Site iconSite icon Janayugom Online

നേട്ടത്തിനായി നൽകുക

ത്തവണത്തെ സർവദേശീയ വനിതാ ദിനത്തിന്റെ മുദ്രാവാക്യം ‘നേട്ടത്തിനായി നൽകുക’ എന്നതാണ്. ആരുടെ നേട്ടത്തിന് എന്തു നൽകണം എന്ന ചോദ്യം ഉയരുന്നുണ്ട്. അതിനുള്ള മറുപടി ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യത്തിലുണ്ട്. അവകാശം, നീതി, നടപടി — ഇതെല്ലാം ഇന്നും ആവശ്യമുള്ള ജനവിഭാഗമാണ് സ്ത്രീയെന്നത് നമ്മുടെ മുമ്പിലുള്ള പച്ചയായ യാഥാർത്ഥ്യമാണ്. സമൂഹം പുരോഗമിക്കുന്നതനുസരിച്ച് ചിന്തകളിലും ബോധങ്ങളിലും മനുഷ്യകുലത്തിന് സംഭവിക്കുന്ന മാറ്റം ഗുണകരമാകുമെങ്കിൽ അതിന്റെ പ്രയോക്താക്കൾ സ്ത്രീകളുമാകും. പക്ഷേ നൂറ്റാണ്ടുകളായുള്ള മനുഷ്യവർഗത്തിന്റെ യാത്രയിൽ സ്ത്രീ — പുരുഷ അന്തരവും അതോടനുബന്ധിച്ചുള്ള മറ്റ് സമസ്യകളും അടിസ്ഥാനപരമായ മാറ്റമില്ലാതെ തുടരുന്നു എന്നതുകൊണ്ട് മാർച്ച് എട്ട് പോലുള്ള ദിനാചരണങ്ങളും സ്ത്രീപക്ഷ നിയമങ്ങളും സ്ത്രീസുരക്ഷാ പദ്ധതികളും നമുക്ക് ആവശ്യമായി വരുന്നു. ലിംഗനീതി എന്നത് ഇപ്പോഴും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു സംവാദ വിഷയമാണ്.

മാർക്സിസം പോലെ തന്നെ വലിയ തെറ്റിദ്ധാരണകൾക്ക് ഫെമിനിസവും വിധേയമാകുന്നുണ്ട്. യുക്തിയും ഉല്പതിഷ്ണുത്വവും സമത്വ സങ്കല്പവും ചൂഷണരഹിത സ്ഥിതിയും മാർക്സിസം മുന്നോട്ടുവയ്ക്കുമ്പോൾ യാഥാസ്ഥിക പ്രതിലോമ ചിന്താധാരകൾ ആ ആശയങ്ങളെ അപകടകരമായ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കുന്നത് പതിവാണ്. ദൈവനിശ്ചയമെന്ന തത്വസംഹിതയിൽ നിന്നും അത് നടപ്പിലാക്കാൻ നിയുക്തമായ പൗരോഹിത്യ സമ്പ്രദായങ്ങളിൽ നിന്നും അടിമകളാക്കപ്പെടുന്ന മനുഷ്യർക്ക് മാനസിക, ശാരീരിക, ചിന്താപരമായ മോചനം സാധ്യമാക്കാൻ അവർ അനുഭവിക്കുന്ന അനീതിക്കും അവസര നിഷേധത്തിനും പാരതന്ത്ര്യത്തിനും അറുതിവരുത്താൻ മാർക്സിസം ശ്രമിച്ചപ്പോൾ, ആ അധീശത്വശക്തികൾ സംഘടിതമായ പ്രതിരോധം തീർത്തു.

