Site iconSite icon Janayugom Online

കണ്ണീരണിഞ്ഞ ഗുരുദേവന്‍

രാഷ്ട്രപതിയാകുന്നതിനു മുമ്പ് ഡോ. എസ് രാധാകൃഷ്ണന്‍ രാജ്യത്തിനു സമര്‍പ്പിച്ച വിദ്യാഭ്യാസ പരിഷ്കരണ റിപ്പോര്‍ട്ടിലെ ആദ്യവാചകം ഇതായിരുന്നു; ‘ഇന്ത്യയുടെ ഭാവി ക്ലാസുമുറികളിലാണ് രൂപം കൊള്ളുന്നത്. വിദ്യാര്‍ത്ഥികള്‍ നമ്മുടെ നാളെയുള്ള സംവിധാനശക്തികളും!’ ഇതിനും ഏറെ മുമ്പ് വിശ്വമാനവനായ ഇന്ത്യന്‍ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവന്‍ ഒരു ചിന്താവിപ്ലവത്തിനു തിരികൊളുത്തിയിരുന്നു. അരുവിപ്പുറത്ത് നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ നിന്നു മുങ്ങിയെടുത്ത ശിലയെ ശിവരൂപമായി സങ്കല്പിച്ച് അദ്ദേഹം പ്രതിഷ്ഠ നടത്തിയത് ക്ഷേത്രങ്ങളുടെ മേലുള്ള സവര്‍ണ മേല്‍ക്കോയ്മയ്ക്കെതിരായ അവര്‍ണന്റെ വിപ്ലവകാഹളമായി. ശ്രീനാരായണഗുരു പിന്നെയും നിരവധി ക്ഷേത്രങ്ങളില്‍ വിഗ്രഹപ്രതിഷ്ഠ നടത്തിയിട്ടുണ്ട്. കുറേക്കഴിഞ്ഞപ്പോള്‍ അദ്ദേഹം അരുളിചെയ്തു; അമ്പലങ്ങളല്ല ഇനി പള്ളിക്കൂടങ്ങളാണ് നാം പണിയേണ്ടത്. വിദ്യാധനം സര്‍വധനാല്‍ പ്രധാനം. എന്നാല്‍ ഗുരുദേവന്റെയും ഡോ. എസ് രാധാകൃഷ്ണന്റെയും മോഹങ്ങളില്‍ കറുപ്പേറുന്നുവോ. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലെ വയല്‍വാരം വീടിന്റെയും ഗുരുകുലത്തിന്റെ ശാന്തതീരങ്ങള്‍ പിന്നെയുംപിന്നെയും ഗുരുദേവസൂക്തങ്ങള്‍ ഓര്‍മ്മിപ്പിക്കും. വയല്‍വാരം വീടിന്റെ തൊട്ടുചേര്‍ന്നാണ് ചെമ്പഴന്തി ശ്രീനാരായണ കോളജ്. കോളജ് വളപ്പിലും മഹാനുഭാവനായ ഗുരുദേവന്റെ പ്രതിമയുണ്ട്. ഇപ്പോള്‍ ആ പ്രതിമ കണ്ണീരൊഴുക്കുന്നുവോ? കഴിഞ്ഞ ദിവസം ചെമ്പഴന്തി കോളജില്‍ നടന്ന സംഭവങ്ങള്‍ നമ്മെയാകെ ഞെട്ടിപ്പിക്കുന്നു. നാലു വിദ്യാര്‍ത്ഥികള്‍ ഒരു സൈക്കിളില്‍ കാമ്പസിനുള്ളില്‍ അപകടകരമായി യാത്ര ചെയ്തതിനെ അധ്യാപകനായ ഡോ. ബിജു എതിര്‍ത്തു. പിന്നെയൊട്ടും വൈകിയില്ല. വിദ്യാര്‍ത്ഥികള്‍ നാലുപേരും ചേര്‍ന്ന് ഗുരുവിന്റെ നേര്‍ക്ക് അശ്ലീലനിര്‍ഭരമായ അംഗവിക്ഷേപം കാട്ടി. ഗുരുവിന്റെ കവിളത്തും മുതുകത്തും പൊതിരെ തല്ലി. ‘അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും നായ്ക്കാണ് മുറുമുറുപ്പ്’ എന്ന മട്ടില്‍ അധ്യാപകന്‍ തങ്ങളെ തല്ലിയെന്ന് പൊലീസിനു പരാതിയും നല്‍കി.

നമ്മുടെ കൗമാരങ്ങള്‍ അഗാധമായ മൂല്യച്യുതിയുടെ ആഴക്കയങ്ങളില്‍പ്പെട്ടു കഴിഞ്ഞിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവം മാത്രമാണിത്, അവസാനത്തേതല്ല. കഴിഞ്ഞ ദിവസം പാനൂരില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി ക്ലാസില്‍ കയറി വിദ്യാര്‍ത്ഥിയെ തല്ലി. തടുത്ത അധ്യാപികയുടെ കരണത്തടിച്ചു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ക്ലാസ് തിരിഞ്ഞ് തെരുവില്‍ തല്ലുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നു. വിദ്യാര്‍ത്ഥികളില്‍ 40 ശതമാനത്തോളം മയക്കുമരുന്നിനും ലഹരിക്കും അടിമകളെന്നാണ് സര്‍വേ കണക്കുകള്‍. ചുരുക്കത്തില്‍ ഇന്ത്യയെ നയിക്കാനും നാടിന്റെ സംവിധാനശക്തികളാകാനും നമുക്ക് യുവതയില്ലാതാവുന്ന ദുരന്തം!
ഒരു മനുഷ്യന്‍ അറുനൂറില്പരം വധശ്രമങ്ങളെ അതിജീവിക്കുക എന്നത് ലോകത്തെ ലിഖിത ചരിത്രത്തില്‍ത്തന്നെ ഒരാളേയുള്ളു. ക്യൂബന്‍ രാഷ്ട്രത്തലവനും അനശ്വര കമ്മ്യൂണിസ്റ്റുമായ ഫിഡല്‍ കാസ്ട്രോ. എതിരാളിയെ വകവരുത്താന്‍ ഏതറ്റംവരെയും പോകാന്‍ തുനിഞ്ഞിറങ്ങിയവരാണ് യുഎസും അവരുടെ ചാരസംഘടനയായ സിഐഎയും. റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ക്രുഷ്ചേവ് പണ്ട് യുഎസ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം രോഗബാധിതനായി അടുത്തെങ്ങാനും മരിച്ചുപോകുമോ എന്നറിയാന്‍ അദ്ദേഹത്തിന്റെ വിസര്‍ജ്യം ശേഖരിച്ചു പരിശോധിച്ചവരാണ് സിഐഎ. പക്ഷേ വിയറ്റ്നാമിലെ യുഎസ് അധിനിവേശത്തിനിടെ വിയറ്റ്നാം സഖാക്കള്‍ ഇതിനൊരു മറുമരുന്ന് കണ്ടുപിടിച്ചു. വിയറ്റ്നാമിലെ അമേരിക്കന്‍ പടനീക്കത്തിനു നായകത്വം വഹിച്ച ജനറലിന് ഒരു ശീലമുണ്ടായിരുന്നു. റോഡില്‍ കാണുന്ന സിഗരറ്റ് കവറുകള്‍ ചവിട്ടിയരയ്ക്കുന്ന സ്വഭാവം. വിയറ്റ്നാം പടയാളികള്‍‍ സ്ഫോടകവസ്തുക്കള്‍ നിറച്ച സിഗററ്റ് പാക്കറ്റുകള്‍ വഴിനീളെ നിക്ഷേപിച്ചു. അതിലൊന്നില്‍ ചവിട്ടി ജനറല്‍ ഒരു തീഗോളമായി ചിന്നിച്ചിതറി. ഈ മരണത്തോടെയാണ് യുദ്ധത്തിന്റെ ഗതിമാറിയതും വിയറ്റ്നാം യുദ്ധവിജയം ആഘോഷിച്ചതും കാസ്ട്രോയ്ക്കെതിരെ നടന്ന അറുനൂറില്പരം വധോദ്യമങ്ങള്‍ക്ക് ബഹുമുഖ സ്വഭാവമാണുണ്ടായിരുന്നത്. ചുരുട്ടുവലിയില്‍ കമ്പക്കാരനായിരുന്ന കാസ്ട്രോ വലിക്കുന്ന ഹാവാന ചുരുട്ടുകളില്‍ വിഷം പുരട്ടി. ആഹാരത്തില്‍ മായം കലര്‍ത്താന്‍ ശ്രമമുണ്ടായി. സ്കൂബാഡൈവിങ്ങില്‍ തല്പരനായിരുന്ന അദ്ദേഹത്തെ വെള്ളത്തിനടിയില്‍ വച്ചുകൊല്ലാനും ശ്രമങ്ങള്‍ നടത്തിയത് സിഐഎ ചാരന്മാരായ സാംബിയാനും ജോണ്‍ ജോസറ്റിയും ചേര്‍ന്നായിരുന്നു. കാസ്ട്രോയെ സുന്ദരിയെ അയച്ച് വശീകരിക്കാനുമുള്ള ശ്രമംവരെയുണ്ടയി. തോമസ് മെയര്‍ ജോവാന്‍ നിര്‍മ്മിച്ച ഈ വധശ്രമങ്ങളെക്കുറിച്ചുള്ള ‘മാഫിയാസ്പൈസ്’ ന്ന ഡോക്യുമെന്ററി സിനിമയ്ക്ക് ഇന്ന് കോടിക്കണക്കിനു പ്രേക്ഷകരാണുള്ളത്. കാസ്ട്രോയുടെ ഇതിഹാസതുല്യമായ അതിജീവനങ്ങളുടെ ഇതിഹാസ തുല്യമായ സിനിമ.

