1951 ഒക്ടോബർ 23. ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷമുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ദി ഹിന്ദു ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയെഴുതി: “ജനാധിപത്യത്തിന്റെ മഹത്തായ പരീക്ഷണം.” ഗാന്ധിയും നെഹ്രുവും സ്വപ്നം കണ്ട ഇന്ത്യയുടെ ജനാധിപത്യ മോഹങ്ങളിൽ ജനങ്ങൾ ചെയ്യേണ്ട ആകെ ദൗത്യം കുറച്ചുദൂരം നടന്ന് പോളിങ് ബൂത്തിലെത്തി അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതാണെന്നും ദി ഹിന്ദു എഴുതി. ടൈംസ് ഓഫ് ഇന്ത്യയും ഏതാണ്ട് സമാനമായ വാർത്തകൾ മുൻപേജിൽ അച്ചടിച്ചു. ഇന്ത്യയെന്ന മഹത്തായ ഒരു രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ പോക്കിൽ അത്രമേൽ വിശ്വാസമായിരുന്നു എഡിറ്റോറിയലിലും മുൻപേജ് വാർത്തകളിലും പ്രതിഫലിച്ചത്. അതേവർഷം ഒക്ടോബർ 25ന് ഹിമാചൽപ്രദേശിലെ കിനാവൂർ ജില്ലയിലെ കൽപ്പ വില്ലേജിൽ താമസിക്കുന്ന ശ്യാം സരൺ നേഗി ഇന്ത്യയെന്ന ഭൂപടമാത്രമായ രാജ്യത്തിന്റെ ജനാധിപത്യ ബോധങ്ങളിൽ ആദ്യ വോട്ട് ചാർത്തി. സമുദ്രനിരപ്പിൽ നിന്നും പതിനായിരം അടി ഉയരത്തിൽ വരെ പോളിങ് ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ഈ മലനിരകളിലേക്ക് പോളിങ് സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നത് കോവർകഴുതകളെയായിരുന്നു. മണിപ്പൂരിലെയും ത്രിപുരയിലെയും അങ്ങേയറ്റം ദുഷ്കരമായ ഇടങ്ങളിലേക്ക് ആനകളെയും ഉപയോഗിച്ചു. ഗോത്രമൂപ്പന്മാരുടെ സഹായമില്ലാതെ എത്താൻ കഴിയാത്തയിടങ്ങളിൽ അവർക്ക് തോക്ക് ലൈസൻസും ചുവന്ന കമ്പിളികളും പാരിതോഷികങ്ങളായി നൽകിക്കൊണ്ട് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ സുകുമാർ സെൻ പരമാവധി ജനങ്ങളുടെ പങ്കാളിത്തം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉറപ്പാക്കി.
ഇത്രയും എഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാ സ്ഥാപനം പ്രവർത്തിച്ചുതുടങ്ങിയ നാളുകളെക്കുറിച്ച് ഓർമ്മിപ്പിക്കാനാണ്. പരമാവധി ജനങ്ങളെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കാനാണ് അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിഷനും അതിന്റെ തലപ്പത്തിരുന്നവരും ശ്രമിച്ചത്. 1990കളോടെ ടി എൻ ശേഷൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി വന്നതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ നേതൃത്വത്തിന് ഓശാന പാടാനുള്ള ഒരു സ്ഥാപനമല്ലെന്ന് തെളിയിക്കപ്പെട്ടു. മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ചിരുന്ന ബാൽ താക്കറെയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്നും വിലക്കിക്കൊണ്ട് കമ്മിഷന്റെ അധികാരം എങ്ങനെ ജനാധിപത്യ സംരക്ഷണത്തിനായി ഉപയോഗിക്കണമെന്ന് കാണിച്ചുകൊടുത്തു. അങ്ങനെ പ്രവർത്തിച്ചിരുന്ന കമ്മിഷനെയാണ് ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും കൂട്ടാളികളും ചേർന്ന് സംഘപരിവാരത്തിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയിരിക്കുന്നത്. തങ്ങൾ ചെയ്യുന്ന പ്രവൃത്തിയിലെ നീതികേട് തിരിച്ചറിയാനുള്ള മിനിമം ബോധം പോലും സംഘഭക്തിയാൽ ഇവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കർണാടകയിൽ നടത്തിയ വോട്ട് മോഷണം തെളിവുസഹിതം പുറത്തുകൊണ്ടുവന്നത് രാഹുൽ ഗാന്ധിയെന്ന ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ്. മുൻ മന്ത്രി വി എസ് സുനിൽ കുമാറും സമാനമായ ആരോപണം തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഉയർത്തിയിട്ടുണ്ട്. വളരെ ബാലിശമായ മറുപടികൾ കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇവർക്ക് നോട്ടീസുകൾ നൽകിയിരിക്കുന്നത്. ഇന്ത്യയിലെ മൂന്നൂറ് എംപിമാർ തെരഞ്ഞെടുപ്പ് കമ്മിഷനിൽ വിശ്വാസമില്ലെന്ന മുദ്രാവാക്യമുയർത്തി കമ്മിഷന്റെ ഡൽഹി ആസ്ഥാനത്തേക്ക് മാർച്ച് ചെയ്തു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ കാണാൻ സൗകര്യമില്ലെന്നാണ് സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞത്. മൂന്നൂറ് എംപിമാർ പ്രതിനിധീകരിക്കുന്നത് ഏതാണ്ട് 40% ഇന്ത്യൻ പൗരന്മാരെയാണ്. പൗരന്മാരുടെ ശബ്ദം കേൾക്കാൻ ഭരണഘടനാപരമായി ബാധ്യതയുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവർക്ക് സൗകര്യമില്ലെന്ന് പറഞ്ഞാൽ അത് ഭരണഘടനയെ അവഹേളിക്കലാണ്. ഭരണഘടനയെ അട്ടിമറിക്കാൻ വർഷങ്ങളായി ശ്രമിക്കുന്ന സംഘ്പരിവാരത്തിന്റെ അജണ്ട ഒളിച്ചുകടത്താനുള്ള ഈ നീക്കം തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും. അങ്ങനെ വിശ്വാസം നഷ്ടപ്പെടണമെന്നതാണ് ആർഎസ്എസിന്റെ ആവശ്യവും. രാഷ്ട്രീയ ബൗദ്ധികതയില്ലാത്ത ആർഎസ്എസ് മനസിലാക്കാത്ത ഒരു കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന് മനസിലാകേണ്ടതുണ്ട്. ഇന്ത്യയെന്ന മഹാരാജ്യം നിലനിൽക്കുന്നത് ഭരണഘടനയെന്ന വിശുദ്ധപുസ്തകത്തിന്റെ അടിത്തറയിലാണ്, അല്ലാതെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കൊണ്ടോ കപടദേശീയത കൊണ്ടോ അല്ല. വോട്ടുമോഷണത്തിന് കുട പിടിച്ചതിന് പിന്നാലെയാണ് ബിഹാറിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്ന പേരിൽ വോട്ടർ പട്ടികയിലുള്ളവരെ വെട്ടിനിരത്തുന്നതും ബിജെപി അനുഭാവികളെ കുത്തിത്തിരുകുന്നതും. അവിടെ ഒരു മണ്ഡലത്തിൽ ശരാശരി 27,000 പൗരന്മാരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. മൊത്തത്തിൽ 65 ലക്ഷം പേരെ. തന്റെ പേര് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് ഒരു പൗരനോടും തെരഞ്ഞെടുപ്പ് കമ്മിഷൻ രേഖാമൂലം പറഞ്ഞിട്ടില്ല. മാത്രമല്ല ഇത്തരത്തിൽ ഒരു പ്രക്രിയ നടത്തുന്നതിന് മുമ്പ് സ്വീകരിക്കേണ്ട യാതൊരു കാര്യങ്ങളും കമ്മിഷൻ ചെയ്തിട്ടില്ലെന്ന് മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ തന്നെ പറഞ്ഞുകഴിഞ്ഞു.
22 ലക്ഷം പേരുടെ മരണം എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥിരീകരിച്ചത്? ഒരാളെ ഒഴിവാക്കുന്നതിന് മുമ്പ് അയാളുടെ ഭാഗം കേൾക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷൻ കാണിച്ചിട്ടുണ്ടോ? ഒഴിവാക്കപ്പെട്ടയാളുകളുടെ പേരും വിവരങ്ങളും മാധ്യമങ്ങൾക്കോ മുഖ്യാധാരാ രാഷ്ട്രീയ പാർട്ടികൾക്കോ നൽകാത്തത് എന്തുകൊണ്ട്? വളരെ പ്രധാനപ്പെട്ട ഇത്തരം വിവരങ്ങൾ മറച്ചുവയ്ക്കുന്നതിലൂടെ വോട്ടവകാശം എന്ന ജനാധിപത്യ അവകാശം നിഷേധിക്കുകയാണ് കമ്മിഷൻ ചെയ്തിരിക്കുന്നത്.