ഏതാണ്ട് അതിന് സമാനമായ എതിർപ്പാണ് ഫെമിനിസം നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതും. ലോകത്ത് തങ്ങൾ നേരിടുന്ന അസമത്വത്തിനും അനീതിക്കുമെതിരെ സ്ത്രീകൾ ആദ്യമായി സംഘടിതരായി തെരുവിലിറങ്ങുന്നത് 1908ൽ ന്യൂയോർക്ക് നഗരത്തിലാണ്. അവിടുത്തെ തുണിമിൽ തൊഴിലാളികളായ സ്ത്രീകൾ ജോലി സ്ഥലത്തെ ചൂഷണത്തെക്കുറിച്ചും അനീതിയെക്കുറിച്ചും തുറന്നുപറഞ്ഞ് വേതന വർധനവിനും വോട്ടവകാശത്തിനും ജോലിസമയം നിജപ്പെടുത്തുന്നതിനും വേണ്ടി സംഘടിതരായി തെരുവിൽ എത്തുന്നത് അന്നാണ്. അതേത്തുടർന്ന് 1909 ഫെബ്രുവരി 28 ദേശീയ വനിതാദിനമായി ആചരിക്കാൻ അമേരിക്കയിലെ സോഷ്യലിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്തു. വനിതാദിനമെന്ന ആശയം രൂപം കൊള്ളുന്നത് അങ്ങനെയാണ്. പിന്നീട് ലോകമെമ്പാടും സ്ത്രീകളുടെ മുൻകയ്യിൽ നിരവധി പ്രക്ഷോഭങ്ങളും വനിതാ ദിനാചരണങ്ങളും നടന്നു. ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി വനിതാദിനം മാർച്ച് എട്ട് എന്ന് പ്രഖ്യാപിക്കുന്നത് 1975ലാണ്.

115 കൊല്ലം മുമ്പ് തുടങ്ങിവച്ച വനിതാദിനം എന്ന ആശയം സ്ത്രീസമൂഹത്തിന് നൽകിയത് എന്ത് എന്ന ഒരു പരിശോധന ആവശ്യമായിരിക്കുന്നു. എല്ലാവർഷവും ഐക്യരാഷ്ട്രസഭ വനിതാദിനം പ്രഖ്യാപിച്ചതിനുശേഷം ഏതെങ്കിലും ഒരു ആശയത്തെ മുൻനിർത്തിയാണ് വർഷാചരണം നടത്തുക. ഇത്തവണ മുന്നോട്ടുവയ്ക്കുന്ന ആശയം ‘അവകാശം, നീതി, നടപടി’ എന്നതാണ്. ഇത് സാധ്യമാക്കാൻ, അതുവഴി സ്ത്രീകൾക്ക് കൈവരിക്കാൻ കഴിയുന്ന നേട്ടത്തിന് നമുക്ക് എന്ത് നൽകാൻ പറ്റും എന്ന ചിന്ത മുദ്രാവാക്യമായത് അങ്ങനെയാണ് — ഗിവ് ടു ഗെയ്ൻ. നൂറ്റാണ്ടുകൾ നീണ്ട യാത്രയിൽ ലക്ഷ്യത്തിലെത്താൻ കഴിയാതെ പോകുന്ന സ്ത്രീകൾ ആധുനിക കാലത്ത് നേരിടുന്ന വെല്ലുവിളികൾ മനസിലാക്കിയാണ് ഇത്തരമൊരു മുദ്രാവാക്യം ഉയർത്തിയത്. ലിംഗസമത്വം നടപ്പിലാക്കാൻ സ്ത്രീകളെ എങ്ങനെ സഹായിക്കാൻ പറ്റുമെന്ന് ഓരോ വ്യക്തിക്കും ചിന്തിക്കാനും പ്രവർത്തിക്കാനും പ്രചോദനം നൽകുന്ന മുദ്രാവാക്യമാണിത്.