നമ്മുടെ ആധുനിക ലോകോത്തര പൊലീസുകാരെക്കാള്‍ എത്രയോ മിടുക്കന്മാരായിരുന്നു പണ്ടത്തെ പൊലീസുകാര്‍‍. നിക്കറിട്ട അന്നത്തെ പൊലീസ് ഏമാന്മാര്‍ പ്രതിയെ രക്ഷിക്കാനുള്ള മാരഗം കാലില്‍ ചുറ്റിയിരിക്കുന്ന പട്ടീസില്‍ തിരുകിവച്ചിരിക്കുന്ന പെന്‍സില്‍ എടുത്ത് സംഭവസ്ഥലം സംബന്ധിച്ച സീന്‍ മഹസര്‍ തയ്യാറാക്കലാണ്. കടലോരത്തുവച്ചാണ് കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടത്; സീന്‍ മഹസറില്‍ ഇപ്രകാരം പറയും. ‘ഒരു കിലോമീറ്ററിലധികം ദൂരത്താണ് മരണം സംഭവിച്ചിരിക്കുന്നത്. രണ്ടാം സംഗതിയായി മൃതദേഹത്തെ ഞണ്ടുകള്‍ വലിച്ചിഴച്ചുകൊണ്ട് സമുദ്രതീരത്തുകൊണ്ടിട്ടതുമാകുന്നു. മൂന്നാം സംഗതിയായി മൃതദേഹത്തില്‍ കാണുന്ന പാടുകള്‍ ഞണ്ടുകടിയേറ്റതുമാകുന്നു.’ അങ്ങനെപോകും സീന്‍മഹസര്‍. മറഞ്ഞിരുന്നു ചിരിക്കുന്ന കൊലയാളി കൂളായി രക്ഷപ്പെടുകയും ചെയ്യും. ഇപ്പോഴത്തെ പൊലീസാണെങ്കിലോ സീന് ‍മഹസര്‍ പോലുമില്ലാതെ കുറ്റപത്രം സമര്‍പ്പിക്കും. കുപ്രസിദ്ധമായ സ്വാമി ഗംഗേശാനന്ദ സരസ്വതിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് നടക്കുന്നത് ഏഴുവര്‍ഷം മുമ്പ്. ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നിലത്തുവിരിച്ച പുല്പായയില്‍ മലര്‍ന്നു കിടപ്പാണ് സ്വാമി. നിമിഷാര്‍ധത്തിനുള്ളില്‍ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ട് അവയവം വെട്ടിമാറ്റി തെരുവു നായ്ക്കള്‍‍ക്കെറിഞ്ഞു കൊടുത്തു. സ്വാമിയെ പൊലീസെത്തി ആശുപത്രിയിലുമാക്കി. ഈ സീന്‍ ‍മഹസറില്ലെങ്കില്‍ എന്തു കുറ്റപത്രം എന്ന് ചോദിച്ച് കോടതി കുറ്റപത്രം മടക്കിയെന്നാണ് വാര്‍ത്ത.

Exit mobile version