Site iconSite icon Janayugom Online

വേണ്ടത് ജനാധിപത്യം സംരക്ഷിക്കുന്ന ഭരണകൂടം

പതിനെട്ടാം ലോക്‌സഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. രാജ്യം ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നതിനു മാത്രമല്ല ഇന്ത്യൻ ഭരണഘടനയുടെ അലംഘനീയമായ അടിസ്ഥാന സവിശേഷതകൾ നിലനിർത്തുന്നതിനുള്ള പോരാട്ടം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ജനാധിപത്യ‑മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുന്നവരുടെ ഐക്യത്തോടൊപ്പം നവലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെ പോരാടുന്നവരുടെ ഐക്യവും പരമപ്രധാനമാണ്. 1991ൽ കോണ്‍ഗ്രസ് സർക്കാർ തുടങ്ങിവച്ച നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യയിലെ സാമ്പത്തിക അസമത്വം വർധിപ്പിച്ചു. ദരിദ്ര ജനവിഭാഗങ്ങളുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം വർധിച്ചു. ആഭ്യന്തര മൊത്ത ഉല്പാദനത്തിൽ തുടർച്ചയായ മുരടിപ്പ് ദൃശ്യമായി. ഇന്ത്യ ചങ്ങാത്ത മുതലാളിത്തത്തിന്റെ വിളനിലമായി. രാഷ്ട്രീയ നേതാക്കളും കോർപറേറ്റ് കമ്പനികളും രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും ചേർന്ന പുതിയ കൂട്ടുകെട്ട് രാജ്യത്തെ പാപ്പരീകരിച്ചു തുടങ്ങി. 2023ലെ ആഗോള വിശപ്പ് സൂചികയിൽ 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്. ലോകത്ത് പട്ടിണിക്കാരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യമാണിപ്പോള്‍ ഇന്ത്യ. 2014ൽ 55 ലക്ഷം കോടിയുടെ മൊത്തം കടമുണ്ടായിരുന്ന രാജ്യത്തിന്റെ ഇന്നത്തെ കടം 168 ലക്ഷം കോടി രൂപയാണ്.
രാഷ്ട്രീയ പാർട്ടികൾ കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നും സംഭാവന വാങ്ങുന്നതിന് പുതിയ സംവിധാനമായി 2018 മുതൽ മോഡി സര്‍ക്കാര്‍ ആരംഭിച്ചതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഈ പദ്ധതി റദ്ദ് ചെയ്തു. ഇലക്ടറൽ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമെന്നാണ് നീതിപീഠം വിശേഷിപ്പിച്ചത്. ബോണ്ടുകളിൽക്കൂടി ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ചില രാഷ്ട്രീയ പാർട്ടികൾ നേടിയ കോടികൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. 16,518 കോടിയാണ് 2018 മുതൽ ഇലക്ടറൽ ബോണ്ടുകളിൽക്കൂടി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയത്. 7,000 കോടി രൂപയിലധികം ബിജെപിക്ക് മാത്രം ലഭിച്ചു. ഓഡിറ്റ് പ്രകാരം ലാഭമില്ലാത്തതും നഷ്ടത്തിൽ പ്രവർത്തിക്കുന്നതുമായ 45 കമ്പനികൾ 108 കോടിരൂപ ഇലക്ടറൽ ബോണ്ട് മുഖേന ചില രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ വാർത്തകളും പുറത്തു വന്നു. നികുതി വെട്ടിപ്പു നടത്തുകയും കള്ളപ്പണം സമ്പാദിക്കുകയും ചെയ്യുന്ന ഇത്തരം കമ്പനികൾ ഇലക്ടറൽ ബോണ്ടുകളെ ഒരു സംരക്ഷിത കവചമാക്കി. ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടികളെയും വിലയ്ക്ക് എടുക്കാൻ ഇതിൽക്കൂടി ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടിക്ക് കഴിഞ്ഞു. ഇടതുപക്ഷ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകളിൽക്കൂടി പണം സമ്പാദിച്ചിട്ടില്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്.
നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ പരിപാടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോയി. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ തന്ത്രപ്രധാനമായ നിരവധി സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെട്ടു. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിയിലൂടെ പൊതുസ്വത്തുക്കൾ ദീർഘകാല പാട്ട വ്യവസ്ഥയ്ക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള പദ്ധതി രാജ്യത്തിന്റെ സുസ്ഥിരതയ്ക്കുതന്നെ ഭീഷണിയാണ്. റോഡുകൾ, റെയിൽവേ, വിദ്യുച്ഛക്തി തുടങ്ങിയ മേഖലകളിൽ നേരിട്ടുള്ള സ്വകാര്യ നിക്ഷേപം വഴി നിലവിലുള്ള സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് ഏറ്റെടുക്കാനാവും. ടെലി കമ്മ്യൂണിക്കേഷൻ, ഖനനം, വ്യോമയാനം, പെട്രോളിയം തുടങ്ങിയ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കുന്നു. ചുരുക്കത്തിൽ രാഷ്ട്രത്തിന്റെ സ്വത്തുക്കളെല്ലാം തന്നെ സ്വകാര്യ മേഖല കൈവശപ്പെടുത്തും.

 


ഇതുകൂടി വായിക്കൂ: ഇവിഎം സുതാര്യത ഉറപ്പുവരുത്തണം


2019ൽ പാർലമെന്റ് പാസാക്കിയ ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിൽക്കൂടി ആ സംസ്ഥാനത്തിന്റെ സംസ്ഥാന പദവിയും പ്രത്യേകാവകാശങ്ങളും എടുത്തു കളഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി എത്രയും വേഗം നൽകുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സര്‍ക്കാര്‍ നൽകിയ ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല. അതേവർഷം പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽക്കൂടി അഞ്ച് മതവിഭാഗത്തിൽ ഉൾപ്പെട്ട അഭയാർത്ഥികൾക്ക് മാത്രമായി പൗരത്വം നല്‍കുന്നതിന് തീരുമാനിച്ചു. അതോടുകൂടി ഇന്ത്യയിൽ ആദ്യമായി പൗരത്വത്തിന് മതം ഒരു മാനദണ്ഡമായി. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയും സമ്പത്തുമാണ്. പൗരന്റെ ജനാധിപത്യ അവകാശത്തെ സംരക്ഷിക്കാത്ത ഭരണകൂടത്തെ ജനങ്ങൾ വെറുക്കുക സ്വാഭാവികമാണ്. എതിർശബ്ദങ്ങളെ ഭയക്കുന്നവർ യഥാർത്ഥത്തിൽ ഭയക്കുന്നത് ജനാധിപത്യത്തെയാണ്.
സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ ഫെഡറൽ തത്വങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തുന്ന പ്രവണതയും ഏറി വരുന്നു. കേന്ദ്ര നികുതി വിഹിതം പങ്കുവയ്ക്കുന്നതിലും സെസ്, സർചാർജ് എന്നിവ ഏകപക്ഷീയമായി വർധിപ്പിക്കുന്നതിലും ഉള്ള പരാതിയും ശക്തമാണ്. 2015–16 വരെ സെസും സർചാർജും കൂടി മൊത്തം നികുതി വരുമാനം 5.9 ശതമാനം ആയിരുന്നത് 2023–24 ആയപ്പോൾ 10.8 ശതമാനം ആയി വർധിപ്പിച്ചു. ഈ പ്രവണത സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എണ്ണം കൂടുന്നതും കേന്ദ്രവിഹിതം കുറയുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഗവർണർ പദവിയും ഫെഡറൽ സംവിധാനത്തിൽ ആവശ്യമുണ്ടോ എന്ന ചർച്ചകളും ഇന്ന് സജീവമാണ്.