Site iconSite icon Janayugom Online

ബൊളീവിയയില്‍ ഇടതുപക്ഷം തോല്‍ക്കുമ്പോള്‍

ടതുപക്ഷത്തെ സംബന്ധിച്ച് ഓഗസ്റ്റ് 17 ദുഃഖകരമായൊരു ദിനമാണ്. രണ്ട് ദശകത്തിലധികമായി ബൊളീവിയയിലെ പ്രബല ഭരണകക്ഷിയായ സോഷ്യലിസത്തിനുവേണ്ടിയുള്ള മുന്നണി (എംഎഎസ്) തെരഞ്ഞെടുപ്പ് പരാജയം നേരിട്ട ദിനമായിരുന്നു അന്ന്. നിലവിലെ പ്രസിഡന്റ് ലൂയിസ് ആർസും അദ്ദേഹത്തിന്റെ ഉപദേഷ്ടാവും മുൻ പ്രസിഡന്റുമായ ഇവോ മൊറേൽസും തമ്മിലുള്ള മൂപ്പിളമ തര്‍ക്കം ഭരണകക്ഷിയിലുണ്ടാക്കിയ പിളർപ്പായിരുന്നു അതിന് കാരണം. നിലവിലെ ഫലമനുസരിച്ച് ഒക്ടോബര്‍ 19ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ മധ്യ വലതുപക്ഷ സെനറ്റര്‍ റോഡ്രിഗോ പെരേര, കടുത്ത വലതുപക്ഷക്കാരനും മുന്‍ പ്രസിഡന്റുമായ ജോര്‍ജ് ക്വിറോഗ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തിനായി ഏറ്റുമുട്ടുക. ബൊളീവിയയിലെ ഭരണഘടനയനുസരിച്ച് ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനത്തിലധികം വോട്ട് ലഭിക്കുന്നില്ലെങ്കില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ തമ്മില്‍ രണ്ടാം ഘട്ടത്തില്‍ മത്സരിക്കണമെന്നാണ് വ്യവസ്ഥ. ഒന്നാംഘട്ടത്തില്‍ 32.0% വോട്ടോടെ പെരേര ഒന്നും 26.9% ക്വിറോഗ രണ്ടും സ്ഥാനങ്ങളിലെത്തി. ഇടതുപക്ഷത്തുനിന്ന് പല സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു.

എന്നാൽ ഇടതുപക്ഷ സ്ഥാനാർത്ഥികളിൽ മുന്നിലെത്തിയ ഒരേയൊരാള്‍ റോഡ്രിഗസ് ആയിരുന്നു, അദ്ദേഹത്തിന് 8% വോട്ടാണ് ലഭിച്ചത്. പ്രസിഡന്റ് ആർസ് പിന്തുണച്ച മറ്റൊരു ഇടതുപക്ഷ സ്ഥാനാർത്ഥി എഡ്വേർഡോ കാസ്റ്റില്ലോയ്ക്ക് 3.15% വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. റോഡ്രിഗസ് തുടക്കത്തിൽ മൊറേൽസിന്റെ പിന്തുണക്കാരനായിരുന്നു, പക്ഷേ പ്രചാരണ വേളയിൽ മൊറേൽസ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞു, അതിനാൽ സ്വന്തം പിന്‍ബലത്തിലാണ് മത്സരിച്ചത്. അതേസമയം ആർക്കും വോട്ട് ചെയ്യരുതെന്ന് പ്രചാരണം നടത്തിയ ഇവോ മൊറേൽസ്, തന്റെ ജനപ്രീതി തെളിയിച്ചുകൊണ്ട് നോ വോട്ടിങ്ങിന് 19.1% കരസ്ഥമാക്കി. ലൂയീസ് ആര്‍സെയും മുന്‍ പ്രസിഡന്റ് ഇവോ മൊറേൽസും തമ്മിലുള്ള ഭിന്നത 2023ല്‍ തന്നെ ആരംഭിച്ചിരുന്നു. 2024 ആയതോടെ ഇത് കൂടുതല്‍ രൂക്ഷമാകുകയും എംഎഎസിന്റെ പിളര്‍പ്പിലെത്തുകയുമായിരുന്നു. ഇവോ മൊറേൽസാകട്ടെ സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പരസ്യപ്രചരണവും നടത്തി. ആര്‍സെയുടെ ജനപ്രീതി കുത്തനെ ഇടിയുകയും മത്സരിക്കേണ്ടെന്ന് അദ്ദേഹത്തിന് തീരുമാനിക്കേണ്ടിവരികയും ചെയ്തു. ഇവോ മൊറേൽസിന് മത്സരിക്കണമെന്നാഗ്രഹമുണ്ടായിരുന്നുവെങ്കിലും ഇതിനകം മൂന്ന് തവണ പ്ര സിഡന്റ് പദം പൂര്‍ത്തിയാക്കിയെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചില്ല. ബൊളീവിയയിലെ ഈ സംഭവ വികാസങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടന പരിഷ്കരിക്കുന്നതിലും അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും പ്രശംസനീയ പ്രവർത്തനം നടത്തിയ എംഎഎസിന്റെ ഭാവിയെ കുറിച്ചുതന്നെ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. ഇവോ മൊറേൽസ് 2006 മുതല്‍ 2019 വരെയാണ് പ്രസിഡന്റ് പദത്തിലിരുന്നത്. അദ്ദേഹത്തിന്റെ ഭരണ കാലയളവില്‍ നിരവധി ജനപക്ഷ സമീപനങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം പാവപ്പെട്ട കര്‍ഷകര്‍ക്ക് അനുഗുണമാകും വിധം മാറ്റുകയും തൊഴിലാളികളുടെ വേതനത്തില്‍ വര്‍ധന വരുത്തുകയും ചെയ്തു. എന്നാല്‍ ആര്‍സെയുടെ ഭരണകാലയളവില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സമ്പദ്ഘടന പിറകോട്ട് പോകുകയും അത് അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടാക്കുകയും ചെയ്തു. എങ്കിലും എംഎഎസിനെ മുമ്പെന്നതുപോലെ യോജിച്ച സംഘടനയാക്കുകയും ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുകയും ചെയ്യാമായിരുന്നു. നേരത്തെയുണ്ടായ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ വലിയ ഭൂരിപക്ഷത്തോടെയായിരുന്നു മുന്നണി ജയിച്ചിരുന്നത്. സഭയില്‍ ഭൂരിപക്ഷം സീറ്റുകള്‍ കരസ്ഥമാക്കുകയും ചെയ്തു. 

