Site iconSite icon Janayugom Online

ഡ്രാക്കുളകൾ ഉറങ്ങുന്നില്ല

ലോകത്തിലെ പല രാജ്യങ്ങളിലെ ഭരണകൂടങ്ങളും വർത്തമാനകാലത്ത്, വലതുപക്ഷ വംശീയതയിലേക്കും വളരെ ഇടുങ്ങിയ മതഗോത്ര ദേശീയതയിലേക്കും വഴിമാറി. ആ സാഹചര്യത്തിൽ നവ ഫാസിസ്റ്റ് നയങ്ങൾ ലോകമാകമാനം സ്വാധീനം ഉറപ്പിക്കുന്നു. പല രാഷ്ട്രങ്ങളിലും അഭിനവ ഹിറ്റ്ലറും മുസോളിനിയും ഉയർന്നുവന്നു കഴിഞ്ഞു. നാസിസത്തിന്റെ മണമുള്ള സംഘടനകൾ പലർക്കും ഫാഷനായി മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികവും സാങ്കേതികവുമായ ലോകക്രമം സൃഷ്ടിച്ചെടുത്ത പുതിയ മൂലധന പ്രത്യയശാസ്ത്രം വ്യക്തിയിലും അതു വഴി സമൂഹത്തിലും ഉണ്ടാക്കിയ ഒരുതരം ഹീന മത്സരം തന്നെയാണ് നവ നാസിസത്തിന്റെ ഇന്ധനം.

അതിനായി വംശീയതയെ അവർ പ്രോത്സാഹിപ്പിക്കുന്നു. സമൂഹം എന്ന വലിയ കാൻവാസിൽ നിന്ന് എല്ലാം വ്യക്തിയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന പ്രവണതയാണിന്ന് സർവത്ര. ഡൊണാൾഡ് ട്രംപും, നെത്യാനഹുവും, അവരെ ലജ്ജയില്ലാതെ പിന്തുണയ്ക്കുന്ന ഭരണകർത്താക്കളും ലോകമാസകലം തങ്ങളിലേക്ക് ചുരുങ്ങണമെന്ന് കഠിനമായി ആഗ്രഹിക്കുന്നു. അതിന്റെ പ്രതിഫലനമാണ് സംഘർഷങ്ങൾ. രാജ്യങ്ങളുമായുള്ള യുദ്ധങ്ങളും മാസ് ഹിസ്റ്റീരിയയും ആൾക്കൂട്ട ആക്രമണങ്ങളും ഇതിന്റെ ഭാഗമാണ്. മാർക്സിസം വർഗങ്ങൾ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മുതലാളിത്തം വ്യക്തികേന്ദ്രീകൃതമായ കമ്പോള സംഘർഷത്തെയും ഹീനമായ മത്സരത്തെയും സൃഷ്ടിക്കുന്നു. ഘോര പ്രസംഗകരായ നേതാക്കൾ അവരുടെ പ്രത്യയ ശാസ്ത്രങ്ങൾ, പ്രപിതാമഹരുടെ പ്രതാപങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ, നഷ്ടബോധങ്ങൾ, കൂട്ടക്കൊലകളുടെ യുദ്ധലഹരികൾ എന്നിവയൊക്കെ നവനാസിസത്തിന്റെ ഇന്ധനങ്ങളാകുന്നു.

ആ ലഹരിയിൽ മതിമറന്ന നേതാക്കളെ അമേരിക്കയിലും ഇസ്രയേലിലും റഷ്യയിലും ഇന്ത്യയിലും ഒക്കെ കാണാം. ലോകത്തെവിടെയും രാഷ്ട്രനേതാക്കളായി പോപ്പുലിസ്റ്റുകൾ അധികാരം പിടിച്ചെടുക്കുന്നതാണ് കാണുന്നത്. ഡൊണാൾഡ് ട്രംപും, പുടിനും, മോഡിയും എർദോഗനും, ജോർജിയ മിലോനിയും, വിക്ടർ ഒർബാനും, നെത്യാനഹുവുമെല്ലാം കൺസർവേറ്റീവ് പോപ്പുലിസത്തിന്റെ ശക്തരായ വക്താക്കളാണ്. ലിബറൽ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞും പരിഹസിച്ചും ലോകത്ത് നടക്കുന്ന പോപ്പുലിസ്റ്റ് മുന്നേറ്റം ഡെമോക്രസിയുടെ ഭീമമായ പരാജയത്തിന് വഴിയൊരുക്കികൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ബിജെപിയുടെ പോപ്പുലിസം, ഭരണഘടനയെ നേരിട്ട് തിരസ്കരിക്കുന്നില്ലെങ്കലും അതില്‍ എഴുതപ്പെട്ട വ്യവസ്ഥകളെ തന്ത്രപരമായി അട്ടിമറിക്കുന്നു. അങ്ങനെയാണ് ബാബ്റി മസ്ജിദ് തകർത്തത്. വംശഹത്യകളും, അതിഭീകര യുദ്ധങ്ങളും കോടിക്കണക്കിന് മനുഷ്യജീവൻ അപഹരിച്ചു.

