ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഒരു സർക്കാരിനോട് രാജ്യത്തെ ഏറ്റവും ഉന്നതമായ നീതിപീഠം പറയുകയാണ് നിയമം പാലിക്കണമെന്ന്, പ്രതികാരമായി വീടുകൾ ഇടിച്ചുനിരത്തരുതെന്ന്. ഇന്ത്യയിൽ ഏറ്റവുമധികം മതന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഉത്തർപ്രദേശ് ഭരണകൂടത്തോടാണ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും വിക്രം നാഥും ചേർന്ന അവധിക്കാല ബഞ്ചിന് ഇത്തരത്തിൽ ഒരു നിർദേശം നൽകേണ്ടി വന്നതെന്നത് ഇന്ത്യയിൽ ജീവിക്കുന്ന മതന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ചും മുസ്‌ലിങ്ങളുടെ ദുരവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്. ഭരണഘടനാ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്ക്കർ ഇത്തരം സംഭവവികാസങ്ങളെ ദീർഘവീക്ഷണം ചെയ്തതുകൊണ്ടു മാത്രമാണ് കോടതിയിലെങ്കിലും ഇതൊക്കെ ചോദ്യം ചെയ്യാൻ കഴിയുന്നത്. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച മുസ്‌ലിങ്ങളും മുസ്‌ലിം സംഘടനാ നേതാക്കളുമാണ് സംഘ്പരിവാറിന്റെ ക്രോധത്തിനിരയായി മാറിക്കൊണ്ടിരിക്കുന്നത്. ബുൾഡോസർ രാഷ്ട്രീയത്തിന്റെ ലബോറട്ടറിയായി ഇക്കുറി സംഘ്പരിവാരം തെരഞ്ഞെടുത്തിരിക്കുന്നത് ആദിത്യനാഥ് ഭരിക്കുന്ന യുപിയെയായത് യാദൃച്ഛികമല്ല. ഭരണഘടനാ മൂല്യങ്ങളോടൊ തത്വങ്ങളോടൊ യാതൊരു ബഹുമാനവുമില്ലാത്തയാളാണ് താനെന്നത് നിരവധി പ്രവർത്തികളിലൂടെ അദ്ദേഹം തന്നെ തെളിയിച്ചുകഴിഞ്ഞതാണ്. രാജ്യത്തെ ഏറ്റവും പിന്നാക്ക സൂചികകളിൽ നിന്നു കറങ്ങുന്ന യുപിയിലെ ജാതി-മത രാഷ്ട്രീയത്തെ ഉപയോഗിക്കാൻ ഏറ്റവും നല്ലയാൾ ആദിത്യനാഥാണെന്ന് സംഘ്പരിവാർ നേതൃത്വത്തിനറിയാം. കടുത്ത മുസ്‌ലിം വിരുദ്ധത പേറുന്ന ഈ മുഖ്യമന്ത്രി വാസ്തവത്തിൽ ഇന്ത്യയ്ക്ക് തന്നെ അപമാനമാകുകയാണ്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇപ്പോൾ തന്നെ തലകുനിക്കേണ്ടി വന്ന സ്ഥിതി സൃഷ്ടിക്കുന്നതിൽ ആദിത്യനാഥിനുള്ള പങ്ക് ചെറുതല്ല. വെൽഫെയർ പാർട്ടിയുടെ ദേശീയ സമിതി അംഗമായ ജാവേദിന്റെ വീട്ടിലൂടെയാണ് യോഗി ബുൾഡോസർ ഉരുട്ടിയത്.
