Site iconSite icon Janayugom Online

ഇച്ഛാശക്തിയും പ്രവര്‍ത്തനമികവുമുള്ള ഭരണം

കിഫ്ബി’ പദ്ധതികളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കുക ഒരു ലേഖനത്തില്‍ സാധ്യമായ കാര്യമല്ല. 90,000ല്‍ അധികം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. റോഡുകള്‍, പാലങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍, ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങി സാംസ്കാരിക രംഗത്തുവരെ ‘കിഫ്ബി’ കടന്നുചെന്ന് നേട്ടങ്ങള്‍ ഉറപ്പിച്ചു. കേരളത്തിലെ തൊഴില്‍ മേഖല ശക്തവും ഫലപ്രദവുമാണ്. തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍‍ വേതനം വാങ്ങുന്നതും തൊഴില്‍ സുരക്ഷിതത്വം അനുഭവിക്കുന്നതും ഇവിടെതന്നെ. അതേസമയം കോര്‍പറേറ്റുകള്‍ ആവശ്യപ്പെട്ട പ്രകാരം എല്ലാ തൊഴില്‍ നിയമങ്ങളും റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏറ്റവും കരുത്തുപകരുന്നത് വിദേശ മലയാളികള്‍ അയയ്ക്കുന്ന പണമാണ്. ഒരു വര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപയാണ് അവര്‍ അയയ്ക്കുന്നത്. പ്രവാസി സമൂഹത്തെ വളരെ ആദരവോടെയാണ് നമ്മള്‍ കാണുന്നതും അവര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതും. പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. നോര്‍ക്ക് റൂട്ട്സിന്റെ പ്രവര്‍ത്തനം ഈ സമൂഹം ആശ്വാസത്തോടെയാണ് കാണുന്നത്. 

ക്രമസമാധാന പരിപാലന രംഗത്തും രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേരളം തന്നെ. ഇതിന്റെ ഏറ്റവും വലിയ ആശ്വാസം ലഭിക്കുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ സമൂഹത്തിനുമാണ്. സ്ത്രീസുരക്ഷ ഒരു വലിയ പരിധിവരെ ഉറപ്പായിരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗം തടയല്‍‍ മുഖ്യലക്ഷ്യമായി സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒമ്പതര വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു വര്‍ഗീയ കലാപംപോലും കേരളത്തില്‍ ഉണ്ടായിട്ടില്ല. മതന്യൂനപക്ഷങ്ങള്‍ ഇത്രയും സുരക്ഷിതത്വം അനുഭവിക്കുന്ന മറ്റൊരു സംസ്ഥാനം രാജ്യത്തില്ല. നമ്മള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരു യാഥാര്‍ത്ഥ്യമാണ്. രാജ്യത്തെ മൊത്തം വിസ്തൃതിയുടെ 1.18% മാത്രമാണ് സംസ്ഥാനത്തിന്റെ ഭൂവിസ്തൃതി. അവിടെ 2.77% ജനങ്ങള്‍ ജീവിക്കുന്നു. വ്യവസായവികസനത്തിനുള്ള സാധ്യത കുറവായതിനാല്‍, അതുവഴിയുള്ള നികുതി വരുമാനം നാമമാത്രമാണ്. 2017ല്‍ ജിഎസ്‌ടി നിയമം നടപ്പിലാക്കിയപ്പോള്‍, നികുതി വരുമാന സ്രോതസിന്റെ 62% നഷ്ടമായി. അ‍ഞ്ച് വര്‍ഷത്തിനു ശേഷം ഇതിനുള്ള നഷ്ടപരിഹാരവും നിര്‍ത്തലാക്കി. ഇപ്പോള്‍ പ്രതിവര്‍ഷ നഷ്ടം 12,000 കോടി രൂപയാണ്. 15-ാം ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 62.31% എത്തിച്ചേരുന്നത് കേന്ദ്ര ഖജനാവിലാണ്. സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്നത് 37.69% മാത്രം. എന്നാല്‍ ആകെയുള്ള ചെലവിന്റെ 63% നിര്‍വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. എല്ലാ സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലെത്തിക്കന്ന പ്രധാന ഘടകമിതാണ്. ബിജെപി സര്‍ക്കാര്‍ വന്നതിനുശേഷം കേരളത്തിന്റെ വരുമാനം മറ്റു വഴികളിലും വെട്ടിക്കുറച്ചു. 10-ാം ധനകാര്യ കമ്മിഷന്‍ കേരളത്തിന് നിശ്ചയിച്ചിരുന്ന വിഹിതം 3.81% ആയിരുന്നു. 14-ാം കമ്മിഷന്‍ ഇത് 2.51% ആയി കുറച്ചു. 15-ാം ധനകാര്യ കമ്മിഷനാകട്ടെ 1.92 ശതമാനമാത്തിലേക്ക് വെട്ടിക്കുറച്ചു. ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള 16-ാം ധനകാര്യ കമ്മിഷനില്‍ നിന്ന് നീതി ഉറപ്പാകുമെന്ന് പറയാനാകില്ല. ജനസംഖ്യാനുപാതികമായിട്ടാണെങ്കില്‍, 2.77% സംസ്ഥാനത്തിന് കിട്ടണമായിരുന്നു. ബിജെപി സര്‍ക്കാരിന്റെ കേരളത്തോടുള്ള പക ഇവിടെ പ്രകടമാണ്. ഇതിനെതിരെ യുഡിഎഫ് എംപിമാര്‍ പ്രതികരിച്ചില്ല എന്നതും വിസ്മരിക്കാനാകില്ല. യുപിക്ക് 17.94 ശതമാനവും ബിഹാറിന് 10.06 ശതമാനവും നല്‍കിയപ്പോഴാണ് കേരളത്തോട് ക്രൂരമായ അവഗണന കാട്ടിയത്. ഒരു വര്‍ഷം 8,000 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ മാത്രം കേരളത്തിനുണ്ടായത്. 