കുട്ടികളുടെ മരണത്തിനോ കണ്ണീരിനോ ഒരു യുദ്ധത്തെയും നിർത്താനാവില്ല. കുട്ടികളെ കൊല ചെയ്യുന്നത് ഒരാശയത്തിനോ ഒരു രാഷ്ട്രത്തിനോ വേണ്ടി മാത്രമല്ല, ഭരണകൂടത്തിന്റെയും ആണഹന്തയുടെയും കീരിടധാരണത്തിന് വേണ്ടിക്കൂടിയാണ് എന്ന് നാസി ജർമ്മനിയെപ്പോലെ ഇപ്പോൾ ബെഞ്ചമിൻ നെതന്യാഹുവും ഇസ്രയേലും ട്രംപും ഓർമ്മിപ്പിക്കുന്നു. അഥവാ യുദ്ധങ്ങൾ കുട്ടികളെയാണ് ബലിയായി ആഗ്രഹിക്കുന്നത്. ഉഗ്രസ്വരൂപികളായ ഭരണകൂടങ്ങളും ഭരണാധികാരികളും രക്തത്തിന്റെ ഉറപ്പോടെ ആ ബലി സ്വീകരിക്കുന്നു.

രക്തം കുടിക്കുന്ന ഡ്രാക്കുളമാരാണ് അത്തരം ഭരണാധികാരികൾ. 15 ലക്ഷത്തോളം പേരുടെ ഉന്മൂലനത്തിന് കാരണമായ കംബോഡിയൻ വംശഹത്യ, പോൾ പോട്ട് എന്ന ക്രൂരന്റെ ഭരണകൂടം നടത്തിയ ആസൂത്രിതമായ വംശഹത്യാ പദ്ധതിയായിരുന്നു. ആധുനിക ചരിത്രത്തിൽ ഇത്രത്തോളം സൂക്ഷ്മതയോടെ കൃത്യതയോടെ നടപ്പാക്കിയ മറ്റൊരു വംശീയ ഉന്മൂലനം ഇല്ലെന്നുതന്നെ പറയാം. കൊലയറകളെ അതിജീവിച്ചവർ നമ്മോടു പറയുന്നത് ഇതാണ് “ദയവായി നിങ്ങൾ നാസി കൊലയറകളെ മറ്റെതെങ്കിലും വംശഹത്യകളുമായി താരതമ്യപ്പെടുത്തരുത്.

അങ്ങനെ ചെയ്താൽ നിങ്ങൾ ആ ഭീകരതയെ ലഘൂകരിക്കുക മാത്രമല്ല ഇതൊക്കെ സ്വഭാവികമാണെന്ന ന്യായവാദത്തിന് തണലേകുകകൂടിയാണ്.” മനുഷ്യന് മനുഷ്യരോട് ഇങ്ങനെയും ചെയ്യാനാവുമോ എന്നും ഇത് ഈ ഭൂമിയിൽ സംഭവിച്ചതാണോ എന്നും പുതിയ തലമുറ ചോദിച്ചു പോകുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങളാണ് പോളണ്ടിലെ ഓഷ്വിറ്റ്സിലും ബുക്കൻവാൾഡിലും സംഭവിച്ചത്. ഹിറ്റ്ലർ എന്ന കൊടുംക്രൂരൻ ജർമ്മനിയിലെ രോഗാണുക്കൾ എന്നാണ് തന്റെ ആത്മകഥയായ ‘മെയിൻ കാംഫിൽ’ ജൂതരെ വിശേഷിപ്പിച്ചത് എന്നോർക്കുക. ഭീകരമായിരുന്നു ജൂതഹത്യ. ലോകത്തിന്റെ ചരിത്രഗതിയെ തന്നെ മാറ്റി മറിച്ച വംശഹത്യയാണ് ജൂതർ നേരിടേണ്ടി വന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം സ്വന്തമായി ഒരു രാഷ്ട്രം പിടിച്ചുവാങ്ങി ലോകശക്തിയായി മാറാനും കൊടിയ ഹിംസയിലൂടെ മറ്റു രാജ്യങ്ങളെ ഭയപ്പെടുത്താനുമുള്ള ഇസ്രയേൽ എന്ന രാജ്യത്തിന്റെ മനോനിലയ്ക്ക് വളവും വെള്ളവും നൽകിയത് അവര്‍ക്കതിരെയുണ്ടായ കൊടിയ വംശഹത്യ തന്നെയായിരുന്നു.

