ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫെഡറൽ ജനാധിപത്യ രാജ്യമായ അമേരിക്കയിൽ, 1913 മുതൽ പ്രതിനിധി സഭയിലെ സീറ്റുകളുടെ എണ്ണം 435 ആയി തുടരുന്നു. ഇങ്ങനെ ചിന്തിച്ചാല്‍ ജനസംഖ്യാ വളർച്ചയ്ക്കനുസൃതമായി ഇന്ത്യയിലെ ലോക്‌സഭാ — നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും അതിരുകളും പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടികളില്‍ യാതൊരു ന്യായീകരണവുമില്ല. പ്രത്യേകിച്ച് ഏറെ വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം ഒരു സെൻസസ് പ്രക്രിയയിലൂടെ കടന്നുപോകുന്നതിനിടെ. വാസ്തവത്തിൽ, ജനസംഖ്യാ വളർച്ച എങ്ങനെ നിയന്ത്രിക്കാമെന്നും നിയമസഭകളെ എങ്ങനെ ജനങ്ങള്‍ക്ക് ശരിയായ രീതിയില്‍ സംഭാവന നൽകുന്നതാക്കാമെന്നുമുള്ള കാര്യത്തിലാണ് ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. രണ്ട് വർഷം മുമ്പ്, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യ ചൈനയെ മറികടന്നു. ഭൂവിസ്തൃതിയുടെ കാര്യത്തിൽ ചൈന നമ്മുടെ രാജ്യത്തെക്കാള്‍ മൂന്നിരട്ടി വലുതാണെന്ന വസ്തുതയും കണക്കിലെടുക്കണം. നിലവിലെ സെൻസസ് പ്രക്രിയയ്ക്ക് ശേഷം, രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ നിന്ന് പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതിനായി ജനസംഖ്യയുടെ വലിപ്പം എങ്ങനെ നിയന്ത്രിക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിർത്തി നിർണയ പ്രക്രിയയില്‍ നിന്ന് തല്‍ക്കാലം പിന്നോട്ട് പോകണം. പൊതുപ്രശ്നങ്ങൾ ഉന്നയിച്ചും ചർച്ചകളിൽ പങ്കെടുത്തും പാർലമെന്റ് നടപടിക്രമങ്ങളിൽ കാര്യമായ സംഭാവന നൽകാത്ത ‘ബാക്ക്ബെഞ്ചർ’മാരുടെ എണ്ണം അധികമില്ലാതെ ലോക്‌സഭ നന്നായി പ്രവർത്തിക്കണം.
ഓരോ സംസ്ഥാനത്തെയും ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള മണ്ഡലങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) സംവരണ പ്രാതിനിധ്യമുണ്ടാകുന്നത്. ഭരണഘടനയുടെ അനുച്ഛേദം 82, 170 എന്നിവ ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണവും അതിര്‍ത്തികളും ഓരോ സെൻസസിന് ശേഷവും പുനഃക്രമീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അസംബ്ലികളിലെയും പാർലമെന്റിലെയും സീറ്റുകളുടെ എണ്ണം മരവിപ്പിക്കണമെങ്കില്‍ അവ ഭേദഗതി ചെയ്യേണ്ടതുണ്ട്. പാർലമെന്റില്‍ നിയമപ്രകാരം രൂപീകരിച്ച ‘ഡീലിമിറ്റേഷൻ കമ്മിഷൻ’ ആണ് അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുന്നത്. 