Site iconSite icon Janayugom Online

ആനമയില്‍ ഒട്ടകങ്ങളും മലയാളിയും

ആനമയില്‍ ഒട്ടകം കളികളോടുള്ള ഭ്രമം മലയാളി എത്രയൊക്കെ കൊണ്ടാലും പഠിച്ചാലും ഉപേക്ഷിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റോടെ. ഇയാൾ പിടിയിലായതോടെ പുറത്തുവന്ന വാര്‍ത്തകള്‍ കേട്ടാല്‍ കേരളം ശരിക്കും വെള്ളരിക്കാ പട്ടണമാണോയെന്നും ബുദ്ധിമാന്‍മാരെന്ന് സ്വയം ഊറ്റം കൊള്ളുക മാത്രം ചെയ്യുന്ന വിഡ്ഢികളുടെ നാടാണോ എന്നും സംശയിച്ചു പോകും. ശ്രീകൃഷ്ണന്റെ അമ്മ യശോദ പണിയിച്ച മരക്കലം, ഗണപതിയുടെ താളിയോല, വെള്ളം വീഞ്ഞാക്കാന്‍ യേശു ഉപയോഗിച്ച കല്‍ഭരണി, മുഹമ്മദ് നബിയുടെ മണ്‍വിളക്ക്, യൂദാസ് യേശുവിനെ ഒറ്റികൊടുത്തപ്പോള്‍ ലഭിച്ച വെള്ളിനാണയം,മോശയുടെ അംശവടി… തുടങ്ങി പുരാണങ്ങളിലെയും പുരാവൃത്തങ്ങളിലേയും ചരിത്രത്തിലേയും സകലമാന വസ്തുക്കളും തന്റെ കയ്യില്‍ ഉണ്ടെന്ന് ഒരാള്‍ അവകാശപ്പെടുക, ആ വാക്കുകള്‍ കണ്ണുമടച്ച് വിശ്വസിച്ച് വിഴുങ്ങുക! അയാളെ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിക്കുകയും അയാളുടെ സാമഗ്രികള്‍ക്കൊപ്പം ഉപവിഷ്ടരായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്നു! കുറ്റകൃത്യങ്ങളും തട്ടിപ്പുകളുമൊക്കെ അന്വേഷിക്കേണ്ട പൊലീസ് സേനയുടെ തലവനും രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലെ ഉന്നതരും തന്നെ തേടിയെത്തുമ്പോള്‍ ആ അവസരം അയാള്‍ വിറ്റ് കാശാക്കിക്കൊണ്ടുമിരുന്നു.പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 2.62 ലക്ഷം കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടുള്ളത് പിന്‍വലിക്കുന്നതിന് പണം വേണമെന്നാവശ്യപ്പെട്ട് പത്തു കോടിയോളം രൂപ ഇയാള്‍ തട്ടിച്ചെടുത്തെന്ന് കാട്ടി പരാതിയുമായും ആളുകളെത്തി.

പ്രബുദ്ധ ജനതയെന്നവകാശപ്പെടുന്ന മലയാളികൾ‍ വീണ്ടും വീണ്ടും തട്ടിപ്പുകളില്‍ പോയി വീഴുന്നതിന്റെ അടിസ്ഥാനം എന്താണെന്നത് പലവുരു ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ചോദ്യമാണ്. ആട് വളര്‍ത്തല്‍, മാഞ്ചിയം, ടൈക്കൂണ്‍, ടോട്ടല്‍ ഫോര്‍ യു, തൃശൂരിലെ ഡാറ്റാ എന്‍ട്രി, ലീ ക്യാപിറ്റല്‍, സോളാര്‍, ലീന മരിയാപോള്‍ തട്ടിപ്പ്,സ്വപ്ന , പോപ്പുലര്‍ ഫിനാന്‍സ് തുടങ്ങിയ തട്ടിപ്പുകളിലെല്ലാം മലയാളികള്‍ തലവച്ചുകൊടുത്തത് അല്ലെങ്കില്‍ വിധേയരായത് ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയോ, അന്യായമായ സ്വാധീനം കൊണ്ടോ അല്ലായിരുന്നു. അലസതയും അമിതാര്‍ഭാടത്വരയും മലയാളികളുടെ ആധുനികകാലത്തെ മുതല്‍ക്കൂട്ടുകളാണെന്നും ചുളുവില്‍ എന്തും നേടുക എന്നത് ഓരോ മലയാളിയുടേയും മനസിലിരുപ്പാണെന്നും നിരീക്ഷണമുണ്ട്.അധ്വാനിച്ച് കാലക്രമേണ വളര്‍ന്നു വലുതാകാനല്ല ശരാശരി മലയാളി ആഗ്രഹിക്കുന്നതെന്നും എത്രയും വേഗം സാമ്പത്തികമായി മുകള്‍ത്തട്ടിലെത്തുക എന്നതാണ് ഓരോ ശരാശരിക്കാരന്റെയും ആഗ്രഹമെന്നും സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നു. അതുകൊണ്ടാണ് സ്വന്തം നാട്ടില്‍ കഠിനാധ്വാനം ചെയ്യാനുള്ള മനസുകാട്ടാതെ പ്രവാസത്തിലേക്ക് പോകുന്നതും കൈവശമുള്ള പണം വല്ല തട്ടിപ്പുകാരന്റെയും കയ്യില്‍ കൊണ്ടുകൊടുത്ത് കബളിപ്പിക്കലിന് സ്വയം വിധേയനാകുന്നതും. ഈ മാനസിക അവസ്ഥകളെയാണ് വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ മുതല്‍ ഡിജിറ്റല്‍ ലോകത്തെ തട്ടിപ്പുകാര്‍ വരെ മുതലാക്കുന്നത്.