1930തുകളിലും 40കളിലും ഉക്രെയ്നിൽ നടന്ന വംശഹത്യകൾ അതിഭീകരമാണ്. നിരവധി ലക്ഷം മനുഷ്യർ ഉന്മൂലനം ചെയ്യപ്പെട്ടു. “അന്ധകാരത്തിന്റെ ഹൃദയം” എന്നാണ് ആഫ്രിക്കൻ രാജ്യമായ കോംഗോ വിളിക്കപ്പെട്ടത്. ഒരു രാജ്യം അതിന്റെ ചരിത്രത്തിലുടനീളം ഹൃദയമില്ലാത്ത മനുഷ്യ ചെയ്തികൾക്കിരായി. ഡ്രാക്കുളയെ വെല്ലുന്ന ഭരണാധികാരികൾ വംശീയ സമൂഹങ്ങളെ അറുത്തുമുറിച്ചും അടിച്ചോടിച്ചും രാജ്യത്തെ കൈപ്പിടിയിൽ ഒതുക്കി. ദാരിദ്ര്യവും പകർച്ചവ്യാധിയും സൃഷ്ടിക്കപ്പെടുന്ന കോംഗോയിലെ കൂട്ടമരണങ്ങളുടെ മൂലകാരണങ്ങൾ പലപ്പോഴും വെളുത്ത ബോധങ്ങളുടെ രാഷ്ട്രീയ സൃഷ്ടിയാണ് എന്ന് ചരിത്രം പറയുന്നു. ചോരക്കൊതിയനായ ഒരു വംശീയ ഡ്രാക്കുളയെ ലിയോപോൾഡിലൂടെ അക്കാലം അടയാളപ്പെടുത്തുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ വംശഹത്യയായിരുന്നു ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേത്.

കൃത്യം 100 ദിവസം കൊണ്ട് ഒരു ചെറിയ ആഫ്രിക്കൻ രാജ്യത്തെ ന്യൂനവിഭാഗമായ തുത്‌സി ഗോത്ര വർഗത്തിൽപ്പെട്ട എട്ടുലക്ഷത്തോളം പേരെ കൊന്നുതീർത്ത പകയായിരുന്നു അത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഹൃദയം നിലച്ചുപോയ സമയമായിരുന്നു 1984 ഒക്ടോബർ 31 രാത്രി മുതൽ നവംബർ മൂന്നു വരെ ഡൽഹിയിൽ നടന്നത്. അയ്യായിരത്തിൽ പരം സിഖ് മതവിശ്വാസികൾ കൊല്ലപ്പെട്ടു. ഒരു രാജ്യം തങ്ങളുടെ പൗരന്മാർക്ക് നേരെ നടത്തിയ യുദ്ധമായിരുന്നു ശ്രീലങ്കയിലെ വംശഹത്യ.

സിംഹള വിദ്വേഷം വംശീയതയിലേക്ക് മെല്ലെമെല്ലെ പരിണാമപ്പെട്ടപ്പോൾ അത് തമിഴരുടെ ക്രൂരമായ വംശഹത്യയിലേക്കു വഴിമാറി. ജൂത വംശഹത്യയോളം വരില്ലെങ്കിലും കുർദുകളും, യദിസികളും, റോഹിങ്ക്യകളും, ഉയിഗർ വംശജരുമൊക്കെ കാലങ്ങളായി വംശീയ പീഡനം അനുഭവിക്കുന്നവരാണ്. കുർദുകളെ കൂട്ടമായി കൊന്നൊടുക്കിയ ‘അൽഫാൽ വംശഹത്യ’ അതിഭീകരമാണ്. സദ്ദാം ഹുസൈൻ അതിന് നേതൃത്വം കൊടുത്തു. പിന്നീട് സദ്ദാം ഹുസൈനെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക സദ്ദാമിനെയും പതിനായിരകണക്കിന് മനുഷ്യരെയും കൊന്നൊടുക്കി’.

