Site iconSite icon Janayugom Online

മാധ്യമങ്ങള്‍ മനുകാലത്തേക്ക് മടങ്ങുമ്പോള്‍

dddd

ഫാസിസത്തിന്റെ അടിസ്ഥാനതത്വങ്ങൾ (Doc­trine of Fas­cism) എന്ന കൃതിയിൽ ‘മൂലധനവും ഭരണകൂടവും തമ്മിലുള്ള സമ്പൂർണമായ ഐക്യം’ എന്നാണ് മുസോളിനി ഫാസിസത്തെ വിശദീകരിക്കുന്നത്. മുതലാളിത്തവുമായി ഫാസിസത്തിനുള്ള അനിഷേധ്യബന്ധത്തെ ഈ വിശദീകരണം വെളിപ്പെടുത്തുന്നു. അതിതീവ്ര ദേശീയതയെ മറയാക്കി സമൂഹത്തെ വിഭജിക്കുകയും ആഭ്യന്തരശത്രുക്കളെ കൃത്രിമമായി സൃഷ്ടിക്കുകയുമാണ് ഫാസിസം ചെയ്യുന്നതെന്നാണ് പല സാമൂഹ്യശാസ്ത്രജ്ഞരും വിശദീകരിച്ചിട്ടുള്ളത്. രാഷ്ട്രത്തിന്റെ സൈനികവൽക്കരണത്തിനും ജനാധിപത്യഹിംസയ്ക്കും തീവ്ര ദേശീയത ഉപകരണമാക്കപ്പെടുമെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യ സർക്കാരുകൾക്ക് പോലും ഫാസിസ്റ്റ് സർക്കാരുകളുമായി ചങ്ങാത്തം കൂടുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ലെന്ന ചരിത്രസത്യവും നിലവിലുണ്ട്. മുസോളിനി, ഹിറ്റ്ലർ, ഫ്രാങ്കോ, പിനോഷെ, സുഹാർത്തോ തുടങ്ങിയ എല്ലാ ഫാസിസ്റ്റുകളോടും അമേരിക്ക, ബ്രിട്ടൺ, കാനഡ, സ്വീഡൻ തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളിലെ അധികാരികൾക്കും സമ്പന്നർക്കും ആരാധനയായിരുന്നു. മുസോളിനിയെയും, ഹിറ്റ്ലറെയും ‘ആരാധ്യരായ മാന്യരെ‘ന്നാണ് (Admirable gen­tle­man) അവർ വിളിച്ചത്. സ്വയം വിശ്വഗുരു ചമയുന്ന സമകാലിക ഇന്ത്യൻ ഭരണാധികാരികളോട് ചിലര്‍ പുലര്‍ത്തുന്ന വിധേയത്വവും ‘ആരാധ്യരായ മാന്യരെ‘ന്ന നിലയില്‍ തന്നെയാണ്. ജനാധിപത്യത്തിന്റെ മാതാവെന്ന് രാജ്യത്തെ വിശേഷിപ്പിക്കുന്ന ‘അഭിനവ വിശ്വഗുരു‘ക്കള്‍ പക്ഷേ രാജ്യത്തെ എത്തിച്ചിരിക്കുന്നത് കൊളോണിയല്‍ അടിമത്തത്തെ വെല്ലുന്ന ഫാസിസത്തിന്റെ ഇരുട്ടിലേക്കാണ്.
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആകാശവാണി, ദൂരദർശൻ എന്നിവയുടെ വാർത്തകൾ ഇനിമുതൽ ഭരണകൂടത്തെ നിയന്ത്രിക്കുന്ന തീവ്രവാദ നിലപാടുകളുടെ ഉറവിടമായ ആർ
എസ്എസ് നിശ്ചയിക്കുമെന്ന വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞദിവസമാണ്. ഞാനാണ് രാജ്യം എന്ന ഏകാധിപത്യ നിലപാടിന്റെ ആശയവല്‍ക്കരണമാണിവിടെ നടന്നത്. ബഹുസ്വരതയുള്ള രാഷ്ട്രം എന്നത് തങ്ങളുടെ ആജ്ഞകള്‍ക്ക് വിധേയമായി മാത്രമായിരിക്കുമെന്ന് ഹിന്ദുത്വ തീവ്രവാദികള്‍ നേരിട്ട് വെളിപ്പെടുത്തിയിരിക്കുകയാണ്. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന മനുവാക്യത്തിന്റെ പുതുരൂപമാണിത്. ബഹുജനമെന്ന ശൂദ്രര്‍ എന്തു കേള്‍ക്കണം, എന്തു കാണണം എന്ന് ഭരണകൂടം തീരുമാനിക്കും. ആകാശവാണിക്കും ദൂരദർശനും വാർത്തകൾ നല്കുന്നതിനുള്ള ഉത്തരവാദിത്തം ആർഎസ്
എസ് നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ സമാചാർ എന്ന വാർത്താ ഏജൻസിക്കു നല്കി കരാർ ഒപ്പിട്ടത് അതിന്റെ ഭാഗമാണ്. നിഷ്പക്ഷവും വിശ്വസനീയവുമായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ)എന്ന സ്വതന്ത്ര വാര്‍ത്താ എജന്‍സിയെ ഒഴിവാക്കിയാണ് ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർ ഭാരതി കരാറുണ്ടാക്കിയിരിക്കുന്നത്.

