Site iconSite icon Janayugom Online

വിസ്മയം തന്നെ വിഴിഞ്ഞം

ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ കൊച്ചി പവർ ഹൈവേ തുടങ്ങി കേരളത്തില്‍ ഒരിക്കലും നടപ്പാകില്ലെന്ന് പലരും വിധിയെഴുതിയ നിരവധി പദ്ധതികള്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമായി. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവ നിർമ്മാണ ഘട്ടത്തിലാണ്. ഈ നേട്ടങ്ങൾ സംസ്ഥാനം കയ്യെത്തിപ്പിടിച്ചത് എളുപ്പമാര്‍ഗമുണ്ടായിട്ടല്ല. ഒരുപാട് പരിമിതികളും എതിർപ്പുകളുമുണ്ടായി. ഇതിനെയെല്ലാം മറികടന്നാണ് അടിസ്ഥാന സൗകര്യങ്ങൾ അസൂയാവഹമായ രീതിയില്‍ സാധ്യമാക്കാൻ കഴിഞ്ഞത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഇവ പ്രാവര്‍ത്തികമാക്കിയത്.

ഏഴ് പതിറ്റാണ്ടിനിടയില്‍ പല ഘട്ടങ്ങളിലായി സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത വികസനപദ്ധതികള്‍ സംസ്ഥാനത്ത് തുലോം വിരളമാണ് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ തുടര്‍ച്ച തന്നെയാണ് കൂടുതല്‍ ഊര്‍ജസ്വലതയോടെ ജനപക്ഷത്തുനിന്ന് വികസനം നടപ്പാക്കുന്ന നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. കേരളത്തിന്റെ വികസന ഭൂപടത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചത് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊന്‍തൂവലാണ്. കാരണം, രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ വിഴിഞ്ഞം തുറമുഖം ഒരു വിസ്മയമായി മാറിയിരിക്കുന്നു.

ആഗോള സമുദ്ര ചരക്കുനീക്കത്തില്‍ ദക്ഷിണേഷ്യയുടെ തന്ത്രപരമായ വ്യാപാര കവാടമായി മാറിയ വിഴിഞ്ഞത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഏകദേശം 9,700 കോടി നിക്ഷേപത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുകയാണ്. മാസ്റ്റര്‍ പ്ലാനനുസരിച്ച് 2045ല്‍ പൂര്‍ത്തിയാക്കേണ്ട തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനം 2028ഓടെ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് പൂര്‍ത്തിയാക്കും. പ്രവര്‍ത്തമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ത­ന്നെ­ 710 കപ്പലുകളെ സ്വീകരിക്കാന്‍ കഴിഞ്ഞത് തുറമുഖത്തിന്റെ ആ­ഗോള പ്രാധാന്യം വ്യക്തമാക്കുന്നു. കേവലം ഒരു ചരക്ക് കൈമാറ്റ കേന്ദ്രം എന്നതിലുപരി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന വിവിധ പദ്ധതികള്‍ ര­ണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബെര്‍ത്തിന്റെ വിപുലീകരണത്തോടെ ഒരേസമയം നാല് കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് ഇവിടെ അടുക്കാന്‍ സാധിക്കും. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വ­ലിയ ബെര്‍ത്തുള്ള തുറമുഖമായി വിഴിഞ്ഞത്തെ മാറ്റും. ഒരേസമയം അഞ്ച് മദർഷിപ്പുകൾ വരെ കൈ­­കാര്യം ചെയ്യാൻ പാകത്തിൽ തുറമുഖം വികസിക്കും. പുതിയ ഷിപ്പിങ്, ലോജിസ്റ്റിക് കമ്പനികള്‍ ഇവിടെയെത്തുന്നതോടെ നിരവധി തൊ­­ഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനായി 5,500 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ മുടക്കിയത്. രാജ്യത്ത് മറ്റൊരു സർക്കാരും തുറമുഖ നിർമ്മാണത്തിനായി ഇത്രയും വലിയ നിക്ഷേപം നടത്തിയിട്ടില്ല. 2035ൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങുമെന്നാണ് കണക്കുകൂട്ടല്‍.

