Site iconSite icon Janayugom Online

‘ഷെല്‍ട്ടര്‍‘വീണ്ടും അരങ്ങിലെത്തുമ്പോള്‍

തോപ്പില്‍ ഭാസി ഫൗണ്ടേഷന്റെ അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് ‘ഷെല്‍ട്ടര്‍’ എന്ന ഏകാങ്ക നാടകം 70 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു. തോപ്പില്‍ ഭാസിയുടെ ഒളിവു ജീവിതത്തിലെ സംഭവങ്ങള്‍ ആസ്പദമാക്കി 1948ലാണ് ഈ ഏകാങ്കനാടകം രചിക്കപ്പെട്ടത്. അന്ന് നാടകം അരങ്ങിലെത്തുമ്പോള്‍ ഭാസിയോടൊപ്പം അഡ്വ. ജി ജനാര്‍ദനക്കുറുപ്പ്, ശങ്കരാടി, ഒ മാധവന്‍, കെ എസ് ജോര്‍ജ്, കെ പി എ സി സുലോചന വിജയകുമാരി, തോപ്പില്‍ കൃഷ്ണപിള്ള, മണവാളന്‍ ജോസഫ്, മുടയില്‍തറ ഭാസ്കരന്‍ എന്നിവരായിരുന്നു അരങ്ങില്‍.

70വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഷെല്‍ട്ടര്‍’ അരങ്ങിലെത്തിച്ചത് റിയല്‍വ്യു ക്രിയേഷന്‍സ് ആണ്. തോപ്പില്‍ ഭാസിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ഈ നാടകം അരങ്ങിലെത്തിച്ചത് അതിന്റെ കാലിക പ്രസക്തി മുന്‍നിര്‍ത്തിയാണെന്ന് റിയല്‍വ്യു ക്രിയേഷന്‍സ് പ്രസിഡന്റ് എന്‍ അരുണ്‍ പറഞ്ഞു. ഒരു ഏകാങ്ക നാടകം, അത് രചിച്ച് 70വര്‍ഷത്തിനിപ്പുറം പ്രസക്തമായി നില്‍ക്കുന്നു എന്നത് തികഞ്ഞ യാഥാര്‍ത്ഥ്യം തന്നെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇന്നും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തുടരുന്ന ജാതി ആധിപത്യവും സമൂഹത്തിലെ താഴേക്കിടയിലുള്ള ദളിതരും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന വിവേചനവും കേരളത്തില്‍ എന്തുകൊണ്ട് ഇല്ല എന്ന് അന്വേഷിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ നാടകം.

ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ 70വര്‍ഷം നിസാരമായ ഒരു കാലയളവല്ല. ‘ഷെല്‍ട്ടറില്‍’ നമ്മള്‍ കാണുന്നത് ഒട്ടും അതിശയോക്തിയില്ലാതെ മുക്കാല്‍ നൂറ്റാണ്ട് മുമ്പുള്ള കേരളമാണ്, സാധാരണ മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിന്റെ കണ്ണിലൂടെ. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലമാണ് 1948. തിരുവിതാംകൂറില്‍ നൂറുകണക്കിന് മനുഷ്യര്‍, മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനായി പൊരുതി മരണം വരിച്ച പുന്നപ്ര – വയലാര്‍ സമരകാലഘട്ടത്തിലെ ഒരു വിപ്ലകാരിയുടെ അനുഭവ കഥയാണ് ഈ ഏകാങ്കത്തിലൂടെ ഭാസി അവതരിപ്പിച്ചത്. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ കിരാതമായ രാജഭരണത്തിനെതിരെ അനേകം സമരങ്ങള്‍ നടന്നിരുന്നു.

1938ലെ കടയ്ക്കല്‍ വിപ്ലവമാണ് പുന്നപ്ര – വയലാര്‍ സമരത്തിന് മുമ്പ് നടന്ന പ്രധാന സമരം. ജന്മിമാരുടെ കൊടിയ ചൂഷണത്തിനെതിരെയും അന്യായമായ നികുതി പിരിവിനെതിരെയും നടന്ന കടയ്ക്കല്‍ സമരം കേരള ചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. തിരുവിതാംകൂര്‍ രാജ്യത്തെ കിരാതമായ ഭരണത്തിനെതിരെ ഇന്ന് കൊല്ലം ജില്ലയിലുള്ള നിലമേലിനും മടത്തറയ്ക്കും ഇടയിലുള്ള കടയ്ക്കല്‍ എന്ന പ്രദേശത്തെ ജനങ്ങളൊന്നാകെ നടത്തിയ പോരാട്ടത്തിനൊടുവില്‍ അവര്‍ സ്വന്തമായി ഒരു രാജ്യംതന്നെ പ്രഖ്യാപിക്കുകയും സമരനേതാവായ ഫ്രാങ്കോ രാഘവന്‍പിള്ളയുടെ നേതൃത്വത്തില്‍ കാളിയമ്പി മന്ത്രിയുമായി ഒരു ജനകീയ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു.

