ജമ്മു കശ്മീരിലെ കത്ര മെഡിക്കൽ കോളജ് മത വിദ്വേഷത്തിന്റെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയത് അപകട സൂചന നൽകുന്നതാണ്. സ്വയംഭരണ സ്ഥാപനങ്ങൾ വിഭാഗീയവും വിദ്വേഷവും നിറഞ്ഞ നിക്ഷിപ്തതാല്പര്യക്കാരുടെ സമ്മർദങ്ങൾക്ക് വഴങ്ങുന്നതിന്റെ സമീപകാല ഉദാഹരണങ്ങളിൽ ഒന്നാണിത്. രാജ്യമെമ്പാടുമുള്ള ആളുകൾ വീടുകൾക്ക് സമീപം നൂതന വൈദ്യചികിത്സ ലഭ്യമാക്കുന്നതിനായി കൂടുതൽ മെഡിക്കൽ കോളജുകൾ തുറക്കണമെന്ന് ആവശ്യപ്പെടുന്ന സമയമാണിത്. അക്കാരണത്താൽ, കഴിഞ്ഞ വർഷം മെഡിക്കൽ കോളജിന് അനുമതി നൽകിയത് വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. അങ്ങനെയൊരു പശ്ചാത്തലമുള്ളപ്പോഴാണ് സ്ഥാപിതമായ ഒരു മെഡിക്കൽ കോളജ് അടച്ചുപൂട്ടിയിരിക്കുന്നത്. കത്ര മെഡിക്കൽ കോളജ് അടച്ചുപൂട്ടലിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പരസ്യമായി ആഹ്ലാദിക്കുന്നതു കാണുന്ന ഏതൊരാൾക്കും അത് വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതാണ്.
ഈ തീരുമാനം പൊതുതാല്പര്യത്തിന് വിരുദ്ധവുമാണ്. ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്ര ബോർഡാണ് കോളജ് നടത്തുന്നത്. ട്രസ്റ്റും സർക്കാരും ഉൾപ്പെടുന്ന ഒരു ദ്വിഭരണ സംവിധാനത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. കാര്യക്ഷമമായി പ്രവർത്തിക്കുകയും പൊതുജനങ്ങളെ നന്നായി സേവിക്കുകയും ചെയ്യുന്ന നിരവധി സ്ഥാപനങ്ങൾ ക്ഷേത്ര ബോർഡ് ഇതിനകം നടത്തിവരുന്നുണ്ടെന്നത് അംഗീകരിക്കേണ്ടതാണ്. ദശലക്ഷക്കണക്കിന് ഭക്തർ എല്ലാ വർഷവും ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിക്കുകയും സംഭാവനകൾ നൽകുകയും ചെയ്യുന്നു. ഇവ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ നടത്തിപ്പ് ഉൾപ്പെടെ പൊതുജനക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. പുതുതായി സ്ഥാപിതമായ മെഡിക്കൽ കോളേജിന് ശ്രീ മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസ് (എസ്എംവിഡിഐഎംഇ) എന്നാണ് പേരിട്ടിരുന്നത്. ഭരണഘടനാ തത്വങ്ങളും വ്യവസ്ഥാപിത മാനദണ്ഡങ്ങളും അനുസരിച്ച്, 50 സീറ്റുകളിലേക്കുള്ള പ്രവേശനം കർശനമായ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്. മെറിറ്റിൽ പ്രവേശനം നേടിയ 50 വിദ്യാർത്ഥികളിൽ 42 പേർ മുസ്ലിങ്ങളാണെന്നതാണ് ആർഎസ്എസ്-ബിജെപി വർഗീയ ഘടകങ്ങളുടെ രോഷത്തിന് കാരണമായത്.