ഈ സാഹചര്യത്തില്‍, വിഴിഞ്ഞത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന കൂട്ടരുമുണ്ട്. അതില്‍ സംസ്ഥാനത്തെ പ്രതിപക്ഷമായ യുഡിഎഫ് മുതല്‍ കേന്ദ്രത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ വരെയുണ്ട്. 2015ല്‍ കരാർ ഒപ്പിട്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എന്നതാണ് യുഡിഎഫ് അവകാശവാദത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഒപ്പിട്ടതല്ലാതെ, അട്ടത്തുവച്ച കരാര്‍ പൊടിതട്ടാന്‍ പോലും പിന്നീട് ആ സര്‍ക്കാര്‍ തയ്യാറായില്ല. 2016 അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സർക്കാരാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചതും വിവിധ നടപടിക്രമങ്ങളിലൂടെ 2024 ഡിസംബറില്‍ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിലേക്ക് എത്തിച്ചതും. കേന്ദ്രമാകട്ടെ തങ്ങള്‍ക്ക് പ്രിയപ്പെട്ട ഗൗതം അഡാനിക്ക് പങ്കാളിത്തമുണ്ടായിട്ട് പോലും, കേരളത്തോടുള്ള രാഷ്ട്രീയ വിരോധം കാരണം പദ്ധതി നടപ്പാകാതിരിക്കാനാണ് ശ്രമം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ 62, അഡാനി ഗ്രൂപ്പ് 28, കേന്ദ്രം 10% തുക എന്ന രീതിയിലാണ് വിഴിഞ്ഞത്ത് ചെലവഴിക്കുന്നത് എന്നാണ് കണക്ക്. എന്നാല്‍ കേന്ദ്രം അനുവദിച്ചത് 817.80 കോടി രൂപയുടെ വായ്പ മാത്രമാണ്.

ഇത് പലിശ സഹിതം തിരിച്ചടയ്ക്കണം. ഇവിടെയാണ് മോഡി സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യം വെളിപ്പെടുന്നത്. വൻകിട പദ്ധതികൾക്ക് കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആയി തുക അനുവദിക്കാറുണ്ട്. വിജിഎഫ് എന്നത് ഗ്രാന്റ് ആണ്; തിരിച്ചടയ്ക്കേണ്ട വായ്‌പയല്ല. എന്നാൽ കേരളത്തിലേക്ക് എത്തുമ്പോൾ വിജിഎഫ് വായ്പയാകുന്നു. വിഴിഞ്ഞത്തിന് അനുവദിച്ച 817 കോടി, തുറമുഖത്തിന് ലാഭം കിട്ടിത്തുടങ്ങുമ്പോൾ മുതൽ തിരിച്ചടയ്ക്കണം. പലിശയും വരുമാന വിഹിതവും ചേർത്ത് 12,000 കോടി വരെ കേരളം കേന്ദ്രത്തിന് നൽകേണ്ടതായി വരും. വെറും 817 കോടി നൽകിയിട്ട് അതിന്റെ പത്തിരട്ടിയിലധികം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതാണ് മോഡി സര്‍ക്കാരിന്റെ ‘സഹായം’. വിഴിഞ്ഞത്ത് ട്രയൽ റണ്ണിന്റെ ഭാഗമായി കപ്പലുകൾ വന്നപ്പോള്‍ത്തന്നെ ജിഎസ്‌ടി ഇനത്തിൽ 182 കോടിയാണ് കേന്ദ്ര ഖജനാവിലെത്തിയത് എന്നുകൂടി ഓര്‍ക്കണം. ആരൊക്കെ പിതൃത്വം അവകാശപ്പെട്ടാലും കേരള ജനതയ്ക്കറിയാം ആരാണ് സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുന്നതെന്ന്. ആ വിശ്വാസമാണ് എന്നും ഇടതുമുന്നണിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും കരുത്ത്.

Exit mobile version