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിക്കുന്ന കേരളത്തിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങൾ എന്നും അഭിമാനകരമാണ്. ആരോഗ്യ‑വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾക്കൊപ്പം ഭവന നിർമ്മാണം, പൊതുവിതരണം, വികേന്ദ്രീകൃത അധികാര വിനിയോഗം തുടങ്ങിയ മേഖലകളിലെല്ലാം കേരളം രാജ്യത്തിനു മാതൃകയായി. കേരളത്തിന്റെ സുസ്ഥിര വികസനം വികസിത രാജ്യങ്ങളുടേതിനു തുല്യമായി ഉയർത്തപ്പെട്ടു. എല്‍ഡിഎഫ് സർക്കാർ നടപ്പിലാക്കിയ പൊതുവിതരണ സംവിധാനം ഏറെ ഫലപ്രദമാണെന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ലോകം മുഴുവൻ കോവിഡ് മഹാമാരിയിൽ പെട്ട് ഭക്ഷണവും, മരുന്നും, ആശുപത്രി സൗകര്യങ്ങളും കിട്ടാതെ വലഞ്ഞ സാഹചര്യത്തിൽ കേരള സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും പൊതുവിതരണ സംവിധാനം വഴി ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കിയത് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചു. വികസിത രാഷ്ട്രങ്ങളായ യുഎസ്, ബ്രിട്ടന്‍, ജർമ്മനി മുതലായ സമ്പന്ന രാഷ്ട്രങ്ങളിലടക്കം കോവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ ലക്ഷങ്ങൾ മരിച്ചുവീണപ്പോൾ കൊച്ചു കേരളത്തിൽ ഒരു രോഗിക്കുപോലും ചികിത്സ ലഭിക്കാതിരുന്നില്ല. ഒരു മനുഷ്യനും ഓക്സിജൻ ലഭിക്കാതെ മരിച്ചുവീണില്ല. കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച സാമൂഹ്യ അടുക്കള എന്ന സംവിധാനവും ഏറെ ശ്രദ്ധേയമായി. സംസ്ഥാനത്ത് 64,000ൽ അധികം അതിദരിദ്ര ജനവിഭാഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2025 നവംബറോടുകൂടി അതിദാരിദ്ര്യം പൂർണമായും തുടച്ചു നീക്കാൻ കഴിയുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
നെല്ല് സംഭരണത്തിൽ സർക്കാർ കാണിക്കുന്ന ശുഷ്കാന്തി പ്രശംസനീയമാണ്. നെല്ലിന് ഏറ്റവും കൂടിയ സംഭരണവില നൽകുന്ന സംസ്ഥാനമാണ് കേരളം. കിലോഗ്രാമിന് 28.20 പൈസയാണ് ഇവിടെ നെല്ലുവില. എല്ലാ സാമ്പത്തിക ഞെരുക്കത്തിനിടയിലും ബാങ്കുകളുടെ സഹായത്തോടെ നെൽക്കർഷകർക്ക് സംഭരണ വില നൽകാൻ സർക്കാരിന് കഴിയുന്നു. രാജ്യത്ത് നെൽവയലുകൾക്ക് റോയൽറ്റി ഏർപ്പെടുത്തിയ ഏകസംസ്ഥാനം കേരളമാണ്. ഒരു ഹെക്ടറിന് 2,500 രൂപ സംസ്ഥാന സർക്കാർ റോയൽറ്റിയായി നെൽക്കർഷകർക്ക് നൽകുന്നു. കർഷകർക്ക് പെൻഷനും സംസ്ഥാനം ആവിഷ്കരിച്ചു. കയർ-കശുവണ്ടി-നെയ്ത്ത്-ചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലയിൽ തൊഴിൽ സ്ഥിരത ഉറപ്പുവരുത്താനും ഈ മേഖലകളുടെ ആധുനികവൽക്കരണത്തിനും വൈവിധ്യവൽക്കരണത്തിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.
