ലഹരിക്കും മറ്റ് സാമൂഹ്യവിരുദ്ധ ഇടപാടുകൾക്കും അടിമപ്പെടുന്ന വിദ്യാർത്ഥികൾ വൻ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയോ സ്വന്തം നിലയിൽത്തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന സ്ഥിതിവിശേഷം തെല്ലൊന്നുമല്ല നമ്മെ ആശങ്കപ്പെടുത്തുന്നത്. രാഷ്ട്രീയാവബോധവും ആരോഗ്യകരവും അസങ്കുചിതവുമായ ജനാധിപത്യാവബോധവും അന്യംനിന്നുപോകുന്ന ഇടങ്ങളിലാണ് സാമൂഹികവിരുദ്ധതയും യാഥാസ്ഥിതിക സമൂഹത്തിന്റെ സമസ്ത ജീർണതകളും എളുപ്പത്തിൽ കടന്നുകയറുന്നത്.
വിദ്യാലയങ്ങളിൽ രാഷ്ട്രീയവും പഠനവും ഒന്നിച്ചുവേണ്ടെന്ന കാഴ്ചപ്പാടുകൾ പ്രതിലോമചിന്തകൾ വളർത്തുകയും കൗമാരത്തിന്റെയും യൗവനത്തിന്റെയും ധാർമ്മികതയുടെ വീണ്ടെടുപ്പ് അസാധ്യമാക്കുകയും ചെയ്യും. വിദ്യാർത്ഥിരാഷ്ട്രീയമെന്നാൽ കൊല്ലും കൊലയുമാണെന്നും അത്തരം പ്രവണതകൾ ഇല്ലായ്മ ചെയ്യാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിന് നിരോധനം ഏർപ്പെടുത്തണമെന്നുമുള്ള നിലപാടുകൾ അരാഷ്ട്രീയവാദികൾ സമൂഹത്തിൽ വ്യാപകമായി സ്ഥാപിച്ചെടുക്കാറുണ്ട്. വിദ്യാർത്ഥിരാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിൽ, ജോലിനേടി ശമ്പളം വാങ്ങി മാന്യമായി ജീവിക്കാനാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടതെന്ന് നീതിപീഠം മുമ്പൊരിക്കൽ ഉപദേശിച്ചത് ഈയവസരത്തിൽ ഓർമ്മിക്കേണ്ടതാണ്. വിദ്യാർത്ഥി സംഘടനകൾ സമൂഹത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യക്തികളുടെ ചിന്തയെയും പ്രവർത്തനങ്ങളെയും ഇടപെടലുകളെയും രൂപപ്പെടുത്തുന്നതിൽ അനല്പമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നതെന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്. സാമൂഹ്യ പ്രതിബദ്ധതയും നീതിബോധവുമുള്ള വിദ്യാർത്ഥികളുടെ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേതൃത്വം നൽകുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥിരാഷ്ട്രീയത്തെയും വിദ്യാർത്ഥി സംഘടനകളെയും പിഴുതെറിയാനുള്ള മുറവിളി കൂട്ടുമ്പോൾ അറിഞ്ഞോ അറിയാതെയോ വർത്തമാന കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രാകൃതത്വങ്ങൾക്കാണ് നാം കുട പിടിക്കുന്നത്.
സാക്ഷരതയുടെയും പ്രബുദ്ധതയുടെയും പേരിൽ അഭിമാനിക്കുന്ന നവോത്ഥാനാനന്തര കേരളീയ സമൂഹത്തിൽ കുറ്റവാളികളാകുന്ന കുട്ടികളുടെ എണ്ണം ഭീതിജനകമാംവിധം വർധിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്. വെഞ്ഞാറമൂട് സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ അഫാനെന്ന അപക്വമതിയായ ചെറുപ്പക്കാരന്റെ വികല മനസിൽ തെളിഞ്ഞ സമാനതകളില്ലാത്ത കൊടുംക്രൂരതയുടെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് താമരശേരിയിൽ ട്യൂഷൻ സെന്റർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരണമടഞ്ഞ മുഹമ്മദ് ഷഹബാസ് കേരളത്തിന്റെ കണ്ണ് നിറയ്ക്കുന്നത്. സ്വകാര്യ ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പാർട്ടിക്കിടെ ഉടലെടുത്ത തർക്കം സംഘർഷത്തിൽ കലാശിക്കുകയും തുടർന്നുണ്ടായ പ്രശ്നങ്ങൾ അധ്യാപകർ ഇടപെട്ട് പരിഹരിക്കുകയുമായിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ മനസിലുടലെടുത്ത പ്രതികാരചിന്തയാണ് കടുത്ത അക്രമത്തിലേക്കും വിദ്യാർത്ഥിയുടെ മരണത്തിലേക്കും നയിച്ചത്. ഷഹബാസിനെ ആക്രമിക്കുന്നതിന് മുമ്പ് ഇൻസ്റ്റഗ്രാം ഗ്രൂപ്പിലുള്ള വിദ്യാർത്ഥികളുടെ ചാറ്റ് പുറത്ത് വന്നിട്ടുണ്ട്. ‘ഷഹബാസിനെ താനിന്ന് കൊല്ലു‘മെന്ന് ഒരു വിദ്യാർത്ഥി അതിൽ പറയുന്നു. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചതെന്ന് പൊലീസ് പറയുന്നു. നെഞ്ചത്തേറ്റ മർദനത്തിന്റെ ആഘാതത്തിൽ ആന്തരിക രക്തസ്രാവമുണ്ടായി. കണ്ണിനും പരിക്കുള്ളതായി റിപ്പോർട്ടിലുണ്ട്. ഷഹബാസിന്റെ മരണത്തിൽ കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്.