കോളജിൽ ഹിന്ദു വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്നും ഒരു ഹിന്ദു മത ആരാധനാലയവുമായി ബന്ധപ്പെട്ട ട്രസ്റ്റ് ധനസഹായം നൽകുന്ന സ്ഥാപനത്തിൽ മുസ്ലിങ്ങൾക്ക് സ്ഥാനമില്ലെന്നുമുള്ള അസംബന്ധവും ഭരണഘടനാവിരുദ്ധവുമായ ആവശ്യം ഉന്നയിച്ച് അവർ വർഗീയ പ്രക്ഷോഭത്തിനും വിദ്വേഷ പ്രചരണത്തിനും സന്നദ്ധമായി. ഇന്ത്യയുടെ മതേതര ഭരണഘടനയുടെ കാതലായ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം വാദങ്ങൾ. മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിന് ഉത്തരവാദിയായ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി), അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി കോളജ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഈ ന്യായീകരണം അത്ഭുതപ്പെടുത്തുന്നതും പൂർണമായും ബോധ്യപ്പെടാൻ പ്രയാസമുള്ളതുമാണ്. കാരണം നേരത്തെയും സമാനമായ സ്ഥാപനങ്ങൾ നടത്തി പരിചയസമ്പന്നരാണ് ക്ഷേത്ര ട്രസ്റ്റ്. അപ്പോഴൊന്നുമില്ലാത്ത കുറ്റമാണ് എൻഎംസി ഇപ്പോൾ ചുമത്തിയിരിക്കുന്നത്.
അടുത്തിടെയാണ് കോളജിന് അനുമതി ലഭിച്ചത്, ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം മാത്രമാണ് ഇപ്പോൾ നടന്നിരിക്കുന്നത്, ഇതിന് താരതമ്യേന കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ മതിയാകുന്നതാണ്. എന്നുമാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പരിഹരിക്കാൻ സമയം നൽകുകയും ചെയ്യണമെന്ന് വ്യവസ്ഥാപിത രീതി അനുശാസിക്കുന്നുണ്ട്. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും നടപടി സ്വീകരിക്കാതിരിക്കുകയോ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടത്തുകയോ ചെയ്താൽ മാത്രമാണ് അടച്ചുപൂട്ടൽ നടത്തേണ്ടത്. എന്നുമാത്രമല്ല രാജ്യത്ത് നിരവധി മെഡിക്കൽ കോളജുകളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത്. അത്തരം ആക്ഷേപങ്ങളോ പരാതിയോ ശ്രദ്ധയിൽപ്പെടുത്തിയാലും എൻഎംസി അവയെക്കുറിച്ച് ആശങ്കപ്പെടുകയോ നടപടിയെടുക്കുകയോ ചെയ്യാറില്ലെന്നതാണ് വാസ്തവം. ഇവിടെ ഒരു നടപടിക്രമവും പാലിക്കാതെയാണ് അവർ അടച്ചുപൂട്ടല്‍ നടത്തിയിരിക്കുന്നത്. അടച്ചുപൂട്ടലിന് അത്തരമൊരു നടപടിക്രമം പാലിച്ചിട്ടില്ല. പെട്ടെന്നുള്ള അടച്ചുപൂട്ടൽ ഒരു ഒഴികഴിവല്ലാതെ മറ്റൊന്നുമല്ല, യഥാർത്ഥ കാരണം നിലവിൽ കേന്ദ്രത്തിൽ അധികാരത്തിലുള്ള ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് ചെലുത്തുന്ന രാഷ്ട്രീയവും സാമുദായികവുമായ സമ്മർദം മാത്രമാണ്. ഈ സംഘടനകൾ അടച്ചുപൂട്ടലിനെ പരസ്യമായി ആഘോഷിക്കുന്നത് ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്നു.
പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ മതപരമായ സ്വത്വമെന്ന ഒരൊറ്റ വസ്തുതയാണ് ബിജെപിയും രാഷ്ട്രീയ സ്വയംസേവക സംഘവും രാഷ്ട്രീയ പ്രേരിതവും വിഭാഗീയവുമായ ഒരു പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മാതാ വൈഷ്ണോദേവി ക്ഷേത്ര ബോർഡാണ് കോളജ് നടത്തുന്നതെന്നതിനാൽ പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് അവർ പരസ്യമായി വാദിച്ചു. ഈ വാദം ഭരണഘടനാ വിരുദ്ധവും വിവേചനപരവും നിയമപരമായി അംഗീകരിക്കാൻ ആകാത്തതുമാണ്.