ജോർജ് ബുഷിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടക്കൊല. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും ഭീകരമായ വംശഹത്യ ബോസ്നിയയിലേതാണ്. 1992 മുതൽ 95 വരെ ഏകദേശം ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ട വംശഹത്യയിൽ ബോസ്നിയന്‍ തലസ്ഥാനമായ സാരയേവോവിനു സമീപം സെബ്രനിക്കാ പട്ടണത്തിൽ മാത്രം ഒമ്പതിനായിരത്തോളം മുസ്ലിങ്ങളെ യുഎൻ ക്യാമ്പിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയി സെർബിയൻ സേന വെടിവച്ചു കൊന്നു. അര നൂറ്റാണ്ടായി സുഡാനിൽ പ്രത്യേകിച്ചും ഡാർഫറിൽ വംശീയതയും ഭരണകൂട ഭീകരതയും ചോരപ്പുഴയൊഴുക്കുന്നു. വെടിയുണ്ടകൾക്കൊപ്പം വറുത്തെടുത്ത മനുഷ്യശരീരങ്ങളാണ് ഡാർഫറിലെ മണ്ണിൽ വീണടിയുന്നത്. ഏറ്റവും ഹീനമായ വംശഹത്യകൾക്കാണ് ഡാർഫർ സാക്ഷ്യം വഹിച്ചത്. മ്യാൻമർ കണ്ട ഭീകരത ഹൃദയമിടിപ്പ് ഇല്ലാതാക്കും. വംശഹത്യയുടെ തുറന്ന പുസ്തകമാണ് മ്യാൻമറിൽ നടന്നത് എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റേണിയോ ഗുട്ടറാസ് അഭിപ്രായപ്പെട്ടു. പതിനായിരങ്ങൾ കൊല്ലപ്പെട്ടു. 10 ലക്ഷം പേർ റോഹിങ്ക്യൻ കേന്ദ്രമായ റാഖൈനിലെ നരകതിയിൽ നിന്നു പലായനം ചെയ്തു.

നരകദരിദ്ര സഞ്ചാരങ്ങളിൽ പതിനായിരങ്ങൾ മരിച്ചു വീണു. വർത്തമാന ഇന്ത്യയുടെ രാഷട്രീയവും മതപരവുമായ ചരിത്രം കൃത്യമായി മാറ്റിമറിച്ച സംഭവമാണ് ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിൽ 2002ൽ നടന്ന വംശഹത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ‘ഹിന്ദുത്വ രാഷ്ട്രീയം’ അതിന്റെ അധികാരപ്പടവുകൾ പാഞ്ഞുകയറിയത് ഗുജറാത്തിലൂടെയാണ്. വംശീയ കലാപത്തിന്റെ തീനാളങ്ങൾ കൊണ്ട് ശരാശരി ഇന്ത്യൻ മതേതര ബോധമണ്ഡലങ്ങളെ അത് വല്ലാതെ പൊള്ളിച്ചു. മാരകമായ നീതി എപ്പോഴും യുദ്ധങ്ങൾ കണ്ടുപിടിക്കുന്നു; ഇസ്രയേൽ ചെയ്യുന്നതു പോലെ. ഗാസയിൽ പതിനായിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ നെതന്യാഹു കൊന്നൊടുക്കി. പണ്ടേ ഇസ്രയേൽ പ്രധാനമന്ത്രിമാരായിരുന്ന ബെൻഗൂറിയനും ഗോൾഡാമെയറും പറഞ്ഞിട്ടുണ്ട് പാലസ്തീൻ കുഞ്ഞുങ്ങളെ കൊന്നൊടുക്കണമെന്ന്. അവർ വളർന്ന് ഇസ്രയേലിനെതിരെ യുദ്ധം ചെയ്യരുതെന്ന്. ‌ ഇപ്പോൾ ഇറാൻ യുദ്ധത്തിലും കഴിഞ്ഞയാഴ്ച ഇറാനിലെ 150 സ്കൂൾ കുട്ടികളെ ഇസ്രയേൽ വധിച്ചു.

