2024, സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം പ്രഖ്യാപിച്ച് 25 വർഷം തികയുന്നു. ആശങ്കാജനകമായ വിഷയങ്ങളിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ അന്താരാഷ്ട്ര ദിനം ലക്ഷ്യം വയ്ക്കുന്നു. ഇന്നു മുതൽ ഡിസംബർ 10 മനുഷ്യാവകാശ ദിനം വരെ നീണ്ടുനിൽക്കുന്ന 16 ദിവസത്തെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ഐക്യപ്പെടുക (UNiTE) എന്ന ബാനറിൽ അന്താരാഷ്ട്രതലത്തിൽ ആരംഭിച്ചിട്ടുള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിരിക്കുന്ന ക്യാമ്പയിനാണ് #No Excuse UNiTE. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ ലോക വ്യാപക മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു. മൂന്നിൽ ഒന്ന് സ്ത്രീകൾ അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ശാരീരികമായോ ലൈംഗികമായോ പങ്കാളിയിൽ നിന്നോ അല്ലാതെയോ അതിക്രമങ്ങൾ നേരിടുന്നു. 2023ലെ കണക്കുകൾ പ്രകാരം 51,100 സ്ത്രീകൾ അതിക്രമങ്ങളിൽ കൊല്ലപ്പെട്ടു. സ്വന്തം കുടുംബത്തിലും ഭർത്താവിന്റെ വീട്ടിലും ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും ഓൺലൈൻ ഇടങ്ങളില്‍ പോലും ഈ വിപത്തുകൾ പതിയിരിക്കുന്നു.
ശാരീരികവും മാനസികവും സാമ്പത്തികവുമായ കരുത്തില്ലായ്മ പലപ്പോഴും കുറ്റവാളികൾ അവസരമായി കാണുന്നു. കാലാവസ്ഥാ വ്യതിയാനവും ആഭ്യന്തര കലഹങ്ങളും രാജ്യാന്തര യുദ്ധങ്ങളും തൊഴിലില്ലായ്മയും ദാരിദ്ര്യവും കുറ്റവാളികളുടെ ആക്കം കൂട്ടുന്നു. കർശനമായ ശിക്ഷ ഉറപ്പാക്കുക, കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുക, കുറ്റവാളികൾക്ക് രാജ്യങ്ങൾ അന്താരാഷ്ട്ര അഭയം നൽകാതിരിക്കുക, സ്ത്രീ അവകാശ പ്രസ്ഥാനങ്ങളെ കൂടുതൽ ശക്തമാക്കുക, സ്വന്തം അസ്തിത്വം തിരിച്ചറിയുന്നതിനും മാനസികവും ശാരീരികവും സാമ്പത്തികവുമായ അടിത്തറ വിപുലീകരിക്കുന്നതിന്റെയും ആവശ്യത സ്ത്രീകളെ ബോധ്യപ്പെടുത്തുക എന്നിവയാണ് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍.
“എന്റെ ജീവിതം എനിക്കുള്ളത്” ഇഷ്ടപ്പെട്ട നിറം, ഭക്ഷണം, ജോലി, പങ്കാളി, വിനോദം എന്നിങ്ങനെ ഏതു മേഖലകൾ എടുത്താലും സ്ത്രീയുടെ കാര്യത്തിൽ തീരുമാനം മറ്റുള്ളവരുടേതായിരിക്കും. മോൾക്ക് ഒന്നും അറിയില്ല, നിനക്കൊന്നും അറിയില്ല, അമ്മയ്ക്കൊന്നും അറിയില്ല എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ജീവിത യാത്രകളുടെ വിവിധതലത്തിൽ ഉയർന്നു കേൾക്കുന്നവയാണ്. “സുരക്ഷ എന്നത്” പൊതുസമൂഹവും ഭരണകൂടങ്ങളും വച്ചുനീട്ടുന്ന ഔദാര്യത്തിന്റെ അപ്പക്കഷണങ്ങളാണ്. ചങ്ങലകളെ ആഭരണങ്ങളായി കാണാനും അതിനെ സൗന്ദര്യവൽക്കരിക്കുവാനും കമ്പോളവൽകരിക്കുവാനുമുള്ള ഗൂഢാലോചനകളെ തിരിച്ചറിയാൻ സ്ത്രീകളെ പ്രാപ്തരാക്കണം.
