഷത്തെ ബാധിക്കാൻ പാടില്ലെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യം ഏതാണ്ട് പൂർണമായും പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്നാണ് പ്രതീക്ഷ. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെയെന്നും ഐക്യത്തോടെ നമ്മെ ചേർത്തുനിർത്തട്ടെയെന്നും ആശംസിക്കുന്നു. പ്രതിബന്ധങ്ങൾ തരണം ചെയ്ത് പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജവുമാണ് ഓണം പകരുന്നത്. എല്ലാവർക്കും ഹൃദയപൂർവം തിരുവോണാശംസകൾ നേരുന്നു.