 


ഇതുകൂടി വായിക്കു;  ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ വീണ്ടും പൊലീസ് അതിക്രമം


2017 മുതൽ സൗജന്യ നിരക്കിൽ പ്രസാർ ഭാരതിക്ക് വാർത്തകൾ നൽകിയാണ് ഹിന്ദുസ്ഥാൻ സമാചാർ നുഴഞ്ഞുകയറ്റത്തിന് തുടക്കമിട്ടത്. ഇതിന്റെ തുടർച്ചയായി പിടിഐയുമായുള്ള കരാർ 2020ൽ പ്രസാർ ഭാരതി അവസാനിപ്പിച്ചു. നരേന്ദ്ര മോഡി അധികാരത്തിലെത്തിയ 2014 മുതൽ പിടിഐയുടെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ എതിര്‍ത്തിരുന്നു. മറ്റാെരു വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎൻഐ)യുമായും സർക്കാർ ഇടഞ്ഞു. 2017ൽ ഈ വാർത്താ ഏജൻസികളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നിർദേശവും നൽകി. കാരണം സർക്കാർ അനുകൂല വാർത്തകൾ മാത്രമേ പുറത്തുവരാവൂ എന്നതു തന്നെ. 1948ൽ വിശ്വഹിന്ദു പരിഷത്ത് സഹസ്ഥാപകന്‍ ശിവറാം ശങ്കർ ആപ്തെയും ആർ
എസ്എസ് സൈദ്ധാന്തികന്‍ എം എസ് ഗോൾവാൾക്കറും ചേർന്ന് സ്ഥാപിച്ചതാണ് ബഹുഭാഷാ വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാർ. സാമ്പത്തിക പ്രതിസന്ധിമൂലം 1986ൽ പ്രവർത്തനം അവസാനിപ്പിച്ച സ്ഥാപനം 2002ൽ എ ബി വാജ്പേയ് അധികാരത്തിലെത്തിയതോടെയാണ് വീണ്ടും പച്ചപിടിച്ചത്.
കഴിഞ്ഞവര്‍ഷം പുറത്തുവന്ന ആഗോളമാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 180 ആയിരുന്നുവെന്ന നാണംകെട്ട അവസ്ഥയുണ്ട്. ഫാസിസ്റ്റ് ഭരണകൂടവും മൂലധനക്കുത്തകകളും കൈകോർത്തുകൊണ്ട് മാധ്യമങ്ങളെ വിഴുങ്ങിയതിന്റെ തെളിവാണിത്. അതിഭീമമായ അധികാരകേന്ദ്രീകരണവും ഭരണഘടനാ വിരുദ്ധതയും മനുഷ്യാവകാശധ്വംസനങ്ങളും ജനാധിപത്യഹിംസയും ദേശവ്യാപകമാവുമ്പോൾ അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത മാധ്യമങ്ങളാണ് ഇപ്പോഴുള്ളവയില്‍ ഭൂരിപക്ഷവും. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററിയുടെ പേരില്‍ ബിബിസി ഓഫിസില്‍ നടത്തിയ ആദായനികുതി റെയ്ഡ്, ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേലുള്ള ഭരണകൂട നിലപാടിന്റെ നേര്‍ച്ചിത്രമാണ്. ഡോക്യുമെന്ററിയുടെ പേരില്‍ ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതിയിലുമെത്തി. ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്ത നൽകിയ ഹർജി പക്ഷേ, സുപ്രീം കോടതി തള്ളി. ഹർജി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ബിബിസി ഡോക്യുമെന്ററിയുടെ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതില്‍ അകാരണമായ ഉള്‍വലിയലാണ് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് പറയാതെവയ്യ. മോഡി സര്‍ക്കാരിന്റെ പൊയ്മുഖം തുറന്നുകാണിച്ച സമാന്തര മാധ്യമങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളാകണം ഉയര്‍ന്ന വാണിജ്യ മൂല്യമുള്ള മാധ്യമങ്ങളുടെ വായടപ്പിച്ചത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മാധ്യമങ്ങളെ വരുതിയിലാക്കും ഫാസിസ്റ്റ് ഭരണകൂടങ്ങള്‍. ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രതീകമായിരുന്ന എന്‍ഡിടിവിയെ പോലും കുതന്ത്രമുപയോഗിച്ച് സ്വന്തം ചങ്ങാതിയായ ഗൗതം അഡാനിയുടെ പേരിലാക്കി. തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനുള്ള സ്വന്തം മാധ്യമങ്ങളെ സര്‍ക്കാര്‍ സ്വയമേവ രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവരുല്പാദിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ കോളിളക്കമുണ്ടാക്കും. വാര്‍ത്തയിലെ സത്യമല്ല, അതുണ്ടാക്കുന്ന ദീര്‍ഘമായ അലയൊലിയാണ് ഭരണകൂടത്തിന്റെയും അവരെ നയിക്കുന്ന ഫാസിസ്റ്റ് തത്വശാസ്ത്രത്തിന്റെയും ആവശ്യം. നുണവാര്‍ത്തകളുടെ ബഹളങ്ങള്‍ക്കിടയില്‍ സത്യം ജനം തിരിച്ചറിയാതെ പോകണം. ഇന്ത്യൻ മാധ്യമ രംഗത്തെ സംഘ്പരിവാർ ഭരണകൂടം എങ്ങനെ കൈപ്പിടിയിൽ ഒതുക്കിയെന്നും അതിനെ അവർ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നും 2021ല്‍ അർണബ് ഗോസ്വാമിയെന്ന വാര്‍ത്താ സ്രഷ്ടാവ് തെളിയിച്ചിട്ടുണ്ട്. 40 സൈനികരുടെ ജീവൻ നഷ്ടപ്പെട്ട പുൽവാമ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്ന ഉടനെ ‘നാം വിജയിച്ചിരിക്കുന്നു’ എന്ന് അയാൾ വാട്സ്ആപ്പ് സന്ദേശം അയയ്ക്കുന്നു. അതീവരഹസ്യമായി ഇന്ത്യൻ സേന നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിന് മൂന്ന് ദിവസം മുമ്പ് അക്കാര്യം സൂചിപ്പിച്ചു കൊണ്ടും അയാൾ വാട്സ്ആപ്പ് ചെയ്തു. കശ്മീരിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്നും അയാൾ മുൻകൂട്ടി പറഞ്ഞു. 370-ാം വകുപ്പ് എടുത്ത് കളയുന്നതിന് രണ്ട് ദിവസം മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ കാര്യവും വെളിപ്പെടുത്തിയിട്ടുണ്ട്. റിപ്പബ്ലിക് ചാനല്‍ എന്ന സംഘ്പരിവാര്‍ മാധ്യമത്തിന്റെ ഇടപെടല്‍ രാജ്യസുരക്ഷയെപ്പോലും അപകടത്തിലാക്കുന്ന രൂപത്തിൽ മോഡി സർക്കാരും മാധ്യമങ്ങളും തമ്മിലുള്ള അപകടകരമായ കൂട്ടുകെട്ടിന്റെ രഹസ്യങ്ങളാണ് വെളിപ്പെടുത്തിയത്.


