Site iconSite icon Janayugom Online

ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന യുഎസ്എയ്ഡ്

­ന്ത്യൻ വോട്ടർമാരെ സ്വാധീനിക്കാനും പോളിങ് ബൂത്തുകളിൽ എത്തുന്ന വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാനും ജോ ബൈഡൻ ഭരണകൂടം വകയിരുത്തിയ തുക പിൻവലിക്കുന്നതായുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം സാമാന്യ രാഷ്ട്രീയബോധമുള്ള ആരെയും അമ്പരപ്പിക്കുന്നുണ്ടാവില്ല. രണ്ടാംതവണ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് അധികാരമേറ്റ് ഒരുമാസം പിന്നിടുമ്പോഴേക്കും നടത്തിയ പ്രഖ്യാപന പരമ്പരകളിൽ പലതും ആഗോളരാഷ്ട്രീയത്തിൽ അനല്പമല്ലാത്ത വിവാദങ്ങൾ സൃഷ്ടിച്ചുവരികയാണ്. പ്രസിഡന്റ് ട്രംപിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിഫലനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആഗോള രാഷ്ട്രീയത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന യുഎസിന്റെ പ്രാമാണ്യം തിരിച്ചുപിടിക്കാനും തന്റെ പ്രസക്തി ലോകരംഗത്ത് ഉറപ്പിക്കാനുമുള്ള തത്രപ്പാടിലാണ് ട്രംപ്. തന്റെ മുൻഗാമിയിൽനിന്നും തികച്ചും വ്യത്യസ്തനും ആഗോള രാഷ്ട്രീയത്തിൽ താനും തന്റെ രാജ്യവും പ്രഥമസ്ഥാനത്താണെന്ന് സ്ഥാപിക്കാനുമുള്ള വൃഥാവ്യായാമത്തിലാണ് ട്രംപ് ഭരണകൂടം. യുഎസ്, ഇതരരാജ്യങ്ങളിലെ തെരഞ്ഞെടുപ്പടക്കം രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുന്നത് ഒട്ടും പുതുമയുള്ള കാര്യമല്ല. യുഎസ് ഭരണകൂടത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര സഹായ പദ്ധതി അഥവാ ‘യുഎസ്എയ്ഡ്’ രാഷ്ട്രാന്തര രാഷ്ട്രീയ വിധ്വംസക പ്രവർത്തനങ്ങൾക്കായി പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കാലത്ത് രൂപീകൃതമായ സംവിധാനമാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ആ രാജ്യത്തിന്റെ ആഗോള ചാരസംഘടന സിഐഎയ്ക്ക് സമാന്തരമായി ഇതര രാജ്യങ്ങളിലെ സ­ർക്കാരുകളുമായും സർക്കാരിതര സംഘടനകളുമായും ചേർന്ന് ആഗോള സഹായ പദ്ധതികളുടെ മറവിൽ ലോകവ്യാപകമായി യുഎസ് സാമ്രാജ്യ താല്പര്യ സംരക്ഷണാർത്ഥമുള്ള പരസ്യ പ്രവർത്തനങ്ങളിൽ വ്യാപൃതമാണ് യുഎസ് എയ്ഡ്. ട്രംപ് പുതുതായി തന്റെ ഭീമൻ കോർപറേറ്റ് ചങ്ങാതി ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ രൂപംനൽകിയ ‘സർക്കാർ കാര്യക്ഷമതാ വകുപ്പ്’ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചെലവുചുരുക്കൽ പരിപാടിയുടെ ഭാഗമായാണ് ഇന്ത്യയടക്കം രാജ്യങ്ങളിൽ രാഷ്ട്രീയ അട്ടിമറികൾക്കായി യുഎസ്എയ്ഡ് നൽകിവരുന്ന ‘ധ­നസഹായ’ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

