Site iconSite icon Janayugom Online

ഇന്ത്യ നേരിടുന്ന ഊർജപ്രതിസന്ധിയും തിന്മയുടെ അച്ചുതണ്ടും

ശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരായി തുടക്കംകുറിച്ച യുദ്ധം മേഖലയിൽ ആകെ പടർന്നുപിടിച്ചതോടെ ഇന്ത്യയടക്കം ലോകരാജ്യങ്ങളുടെ ഉർജസുരക്ഷയും സമ്പദ്ഘടനകളും കനത്ത ആശങ്കകളെയും വെല്ലുവിളികളെയുമാണ് നേരിടുന്നത്. യുഎസ്-ഇസ്രയേൽ സൈനിക കൂട്ടുകെട്ടും അതിന് രാഷ്ട്രീയ നേതൃത്വം നൽകുന്ന ട്രംപും നെതന്യാഹുവും കണക്കുകൂട്ടിയവിധം പെട്ടെന്ന് അവസാനിപ്പിക്കാവുന്ന യുദ്ധമായിരിക്കില്ല അതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.

നാല്-അഞ്ച് ആഴ്ചകൾകൊണ്ട് യുദ്ധം അവസാനിപ്പിക്കാനാകുമെന്ന അവരുടെ കണക്കുകൂട്ടലും അസ്ഥാനത്തായെക്കാമെന്ന സൂചനയാണ് യുദ്ധത്തിന്റെ ഇപ്പോഴത്തെ ഗതിവിഗതികൾ നൽകുന്നത്. ഇറാന്റെ ഹോർമുസ് കടലിടുക്ക് അടച്ചതായുള്ള പ്രഖ്യാപനവും തന്ത്രപ്രധാനമായ ആ സമുദ്രപാതയിലൂടെ കടന്നുപോകുന്ന എണ്ണടാങ്കറുകൾക്കുനേരെ ഇതിനകമുണ്ടായ ആക്രമണങ്ങളും ഇന്ത്യയടക്കം രാഷ്ട്രങ്ങളുടെ ഊർജസുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ്. ലോകത്തുല്പാദിപ്പിക്കുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനത്തിലധികം കടന്നുപോകുന്ന വാണിജ്യപാതയാണ് ഹോർമുസ്. പ്രതിദിനം 15 ദശലക്ഷം വീപ്പകളിലധികം അസംസ്കൃത എണ്ണയാണ് അതുവഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ട് നാലുനാൾ പിന്നിടുമ്പോഴേക്കും അന്തരാഷ്ട്രവിപണിയിൽ എണ്ണവില 10 ശതമാനത്തിലധികമായി കുതിച്ചുയർന്നുകഴിഞ്ഞു.

എണ്ണ ഉല്പാദക രാജ്യങ്ങൾ ഉല്പാദനം വർധിപ്പിക്കാൻ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണത്തെത്തുടർന്ന് സൗദിഅറേബ്യക്കും ഖത്തറിനും തങ്ങളുടെ എണ്ണ, പ്രകൃതിവാതക സംഭരണികൾ അടച്ചുപൂട്ടേണ്ടി വന്നത് വിപണിയിൽ ഊർജ ദൗർലഭ്യം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് റഷ്യൻ എണ്ണ ഇറക്കുമതിക്ക് യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം. ഇന്ത്യയുടെ അസംസ്കൃത എണ്ണയുടെ കരുതൽ ശേഖരവും എണ്ണ വിതരണ, ശുദ്ധീകരണ കമ്പനികളുടെ പക്കലുള്ള ഏതാണ്ട് 100 ദശലക്ഷം വീപ്പ 40–45 ദിവസത്തെ ആവശ്യത്തിനെ തികയു എന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

ആഭ്യന്തര ആവശ്യത്തിനുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഏതാണ്ട് 90ശതമാനത്തിനും ഇന്ത്യ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. നമുക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 15ശതമാനവും പ്രകൃതി വാതകത്തിന്റെ 25ശതമാനവും ഹോർമുസ് കടലിടുക്കുവഴിയാണ് എത്തേണ്ടത്. അവയുടെ ഇറക്കുമതിയിൽ ഏതാണ്ട് 50% എത്തുന്നതും പശ്ചിമേഷ്യയിൽ നിന്നുമാണ്. യുദ്ധാന്തരീക്ഷത്തിൽ അവിടെനിന്നുള്ള ഇറക്കുമതി ഏറെ ദുഷ്കരമായിരിക്കും. വിലക്കിഴിവിൽ റഷ്യയിൽനിന്നും ഇറക്കുമതി ചെയ്തിരുന്ന എണ്ണ യുഎസ് ഉപരോധത്തെ തുടർന്ന് കഴിഞ്ഞ 44 മാസങ്ങളിലെ ഏറ്റവും കുറഞ്ഞതോതിൽ ആയിരുന്നു, ജനുവരി മാസത്തിൽ.