ഇതുകൂടി വായിക്കു;  തൊഴിലില്ലായ്മ രാഷ്ട്രീയ വികസനത്തിന്റെ ഫലം


 

തങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ള ഹിന്ദുരാജ്യത്തിലേക്ക് ജനങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നതിനുള്ള മാധ്യമ സമൂഹം മാത്രമേ ഇനിയിവിടെ ഉണ്ടാകാവൂ എന്ന് സംഘ്പരിവാര്‍ ഭരണകൂടത്തിന് വ്യക്തമായ നിര്‍ബന്ധമുണ്ട്. അതിനുതകുന്ന മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തന്നെ സംവിധാനമൊരുക്കുന്നതിന്റെ ഏറ്റവും പുതിയ വാര്‍ത്ത കേരളത്തില്‍ നിന്നാണ്. കാലിക്കറ്റ് എൻഐടിയും ആർ
എസ്എസ് അധീനതയിലുള്ള ചാലപ്പുറം കേസരി ഭവനിലെ മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ്കോം) തമ്മിലുള്ള ധാരണാപത്രം അതിന്റെ ഭാഗമാണ്. കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിൽ വെള്ളിയാഴ്ചയാണ് എൻഐടിയിൽ നടന്ന ചടങ്ങില്‍ ധാരണാപത്രം ഒപ്പിട്ടത്. ദീർഘകാല കോഴ്സുകളിലെ സഹകരണത്തിനാണ് ധാരണാപത്രം. ടെക്നിക്കൽ റൈറ്റിങ്, കണ്ടന്റ് റൈറ്റിങ്, മീഡിയ ടെക്നോളജി, ഇന്റർനാഷണൽ സ്റ്റഡീസ് തുടങ്ങിയ മേഖലകളിൽ ഇരുസ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കും. കോഴ്സുകൾക്ക് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ ഇവിടുത്തെ അധ്യാപകർക്കൊപ്പം മാഗ്കോം നിശ്ചയിക്കുന്നവരായിരിക്കും ക്ലാസ് നയിക്കുക. സംഘ്പരിവാര്‍ അനുകൂല വാർത്തയെഴുത്തുകാരെ സൃഷ്ടിക്കാനുള്ള ബഹുമുഖ പദ്ധതിയുടെ ഭാഗമാണിത്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ജെഎൻയുവുമായും മാഗ്കോം നേരത്തെ ധാരണാപത്രം ഒപ്പിട്ടിരുന്നു. 2025 ഓടെ തങ്ങളുടെ ഭാവനയിലുള്ള മതരാഷ്ട്രം സ്ഥാപിക്കുമെന്നു പ്രതിജ്ഞയെടുത്തിട്ടുള്ള സംഘ്പരിവാർ ശക്തികൾ കണ്ണിലെ കരടായ അപൂർവം പ്രതിരോധങ്ങളെ പോലും തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്നമല്ല, ജനാധിപത്യത്തിന്റെ നിലനില്പിന്റെ കൂടി പ്രശ്നമാണ്. മാധ്യമങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലാത്ത സമൂഹം ഒരിക്കലും ജനാധിപത്യ സമൂഹമായിരിക്കില്ല.

Exit mobile version