ഭരണഘടനയുടെയും, സ്വതന്ത്ര ഇന്ത്യ ദീർഘകാലമായി പിന്തുടരുന്ന മതേതര‑സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെയും അതിജീവനത്തെക്കുറിച്ചുള്ള നിരവധി ആശങ്കകളും സന്ദേഹങ്ങളും ബാക്കിവച്ചു കൊണ്ടാണ് പാർലമെന്റിന്റെ ശീതകാലസമ്മേളനം അവസാനിച്ചത്. അർത്ഥപൂർണമായ സംവാദങ്ങളുടെയും, ജനാധിപത്യപരമായ സമവായങ്ങളുടെയും ഏറ്റവും ഉന്നതമായ വേദിയായി ഭരണഘടന വിഭാവനം ചെയ്ത ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും ആരോപണ‑പ്രത്യാരോപണങ്ങളിൽ മാത്രം കുരുങ്ങിപ്പോകുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യംവഹിക്കേണ്ടി വന്നത്. ‘പ്രവൃത്തിസമയത്തിന്റെ വെറും 40 ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞത്’ എന്ന രാജ്യസഭാ ചെയർമാന്റെ കുറ്റസമ്മതം വിരൽചൂണ്ടുന്നത് പ്രതിപക്ഷത്തിന്റെ നേർക്കാണെങ്കിലും, യഥാർത്ഥത്തിൽ മണിപ്പൂരിലെ സംഘർഷങ്ങളും, അഡാനിക്കെതിരായുള്ള അതീവ ഗുരുതരമായ ആരോപണങ്ങളും പാർലമെന്റിൽ സുതാര്യമായി ചർച്ച ചെയ്യാതെ ഒളിച്ചോടുന്ന ബിജെപിയുടെ ഏകപക്ഷീയവും സംവാദവിരുദ്ധവുമായ സമീപനമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. പൊതുതെരഞ്ഞെടുപ്പ് നൽകിയ തിരിച്ചടികളിൽ നിന്നും പാഠം പഠിക്കുന്നതിന് പകരം, വംശീയതയും സമഗ്രാധിപത്യവും ചങ്ങാത്തമുതലാളിത്തവും കൂടിച്ചേർന്ന ആക്രമണോത്സുകമായ ഫാസിസ്റ്റ് രാഷ്ട്രീയത്തെ മോഡിയും ബിജെപിയും അതിവേഗം ആശ്ലേഷിക്കുന്നതാണ് രാജ്യം കണ്ടത്. ദുർബലരാകുന്നുവെന്നു തോന്നുമ്പോൾ ഫാസിസം കൂടുതൽ ഹിംസാത്മകമായ വഴികളിലേക്ക് തിരിയുന്നതിന് ചരിത്രത്തിൽ പല ഉദാഹരണങ്ങളും ഉണ്ടല്ലോ. സമാനമായ രീതിയാണ് കഷ്ടിച്ച് ജയിച്ച ജനവിധിക്ക് ശേഷം ബിജെപി പരീക്ഷിക്കുന്നത്.
ശീതകാലസമ്മേളനത്തിന് മുമ്പുള്ള സർവകക്ഷി യോഗത്തിൽ സിപിഐയെ പ്രതിനിധീകരിച്ച് പങ്കെടുത്തപ്പോൾ വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പൂർ, വഖഫ് ബിൽ, വയനാടിനുള്ള ധനസഹായം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് നിർദേശിച്ചിരുന്നു. പക്ഷെ, ഇതിൽ പല പ്രശ്നങ്ങളും ഒരു തവണ പോലും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. മണിപ്പൂരിൽ നിയമവാഴ്ച പരാജയമായിട്ടും പ്രധാനമന്ത്രി സന്ദർശിക്കാൻ തയ്യാറാവാത്തതും, കലാപം കത്തിപ്പടരുമ്പോഴും കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ നിസംഗത കാണിക്കുന്നതും മുൻനിർത്തി അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള നോട്ടിസ് പല തവണ നൽകിയെങ്കിലും, രാജ്യസഭാ ചെയർമാൻ അനുമതി നൽകിയില്ല.