അത് ഫലത്തിൽ ഉയർന്ന വിലയ്ക്കുള്ള യുഎസ്, വെനസ്വേല എണ്ണ ഇറക്കുമതിയെ ആശ്രയിക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കും. തൽഫലമായി ഇന്ത്യയുടെ എണ്ണ, പ്രകൃതിവാതക ഇറക്കുമതിച്ചെലവ് ഗണ്യമായി കുതിച്ചുയരുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. പ്രകൃതിവാതക വില അന്താരാഷ്ട്രവിപണിയിൽ 40% കണ്ട് ഇതിനകം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. രാസവള നിർമ്മാണത്തിൽ പ്രകൃതിവാതകവും മറ്റ് പെട്രോളിയം ഉപോല്പന്നങ്ങളും അനിവാര്യമാണ്. അവയുടെ ദൗർലഭ്യം രാസവള ക്ഷാമത്തിലേക്കും അതുവഴി കൃഷിയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല.

യുദ്ധം ഉടൻ അവസാനിക്കുന്നില്ലെങ്കിൽ ലോകവിപണിയിൽ രാസവളക്ഷാമം രൂക്ഷമാകും. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ദൗർലഭ്യം എംഎസ്എംഇ അടക്കം വ്യാവസായിക ഉല്പാദനത്തെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും. സമീപകാലത്തായി ഇന്ത്യ യൂറോപ്യൻ യൂണിയൻ ഉൾപ്പടെ വിവിധരാജ്യങ്ങളുമായി ഒപ്പുവച്ച, കൊട്ടിഘോഷിക്കപ്പെട്ട, സ്വാതന്ത്രവ്യാപാര കരാറുകൾ അർത്ഥശൂന്യമായി മാറുമെന്ന ആശങ്കയും ശക്തമാണ്.

പശ്ചിമേഷ്യയിലെ യുദ്ധവും അത് സൃഷ്ടിച്ചിരിക്കുന്ന ഊർജ, സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യയുടെ വിദേശനയത്തിലെ നയരാഹിത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആഗോള രാഷ്ട്ര സമുച്ചയത്തിൽ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന ഇന്ത്യയുടെ അഭിമാനകരമായ സ്ഥാനം മോഡി ഭരണകൂടം യുഎസ് സാമ്രാജ്യത്വത്തിനും ഇസ്രയേലി സയണിസ്റ്റുകൾക്കും അടിയറവച്ചിരിക്കുന്നു. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ബ്രിക്സ് കൂട്ടായ്മയുടെ അധ്യക്ഷപദവി ഇപ്പോൾവഹിക്കുന്ന ഇന്ത്യ അത്തരം ഒരു ബദൽ ആഗോളചേരിയിലും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഇന്ത്യ ഒഴികെ മറ്റെല്ലാ ബ്രിക്സ് രാഷ്ട്രങ്ങളും ഇറാനെതിരെ യുഎസ്-ഇസ്രയേൽ കൂട്ടുകെട്ട് തുടങ്ങിവച്ച യുദ്ധത്തെയും ആ രാജ്യത്തിന്റെ പരമോന്നതനേതാവടക്കം നേതൃത്വത്തെയും നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം കൂട്ടക്കൊലചെയ്ത നികൃഷ്ടതയെയും അപലപിക്കാൻ മുന്നോട്ടുവരികയുണ്ടായി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകട്ടെ ലോകം മനുഷ്യരാശിക്കെതിരായ കുറ്റവാളിയായി മുദ്രകുത്തിയ സയണിസ്റ്റ് ഭീകരതയുമായി പരസ്യമായി കൈകോർക്കുകയാണ് ഉണ്ടായത്. അത് ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ ഇന്ത്യക്ക് തീരാക്കളങ്കമാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്നനിലയിലും ചേരിചേരാ രാഷ്ട്രങ്ങളുടെ ആദരണീയ നേതൃസ്ഥാനത്തുനിന്നും ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും നരേന്ദ്ര മോഡിയും ഉൾപ്പെട്ട മനുഷ്യരാശിക്കെതിരായ തിന്മയുടെ അച്ചുതണ്ടായി അധഃപതിച്ചിരിക്കുന്നു. നാറ്റോ സഖ്യത്തിലെ പ്രമുഖരായ ബ്രിട്ടനോ ഫ്രാൻസോപോലും അംഗീകരിക്കാൻ വിമുഖതകാട്ടുന്ന കൂട്ടുകെട്ടിലാണ് മോഡി ഇന്ത്യയെ തളച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇപ്പോൾ നമ്മെ തുറിച്ചുനോക്കുന്ന ഊർജ പ്രതിസന്ധിയെ മറികടക്കാൻ റഷ്യയിൽനിന്നും എണ്ണ ഇറക്കുമതിയെപ്പറ്റി പുനരാലോചിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്നതുപോലും സംശയനിഴലിലാണ്.

Exit mobile version