അരികുവൽക്കരിക്കപ്പെട്ടവരും സ്ത്രീകളുമാണ് വോട്ടവകാശ നിഷേധത്തിന് ഇരകളായിരിക്കുന്നതെന്നാണ് ലഭ്യമായ വിവരങ്ങൾ വച്ചുകൊണ്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പോലുള്ള സംഘടനകൾ പറയുന്നത്. അവരത് സത്യവാങ്മൂലമായി സുപ്രീം കോടതിയിൽ നൽകിയിട്ടുമുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുചെയ്യിക്കാൻ വേണ്ടി ജനങ്ങളുടെ അടുക്കലേക്ക് ചെല്ലുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത് നിങ്ങൾ എന്തിന് വോട്ട് ചെയ്യണമെന്നതിന് നിങ്ങൾ തന്നെ ഉത്തരം എഴുതി നൽകണമെന്നാണ്. നിരക്ഷരരായ കോടികൾ അധിവസിക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ വോട്ടർമാരോടാണ് ഇത്തരത്തിൽ പറയുന്നതെന്നോർക്കണം. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ രാഷ്ട്രപിതാവിനെയാണ് കമ്മിഷൻ കളിയാക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വോട്ടർ പട്ടിക പുതുക്കൽ എന്ന ബൃഹത്തായ ഒരു കൃത്യം ചെയ്യുമ്പോൾ അതിന്റെ ആവശ്യവും വരുംവരായ്കകളും കുറഞ്ഞപക്ഷം പാർലമെന്റിനെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതാണ്. അവിടെ ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ വിഡ്ഢിച്ചിരിയാണ് പ്രധാനമന്ത്രിയുടെ ഉത്തരം. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച് അധികാരത്തിൽ എത്തിയ പാർട്ടിയെന്ന സവിശേഷ വിശേഷണം ലോകമാധ്യമങ്ങൾ ബിജെപിക്ക് നൽകുന്ന കാലം വിദൂരത്തിലല്ല.
ഒരാളുടെ പൗരത്വം രേഖപ്പെടുത്തേണ്ട ചുമതല ആ രാജ്യത്തിനാണ്. ആ ഉത്തരവാദിത്തം നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടം താൻ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കണമെന്ന് പറയുന്നതിലെ കൗശലം ചെറുതല്ല. ഇലക്ട്രറൽ ഐഡി കാർഡും ആധാർ കാർഡും ആർക്കു വേണമെങ്കിലും വ്യാജമായി ഉണ്ടാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ പറഞ്ഞപ്പോൾ നാണം കെട്ടത് ഈ രാജ്യത്ത് നിലവിലിരിക്കുന്ന നീതിന്യായ വ്യവസ്ഥയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ നൽകിയ ഇലക്ട്രറൽ ഐഡി കാർഡ് വ്യാജമായി സൃഷ്ടിക്കാമെന്ന് അവര്‍ തന്നെ പറയുമ്പോൾ ആരുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്? എന്തിനും ഏതിനും ആധാർ കാർഡ് ആവശ്യപ്പെടുന്ന ഒരു രാജ്യത്ത് അത് രേഖയായി കണക്കാക്കാൻ പറ്റില്ലെന്ന് പറയുന്നതിന്റെ നിയമസാധുത എന്താണ്? വ്യാജമായി ഇത്തരം കാർഡുകൾ നിർമ്മിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഏജൻസികൾ മോശമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊതുജനം വിശ്വസിക്കുന്നത്. ആ വിശ്വാസത്തിലാണ് ജനം സമാധാനമായി ഉറങ്ങുന്നതും. ആ ഏജൻസികളെ മുഴുവൻ താറടിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമീപനം. തെരഞ്ഞെടുപ്പ് കമ്മിഷനെ എങ്ങനെ തെരഞ്ഞെടുക്കണമെന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിർദേശങ്ങളെ കാറ്റിൽപ്പറത്തിയാണ് നിയമനം നടന്നത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർ അംഗങ്ങളായ കമ്മിറ്റിയാകണം തെരഞ്ഞെടുപ്പ് കമ്മിഷനെ നിയോഗിക്കേണ്ടതെന്ന നിർദേശത്തെ മറികടന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിയെന്ന് നിയമനിർമ്മാണം നടത്തിയാണ് നരേന്ദ്ര മോഡി, അമിത് ഷായെ കമ്മിറ്റി അംഗമാക്കുന്നത്. ഒരു ഉത്സവ കമ്മിറ്റിയുടെ വിശ്വാസ്യത പോലും ഇല്ലാത്ത ഈ കമ്മിറ്റി നിയമിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷണർമാർ തുരങ്കംവയ്ക്കുന്നത് ഒരു ജനതയ്ക്ക് ഒരു സംവിധാനത്തിലുള്ള വിശ്വാസത്തെയാണ്.

