Site iconSite icon Janayugom Online

കനലടങ്ങാത്ത കുന്നുകളെ കബളിപ്പിക്കുമ്പോൾ

ണിപ്പൂരിലെ ചോരയുറഞ്ഞ മണ്ണിൽ സമാധാനം പുലർന്നുവെന്ന് പുറംലോകത്തെ വിശ്വസിപ്പിക്കാൻ കേന്ദ്ര ഭരണകൂടം മെനയുന്ന പുതിയ തന്ത്രങ്ങൾ തികച്ചും അപഹാസ്യമാണ്. വംശീയ കലാപങ്ങളുടെയും ഭരണകൂട പരാജയത്തിന്റെയും കറുത്ത അധ്യായങ്ങൾ മായ്ച്ചുകളയാൻ മുഖ്യമന്ത്രിയുടെ കസേരയിൽ ഒരു പുതിയ ആളെ ഇരുത്തുന്നതിലൂടെ സാധിക്കുമെന്ന് കരുതുന്നത് ജനതയുടെ സാമാന്യബുദ്ധിയെ പരിഹസിക്കലാണ്. മാസങ്ങളോളം രാഷ്ട്രപതി ഭരണത്തിന്റെ തണലിൽ നിർത്തിയിട്ടും പരിഹരിക്കപ്പെടാത്ത മുറിവുകൾക്കുമേൽ, ഇപ്പോൾ നടത്തുന്ന ഈ രാഷ്ട്രീയ വേഷപ്പകർച്ച കേവലം ഒരു കൺകെട്ടുവിദ്യ മാത്രമാണെന്ന് അവിടെ തുടരുന്ന സംഘര്‍ഷം വ്യക്തമാക്കുന്നു. ഭരണത്തലപ്പത്തെ മാറ്റം മണിപ്പൂരിലെ യാഥാർത്ഥ്യങ്ങളെ ഒട്ടും സ്പർശിക്കുന്നില്ല. ഇന്നും സംസ്ഥാനത്തിന്റെ മലനിരകളും താഴ്‌വരകളും തമ്മിലുള്ള ദൂരം തോക്കിൻമുനകളാൽ അളക്കപ്പെടുകയാണ്. അതിർത്തികളിൽ സുരക്ഷാ സേനകൾ നടത്തുന്ന മിന്നൽ പരിശോധനകളും, തീവ്രവാദ സംഘടനകളിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതും, സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുന്നതുമെല്ലാം ഒരു ‘സാധാരണ നിലയുടെ’ പരസ്യചിത്രമായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, നൂറിലധികം പരിശോധനാ കേന്ദ്രങ്ങൾ തുറന്നുവച്ചും സൈനിക വ്യൂഹങ്ങളുടെ അകമ്പടിയോടെയും മാത്രം നിത്യോപയോഗ സാധനങ്ങൾ നീക്കം ചെയ്യേണ്ടി വരുന്നത് ഏതുതരം സമാധാനത്തിന്റെ ലക്ഷണമാണ്? തോക്കിൻ നിഴലിൽ ചലിക്കുന്ന ഒരു ജനതയെ നോക്കി സമാധാനം സമാഗതമായി എന്ന് ഘോഷിക്കുന്നത് കൊടുംക്രൂരതയാണ്.

ലഹരിമരുന്ന് മാഫിയകൾക്കെതിരെയുള്ള നീക്കങ്ങളും പോപ്പി കൃഷി നശിപ്പിക്കലുമൊക്കെ ഭരണകൂടം ഉയർത്തിക്കാട്ടുന്ന നേട്ടങ്ങളാണ്. എന്നാൽ, പതിനായിരക്കണക്കിന് മനുഷ്യർ ഇന്നും സ്വന്തം മണ്ണിൽ അഭയാർത്ഥികളായി കഴിയുന്ന ദുരന്തചിത്രത്തിന് മുന്നിൽ അവകാശവാദങ്ങൾ നിഷ്പ്രഭമാകുന്നു. ഇന്റലിജൻസ് ശൃംഖലകൾ ശക്തിപ്പെടുത്താനും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും നൽകുന്ന പരിശീലനങ്ങൾ കുറ്റമറ്റ അന്വേഷണങ്ങൾക്ക് സഹായിച്ചേക്കാം. പക്ഷേ, മണിപ്പൂർ നേരിടുന്നത് സാങ്കേതികമായ ത­കർച്ചയല്ല, മറിച്ച് മനുഷ്യർക്കിടയിലെ വിശ്വാസ്യതയുടെ തകർച്ചയാണ്. അത് പരിഹരിക്കാൻ വേണ്ടത് രാഷ്ട്രീയമായ ആത്മാ­ർത്ഥതയാണ്, ഡൽഹിയിലിരുന്ന് നടത്തുന്ന അധികാരക്കൈമാറ്റങ്ങളല്ല. ഒരു വിഭാഗത്തിന് മുഖ്യമന്ത്രി പദവും മറ്റൊരു വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദവും നൽകി വംശീയമായ വിടവുകൾ നികത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് കുക്കി സംഘടനകളുടെ പ്രതിഷേധാഹ്വാനം വെളിപ്പെടുത്തുന്നു. സാധാരണക്കാരൻ ആഗ്രഹിക്കുന്നത് അധികാരത്തിന്റെ പങ്കുവയ്ക്കലല്ല, മറിച്ച് ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യമാണ്. ജനങ്ങളെ വംശീയമായി ചേരിതിരിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിച്ചവർ തന്നെ ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി വരുന്നത് ചരിത്രപരമായ വഞ്ചനയാണ്. കത്തുന്ന കനലുകൾക്ക് മുകളിൽ പട്ടുപുതപ്പ് വിരിച്ച് എല്ലാം ശാന്തമാണെന്ന് വരുത്തിത്തീർക്കാനുള്ള ഈ നീക്കം തിരിച്ചടിയാകുമെന്ന് തീവയ്പും, ബന്ദും മുന്നറിയിപ്പ് നല്‍കുന്നു. നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ രോഷം ഇത്തരം താൽക്കാലിക തന്ത്രങ്ങൾ കൊണ്ട് കെടുത്താനാവില്ല.

Exit mobile version