പ്രസിഡന്റ് ജോ ബൈ­ഡന്റെ ഭരണ കാലയളവിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ വകയിരുത്തിയ 21 ദശലക്ഷം ഡോളർ റദ്ദാക്കിയതായാണ് മസ്കും തുടർന്ന് ട്രംപും ആവർത്തിക്കുന്നത്. ഇതിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും മന്ത്രാലയവും ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. പക്ഷെ അതിന്റെ വിശദാംശങ്ങൾ പുറത്തുവിടാനോ അതേപ്പറ്റി യുഎസ് ഭരണകൂടത്തോട് വിശദീകരണം ആരായാനോ ഇനിയും വിദേശകാര്യ മന്ത്രാലയമോ മോഡി ഭരണകൂടമോ തയ്യാറായതായി അറിവില്ല. ആ പണം ‘തന്റെ സ്നേഹിതൻ ഇന്ത്യൻ പ്രധാനമന്ത്രി മോഡിക്കാണ് പോകുന്ന’തെന്ന ട്രംപിന്റെ വീഡിയോയും പുറത്തുവരികയുണ്ടായി. മസ്കും ട്രംപും ഉന്നയിക്കുന്ന ആരോപണം സംബന്ധിച്ച വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സ്വതന്ത്രത, നിഷ്പക്ഷത, സുതാര്യത എന്നിവ ഉറപ്പുവരുത്താൻ അനിവാര്യവും, അത് അറിയാനുള്ള പൗരന്റെ അവകാശം അനിഷേധ്യവുമാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി ഭരണഘടനാവിരുദ്ധമായ ഏത് ഹീനമാർഗവും അവലംബിക്കാൻ മോഡി ഭരണകൂടം മടിക്കില്ലെന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിലെ സുപ്രീം കോടതി വിധി സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുഎസ്എയ്ഡ് പോലെയുള്ള വിധ്വംസക ഫണ്ടുകളുമായി മോഡി ഭരണകൂടത്തിനുള്ള ഉറ്റ ചങ്ങാത്തം സംബന്ധിച്ച അനിഷേധ്യ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ‘നെറ്റ് സീറോ കാർബൺ എമിഷൻ’ പദ്ധതിക്കായി യുഎസ് എയ്ഡുമായി കൈകോർക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പിടുന്നതുസംബന്ധിച്ച തീരുമാനം കെെ‌ക്കൊണ്ടത് മോഡി അധ്യക്ഷത വഹിച്ച 2023 ജൂൺ 14ലെ കേന്ദ്ര മന്ത്രിസഭാ യോഗമാണ്. കോവിഡ് കാലത്ത് 100 ദശലക്ഷം ഡോളറിന്റെ ഓക്സിജൻ, എൻ95 മാസ്ക് ഉൾപ്പെടെ സഹായങ്ങൾ മോഡി സർക്കാർ യുഎസ്എയ്ഡിൽ നിന്നും സ്വീകരിച്ചിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. മോഡി സർക്കാരിൽ കാബിനറ്റ് പദവിയുണ്ടായിരുന്ന മന്ത്രി സ്മൃതി ഇറാനി യുഎസ് എയ്ഡിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി നാലിലേറെ കൊല്ലക്കാലം പ്രവർത്തിച്ചിരുന്നതായി അവർതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യുഎസ്എയ്ഡുമായി തനിക്കുള്ള ഉറ്റ സഹകരണത്തെപ്പറ്റി മഹാരാഷ്ട്ര മുഖ്യമന്ത്രി തന്റെ ട്വീറ്റുകളിൽ അഭിമാനപൂർവം പരാമർശിക്കുന്നതിന്റെ തെളിവുകളും പൊതുമണ്ഡലത്തിൽ ലഭ്യമാണ്. നിതി ആയോഗും യുഎസ്എയ്ഡുമായി വിവിധ മേഖലകളിൽ സാമ്പത്തിക സഹകരണം നിലനിന്നിരുന്നതിന്റെ തെളിവുകളും ലഭ്യമാണ്. വസ്തുത ഇതായിരിക്കെ മസ്ക്, ട്രംപ് വെളിപ്പെടുത്തലുകൾ പ്രതിക്കൂട്ടിലാക്കുന്നത് യുഎസ്എയ്ഡ് എന്ന വിധ്വംസക ഫണ്ടുമായി ഉറ്റ ചങ്ങാത്തം പുലർത്തിയിരുന്ന മോഡി സർക്കാരിനെയാണ്.

ഒരു ദശകത്തിലേറെയായി രാജ്യഭരണം കയ്യാളുന്ന മോഡി സർക്കാർ തെരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിക്കുന്നതിന് യുഎസ് ഭരണകൂടവുമായും അവർ നിയന്ത്രിക്കുന്ന വിധ്വംസക ഏജൻസികളുമായും കൈകോർത്തുനടത്തിയ അട്ടിമറി പ്രവർത്തനങ്ങളുടെ സമീപകാല വസ്തുതകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ മാത്രമേ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ജനാധിപത്യ വിരുദ്ധവും അധാർമ്മികവുമായ എന്തൊക്കെ അട്ടിമറി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അതിനായി എത്രത്തോളം വിദേശപണം ഒഴുകിയെത്തിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ പുറത്തുവരൂ. ട്രംപും മസ്കും ഉൾപ്പെട്ട വായാടികളായ ഭരണാധികാരികൾ തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് ഹാനികരമായി മാറിയേക്കാവുന്ന അത്തരം വിവരങ്ങൾ സ്വമേധയാ പുറത്തുവിടുമെന്നും നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണത്തിന് മുതിരുമെന്നും പ്രതീക്ഷിക്കുക വയ്യ. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാനും സ്വതന്ത്രവും നീതിപൂർവവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനും ഇന്ത്യൻ ജനതതന്നെ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

Exit mobile version