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ദുരൂഹത ഇനിയും വിട്ടു മാറിയിട്ടില്ല. സ്വന്തം സഹോദരനെയും പെൺസുഹൃത്തിനെയും മുത്തശിയെയും പിതാവിന്റെ ജ്യേഷ്ഠനെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിർദയം കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ കല്പിതകഥകളെ വെല്ലുന്ന തുടർ പ്രതികരണങ്ങൾ ഇപ്പോഴും നമ്മെ അത്യന്തം ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ ഋതുരാജും, ബാലരാമപുരത്ത് രണ്ടര വയസുകാരി മരുമകളെ കൊലപ്പെടുത്തിയ ഹരികുമാറും, സ്വന്തം അമ്മയെ കഴുത്തറുത്ത് കൊന്ന താമരശേരിയിലെ ആഷിഖും, ചോറ്റാനിക്കരയിലെ അതിജീവിതയുടെ മരണത്തിന് കാരണക്കാരനായ യുവാവും വ്യക്തിനിഷ്ഠ മാനസിക വൈകൃതങ്ങളുടെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം. കോട്ടയം ഗാന്ധി നഗറിലെ ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ അതിക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയ സംഭവവും തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയും സൃഷ്ടിച്ച ആഘാതവും ചെറുതല്ല. കോട്ടയത്ത് ജൂനിയർ വിദ്യാർത്ഥികളുടെ ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കിയ ശേഷം അതിൽ ലോഷൻ ഒഴിക്കുകയും വേദനയെടുത്ത് പുളയുമ്പോൾ വായിലും ശരീര ഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കുകയും തുടർന്ന് നഗ്നരാക്കി നിർത്തുകയും സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കുകയും ചെയ്തുകൊണ്ടുള്ള അത്യന്തം മനുഷ്യത്വരഹിതവും പ്രാകൃതവുമായ ഹീനകൃത്യമാണ് അരങ്ങേറിയത്.
വിദ്യാർത്ഥികളും യുവാക്കളും നിരന്തരം ക്രൂരകുറ്റകൃത്യങ്ങളിലേർപ്പെടുന്നതിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും ചില സിനിമകളും സീരിയലുകളും വലിയ രീതിയിൽ പങ്ക് വഹിക്കുന്നുണ്ട്. ലഹരിയുടെ സ്വാധീനത്തിലാണ് യുവതലമുറയിൽ നല്ലൊരു വിഭാഗം അക്രമസ്വഭാവത്തിലേക്കും ഗുണ്ടായിസത്തിലേക്കും വഴുതിമാറുന്നത്. മയക്കുമരുന്ന് ആശ്രിതത്വം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകർക്കുമ്പോൾ ചിന്താശേഷിയും വിവേകവും നഷ്ടപ്പെട്ട് പെരുമാറ്റദൂഷ്യവും അക്രമവാസനയും വളർന്നുവരികയാണ്. സാമൂഹികമോ കുടുംബപരമോ വ്യക്തിപരമോ ആയ ഉത്തരവാദിത്തങ്ങളെ ഗൗനിക്കാതെ തികഞ്ഞ അരാഷ്ട്രീയ വാദികളായി സങ്കുചിത മതിൽക്കെട്ടുകൾക്കകത്ത് ചുരുങ്ങുമ്പോഴാണ് ഇത്തരം അരാജകത്വങ്ങൾ ഉടലെടുക്കുന്നത് എന്നതാണ് സത്യം.
അരാഷ്ട്രീയത മുഖമുദ്രയാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ പലപ്പോഴും നിയന്ത്രണാധികാരം സാമൂഹ്യവിരുദ്ധ സംഘങ്ങൾക്കായിരിക്കും. വിനാശകരമായ ചിന്തകളും ചെയ്തികളും യുവത്വത്തിന്റെ ഭാവി പിഴുതെറിയപ്പെടാൻ ഇടയാക്കുന്നു. വിദ്യാർത്ഥികളെ സാമൂഹിക നവോത്ഥാനത്തിനും പരിഷ്കരണ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുംവിധമുള്ള ജനാധിപത്യപരമായ വിദ്യാർത്ഥിസംഘടനാ പ്രവർത്തനം കലാലയങ്ങളിൽ ശക്തിപ്പെടുത്തുകയാണിതിനു പരിഹാരം. പൗരബോധത്തിന്റെ അവിഭാജ്യഘടകമായ രാഷ്ട്രീയ അവബോധത്തിലൂടെയാണ് ജനാധിപത്യരാഷ്ട്രത്തിന്റെ നിലനില്പ് എന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ പ്രക്രിയകളെ അസ്ഥിരപ്പെടുത്താതിരിക്കുക എന്നതാണ് സമൂഹത്തിന്റെ കർത്തവ്യം.