അഡാനിക്കെതിരായുള്ള ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചപ്പോൾ, ജോർജ് സോറോസിന്റെ ഉടമസ്ഥതയിലുള്ള ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനിൽ നിന്നും സോണിയാ ഗാന്ധിയുമായി ബന്ധമുള്ള സംഘടന ഫണ്ട് വാങ്ങിയെന്ന വിചിത്രമായ പ്രത്യാരോപണം ഉയർത്താനാണ് ബിജെപി ശ്രമിച്ചത്. അതേസമയം അഡാനി വിഷയത്തിൽ കൃത്യവും വ്യക്തവുമായ നിലപാട് എടുക്കുന്നതിൽ നിന്നും തൃണമൂൽ കോൺഗ്രസ് അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ പല കക്ഷികളും പിന്നാക്കം മാറിയത് ഖേദകരമാണ്. രാജ്യത്തെ സമ്പത്ത് ദുരൂഹമായ വിധത്തിൽ അഡാനിയിൽ കേന്ദ്രീകരിക്കുന്നതിലും, മോഡി-അഡാനി കൂട്ടുകെട്ടിലും തുടക്കം മുതൽ തന്നെ സിപിഐ സംശയവും കടുത്ത എതിർപ്പും പാർലമെന്റിനകത്തും പുറത്തും പ്രകടിപ്പിച്ചിരുന്നു. ഇത്തവണയും സമാനമായ നിലപാടുമായി പ്രതിഷേധത്തിന്റെ മുൻനിരയിൽ നിൽക്കാൻ കഴിഞ്ഞു.
വയനാടിന് അവകാശപ്പെട്ട ന്യായമായ ദുരിതാശ്വാസ വിഷയത്തില്‍ ധാർമ്മികതയും, നീതിയും തൊട്ടുതീണ്ടാത്ത വിധത്തിലാണ് സർക്കാർ മറുപടി പറഞ്ഞത്. അപൂർവമായി ലഭിച്ച ‘ശൂന്യവേള’യിൽ വയനാടിനോട് കാണിക്കുന്ന കടുത്ത അനീതിയും, അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽപ്പെടുത്തി അടിയന്തരസഹായം എത്തിക്കേണ്ടതിന്റെ അനിവാര്യതയും ചുരുങ്ങിയ വാക്കുകളിൽ സഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഉത്തരകേരളത്തിലെ തീവണ്ടി യാത്രാക്ലേശവും പുതിയ തീവണ്ടികളും കോച്ചുകളും അനുവദിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. സംഘ്പരിവാറിന്റെ വർഗീയ അജണ്ടകളിൽ വീഴാത്ത കേരളീയ സമൂഹത്തോടുള്ള പരിഹാസമെന്ന കേന്ദ്രസർക്കാരിന്റെ സ്ഥായീഭാവം ഈ സമ്മേളനവും തെളിയിച്ചു.
ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തെ മുൻനിർത്തി നടത്തിയ ചർച്ചയായിരുന്നു സമ്മേളനത്തിന്റെ പ്രത്യേകത. അനുവദിച്ചു കിട്ടിയ വളരെ ചെറിയ സമയത്തിനുള്ളിൽ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലും ഭരണഘടനാ നിർമ്മാണത്തിലും, പുരോഗമനാത്മകമായ എല്ലാ ഭേദഗതികളിലും ഉള്ള സിപിഐയുടെ പങ്കാളിത്തം ഓർമ്മിപ്പിക്കാൻ ശ്രമിച്ചിരുന്നു. പ്രിവിപേഴ്സ് റദ്ദാക്കുന്നതിനെയും, അധികാര വികേന്ദ്രീകരണം സാധ്യമാക്കിയ 73–74 ഭേദഗതികളെയും, വോട്ടവകാശം പതിനെട്ട് വയസാക്കുന്നതിനെയും വിദ്യാഭ്യാസ അവകാശനിയമത്തെയും, കൂറുമാറ്റനിരോധന നിയമത്തെയും സിപിഐ പിന്തുണച്ച കാര്യം എടുത്തു പറഞ്ഞതോടൊപ്പം, ആദ്യ സിപിഐ സർക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി ഭരണം നടപ്പിലാക്കിയത് ഭരണഘടന ദുരുപയോഗം ചെയ്തുകൊണ്ടാണ് എന്ന ചരിത്ര വസ്തുതയും, ആർഎസ്എസ് സർ സംഘ് ചാലക് ആയിരുന്ന സുദർശൻ ഇന്ത്യൻ ഭരണഘടന ദൂരെക്കളയണം എന്ന് 2002ൽ പ്രസംഗിച്ചതും സഭയിൽ സൂചിപ്പിച്ചു. പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന സാഹചര്യത്തിൽ നടന്ന ഈ ചർച്ചയിലും ഉയർന്നുനിന്നത് അസത്യങ്ങളും, അർധസത്യങ്ങളും, ആരോപണങ്ങളും മാത്രമായിരുന്നു. നെഹ്രുവും, അംബേദ്കറും ക്രൂരമായി നിന്ദിക്കപ്പെടുകയും, ഭരണഘടനാനിർമ്മാണത്തിൽ യാതൊരു പങ്കും വഹിക്കാത്ത സവർക്കർ ചർച്ചകളിൽ കടന്നുവരികയും ചെയ്തു.