സുസ്ഥിരവികസന ലക്ഷ്യം കൈവരിക്കുന്നതിന് കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും മോചനം പ്രഖ്യാപിച്ചതിന്റെ നൂറാം വാർഷികം 2047ൽ നമ്മുടെ രാജ്യം ആഘോഷിക്കും. വികസന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ എത്തിക്കുന്നതിനും 50 ശതമാനം അധികം വരുന്ന ഇന്ത്യയിലെ സ്ത്രീകളെ സജ്ജരാക്കേണ്ടതുണ്ട്. ലോകം കൈവരിക്കുന്ന നേട്ടം സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2022ൽ 4,45,256 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 31.4ശതമാനവും ഭർത്താവും ബന്ധുക്കളും നടത്തിയ അതിക്രമങ്ങൾ, 19.2 ശതമാനം തട്ടിക്കൊണ്ടു പോകലും തടഞ്ഞുവയ്ക്കലും, 18.7 ശതമാനം സ്ത്രീത്വത്തെ അപമാനിക്കൽ, 7.1 ശതമാനം ബലാത്സംഗക്കേസുകളുമാണ്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. കേസുകൾ പൊലീസും മാധ്യമങ്ങളും കോടതിയും സമൂഹവും ആഘോഷിക്കുമ്പോൾ സ്വന്തം അസ്തിത്വം നഷ്ടപെട്ട് കുടുംബത്തിലും പൊതുസമൂഹത്തിലും ഉണ്ടാകുന്ന ഒറ്റപ്പെടലുകളെ അതിജീവിക്കുവാൻ ആകാതെ മൂകരായി ജീവിതം അവസാനിപ്പിക്കുന്നവരും ജീവച്ഛവമായി കഴിയുന്നവരുടെയും കണക്കുകൾ എങ്ങും രേഖപ്പെടുത്തുന്നില്ല. കോവിഡ് മഹാമാരി ലോകത്തെ നിശ്ചലമാക്കിയപ്പോൾ സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുണ്ടായ അതിക്രമങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. ഒരു മഹാമാരി കാലം പോലും അങ്ങനെ സ്ത്രീകൾക്ക് വെല്ലുവിളിയായി.
കോടിക്കണക്കിന് കുഞ്ഞുങ്ങൾ പെൺകുട്ടിയാണ് എന്ന കാരണത്താൽ അമ്മയുടെ ഗർഭപാത്രത്തിനകത്ത് വച്ച് കൊല്ലപ്പെടുന്നു. വിവാഹം എന്നത് പെൺ ഉടലിനു മേലുള്ള അതിക്രമത്തിന് പുരുഷന് നൽകുന്ന ലൈസൻസ് അല്ല. സ്ത്രീയുടെ ശരീരം അവളുടെ മാത്രമാണ്. സ്ത്രീയുടെ അനുവാദം ഇല്ലാതെ വിവാഹ ബന്ധത്തിന്റെ പേരിൽ മുറിക്കുള്ളിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളും ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെടുത്തണം.
കുറ്റകൃത്യങ്ങളുടെ ഡാറ്റാബേസുകൾ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതാണ്. എന്നാൽ മാത്രമേ സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പഴുതടച്ച നിയമനിർമ്മാണം സാധ്യമാകൂ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിന് നിരവധി നിയമങ്ങൾ നിലവിലുണ്ട്. വിവിധ സന്ദർഭങ്ങളിൽ ഭേദഗതികളുമുണ്ടാകുന്നു. എന്നിട്ടും നിയമത്തിൽ പഴുതുണ്ടാക്കി കുറ്റവാളികൾ രക്ഷപ്പെടുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണം ഒരു സ്പോൺസേഡ് പ്രോഗ്രാം ആക്കരുത്.
സ്ത്രീകളെ കരുത്തുള്ളവരാക്കുക, ആരോഗ്യം, വിദ്യാഭ്യാസം, ജോലി, സാമൂഹ്യ അവബോധം, രാഷ്ട്രീയ- ഭരണ പങ്കാളിത്തം എന്നിങ്ങനെ സാമൂഹിക ജീവിതത്തിൽ വ്യക്തിഗത സ്ഥലങ്ങൾ, പുരുഷൻ നേടുന്നത് പോലെ സ്ത്രീകൾക്കും ലഭ്യമാകണം. ദിനാചരണങ്ങൾക്കൊപ്പം ഒരു സംസ്കാരത്തിന് തുടക്കം കുറിക്കണം. നിയമത്തിന്റെ പരിമിതികളെ അതിജീവിക്കുവാൻ സംസ്കാരത്തിന് കഴിയണം. ആ സംസ്കാരത്തിലേക്ക് ലോകത്തെ കൈപിടിച്ച് നടത്തുന്നതിന് വിഭവ സമാഹരണത്തിനും രാജ്യാന്തരവേദികൾക്കും ഐക്യരാഷ്ട്രസഭ തുടക്കം കുറിച്ചിട്ടുണ്ട്. സുരക്ഷയുടെ വ്യാജ പുറന്തോടുകൾ പൊട്ടിച്ച് പുറത്തുവന്ന്, മിഥ്യാഭിമാനം വെടിഞ്ഞ് കൃത്യമായ പ്രതികരണങ്ങളിലൂടെ നമ്മുടെ സഹോദരിമാരെ നമുക്ക് ചേർത്ത് പിടിക്കാം. ഡോക്ടർമാർ, നഴ്‌സുമാർ, ഉദ്യോഗസ്ഥർ, മാധ്യമരംഗത്ത് ജോലി ചെയ്യുന്നവർ, തൊഴിലാളികൾ, രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർ, കുടുംബിനികൾ എന്നുവേണ്ട എല്ലാ രംഗത്തിലും ഈ അതിക്രമങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. നവംബർ 25 മുതൽ ഡിസംബർ 10 വരെ നീണ്ടുനിൽക്കുന്ന ഒരു കർമ്മപരിപാടി അല്ല ഇത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുവാൻ ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോകുവാൻ ഇന്നേദിവസം നമുക്ക് പ്രതിജ്ഞ എടുക്കാം.