കത്ര മെഡിക്കൽ കോളജിന് ന്യൂനപക്ഷ പദവിയില്ല, അതിനാൽ പ്രവേശനത്തിൽ മതപരമായ ഒഴിവാക്കൽ വേണമെന്ന ആവശ്യം നിയമവിരുദ്ധവും ഇന്ത്യൻ ഭരണഘടനയെ ലംഘിക്കുന്നതുമാണ്. മതം, ജാതി എന്നിവ പരിഗണിക്കാതെ, യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനം ഒരു ജനാധിപത്യ, മതേതര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മൂലക്കല്ലാണ്.
സാർവത്രിക ആരോഗ്യ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരായ ആരോഗ്യ പ്രൊഫഷണലുകളുടെ സംഘടനയായ ഇന്ത്യൻ ഡോക്ടർസ് ഫോർ പീസ് ആൻഡ് ഡെവലപ്മെന്റ് (ഐഡിപിഡി), കോളജ് അടച്ചുപൂട്ടലിനെ ശക്തമായി വിമർശിച്ചു. ഐഡിപിഡി ഈ തീരുമാനത്തെ ഏകപക്ഷീയവും അന്യായവും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിന് പ്രേരകവുമാണെന്ന് വിലയിരുത്തുന്നു. ഇത് മെറിറ്റ്, ഭരണഘടനാ മൂല്യങ്ങൾ, സ്ഥാപനപരമായ സ്വയംഭരണം എന്നിവയുടെ അടിത്തറയെ തകർക്കുകയും ചെയ്യുന്നു.
എൻഎംസി നിയമാനുസൃതവും സ്വയംഭരണാധികാരമുള്ളതുമായ സ്ഥാപനമാണ് കൂടാതെ നിയമം, ധാർമ്മികത, പൊതുതാൽപ്പര്യം എന്നിവയാൽ മാത്രം നയിക്കപ്പെടുകയും സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സ്ഥാപനമാണിത്. ഇതുപോലൊരു വിഷയത്തിൽ വിഭാഗീയവും രാഷ്ട്രീയവുമായ സമ്മർദങ്ങൾക്ക് വഴങ്ങുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. കൂടാതെ സ്ഥാപനപരമായ സ്വയംഭരണം തകരുന്നുവെന്ന ഗുരുതര ആശങ്കകൾ ഉയർത്തുന്നു. ഇത്തരത്തിലുള്ള കീഴടങ്ങൽ അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുകയും രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം, സാമൂഹിക ഐക്യം, നിയമവാഴ്ച എന്നിവയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നു. മെഡിക്കൽ കോളജ് അടച്ചുപൂട്ടുന്നതിലൂടെ, ന്യായമായും നിയമപരമായും പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ ശിക്ഷിക്കുക മാത്രമല്ല, സാമുദായിക പരിഗണനകളാൽ മെറിറ്റിനെ മറികടക്കാൻ കഴിയുമെന്ന ഭയാനകമായ സന്ദേശം എൻഎംസി നൽകുകയും ചെയ്യുന്നു. ഭരണഘടനാ ജനാധിപത്യത്തിൽ ഇത് പൂർണമായും അസ്വീകാര്യമാണ്. അതിനാൽ കത്രയിലെ മെഡിക്കൽ കോളജ് ഉടൻ വീണ്ടും തുറന്ന് നിയമപ്രകാരം പ്രവർത്തിക്കാൻ അനുവദിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാൻ കഴിയില്ല; മെറിറ്റ് ശിക്ഷയായി പരിഗണിക്കാനുമാകില്ല. ഭരണഘടനാ സ്ഥാപനങ്ങൾ വിഭാഗീയ സമ്മർദങ്ങൾക്ക് കീഴടങ്ങരുത്.