നരേന്ദ്ര മോഡി, അമിത് ഷാ, രാജ്നാഥ് സിങ്, നിർമ്മലാ സീതാരാമൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പ്രസംഗങ്ങളിൽ മുഴച്ചുനിന്ന വെല്ലുവിളിയും ചരിത്രനിഷേധവും, അവഹേളനവും അമ്പരപ്പിക്കുന്നതായിരുന്നു. അമിത്ഷായുടെ പരാമർശം മാത്രമാണ് പ്രതിഷേധത്തിന് കാരണമായതെങ്കിലും മറ്റുള്ളവരുടെ പ്രസംഗങ്ങളിലെ ചരിത്രനിഷേധവും ഫാസിസ്റ്റ് അജണ്ടയും കാണാതെ പോകരുത്. ഇവരുടെ പ്രസംഗങ്ങളിൽ പ്രതിഫലിച്ചുകണ്ട നാല് സുപ്രധാനകാര്യങ്ങൾ റിപ്പബ്ലിക്കിന്റെ മുന്നോട്ടുള്ള അതിജീവനയാത്രയിൽ ജനാധിപത്യവാദികൾ വളരെയധികം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം അമിത്ഷായുടെ വിദ്വേഷപ്രസംഗം തന്നെയാണ്. ‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനു പകരം ദൈവത്തിന്റെ പേരാണ് പറയുന്നതെങ്കിൽ അവർക്ക് എഴു ജന്മങ്ങളിലും സ്വർഗം കിട്ടുമായിരുന്നു’ എന്നാണ് അമിത്ഷാ പറഞ്ഞത്. അംബേദ്കറോടുള്ള സംഘ്പരിവാറിന്റെ വെറുപ്പ് ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഹിന്ദുകോഡ് ബില്ലിനെതിരെയുള്ള ജനസംഘത്തിന്റെയും ഹിന്ദു മഹാസഭയുടെയും എതിർപ്പിനെ തുടർന്നാണ് അംബേദ്കർ നെഹ്രു മന്ത്രിസഭയിൽ നിന്ന് രാജിവച്ചത് എന്ന ചരിത്രസത്യം ഈ അവസരത്തിൽ ഓർക്കണം. അംബേദ്കർ നിന്ദയെ പ്രതിപക്ഷം ഒന്നടങ്കം അതിശക്തമായി വിമർശിച്ചപ്പോൾ ആ പ്രതിഷേധത്തെ ദുർബലമാക്കാൻ പ്രതിപക്ഷസമരത്തെയും, രാഹുൽ ഗാന്ധിയെയും വില കുറഞ്ഞ ആരോപണങ്ങളിൽ തളച്ചിട്ടു.
രണ്ടാമത്തെ കാര്യം, സോവിയറ്റ് യൂണിയന്റെ ഇടപെടലും നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളുമാണ് ഇന്ത്യയുടെ സാമ്പത്തികപുരോഗതിയെ പിന്നോട്ടടിച്ചത് എന്ന നിർമ്മലാ സീതാരാമന്റെ വാദമാണ്. അതിരുകളില്ലാത്ത മുതലാളിത്തനയങ്ങൾ പിന്തുടർന്ന കിഴക്കനേഷ്യൻ രാജ്യങ്ങൾ തകർന്നു തരിപ്പണമായതും, അന്താരാഷ്ട്ര സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും പൊതുമേഖലാ ബാങ്കുകളുടെ ശക്തിയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പിടിച്ചു നിന്നതും അവർ സൗകര്യപൂർവ്വം മറന്നു. കഴിഞ്ഞ 10 വർഷത്തെ നവ ലിബറൽ പരിഷ്കാരങ്ങളുടെ ഫലമായി തൊഴിലില്ലായ്മയും, അസമത്വവും, പോഷകാഹാരമില്ലായ്മയും ഏറെ വർധിച്ച കാര്യവും അവർ ഓർമ്മിച്ചില്ല. സോഷ്യലിസം എന്ന വാക്ക് ഭരണഘടനയിൽ നിന്നും തിരസ്കരിക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് ഈ വാദം.