1951, 1961, 1971 സെൻസസുകള്‍ക്ക് ശേഷം ആ പ്രക്രിയ നടക്കുകയും ചെയ്തിരുന്നു. യുഎസിൽ, 1913 മുതൽ അധോസഭയിലെ സീറ്റുകളുടെ എണ്ണം മരവിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം രാജ്യത്തെ ജനസംഖ്യ 94 ദശലക്ഷത്തിൽ നിന്ന് 340 ദശലക്ഷമായി, ഏകദേശം നാല് മടങ്ങ് വർധിച്ചു. എന്നാല്‍ 1911ലെ വിഭജനത്തിനുശേഷം യുഎസ് കോൺഗ്രസ് ഹൗസ് പ്രതിനിധികളുടെ എണ്ണം 435 ആയി പരിമിതപ്പെടുത്തിയിരുന്നു. 1959ൽ ഹവായ്, അലാസ്ക എന്നിവയെ സംസ്ഥാനങ്ങളായി അംഗീകരിച്ചപ്പോൾ താൽക്കാലികമായി 437 ആയി വർധിപ്പിച്ചു. 1910 ലെ സെൻസസ് മുതൽ യുഎസ് പ്രതിനിധിസഭാ ജില്ലകൾ മൂന്നിരട്ടിയിലധികം വർധിച്ചു. ഫെഡറൽ നിയമത്തിലെ പ്രത്യേക സ്റ്റാറ്റിസ്റ്റിക്കൽ ഫോർമുലയനുസരിച്ചാണ് ഓരോ സംസ്ഥാനത്തിനും ഹൗസ് അംഗങ്ങളുടെ എണ്ണം നിർണയിക്കുന്നതെങ്കിലും, ഓരോ സംസ്ഥാനത്തിനും ജില്ലകള്‍ രൂപകല്പന ചെയ്യുമ്പോള്‍, വംശീയ ന്യൂനപക്ഷങ്ങളുടെ വോട്ടിങ്, പ്രാതിനിധ്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ള 1965ലെ വോട്ടിങ് റൈറ്റ്സ് ആക്ടിലെ വിവിധ വ്യവസ്ഥകൾ പാലിക്കാന്‍ ഉത്തരവാദിത്തമുണ്ട്.
ഇന്ത്യ ഏറ്റവുമാദ്യം ചെയ്യേണ്ടത് പാർലമെന്റ്, നിയമസഭാ അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. രാഷ്ട്രീയ പാർട്ടികൾക്ക് നിയമനിർമ്മാണ വേദി ഉപയോഗിച്ച് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനെക്കാൾ സഭകളില്‍ കൂടുതല്‍ സീറ്റുകൾ നേടുന്നതിലാണ് താല്പര്യം. നിലവിലുള്ള നിയമങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് അവർ ചർച്ച ചെയ്യണം, ആവശ്യമെങ്കിൽ ഭേദഗതി വരുത്തുകയും പുതിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുതിയവ അവതരിപ്പിക്കുകയും വേണം. സീറ്റുകൾ നേടുന്നതിന്, രാഷ്ട്രീയമായി തീര്‍ത്തും അജ്ഞരായ ജനപ്രിയ സിനിമാതാരങ്ങളെയും വിനോദരംഗങ്ങളിലുള്ളവരെയും തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ ഈ പാർട്ടികൾ ഏതറ്റംവരെയും പോകും. അത്തരം പ്രതിനിധികൾ പലപ്പോഴും പാർലമെന്റിൽ സീറ്റുകൾ കൈവശപ്പെടുത്തുമെങ്കിലും നടപടിക്രമങ്ങളിൽ ഒരു സംഭാവനയും നൽകാതെ കാലാവധി അവസാനിപ്പിക്കുന്നു. ലോക്‌സഭാംഗങ്ങളിൽ 30 ശതമാനം പോലും സജീവ പങ്കാളിത്തത്തിനുള്ള ആഗ്രഹം കാണിക്കുന്നില്ല. ഇടയ്ക്ക് സഭയിലെ ചൂടേറിയ ചർച്ചകളിൽ ഒട്ടും അസ്വസ്ഥതയില്ലാതെ ചിലര്‍ ഉറങ്ങുന്നത് പോലും കാണാം. ഒരു രാഷ്ട്രീയ പാർട്ടിക്ക് പ്രധാനം പാർലമെന്റിൽ അതിന്റെ എണ്ണമല്ലാതെ മറ്റൊന്നുമല്ല. സഭയിലെ സീറ്റുകൾ വർധിപ്പിക്കുന്നതിനുള്ള ഇപ്പോഴത്തെ അതിര്‍ത്തി പുനര്‍നിര്‍ണയ വ്യായാമം നിർഭാഗ്യവശാൽ എണ്ണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. ഇത് ഒഴിവാക്കേണ്ടതാണ്. ജനസംഖ്യാ വളർച്ച കുറഞ്ഞതോ നെഗറ്റീവോ ആയ സംസ്ഥാനങ്ങളെ ശിക്ഷിക്കുകയും രാജ്യത്തിന്റെ ജനസംഖ്യാ വിസ്ഫോടനത്തിന് കാരണമാകുന്നവർക്ക് പ്രതിഫലം നൽകുകയും ചെയ്തേക്കാവുന്ന നടപടി ഒരുതരത്തിലും സ്വീകാര്യമല്ല.