സർക്കാർ നടത്തിയ ശക്തമായ ഇടപെടലുകളുടെ ഫലമായി ക്ഷീരമേഖല സ്വയംപര്യാപ്തതയിലേക്ക് എത്തുകയാണ്. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാനും നിലവാരം മെച്ചപ്പെടുത്താനും സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. പാഠപുസ്തക അച്ചടി മുൻകൂട്ടി തന്നെ പൂർത്തിയാക്കാനും സർക്കാരിനു കഴിഞ്ഞു. സമസ്ത മേഖലകളെയും കൈപിടിച്ചുയർത്താൻ കഴിഞ്ഞ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒരു ജനപക്ഷ സർക്കാരിന്റെ മാതൃകാ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.
എല്‍ഡിഎഫ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളും മാതൃകാപരമാണ്. 60 ലക്ഷത്തിലധികം പാവപ്പെട്ടവർക്ക് കേരള സർക്കാർ സാമൂഹിക സുരക്ഷിതത്വ പെൻഷൻ നൽകുന്നു. എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട് എന്നത് സര്‍ക്കാര്‍ ലക്ഷ്യമാണ്. അത് ഏറെക്കൂറെ സാക്ഷാത്ക്കരണത്തിന്റെ വക്കിലെത്തി നിൽക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഏകദേശം അഞ്ച് ലക്ഷം പേർക്ക് വീട് നല്‍കാൻ കഴിഞ്ഞു. 3,17,000 പേർക്ക് ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന പട്ടയം നൽകി. വ്യവസായ വകുപ്പിൽ സൂക്ഷ്മ‑ചെറുകിട‑ഇടത്തര വ്യവസായ സംരംഭങ്ങളിൽക്കൂടി പുതുതായി അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു. തുടർച്ചയായി ആരോഗ്യമേഖലയിലും ക്രമസമാധാന മേഖലയിലും കേരളം ഉന്നതമായ സ്ഥാനങ്ങൾ നേടുന്നു. മികച്ച ഭരണം നിലനിൽക്കുന്ന സംസ്ഥാനമായി കേരളം തുടർച്ചയായി മുന്നിലെത്തി. ജനങ്ങളോടുള്ള കരുണയും കരുതലും മുഖമുദ്രയാക്കിയ ഒരു ജനകീയ സര്‍ക്കാരിന് നൽകുന്ന പിന്തുണയുടെയും ശക്തിപ്പെടുത്തലിന്റെയും കൂടി വിജയമായിരിക്കും കേരളത്തിൽ എൽഡിഎഫിനുണ്ടാകുന്ന വിജയം.
സംസ്ഥാനം കേന്ദ്ര ഭരണകൂടത്തിന്റെ സാമ്പത്തിക വിവേചനത്താൽ ഏറെ ശ്വാസംമുട്ടിയപ്പോൾ ഇരയോടൊപ്പമല്ല വേട്ടക്കാരോടൊപ്പം നിന്നവരാണ് ഇവിടെ നിന്നുള്ള യുഡിഎഫിന്റെ പാർലമെന്റ് അംഗങ്ങൾ എന്നതും മറന്നുപോകാൻ പാടില്ല. തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്തി, വിലക്കയറ്റം നിയന്ത്രിച്ച് നീതിപൂർവവും നിലനിൽക്കുന്നതുമായ വികസനം ഉറപ്പുനൽകുന്ന രാഷ്ട്രീയ സാമ്പത്തിക കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ശക്തികളും തെരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുന്നത്. സാമ്പത്തിക നീതി ഉറപ്പുവരുത്തി, മതനിരപേക്ഷ ജനാധിപത്യത്തെ സംരക്ഷിച്ച് ജനങ്ങൾക്ക് സമാധാനപൂർണമായ ജീവിതം പ്രദാനം ചെയ്യാൻ ലോക്‌സഭയിലേക്ക് ഇടതുമുന്നണി സ്ഥാനാർത്ഥികള്‍ വൻ ഭൂരിപക്ഷത്തോടെ വിജയിക്കേണ്ടത് കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ നിലനില്പിന് തന്നെ അനിവാര്യമാണ്.

Exit mobile version