ഇതും കൂടി വായിക്കാം; തൊഴിലില്ലാപടയെ പറ്റിക്കുവാനുള്ള പ്രഖ്യാപനം
അനധികൃത നിർമ്മാണം എന്നാണ് അധികൃതർ കാരണം പറയുന്നത്. ഇതുതന്നെ അവർ സുപ്രീം കോടതിയിലും ആവർത്തിച്ചു. ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ കൈപ്പറ്റുന്ന ഹരീഷ് സാൽവെ എന്ന വക്കീലിനെയാണ് ഈ കൊടിയ പാതകത്തെ ന്യായീകരിക്കാൻ സോളിസിറ്റർ ജനറലായ തുഷാർ മേത്തയോടൊപ്പം ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ സുപ്രീം കോടതിയിൽ ജഡ്ജിയും ഇപ്പോൾ ഫിജി എന്ന രാജ്യത്തെ സുപ്രീം കോടതി ജഡ്ജിയുമായ മദൻ ബി ലോക്കൂർ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ ഇതേക്കുറിച്ചെഴുതിയ ലേഖനത്തിൽ ചോദിക്കുന്ന പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. ഇത്രയുംകാലം ജാവേദിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിന്റെ നികുതി വസൂലാക്കിയ ഉദ്യോഗസ്ഥന്മാർക്കെതിരെ എന്തു നടപടിയെടുത്തു, ജാവേദിന്റെ ഭാഗം പറയാനുള്ള സമയം നല്കാത്തതെന്ത്, കെട്ടിടം പൊളിക്കാൻ അവധി ദിനമായ ഞായറാഴ്ച എന്തിന് തെരഞ്ഞെടുത്തു എന്നു തുടങ്ങിയ നിരവധി ചോദ്യങ്ങൾ അദ്ദേഹം ഉയർത്തുന്നുണ്ട്. പക്ഷേ ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഉത്തർപ്രദേശ് പോലൊരു സംസ്ഥാനത്ത് ഇത്തരം ചോദ്യങ്ങൾ കേൾക്കാനോ അതിന് ഉത്തരം നൽകാനോ ആരും ഉണ്ടാവില്ല. അങ്ങനെ ഉണ്ടാകരുതെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ ഉറപ്പിച്ചിട്ടുമുണ്ട്. പ്രവാചകനിന്ദ നടത്തിയ ആളുകളെ ബിജെപിയിൽ നിന്നും പുറത്താക്കിയതുകൊണ്ട് നിയമം നടപ്പാക്കപ്പെടുന്നില്ല. ചെറിയ കാര്യങ്ങള്‍ക്കുപോലും രാജ്യദ്രോഹക്കുറ്റം ചുമത്തി ശീലിച്ച ഈ കപട ദേശീയവാദികൾക്ക് പ്രവാചകനിന്ദപോലും കാതിനിമ്പമുള്ള കാര്യമായിരുന്നിരിക്കണം. സമ്പന്ന മുസ്‌ലിം രാജ്യങ്ങൾ ഇടഞ്ഞപ്പോൾ നരേന്ദ്ര മോഡിയുൾപ്പെടെയുള്ളവർ ആ രാജ്യങ്ങളിലെ ഭരണാധികാരികളുടെ മുന്നിൽ സാഷ്ടാംഗം വീണതും നമ്മൾ കണ്ടു. അപ്പോൾ ഇവരുടെ ശത്രുക്കൾ ഇന്ത്യയിൽ ജീവിക്കുന്ന മുസ്‌ലിങ്ങൾ മാത്രമാണോ? സ്വന്തം പൗരന്മാരെ രണ്ടാം തരക്കാരാക്കി കൊന്നൊടുക്കാനുള്ള ഹൈന്ദവ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾക്ക് ഇന്ത്യ എങ്ങനെ വളക്കൂറുള്ള മണ്ണായി എന്നതാണ് അന്വേഷിക്കേണ്ടത്.
ജനാധിപത്യം എന്നത് മെജോറിറ്റേറിയനിസമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന സംഘ്പരിവാർ നേതൃത്വത്തിന് മതന്യൂനപക്ഷ വേട്ടക്കുള്ള ലൈസൻസാണ് ലഭിച്ചിരിക്കുന്നതെന്ന് അവർ കരുതുന്നു. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ നിന്നും എംപിമാരുടെ എണ്ണം തികച്ച് ഡൽഹി ഭരിക്കുമ്പോൾ മറ്റൊരുപാട് സംസ്ഥാനങ്ങളിൽ ഇവർ തിണ്ണനിരങ്ങികൾ മാത്രമാണ്. ന്യൂനപക്ഷ വിരോധത്തിൽ കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടാണ് കശ്മീർ പ്രശ്നമെന്തെന്ന്പോലും മനസിലാക്കാതെ ആ ഭൂമികയെ വെട്ടിപ്പിളർന്നതും ഭീകരപ്രവർത്തകർക്ക് വളമായി മാറിയതും. ആർഎസ്എസ് ശാഖകളിൽ പഠിപ്പിക്കുന്ന ആയുധകലകൊണ്ട് കശ്മീർ വിഷയം പരിഹരിക്കാനിറങ്ങിയ മോഡി-അമിത് ഷാ ദ്വയത്തിന് ഇപ്പോൾ കശ്മീർ താഴ്‌വരയിൽ നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല. യഥാർത്ഥത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൊലക്കത്തിയ്ക്കു മുന്നിലേക്ക് എറിഞ്ഞുകൊടുത്തത് സംഘ്പരിവാരത്തിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയമല്ലേ? ഒരു മണ്ണിലും ആവാസവ്യവസ്ഥയിലും ജീവിക്കുന്ന ജനതതിയുടെ വികാരവിചാരങ്ങൾ മനസിലാക്കാതെ സൈന്യത്തെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് ധരിക്കാൻ സംഘ്പരിവാരം പോലുള്ള മൂന്നാംകിട രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾക്ക് മാത്രമേ സാധിക്കൂ. സമൂഹത്തിലെ ഏറ്റവും ന്യൂനപക്ഷമായ ആളുകളുടെ ജീവിതത്തിൽ കൂടി സമൃദ്ധിയും സന്തോഷവും ഉറപ്പാക്കുമ്പോഴേ ജനാധിപത്യം എന്ന സചേതന പ്രക്രിയയ്ക്ക് അർത്ഥവും മാനവും ഉണ്ടാകുന്നുള്ളൂ. പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെന്നത് മാത്രം ഒരു പാർട്ടിയേയും ജനാധിപത്യ ബോധമുള്ള കക്ഷിയാക്കി മാറ്റുന്നില്ല. ഫാസിസത്തിന്റെ കടന്നുവരവിന് ജനാധിപത്യ വേദികളെ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ ക്ലാസിക്ക് ഉദാഹരണമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും യൂണിയൻ ഗവണ്‍മെന്റും. ഹിറ്റ്ലറും ഏതാണ്ടിതേ രീതിയിലാണ് അധികാരത്തിലെത്തിയത്. അതേ ഹിറ്റ്ലർ എങ്ങനെയാണ് ഒടുങ്ങിയതെന്നതും ചരിത്രം.
