സ്ത്രീ ശാക്തീകരണവും നാരീശക്തിയും ഒക്കെ വാചാടോപങ്ങളാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പത്മ അവാര്‍ഡ് പ്രഖ്യാപനത്തിലും സ്ത്രീകളുടെ പങ്കാളിത്തം വിരളം. 131 അവാർഡ് ജേതാക്കളിൽ സ്ത്രീകൾ 19 മാത്രം. കായികം, കല, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ രാജ്യത്തെ സ്ത്രീകൾ സജീവസാന്നിധ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ദേശീയ അംഗീകാരം പുരുഷന്മാർക്ക് മാത്രമായി തുടരുന്നു. വിവിധ മേഖലകളിൽ സ്ത്രീകൾ മികവ് പുലർത്തിയിട്ടും ലിംഗപരമായ വ്യത്യാസം തുടരുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് പത്മ പുരസ്കാര പ്രഖ്യാപനം. ഈ വർഷം അംഗീകരിക്കപ്പെട്ട സ്ത്രീകളിൽ കായികം, കല, വൈദ്യം, സാമൂഹിക സേവനം, സാഹിത്യം എന്നീ മേഖലകളിലെ പ്രഗത്ഭര്‍ ഉൾപ്പെടുന്നു. ഹർമൻപ്രീത് കൗറിന്റെ ചരിത്രപരമായ ക്രിക്കറ്റ് വിജയം മുതൽ മംഗള കപൂറിന്റെ സംഗീത വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾ വരെ വിലയിരുത്തപ്പെട്ടു. പ്രവണതകൾ കാണിക്കുന്നത് സ്ത്രീ പ്രാതിനിധ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും താഴ്ന്ന നിലയിലാണ് പുരസ്കാര പ്രാതിനിധ്യം എന്നാണ്. 2025ല്‍ 139 പേരില്‍ 23 സ്ത്രീകളായിരുന്നു പുരസ്കാരം നേടിയത്. 2024ല്‍ ഇത് 132–30ഉം 2023ല്‍ 106–19 ഉം ആയിരുന്നു. 2022ല്‍ 128 പേരില്‍ 34 സ്ത്രീകളുണ്ടായിരുന്നപ്പോള്‍ 2021ല്‍ 119–29 ആയിരുന്നു. പൊതുജീവിതത്തിൽ മികവ് പ്രകടിപ്പിച്ച വ്യക്തികളെയാണ് അവാർഡുകൾക്കായി പരിഗണിക്കുന്നത്. പുരസ്കാര ജേതാക്കളായ സ്ത്രീകളില്‍ ആരും രാഷ്ട്രീയം, സിവിൽ സർവീസ്, വ്യാപാര വിഭാഗങ്ങളിൽ നിന്നില്ല. ഈ വർഷത്തെ വനിതാ വിജയികളിൽ അത്ര അറിയപ്പെടാത്ത വ്യക്തികളും ഉൾപ്പെടുന്നു. മുഖ്യധാരാ ശ്രദ്ധയുടെ തിളക്കത്തിന് പുറത്താണ് സ്ത്രീകൾ എന്നതും പുരോഗതിയെ എങ്ങനെയാണ് നിർവചിക്കുന്നതെന്നതും ഇത് കാണിക്കുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ആദ്യത്തെ ഐസിസി വനിതാ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഹർമൻപ്രീത് കൗർ ആണ് പത്മശ്രീ പുരസ്കാര ജേതാക്കളില്‍ ഒരാള്‍. അവരുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 പരമ്പര വിജയവും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയവും നേടി. മുംബൈ ഇന്ത്യൻസിനൊപ്പം ഒന്നിലധികം വനിതാ പ്രീമിയർ ലീഗ് കിരീടങ്ങളിലൂടെ ഹർമൻപ്രീത് തന്റെ പ്രശസ്തി കൂടുതൽ ശക്തിപ്പെടുത്തി. ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഗോൾകീപ്പറെന്ന നിലയിൽ പേരുകേട്ട സവിത പുനിയയാണ് കായികരംഗത്ത് നിന്നും പത്മശ്രീ നേടിയ മറ്റൊരാള്‍. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് എൻ രാജം പത്മവിഭൂഷണിലൂടെ അംഗീകരിക്കപ്പെട്ടു. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവരുടെ കരിയറിൽ മുമ്പ് പത്മശ്രീയും പത്മഭൂഷണും ലഭിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികമാരിൽ ഒരാളായ അൽക യാഗ്നികിനെ തേടിയെത്തിയത് പത്മ ഭൂഷൺ ആണ്. കർണാടക സംഗീതത്തിന്റെ തീവ്രതയും സൗന്ദര്യവും പ്രകടനത്തിലൂടെയും അധ്യാപനത്തിലൂടെയും സംരക്ഷിച്ചുകൊണ്ട്, തലമുറകളിലുടനീളം അതിന്റെ സ്വാധീനം വ്യാപിപ്പിച്ചുകൊണ്ട്, ഗായത്രിയും രഞ്ജനി ബാലസുബ്രഹ്മണ്യനും (പത്മശ്രീ) പുരസ്കാര ജേതാക്കളായി. ദീപിക റെഡ്ഡി , കലാമണ്ഡലം വിമല മേനോൻ എന്നിവരും കലാരംഗത്തെ മികവിന് പത്മശ്രീ ജേതാക്കളായി. അസമിൽ നിന്നുള്ള സാംസ്കാരിക പ്രവര്‍ത്തക പോഖില ലെക്തേപിക്ക് പ്രാദേശിക പ്രകടന പാരമ്പര്യങ്ങൾ നിലനിർത്തുന്നതിനും സമൂഹത്തെ കലകളിൽ ഉൾപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പത്മശ്രീ അംഗീകാരം ലഭിച്ചു. ബംഗാളിൽ നിന്നുള്ള കരകൗശല കലാകാരി തൃപ്തി മുഖർജി കലാ വിഭാഗത്തില്‍ പത്മശ്രീ നേടി. ആരോഗ്യമേഖലയിൽ പത്മശ്രീ നേടിയ അർമിദ ഫെർണാണ്ടസ് ശിശുരോഗചികിത്സയിൽ പ്രഗത്ഭയാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ ഏഷ്യയിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് സ്ഥാപിച്ചു. ഛത്തീസ്ഗഢിലെ ആദിവാസി മേഖലകളിലെ വൈദ്യസഹായത്തിന് ഭർത്താവ് രാമചന്ദ്ര ഗോഡ്‌ബോലെയോടൊപ്പം സുനീത ഗോഡ്‌ബോലെ വൈദ്യശാസ്ത്രത്തിൽ പത്മശ്രീ നേടി. ശുഭ വെങ്കിടേശ അയ്യങ്കാർക്ക് ശാസ്ത്രത്തിനും എന്‍ജിനീയറിങ്ങിനും നൽകിയ സംഭാവനകൾക്കാണ് പത്മശ്രീ ലഭിച്ചത്. പരിസ്ഥിതി സംരക്ഷണമേഖലയിലെ സംഭാവനകള്‍ക്കാണ് കേരളത്തില്‍നിന്നുള്ള കൊല്ലകൽ ദേവകി അമ്മയെ തേടി പത്മശ്രീ എത്തിയത്. ബഡി ദീദി എന്നറിയപ്പെടുന്ന ബുദ്രി താതി ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു സാമൂഹിക പ്രവർത്തകയാണ്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും വിദൂര പ്രദേശങ്ങളിലെ ഗോത്ര സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും ജീവിതം സമര്‍പ്പിച്ച ബുദ്രി താതിയും കർണാടകയിലെ സുമംഗലി സേവാശ്രമത്തിന്റെ സ്ഥാപകയായ എസ് ജി സുശീലമ്മയും ഗ്വാളിയോർ ഘരാനയിലെ വൈദഗ്ധ്യത്തിലൂടെ സംഗീതത്തിലെ ഏറ്റവും പ്രമുഖ വ്യക്തികളിൽ ഒരാളായി മാറിയ മംഗള കപൂറും എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയുമായ ശിവശങ്കരിയും പത്മശ്രീ ജേതാക്കളാണ്. വിദേശി വിഭാഗത്തിൽ റഷ്യയിൽ നിന്നുള്ള ല്യൂഡ്‌മില വിക്ടോറോവ്ന ഖോഖ്‌ലോവ പുരസ്കാരം സ്വന്തമാക്കിയവരില്‍ പെടുന്നു. രാഷ്ട്രീയ വിഭാഗത്തിൽ ഒരു സ്ത്രീക്കും ഇത്തവണ പത്മ പുരസ്കാരം ലഭിച്ചിട്ടില്ല.
(ഔട്ട്‌ലുക്ക്)