ലോക്‌സഭ ഉൾപ്പെടെയുള്ള രാജ്യത്തെ നിയമനിര്‍മ്മാണസഭാ അംഗങ്ങളില്‍ പലരും അവരുടെ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയില്ലാതെ രാജ്യത്തിന് വലിയ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. ഉദാഹരണത്തിന്, ഒരു എംപിയുടെ പേരില്‍ ഖജനാവിന് പ്രതിവർഷം 60 ദശലക്ഷം രൂപയിൽ കൂടുതല്‍ ചെലവുണ്ട്. അതിൽ ശമ്പളം, ആനുകൂല്യങ്ങൾ, മറ്റ് ചെലവുകൾ, പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി (എംപിഎൽഎഡി) എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസർക്കാർ എംപിമാരുടെ ശമ്പള വർധനവിന് അംഗീകാരം നൽകിയത്. ഇതാകട്ടെ 2023 ഏപ്രിൽ മുതൽ മുന്‍കാല പ്രാബല്യത്തിലും.
ഒരു പാർലമെന്റംഗത്തിന്റെ പ്രധാന ജോലി ‘യൂണിയൻ ലിസ്റ്റ്’ കാര്യങ്ങളിൽ നിയമനിർമ്മാണം നടത്തുകയോ ഭേദഗതികൾ വഴി അവയിൽ മാറ്റം വരുത്തുകയോ കേന്ദ്ര സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുകയോ ചെയ്യുക എന്നതാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, ഇന്ത്യൻ പാർലമെന്റിൽ 543 ലോക്‌സഭാ എംപിമാരുണ്ട്. അതേസമയം ജനസംഖ്യ 550 ദശലക്ഷത്തിൽ നിന്ന് 145 കോടിയായി വർധിച്ചു. അടുത്ത മൂന്ന് ദശകങ്ങളിൽ ജനസംഖ്യ 165–170 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം 2060 ആകുമ്പോഴേക്കും ചൈനയുടെ ജനസംഖ്യ ഏകദേശം 121 കോടിയായി കുറയുമെന്ന് യുഎന്‍ പ്രവചിക്കുന്നു. 1979 മുതൽ 2015 വരെ നടപ്പിലാക്കിയ ചൈനയുടെ ‘ഒറ്റക്കുഞ്ഞ്’ നയം രാജ്യത്തിന്റെ ജനസംഖ്യാവളർച്ച തടയാൻ സഹായിച്ചു. ചെറിയ കുടുംബങ്ങൾക്ക് പ്രതിഫലവും കൂടുതൽ കുട്ടികളുണ്ടാകുന്നവർക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഈ സംവിധാനം ഇന്ത്യന്‍ സര്‍ക്കാരും ആലോചിക്കേണ്ടതാണ്.
ജനസംഖ്യയുടെ വലിപ്പമനുസരിച്ച് നിയമനിർമ്മാണ സഭ വികസിപ്പിക്കുന്നത് തെറ്റായ ചുവടുവയ്പ്പായിരിക്കും. മികച്ച ജനസംഖ്യാ മാനേജ്മെന്റ് റെക്കോഡുള്ള സംസ്ഥാനങ്ങളെ, അനിയന്ത്രിതമായ ജനസംഖ്യാ വളർച്ച കാണിക്കുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിഷമകരമായ അവസ്ഥയിലാക്കും. സമീപ വർഷങ്ങളിൽ രാജ്യത്തെ ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഝാർഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളിലും വടക്കുകിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളിലും ജനസംഖ്യയിൽ പ്രകടമായ വർധനവുണ്ടായി. നിയമനിര്‍മ്മാണ സഭകളുടെ ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ജനസംഖ്യാ വർധനവ് കണക്കിലെടുക്കാതെ സഭയുടെ വലിപ്പം പരിമിതപ്പെടുത്തുന്നത് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നല്ലതാണ്. അതിർത്തി നിർണയ പ്രക്രിയയ്ക്ക് തല്‍ക്കാലം കുറച്ചുകാലം കാത്തിരിക്കാം.
(ഐപിഎ)