Site iconSite icon Janayugom Online

അഞ്ച് ലക്ഷം ലൈഫ് വീടുകൾ; ചരിത്രത്തിലെ തിളക്കം

ഏറ്റവും ഒടുവിലത്തെ യുഡിഎഫ് സർക്കാർ സംസ്ഥാനം ഭരിച്ചത് 2011–16 കാലയളവിലായിരുന്നു. ആ സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിൽ (2016 ഫെബ്രുവരി 24) മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ മറുപടി നമുക്ക് കണ്ടെടുത്ത് വായിക്കാം. കഴിഞ്ഞ അ‍ഞ്ച് വർഷത്തിനുള്ളിൽ എത്ര പേർക്ക് സർക്കാർ പദ്ധതികളിലൂടെ വീടുകൾ നൽകി, ദുർബല വിഭാഗങ്ങൾക്കായി പ്രത്യേകം നടപ്പിലാക്കിയ ഭവന പദ്ധതികൾ ഏതൊക്കെ, എത്ര ഗുണഭോക്താക്കൾ എന്നിവയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ചോദ്യങ്ങൾ. മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും അതിൽ നിന്ന് എത്ര വീടുകൾ നിർമ്മിച്ചു എന്ന് കണ്ടെത്തണമെങ്കിൽ വല്ലാതെ കഷ്ടപ്പെടണം. അങ്ങനെ പണിപ്പെട്ട് കണക്കുകൂട്ടിയെടുത്താൽ ആകെ പണി പൂർത്തിയാക്കിയത് 454 ആണ്. തീരുമാനിച്ച എണ്ണവും നിർമ്മാണമാരംഭിച്ചതും എല്ലാം ചേർത്താലും 2,170 മാത്രമേ ആകുന്നുള്ളൂ. 1970–77 കാലത്തെ സി അച്യുതമേനോൻ സർക്കാരിൽ ഭവന മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചതായിരുന്നു ലക്ഷം വീട് പദ്ധതി. ഈ വീടുകളുടെ നവീകരണത്തിനായി 2006-11 കാലത്തെ എൽഡിഎഫ് സർക്കാരിൽ ബിനോയ് വിശ്വം ഭവന മന്ത്രി ആയിരിക്കെ ആവിഷ്കരിച്ച് നടപ്പിലാക്കിയ ലക്ഷംവീട് നവീകരണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നിർമ്മാണ പ്രവൃത്തികളിൽ ചിലത്, തൊട്ടടുത്ത സർക്കാരെന്ന നിലയിൽ പൂർത്തീകരിക്കാനുള്ള അവസരം ലഭിച്ചത് ഉമ്മൻചാണ്ടി സർക്കാരിനായിരുന്നു. ആ കണക്കുകളും തങ്ങളുടേതായി മറുപടിയിൽ അവകാശപ്പെട്ടിട്ടുണ്ട്. അതു (2,889) കൂട്ടിയാലും 5,059 മാത്രമേ എത്തുന്നുള്ളൂ. വിചിത്രമായ മറ്റൊരു കാര്യമുള്ളത് മാധ്യമപ്രവർത്തകർക്ക് സബ്സിഡി നൽകുന്ന പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണവും പാവപ്പെട്ടവർക്കുള്ള ഭവനപദ്ധതി കണക്കിൽപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതാണ്.
അഞ്ചുവർഷത്തെ യുഡിഎഫ് ഭരണകാലത്ത് ഇത്രയും വീടുകൾ മാത്രം പണിത പശ്ചാത്തലം നിൽക്കുമ്പോഴാണ് 10 വർഷമായി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാർ അതിന്റെ 100 മടങ്ങിലധികം, അഞ്ചുലക്ഷം ഭവനമെന്ന സ്വപ്നസാക്ഷാത്കാരം നേടിയിരിക്കുന്നത്. 