കേന്ദ്രത്തിന് കിട്ടുന്ന നികുതി വരുമാനത്തിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് പങ്കവയ്ക്കുന്നത്. എന്നാല്‍ പെട്രോളിയം ഉല്പന്നങ്ങള്‍ അടക്കമുള്ളവയ്‍ക്ക് ഏര്‍പ്പെടുത്തിയ സെസിന്റെയും എക്സൈസ് ഡ്യൂട്ടിയുടെയും വിഹിതം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി 41 ശതമാനത്തിന്റെ സ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ 32–33% മാത്രമേ സംസ്ഥാനത്തിന് ലഭിക്കുന്നുള്ളു. 6,000ലധികം കോടിയുടെ നഷ്ടമാണ് ഒരു വര്‍ഷം ഇതിലൂടെ ഉണ്ടാകുന്നത്. കടമെടുക്കുന്നതിന്റെ വായ്പാ പരിധി ജിഎസ്‌ടിയുടെ മൂന്ന് ശതമാനം എന്നത് നാല് ശതമാനമായി ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. കേന്ദ്രത്തിന് യാതൊരു സാമ്പത്തിക നഷ്ടവും വരാത്ത കാര്യമാണിത്. ഇതേ കേന്ദ്രസര്‍ക്കാര്‍ തന്നെ അവരുടെ ജിഡിപിയുടെ അഞ്ച് ശതമാനത്തിലധികം വായ്പ എടുക്കുന്നുമുണ്ട്. വായ്പാ പരിധി ഒരു ശതമാനം കൂട്ടിയിരുന്നുവെങ്കില്‍ ഒരു വര്‍ഷം 10,000ലധികം കോടി രൂപ കൂടുതലായി വായ്പ എടുക്കാനാകുമായിരുന്നു. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് റിസര്‍വ് ബാങ്ക് തന്നെ വിലയിരുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. വായ്പാ പരിധി വര്‍ധിപ്പിക്കാത്ത കേന്ദ്രസര്‍ക്കാര്‍, മറ്റൊരു ക്രൂരത കൂടി ചെയ്തു. കിഫ്ബി വഴിയും പെന്‍ഷന്‍ ഫണ്ട് വഴിയും എടുത്ത വായ്പ കൂടി മൂന്ന് ശതമാനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. 16,433 കോടി രൂപയുടെ കുറവാണ് ഇങ്ങനെയുണ്ടായത്. ഗ്രാന്റ് ഇന്‍ എയ്ഡില്‍ വെട്ടിക്കുറവുവരുത്തിയ സര്‍ക്കാര്‍, വയനാട് ദുരന്തമുണ്ടായപ്പോള്‍ കാട്ടിയ അവഗണന സംസ്ഥാനം വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ദുരന്തഘട്ടങ്ങളില്‍ കേരളം കാണിക്കുന്ന കരുതല്‍ രാജ്യത്തിനാകെ മാതൃകയാണ്. വയനാട്ടിലെത്തുന്ന ആര്‍ക്കും ഇത് കാണാനാകും.
2016–17ല്‍ കേരളത്തിന്റെ റവന്യു വരുമാനം 75,612 കോടിയായിരുന്നെങ്കില്‍, അതില്‍ 23,735 കോടി കേന്ദ്ര വിഹിതമായിരുന്നു, 32%. എന്നാല്‍ 2023–24 എത്തിയപ്പോള്‍ കേന്ദ്രവിഹിതം 27 ശതമാനമായും 2024–25ല്‍ ഇത് 25 ശതമാനമായും കുറഞ്ഞു. 2025–26ല്‍ ഇനിയും കുറയാനാണ് സാധ്യത. കേന്ദ്ര അവഗണനയുടെ പൂര്‍ണചിത്രം ഈ കണക്കില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. കേന്ദ്ര അവഗണനമൂലം ഒരു വര്‍ഷം 35,000 മുതല്‍ 40,000 കോടി വരെയാണ് നഷ്ടമുണ്ടാകുന്നത്.