ഈ വര്‍ഷം ഏപ്രില്‍ 13ന് ഇക്വഡോറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിന് ശേഷം ഇടതുപക്ഷം നേരിടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണ് ബൊളീവിയയിലേത്. മുൻ പ്രസിഡന്റ് റാഫേൽ കൊറയയുടെ പിന്തുണയുണ്ടായിരുന്ന മുതിർന്ന സെനറ്റര്‍ ഇടതുപക്ഷത്തെ ലൂയിസ ഗൊൺസാലസിനെ പരാജയപ്പെടുത്തി വലതുപക്ഷ ബിസിനസുകാരനായ ഡാനിയേൽ നോബോവയാണ് ഇക്വഡോറിന്റെ പ്രസിഡന്റായത്.  നവംബര്‍ 16ന് ചിലിയിലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ഇടതുപക്ഷത്തിന്റെ ഗബ്രിയേൽ ബോറിക്കാണ് അവിടെ പ്രസിഡന്റ്. ബോറിക് നയിക്കുന്ന ഇടതുപക്ഷ സഖ്യം വളരെയധികം ജനപ്രീതിയുള്ള മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജീനറ്റ് ജാരയെ നാമനിർദേശം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോറിക്കിനൊപ്പം ജീനറ്റ് ജാര നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് നവംബർ 16ലെ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ചിലിയിലെ ഇടതുപക്ഷ സഖ്യം. ഈ വര്‍ഷം ലാറ്റിനമേരിക്കയില്‍ നടക്കാനിരിക്കുന്ന അവസാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 30ന് ഹോണ്ടുറാസിലാണ്. കഴിഞ്ഞ തവണ ഹോണ്ടുറാസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി സിയോമാര കാസ്ട്രോ വിജയിച്ചത് വലിയ അത്ഭുതം സൃഷ്ടിച്ചിരുന്നു. ഇത്തവണയും ഇടതുപക്ഷത്തിന് അധികാരം നിലനിർത്താൻ കഴിയുമോ എന്ന് കണ്ടറിയണം. ഏതായാലും ലാറ്റിനമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ ഇടതുപക്ഷത്തിന്റെ ഭാവി ചിലിയിലെയും ഹോണ്ടുറാസിലെയും വിജയത്തെ ആശ്രയിച്ചിരിക്കുമെന്നതിനാൽ, വരാനിരിക്കുന്ന രണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Exit mobile version