ലൈഫ് മിഷൻ വഴി ഇതുവരെ 6,04,046 വീടുകൾക്കുള്ള ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതിൽ 5,00,364 വീടുകളാണ് പൂർത്തിയായത്. ബാക്കി 1,03,682 എണ്ണം നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന പല പദ്ധതികളിലെയും നാമമാത്ര വിഹിതം പോലും ലഭ്യമാകാതിരിക്കുമ്പോഴും ആ ഔദാര്യത്തിന് കാത്തുനിൽക്കാതെ സംസ്ഥാന സർക്കാരിന് സാധ്യമാകുന്ന എല്ലാ വിഭവങ്ങളും സമാഹരിച്ച് ലക്ഷ്യം കെെവരിക്കാനുള്ള ഇച്ഛാശക്തി കാട്ടി എന്നതാണ് ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം ഭവനമെന്ന ലക്ഷ്യം നേടുമ്പോൾ എടുത്തുപറയേണ്ടത്. ഇത് മറ്റൊരു സർക്കാരിനും സാധിക്കാത്തൊരു ബദൽകൂടി ആകുന്നു എന്നിടത്ത് കൂടുതൽ പ്രധാനപ്പെട്ടതാകുന്നു. എന്നാൽ എല്ലാ പദ്ധതികളും കേന്ദ്ര സഹായമാണെന്ന പ്രചാരണം ബിജെപിയും പ്രതിപക്ഷമായ യുഡിഎഫും ഉയർത്താൻ ശ്രമിക്കുകയാണ്. കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന നാമമാത്ര തുകകൊണ്ട് കേരളത്തിൽ കുടിൽ പോലും പണിയാനാകില്ലെന്ന യാഥാർത്ഥ്യം നിലവിലുള്ളപ്പോഴാണ് ഈ വ്യാജപ്രചരണം നടത്തുന്നത്. രാജ്യത്ത് സർക്കാർ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക നൽകുന്നത് കേരളമാണ്. പട്ടികവർഗ സങ്കേതങ്ങളിൽ ആറ് ലക്ഷം, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയാണ് നൽകുന്നത്. രാജ്യത്ത് എവിടെയും ഇതിന്റെ പകുതി തുക പോലുമില്ല. ഗ്രാമീണ മേഖലയിൽ 72,000, നഗരത്തിൽ ഒന്നരലക്ഷം രൂപ വീതമാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ഭവന നിർമ്മാണത്തിന് ആകെ ചെലവായതിന്റെ 88.05% തുകയും (20831.6 കോടി) സംസ്ഥാനം വിനിയോഗിച്ചാണ് ലക്ഷ്യപ്രാപ്തി നേടിയത്. സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപന വിഹിതങ്ങളിലൂടെയാണ് പ്രധാനമായും പണം കണ്ടെത്തിയത്. ഇതിനുപുറമേ വായ്പയായും തുക സമാഹരിച്ചു. ഇതിന്റെ പലിശ പൂർണമായി സംസ്ഥാന സർക്കാർ വഹിക്കുകയും മുതൽതുക സംസ്ഥാന സർക്കാർ നൽകുന്ന പദ്ധതി തുകയിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കുകയും ചെയ്യുന്നു. ശേഷിക്കുന്ന 2,488.9 കോടി (11.95%) യാണ് കേന്ദ്രവിഹിതമായുള്ളത്. പിഎംഎവൈ ഗ്രാമീൺ, അർബൻ പദ്ധതികളുടെ മാനദണ്ഡങ്ങളിൽപ്പെടുത്താവുന്ന ചുരുക്കം വീടുകൾക്ക് മാത്രമാണ് കേന്ദ്രത്തിന്റെ ഈ നാമമാത്ര വിഹിതം ലഭിക്കുന്നതും. 

കേന്ദ്ര മാനദണ്ഡങ്ങളിൽപ്പെടുത്താൻ സാധിക്കാത്ത ലൈഫ് പദ്ധതിക്ക് കീഴിൽ വരുന്ന ഏകദേശം 3,66,230 വീടുകളുടെ വിഹിതം പൂർണമായും ലൈഫ് മിഷനാണ് ലഭ്യമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. അതായത് 73.19% വീടുകൾ പൂർണമായും സംസ്ഥാന സർക്കാർ പൂർത്തിയാക്കിയെന്നർത്ഥം. 1,34,134 വീടുകൾക്കാണ് കേന്ദ്ര വിഹിതം ലഭിച്ചത്. ഈ കണക്കുകൾ പരിശോധിച്ചാൽത്തന്നെ പ്രതിപക്ഷ പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ബോധ്യപ്പെടാവുന്നതാണ്. അതുകൊണ്ടുതന്നെ എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും പൗരന്മാരോടുള്ള കരുതലിന്റെയും പ്രതീകമായാണ് അഞ്ചുലക്ഷം ഭവനങ്ങളെന്ന ലക്ഷ്യസാക്ഷാത്കാരത്തെ കാണേണ്ടത്. മാർച്ച് ഒന്നിന് ചൂരൽമലയിലെ ദുരിത ബാധിതർക്കായി വിതരണം ചെയ്യുന്ന വീടുകളും അതിദാരിദ്ര്യ നിർമ്മാർജനവുമെന്നതുപോലെ, ലൈഫ് പദ്ധതിയിലൂടെയുള്ള അഞ്ച് ലക്ഷം ഭവനപൂർത്തീകരണവും ചരിത്രത്തിൽ തിളക്കമാർന്ന അധ്യായമായി ശോഭിക്കുമെന്നുറപ്പാണ്. 

Exit mobile version