ഇസ്രയേലിന്റെ യുദ്ധ കുറ്റങ്ങളെ ഒരു വാക്ക് കൊണ്ടുപോലും എതിർക്കാത്ത സകല ഭരണാധികാരികളും വംശഹത്യക്ക് പിന്തുണ നൽകുന്നവരാണ്. ഇസ്രയേലിന് നരഹത്യക്ക് പിന്തുണ കൊടുക്കുന്ന അമേരിക്ക ലോക രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തുന്നു. മറ്റൊരു രാഷ്ട്രത്തിന്റെ പ്രസിഡന്റിനെ തട്ടിക്കൊണ്ടു പോയിട്ട് മാസം നാല് കഴിഞ്ഞു. ഇറാന്റെ പരമോന്നത നേതാവിനെ വധിച്ചു. എന്നിട്ട് ട്രംപ് എന്ന മനുഷ്യവിരുദ്ധൻ പറയുന്നു ലോകത്തിലെ ചെകുത്താനെ വധിച്ചു എന്ന്. യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും ഭീകരനായ ചെകുത്താൻ നെത്യാനഹു അല്ലെ? അയാളെ കൊണ്ടാടുന്ന ട്രംപ് അല്ലെ? ലോക സർവാധിപൻ ആകാൻ ട്രംപിന് എന്ത് അധികാരം?

ഇന്ത്യന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിശാഖപട്ടണത്ത് നാവിക സേനാ ഡ്രില്ലിൽ പങ്കെടുക്കാൻ വന്ന ഇറാനിയൻ കപ്പൽ തിരിച്ചുപോകുമ്പോൾ കന്യാകുമാരിയിൽ നിന്ന് അത്ര ദൂരയല്ലാത്ത മേഖലയിൽ വച്ചാണ് അമേരിക്ക തകർത്തത്. അതും ഇന്ത്യന്‍ സർക്കാർ അറിയാതെ? ഇന്ത്യ ഭരിക്കുന്നത് അമേരിക്കയാണോ? ‌ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് 30 ദിവസത്തെ അനുവാദം കൊടുക്കാം എന്ന് ട്രംപ്. ആത്മാഭിമാനമുള്ള കേന്ദ്രസർക്കാർ ശക്തമായി പ്രതികരിക്കേണ്ടതല്ലേ. രാജ്യത്തിന്റെ പരമാധികാരവും യശസും ഉയർത്തിപ്പിടിക്കേണ്ടേ? അതോ ഇസ്രയേലിന്റെയും സയണിസ്റ്റുകളുടെയും ഹിംസയുടെ വേതാള നൃത്തം തങ്ങളുടെ തന്നെ പതിപ്പാണ് എന്ന് സംഘ്പരിവാറിന് ഇപ്പോഴും തോന്നുന്നുണ്ടോ? ലോക ഭരണാധികാരികൾ ഡ്രാക്കുളമാരെക്കാൾ രക്തം കുടിക്കുന്നവരാണ്. എത്രയെത്ര വംശഹത്യകൾ.

ഭീതിജനകമായ ഇറാൻ — ഇറാഖ് യുദ്ധം, മാരകമായ പാലസ്തീനിന്റെ സമ്പൂർണ നശീകരണം… ബോംബുകളുടെയും മിസൈലുകളുടെയും ദൃഷ്ടിയിൽപ്പെടാതെ അവശേഷിച്ച പാലസ്തീനിലെ മനുഷ്യർ കുടിവെള്ളത്തിനായി, ഒരു നേരത്തെ അന്നത്തിനായി അന്യരോട് കൈനിട്ടുന്നു. ഉദാരത തേടുന്ന കരചരണങ്ങൾ ഏതു നിമിഷവും അറ്റു വീഴാം, ആ പ്രാണനുകൾ ഏതു നിമിഷത്തിലും ഇല്ലാതാകാം, കഴുകൻ കണ്ണുകളുമായി വരുന്ന യുദ്ധവിമാനങ്ങൾക്കുതാഴെ മക്കളെയും ഉടപ്പിറന്നവരേയും കെട്ടിപ്പിടിച്ച് അവരത്രയും കാത്തിരിക്കുന്നു, അതിധീരമായ രക്തസാക്ഷിത്വത്തെ. ചോരക്കൊതിയന്മാരായ ഡ്രാക്കുളമാര്‍ക്കെതിരെ മനുഷ്യരാശി ഉയർത്തെഴുനേൽക്കണം. മനുഷ്യത്വത്തെക്കാൾ ശക്തി മറ്റൊന്നിനുമില്ല.

Exit mobile version