മൂന്നാമത്തെ ഘടകം, സോഷ്യലിസവും, മതേതരത്വവും ഭരണഘടനയിൽ ഉൾപ്പെടുത്തിയ 42-ാം ഭേദഗതിയെ ബിജെപി നേതാക്കൾ നിശിതമായി വിമർശിച്ചതാണ്. ഈ ഭേദഗതി യഥാർത്ഥ ഭരണഘടനയുടെ അന്തഃസത്തക്ക് യോജിച്ചതല്ലെന്ന സമീപനം പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ ആവർത്തിക്കുന്നതിനു പിന്നിലുള്ളത്, ഈ രണ്ടു വാക്കുകളും എടുത്തുമാറ്റുമെന്ന വെല്ലുവിളിയാണെന്ന വസ്തുത പൊതുസമൂഹവും രാഷ്ട്രീയപ്പാർട്ടികളും ഗൗരവത്തോടെ കാണേണ്ടതുണ്ട്. മതനിരപേക്ഷത ഒരു ഭരണഘടനാമൂല്യം എന്ന നിലയിൽ അപ്രസക്തമാക്കാനുള്ള ഈ നീക്കത്തെ ഒരുമിച്ചുനിന്ന് ചെറുക്കേണ്ടതുണ്ട്.
നാലാമതായി എടുത്തുപറയേണ്ടത് ഏകീകൃത സിവിൽകോഡ് അനിവാര്യമാണെന്ന ബിജെപി നിലപാടാണ്. ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തിൽ സാമുദായിക ധ്രുവീകരണത്തിനുമാത്രം സഹായകമാകുന്ന ഈ വിഷയം 2018ലെ നിയമ കമ്മിഷൻ റിപ്പോർട്ട് പോലും അപ്രായോഗികം എന്നുപറഞ്ഞ് തള്ളിക്കളഞ്ഞതാണ്. ആദിവാസികൾ, വിവിധ ന്യൂനപക്ഷ സമുദായങ്ങൾ തുടങ്ങിയവരുടെ സ്വതന്ത്രമായ വ്യക്തിനിയമങ്ങളുടെ വൈവിധ്യങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഒരൊറ്റ വ്യക്തിനിയമത്തിലേക്ക് കേന്ദ്രീകരിക്കുന്ന അപകടകരമായ ചുവടുവയ്പ്പ് ഒരിക്കലും ഒരു മുസ്ലിം വിഷയമല്ല. എങ്കിലും, മുസ്ലിം പ്രീണനം എന്ന ബ്രാക്കറ്റിൽ ഒതുക്കി ഈ വിഷയത്തിൽ വർഗീയത ആളിക്കത്തിക്കാനാണ് സംഘ് പരിവാർ ശ്രമിക്കുന്നതെന്ന് അവരുടെ പ്രസംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഭരണഘടനയുടെ പിന്നിട്ട അതിജീവനയാത്രയെക്കുറിച്ചുള്ള ചർച്ചയെ തങ്ങളുടെ ചരിത്രനിഷേധത്തിനും, ഗാന്ധി-നെഹ്രു-അംബേദ്കർ വിരുദ്ധതയ്ക്കും, ചങ്ങാത്തമുതലാളിത്ത നയങ്ങൾക്കും, ഭൂരിപക്ഷ വംശീയതക്കും സാമൂഹ്യഅംഗീകാരം കിട്ടാനുള്ള മാർഗമായിട്ടാണ് ബിജെപി ഉപയോഗിച്ചത്. പക്ഷെ, പല ആരോപണങ്ങൾക്കും ചരിത്രവസ്തുതകളും വിഭജനാനന്തര സാഹചര്യങ്ങളും അപഗ്രഥിച്ചുകൊണ്ട് കൃത്യമായി മറുപടി പറയാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് സാധിച്ചില്ല. മുതിർന്ന നേതാക്കളുടെ പ്രസംഗങ്ങളിൽപ്പോലും ഗൃഹപാഠത്തിന്റെ അഭാവം നന്നായി നിഴലിച്ചിരുന്നു. പാർലമെന്റിന്റെ ശീതകാലസമ്മേളനം കഴിയുമ്പോൾ ബാക്കിയാകുന്നത് ബിജെപിയുടെ ആക്രമണോത്സുകവും, വംശീയവുമായ സമീപനത്തെ ഇന്ത്യയിലെ പൊതുസമൂഹവും, പ്രതിപക്ഷവും എങ്ങനെയാണ് നേരിടേണ്ടത് എന്ന പ്രസക്തമായ ചോദ്യമാണ്.