16 കിലോമീറ്റര്‍ പ്രദേശം ഒരു സ്വതന്ത്ര രാജ്യമായി ജനങ്ങള്‍ പ്രഖ്യാപിച്ചു. പക്ഷേ, തല്‍ക്കാലം പിന്‍വാങ്ങിയ പൊലീസ് ദിവസങ്ങള്‍ക്കകം പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. സാധാരണ ജനങ്ങള്‍ക്കുനേരെ കഠിനമായ അക്രമം അഴിച്ചുവിട്ടു. അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലും മറ്റ് നാലുപേര്‍ ആശുപത്രിയില്‍ വച്ചും കൊടിയ മര്‍ദനത്തിന്റെ ഫലമായി രക്തസാക്ഷികളായി. മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം 1938 ഒക്ടോബര്‍ 11ന് കടയ്ക്കലില്‍ എത്തിയ ചങ്ങനാശേരി പരമേശ്വരന്‍ പിള്ള എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ പ്രസ്താവന 1938 ഒക്ടോബര്‍ 14ലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ‘സൈനിക അധിനിവേശത്തിന് ശേഷമുള്ള ആ പ്രദേശത്തിന്റെ അവസ്ഥ ഹൃദയഭേദകമാണ്. പല വീടുകളിലും സ്ത്രീകളും കുട്ടികളും പട്ടിണിയിലാണ്.

ആളുകള്‍ക്കും വാഹനങ്ങള്‍ക്കും അങ്ങോട്ട് പ്രവേശിക്കാന്‍ അനുവാദമില്ല. ഉപ്പ് പോലും ആ പ്രദേശത്ത് ലഭ്യമല്ല. ഇത്തരം പ്രവൃത്തികള്‍ സൈനിക നിയമത്തില്‍ കീഴിലാണെങ്കിലും ന്യായീകരിക്കാനാവില്ല’. കടയ്ക്കല്‍ സമരം തികച്ചും ജനകീയമായ പ്രക്ഷോഭമായിരുന്നു. ആ പ്രക്ഷോഭത്തിലെ ദളിത് പങ്കാളിത്തം ശ്രദ്ധേയമാണ്. ‘ഷെല്‍ട്ടര്‍’ എന്ന നാടകം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കാനായി സ്വന്തം ജീവന്‍ കൊടുത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയ പേരില്ലാത്ത ആയിരക്കണക്കിന് കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കഥയാണ്. വിപ്ലവകാരിയുടെ ജീവന്‍ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചുകൊണ്ട് രക്തസാക്ഷികളായ അവരുടെ ജീവിതാഭിലാഷമായിരുന്നു ഉച്ചനീചത്വങ്ങളും ജന്മവാഴ്ചയുമില്ലാത്ത, എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കുന്ന സമത്വ സുന്ദരമായ ലോകം.

അതിനായി രക്തസാക്ഷിത്വം വരിച്ചത്, ജീവിതത്തില്‍ സര്‍വസ്വവും ത്യജിച്ച് നിസ്വരായി മരിച്ചത് ജന്മിമാരോ സമുദായ പ്രമാണിമാരോ ധനികരോ അല്ല. ജീവിതാന്ത്യം വരെ മണ്ണില്‍ പണിയെടുത്ത് സ്വന്തം വിയര്‍പ്പുകൊണ്ട്, പാടങ്ങളില്‍ സ്വര്‍ണം വിളയിച്ച് അതിലൊരു പങ്കും ലഭിക്കാതെ ആ മണ്ണില്‍ത്തന്നെ വിലയം പ്രാപിച്ച കയ്യൂരും, കരിവള്ളൂരും, കല്ലറ പാങ്ങോടും, പുന്നപ്ര – വയലാറിലുമൊക്കെ ജീവിച്ച കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. 70 വര്‍ഷത്തിനിപ്പുറം തോപ്പില്‍ ഭാസിയെന്ന വലിയ എഴുത്തുകാരന്‍, വലിയ മനുഷ്യസ്നേഹി, വലിയ കമ്മ്യൂണിസ്റ്റ് ഒളിവിലിരുന്ന് എഴുതിയ തന്റെ തന്നെ അനുഭവമായ ഏകാങ്ക നാടകം ‘അരങ്ങിലവതരിപ്പിച്ചു കണ്ടപ്പോള്‍ കേരളത്തിന്റെ ഇന്നലെകളില്‍ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി താന്‍ വിതച്ച വിത്ത് കൊയ്തെടുക്കുവാനുള്ള അവകാശത്തിനായി തങ്ങളോടൊപ്പം നിന്ന വിപ്ലവകാരികളെ ജീവന്‍ കൊടുത്ത് സംരക്ഷിച്ച ആയിരക്കണക്കിന് സാധാരണ കര്‍ഷകരും തൊഴിലാളികളും പെട്ടെന്ന് മുന്നില്‍ വന്നപോലെ.

70വര്‍ഷങ്ങള്‍ക്കിപ്പുറം ജാതിക്കോമരങ്ങളും ജന്മിമാര്‍ക്ക് പകരക്കാരായി വന്ന ചങ്ങാത്ത മുതലാളിമാരും ഉറഞ്ഞുതുള്ളുന്ന ഈ ആസുരകാലത്ത് ബലികുടീരങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ വ്യര്‍ത്ഥമാവരുത്. അവരുടെ സ്വപ്നങ്ങള്‍ നമ്മള്‍ മറന്നുപോവരുത്. തോപ്പില്‍ ഭാസിയുടെ കഥാപാത്രങ്ങള്‍ രംഗത്തുവന്ന് നമ്മളെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

Exit mobile version