സ്ത്രീകൾ നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ വീടിനകത്തായാലും തൊഴിലിടത്തിലായാലും പൊതുവിടത്തിലായാലും അവയെ എങ്ങനെ പ്രതിരോധിക്കണമെന്നും അതിനോട് എങ്ങനെ പൊരുതണമെന്നും അറിയാതെ പോകുന്ന സ്ത്രീകൾ, അഥവാ അറിഞ്ഞാലും അത്തരം പോരാട്ടങ്ങളിൽ തോല്പിക്കപ്പെടുന്ന സ്ത്രീകൾ, എന്താണ് ഇത്തരം സ്ത്രീകൾക്ക് ആവശ്യമുള്ളത്, ഏതുതരത്തിലുള്ള പിന്തുണയാണ് ആവശ്യമുള്ളത് എന്നത് ഇത്തരമൊരു കാമ്പയിനിന്റെ മുഖ്യ ലക്ഷ്യമാകും. നമ്മൾ അതിലേക്ക് കൂടുതൽ പോകുമ്പോൾ, ആഴ്ന്നിറങ്ങുമ്പോൾ നടപടിയെടുക്കാനും പുതിയപുതിയ നിർദേശങ്ങൾ കൊണ്ടുവന്ന് അവളുടെ നേട്ടത്തിന് ഒപ്പം നിൽക്കാനും കഴിയും. മനുഷ്യർക്ക് ഇതിലേക്ക് പലതും നൽകാനുണ്ട്. ബഹുമാനം, സംഭാവന, അറിവ്, സാമ്പത്തികം, നീതി, വിഭവങ്ങൾ, ശബ്ദം, സംരക്ഷണം, സത്യം, തുല്യവേതനം, ആഘോഷം, സ്പോൺസർഷിപ്പ്, വർക്‌ഷോപ്പുകൾ, ബോധവൽക്കരണം, അവസരം, പരിശീലനം, വളർച്ച, കൗൺസിലിങ്, സമയം, ആരോഗ്യം, വിദ്യാഭ്യാസം, നേതൃത്വ പരിശീലനം തുടങ്ങി നിത്യജീവിതത്തിൽ സംഭവിക്കുന്ന എല്ലാതരം വിഷയങ്ങളിലും എവിടെയാണോ സ്ത്രീ സഹായം ആഗ്രഹിക്കുന്നത് അവിടെ കൃത്യമായി സമയബന്ധിതമായി അതെത്തിക്കുക. ഇതിൽ മാനസിക, ശാരീരിക, സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടും.

ഒരു വ്യക്തി എന്ന നിലയിലുള്ള സ്ത്രീയുടെ സ്വാഭാവിക വളർച്ചയ്ക്കും നേട്ടത്തിനും തടസമാകുന്ന എല്ലാ മനുഷ്യവിരുദ്ധ പ്രതിരോധങ്ങളെയും തടുത്ത്, സ്ത്രീയെ ഒപ്പം കൂട്ടേണ്ടത് സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത്. എന്തുകൊണ്ട് സ്ത്രീ ഈ പതനത്തിലെത്തി എന്നത് ഗൗരവത്തോടെ പൊതുസമൂഹം വിലയിരുത്തേണ്ടതുണ്ട്. സ്വകാര്യസ്വത്തിന്റെ വരവോടെയാണ് സ്ത്രീ രണ്ടാം പൗരയാകുന്നത്. ഈ അവസ്ഥ ആദ്യമായി ചൂണ്ടിക്കാട്ടിയത് ഫ്രഡറിക് ഏംഗൽസിന്റെ ‘കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം’ എന്ന പുസ്തകത്തിലാണ്. കുടുംബത്തിനുള്ളിലും തൊഴിലിടത്തിലും സ്ത്രീകൾ എങ്ങനെ രണ്ടാം പൗരയാകുന്നു എന്നതിനുള്ള ചരിത്രപരമായ വിശദീകരണമാണ് ഏംഗൽസ് നൽകിയത്. അടിച്ചമർത്തലിന്റെ നൂറ്റാണ്ടുകളുടെ നുകം പേറുന്ന ദളിത് സമൂഹത്തിന്റെ അതേ അവസ്ഥ സ്ത്രീകളും നേരിടുന്നു എന്ന തിരിച്ചറിവാണ് പിന്നീട് സ്ത്രീസംവരണമെന്ന തലത്തിലേക്ക് അവകാശപോരാട്ടത്തെ എത്തിച്ചത്. ത്രിതല പഞ്ചായത്തിൽ സംവരണത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ സാന്നിധ്യം ഇതിനുള്ള നേർസാക്ഷ്യമായി നമ്മുടെ മുന്നിലുണ്ട്.