കൂടുതല്‍ പരിഗണന കിട്ടില്ലെങ്കിലും 2014–15 വരെ ലഭിച്ചിരുന്ന അര്‍ഹമായ വിഹിതം തുടര്‍ന്നു ലഭിച്ചിരുന്നുവെങ്കില്‍, ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ക്ഷേമ പെന്‍ഷന്‍ വളരെ നേരത്തെതന്നെ ഉയര്‍ത്താന്‍ കഴിയുമായിരുന്നു. നിരവധി മേഖലകളില്‍ ഉണ്ടായ കുടിശിക കൊടുത്തുതീര്‍ക്കാന്‍ കഴിയുമായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത്രയും ക്ഷാമബത്ത കുടിശിക ആകില്ലായിരുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ വേഗത കുറച്ചുകൂടി വേഗത്തിലാകുമായിരുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ കഴിയുമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പകവീട്ടലും ക്രൂരമായ അവഗണനയും ഉണ്ടായിട്ടുകൂടി, മുകളില്‍ വിവരിച്ച എണ്ണമറ്റതും മൗലികവുമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴി‍ഞ്ഞത് അസാധാരണമായ ഇച്ഛാശക്തിയും പ്രവര്‍ത്തനമികവും കൂട്ടായ്മയും കൊണ്ടാണ്.
2016–17ല്‍ സംസ്ഥാനത്തിന്റെ വാര്‍ഷിക ചെലവ് 68,169 കോടിയായിരുന്നത് 2025–26ല്‍ 2,00,354 കോടിയായി ഉയരുന്ന അവസ്ഥ പ്രത്യേകം പഠിക്കേണ്ടതാണ്. തനത് നികുതി വരുമാനം നാല് വര്‍ഷം മുമ്പ് 47,166 കോടിയായിരുന്നത് ഇന്നിപ്പോള്‍ 81,000 കോടിയായി ഉയര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ ക്രമത്തില്‍ വര്‍ധിച്ചില്ല എന്ന് കേന്ദ്രസര്‍ക്കാരിന്റെ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുമ്പോള്‍ അതിന് ഇന്ധനം പകരുകയായിരുന്നു കേരളത്തിലെ ബിജെപി. എല്ലാം കൃത്യമായി അറിയാവുന്ന യുഡിഎഫ് സംവിധാനവും ഇതിന് കൂട്ടുനിന്നു എന്നതാണ് അതിശയകരം. ഈ തെര‍ഞ്ഞെടുപ്പുവേളയില്‍ കേരളത്തിലെ ജനങ്ങള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുകതന്നെ വേണം.
നവംബര്‍ 13ന് പുതിയ പ്രകടന പത്രിക എല്‍ഡിഎഫ് പുറത്തിറക്കി. ‘കേവല ദാരിദ്ര്യം ഇല്ലാതാക്കും’ എന്നതോടൊപ്പം നിരവധി പുതിയ വാഗ്ദാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം വനിതകള്‍ക്ക് തൊഴില്‍, 35നും 60നും മധ്യേ പ്രായമുള്ള 31 ലക്ഷം അര്‍ഹരായ വനിതകള്‍ക്ക് പ്രതിമാസം 1000 രൂപ, വനിതകളുടെ തൊഴില്‍പങ്കാളിത്തം 50 ശതമാനമായി വര്‍ധിപ്പിക്കുക, 18നും 30നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപന്റ് തുടങ്ങി നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇവയെല്ലാം നടപ്പിലാകുമെന്നുതന്നെ പ്രതീക്ഷിക്കാം. കാരണം അനുഭവം അതാണ്.
(അവസാനിച്ചു)

Exit mobile version