ഇതും കൂടി വായിക്കാം; കള്ളപ്പണത്തിനെതിരായ അധരവ്യായാമം
2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നിലനിര്‍ത്താൻ രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കേണ്ടതുണ്ട്. 2002 ലെ ഗുജറാത്ത് കലാപത്തിലൂടെ അവർ നേടിയ രാഷ്ട്രീയനേട്ടം അങ്ങനെയായിരുന്നല്ലോ. ഹിന്ദു ദേശീയത ആളിക്കത്തിക്കണമെങ്കിൽ കുറച്ചധികം കലാപങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. പ്രവാചകനിന്ദയെന്നത് ഒരു ആണും പെണ്ണും അബദ്ധവശാൽ ചെയ്തുപോയ ഒന്നല്ല. സംഘ്പരിവാർ ലബോറട്ടറിയിൽ നല്ലതുപോലെ ചർച്ച ചെയ്ത് പ്രാവർത്തികമാക്കിയ നാടകമായിരുന്നു അത്. ആത്മാഭിമാനമുള്ള ഏതൊരു മുസൽമാന്റേയും ചോര തിളയ്ക്കുമെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത് കലാപങ്ങൾക്കിടയാക്കുമെന്നും മോഹൻ ഭാഗവത് മുതൽ നരേന്ദ്ര മോഡി വരെയുള്ളവർക്ക് അറിയാം. എല്ലാ ക്ഷേത്രങ്ങളിലും പോയി ശിവലിംഗം അന്വേഷിക്കേണ്ടെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ഇത്തരത്തിൽ ഒരു നികൃഷ്ടമായ കാര്യം ചെയ്യാൻ സംഘ്പരിവാരത്തിന്റെ വക്താക്കൾക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ചിന്തിച്ചാൽ മാത്രം മതി കാര്യങ്ങൾ വെളിവാകാൻ. രണ്ടും കുറുക്കിക്കാച്ചിയെടുത്തത് സമൂഹത്തിൽ വർഗീയതയുടെ വിഷവിത്ത് മുളപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.
മോഡിക്കും അമിത്ഷാക്കും അധികാരമെന്നത് ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനപ്പുറം ശതകോടികളുടെ ബിസിനസു കൂടിയാണ്. മത വിഘടനവാദം കോർപ്പറേറ്റുവൽക്കരിക്കുന്ന അതിശയകരമായ പ്രതിഭാസമാണിത്. ഇന്ത്യൻ രൂപയുടെ വില കുത്തനെ താഴുമ്പോഴും അവരിരുവരുടേയും അഡാനി- അംബാനി ചങ്ങാതിമാർ അവരുടെ ബിസിനസുകളിലൂടെ ഫോബ്സ് മാസികയുടെ കവർസ്റ്റോറികളിൽ നിറയുന്നത് ഇന്നത്തെ ഒരു നിത്യകാഴ്ചയാണ്. അഗ്നിപഥ് എന്ന പേരിൽ സൈന്യത്തെ കാവിവൽക്കരിക്കാനും അതിലൂടെ പടക്കോപ്പുകൾ വാങ്ങിക്കൂട്ടി കമ്മിഷനടിക്കാനുമുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപം പടർത്തുകയാണ്. ഈ കലാപങ്ങളേയും തങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ വരും ദിവസങ്ങളിൽ നമുക്ക് കാണാൻ കഴിയും. രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവി എങ്ങനെയായാലും വേണ്ടില്ല തങ്ങളുടെ കീശ വീർക്കണമെന്ന ആഗ്രഹത്തിൽ ബലിയാടാകാൻ ബിജെപി അണികൾപോലും തയ്യാറാകേണ്ടി വരും. ഇവിടെയും മതന്യൂനപക്ഷങ്ങൾ അരികുവൽക്കരിക്കപ്പെടുക തന്നെ ചെയ്യും. അവർക്കായി സൈന്യത്തിൽ നീക്കിവച്ചിരിക്കുന്ന അവസരങ്ങൾ നഷ്ടപ്പെടും. പരാതി പറയാൻപോലും ഇടമില്ലാതെ കണ്ടിരിക്കാനേ ഇന്നത്തെ അവസ്ഥയിൽ മതന്യൂനപക്ഷങ്ങൾക്ക് സാധിക്കുകയുള്ളൂ.