അധികാരം എന്ന അത്യന്തം ഭ്രമിപ്പിക്കുന്ന സംവിധാനം പുരുഷന്റെ കുത്തകയായി, ഭരണത്തിൽ മാത്രമല്ല തീരുമാനമെടുക്കേണ്ടുന്ന എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കപ്പെട്ടു. ഇന്ന് ശാസ്ത്ര — സാങ്കേതിക, വിവരസാങ്കേതിക മേഖലകളിലും മറ്റും മാനവരാശി കൈവരിച്ച മുന്നേറ്റവും നേട്ടങ്ങളും വിജയങ്ങളും സ്ത്രീക്കും ഗുണം ചെയ്തിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ആരും കടന്നുചെല്ലാത്ത മേഖലകളിൽ പോലും സ്ത്രീ വിജയിക്കുന്നുണ്ട്. ബഹിരാകാശ യാത്രിക സുനിത വില്യംസ് തീർത്ത റെക്കോഡ് അത്തരത്തിൽ ഒന്നാണ്. കായികശേഷിയിൽ പോലും സ്ത്രീ പിന്നിലല്ല വളരെ മുന്നിലാണ് എന്ന സന്ദേശം ഇതു നൽകി. സ്ത്രീ പുരുഷ തുലനം സംബന്ധിച്ച ചർച്ചകളിലൊക്കെ ഏറ്റവും ബാലിശമായി ഉന്നയിക്കുന്ന ഒന്ന് പുരുഷൻ ചെയ്യുന്നതെല്ലാം സ്ത്രീക്ക് പറ്റുമോ എന്നതാണ്.

ഇതൊരു പരസ്പര യുദ്ധമല്ലല്ലോ. അവസരസമത്വം സ്വാതന്ത്ര്യം ഒക്കെ മനുഷ്യർക്ക് ഒന്നുതന്നെയാണെന്ന് പറയുന്ന ഫെമിനിസ്റ്റ് ആശയങ്ങളെ തിരിച്ചറിയാനും അതിനായുള്ള സ്ത്രീയുടെ പോരാട്ടം അവളുടേതു മാത്രമല്ല എന്ന വിവേകബോധത്തോടെ കാണാനും ചേർത്തുപിടിക്കാനും മനുഷ്യന് കഴിയുന്ന കാലത്തേക്കുള്ള മുദ്രാവാക്യമാണ് നേട്ടത്തിനായി നൽകുക എന്നത്. അതിൽ പങ്കുവയ്ക്കലുണ്ട്, പ്രണയമുണ്ട്, ചേർത്തുപിടിക്കലുണ്ട്, മനുഷ്യസ്നേഹം ആകെയുണ്ട്.

സ്ത്രീയെ പ്രതിസ്ഥാനത്ത് നിർത്തി, അവൾ ഉയർത്തുന്ന ആകുലതകളെ നിസാരവൽക്കരിച്ച്, അപകീർത്തിപ്പെടുത്തി ഒറ്റപ്പെടുത്തുന്ന പൊതുബോധം നമ്മൾ തിരുത്തണം. പൂർണമായ ജനാധിപത്യവൽക്കരണം സംഭവിക്കണം. അത് തുടങ്ങേണ്ടുന്നത് കുടുംബത്തിൽ നിന്നാണ്. 2025 ഫെബ്രുവരി മുതൽ ഈ ഫെബ്രുവരി വരെ കേരളത്തിൽ പെണ്മക്കളോടൊപ്പം ആത്മഹത്യ ചെയ്ത സ്ത്രീകളുടെ എണ്ണം ഇരുപതിൽ കൂടും. ഇതിൽ പല വീടുകളിലും പോയ ഒരാളെന്ന നിലയിൽ ഒരു കാര്യം ഉറപ്പിച്ചു പറയാൻ കഴിയും — പൊതുവെ നമ്മുടെ കുടുംബങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ല. സാക്ഷരതയും വിദ്യാഭ്യാസവും തൊഴിലും ഒക്കെ ഉണ്ടായിട്ടും കുടുംബത്തിൽ ജനാധിപത്യം നിലനിർത്താൻ നമുക്കാകുന്നില്ല. സ്ത്രീധനം, മദ്യപാനം, ലഹരിയുപയോഗം, അന്ധവിശ്വാസം, മതപൗരോഹിത്യ കല്പനകൾ ഇതെല്ലാം നിർലജ്ജം സ്ത്രീകളെ കുരുക്കിയിടുന്നു, ആക്രമിക്കുന്നു.

ഏറ്റുമാനൂരിൽ രണ്ട് പെണ്മക്കളുമായി ട്രെയിനിനു മുമ്പിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയും മീനച്ചലാറിൽ പെൺകുട്ടികളുമായി ആത്മഹത്യ ചെയ്ത ജിസ്‌മോളും കരുനാഗപ്പള്ളിയിൽ രണ്ട് പെൺകുഞ്ഞുങ്ങളുമായി തീകൊളുത്തി ആത്മഹത്യ ചെയ്ത താരയും ഷാർജയിൽ കൊല്ലപ്പെട്ട അതുല്യയും വിപഞ്ചികയും അടക്കം നിരവധി യുവതികൾ കേരളത്തിന്റെ തീരാനോവുകളാണ്. ആ പട്ടിക നീണ്ടു പോകും… സ്ത്രീപക്ഷ നിയമങ്ങൾ, നീതി സംവിധാനങ്ങൾ, സ്ത്രീസുരക്ഷ പദ്ധതികൾ എന്നിവയ്ക്കൊക്കെ അപ്പുറമാണ് നമ്മുടെ സ്ത്രീവിരുദ്ധ പൊതുബോധങ്ങൾ. അത് പൊളിച്ചെഴുതുക എന്ന പോരാട്ടം സ്ത്രീ നടത്തുമ്പോൾ അവൾക്കൊപ്പം മാത്രം നിൽക്കാൻ സമൂഹത്തിന് കഴിയണം. കഴിയുമോ? ആർ, ആരെ തിരുത്തും.

നേട്ടത്തിനായി നൽകുക എന്നത് ശീലമാക്കാൻ നമുക്ക് കഴിയണം. അതിക്രമിക്കപ്പെടുന്ന സ്ത്രീ അത് തുറന്നുപറയാൻ വർഷങ്ങൾ എടുക്കുന്നത് ഈ ഒരു പിന്തുണ അവൾക്ക് ഉറപ്പുനൽകാൻ നമുക്ക് കഴിയാതെ പോകുന്നതുകൊണ്ടാണ്. പിടയുന്ന ഒരുപാട് സ്ത്രീകളോടോപ്പമാണ് കഴിഞ്ഞ കുറേനാളായി സഞ്ചരിക്കുന്നത്. ആ യാത്രയിൽ കണ്ടതും അറിഞ്ഞതുമായ വസ്തുതകൾ മനുഷ്യനെ തകർക്കുന്നതാണ്. പല നിലവിളികളും ഉറക്കത്തിൽപ്പോലും വേട്ടയാടുന്നു. ആരോട് പറയാൻ. അവൾക്കൊപ്പം മാത്രം.

Exit mobile version