 


ഇതുംകൂടി വായിക്കാം;മോന്‍സണ്‍ പുരാവസ്തുവെന്ന പേരില്‍ തന്റെ വീട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഭൂരിഭാഗം വസ്തുക്കളും വ്യാജമെന്ന് കണ്ടെത്തല്‍


 

പ്രവാസ ജീവിതം നയിച്ചാലും ഏതെങ്കിലുമൊക്കെ വിധത്തില്‍ കാശുകാരനായാലും മലയാളി ഞണ്ടിന്റെ സ്വഭാവം ഉപേക്ഷിക്കില്ലെന്ന ചൊല്ല് പൊതുവേയുണ്ട്. ഇത് സ്വത്വബോധവും ഗൃഹാതുരതയും പൊള്ളയായ പാരമ്പര്യങ്ങളോടുള്ള ആസക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരാവസ്തുക്കളോടുള്ള ചിലരുടെ ഭ്രമം ഇത്തരം മാനസിക അവസ്ഥയുടെ പ്രതിഫലനവുമാണ്. കുട്ടിക്കാലത്ത് അനുഭവിച്ച ദാരിദ്ര്യത്തിന്റെയും തീണ്ടായ്മകളുടെയും ഇടയില്‍ ഗൂഢമായി അഭിലഷിച്ചിരുന്നൊരു വസ്തു പിന്നീട് സമ്പന്നാവസ്ഥയില്‍ ഒരു വ്യക്തി സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും. വിന്റേജ് കാറുകളോടും മറ്റും ചില പുതുപ്പണക്കാര്‍ കാട്ടുന്ന ആഭിമുഖ്യം ഉദാഹരണം. ഇത്തരം ജംഗമ വസ്തുക്കളെ സമ്പന്നമായ തങ്ങളുടെ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളായി അവര്‍ അവതരിപ്പിച്ചെന്നുമിരിക്കും. അതേസമയം പുരാവസ്തു ശേഖരണത്തിനു പിന്നില്‍ വ്യക്തികളുടെ സൗന്ദര്യ ബോധവും ചരിത്രപരമായ ആഭിമുഖ്യങ്ങളും കാല്പനികതയും തീര്‍ച്ചയായും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സങ്കല്പവും ഭാവനയും ഗൃഹാതുരതയുമൊക്കെ അടങ്ങിയ ഈ മായികമായ മാനസിക അവസ്ഥയെ നുണകള്‍കൊണ്ടും വ്യാജ വസ്തുക്കള്‍ കൊണ്ടും മുതലെടുക്കുകയാണ് മോന്‍സന്‍ മാവുങ്കലിനെ പോലുള്ള തട്ടിപ്പുകാർ‍. ഇവരുടെ വാക് ചാതുരിയിലും സാമര്‍ത്ഥ്യത്തിലും പെട്ട് യുക്തിയെപോലും നിര്‍ജീവമാക്കുകയായിരുന്നു തട്ടിപ്പിനിരയായവര്‍. എല്ലാ രംഗത്തും വലിയ വലിയ നുണകളും വ്യാജോക്തികളും നിറഞ്ഞിരിക്കുന്നതിനാല്‍ ഒന്നും തിരിച്ചറിയാന്‍ ആകാത്ത അവസ്ഥയിലാണ് സമകാലിക ജീവിതം. ഉണര്‍ന്നിരിക്കുന്ന മനസുള്ള എല്ലാവരേയും എക്കാലത്തും വ്യാകുലപ്പെടുത്തുന്നതാണ് യാഥാർത്ഥ്യം എന്തെന്നറിയാത്ത അവസ്ഥ. പറ്റിക്കാനും പറ്റിക്കപ്പെടാനും നിന്നുകൊടുക്കാതെ നമ്മുടെ ദിനസരിയെ മുന്നോട്ടുകൊണ്ടുപോകുക സാധ്യമല്ലാതെ വന്നിരിക്കുകയാണ്. നുണയെ സ്പര്‍ശിക്കാതെ നമുക്ക് ജീവിക്കാനാവില്ല. ഓരോ ദിവസത്തേയും സംഭവഗതികള്‍ അക്കാര്യം ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞ­നായ ഡോ. ലിയനാര്‍ഡ് സക്സെ പറ‍ഞ്ഞുവച്ചിട്ടുണ്ട്. കാരണം നുണയ്ക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അവാസ്തവങ്ങള്‍ സൃഷ്ടിക്കാനുള്ള വാസനയും അവാസ്തവങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാനുള്ള സന്നദ്ധതയും ഒരുപോലെ മനുഷ്യ മനസിനുണ്ട്. നുണപറയാനുള്ള, നുണകള്‍ വിശ്വസിക്കാനുള്ള, അവയില്‍ അഭിരമിക്കാനുള്ള താല്പര്യം മനുഷ്യരുടെ സ്വഭാവസവിശേഷതകളില്‍ ആഴത്തില്‍ വേരോടിയിരിക്കുന്നതായും മനഃശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. അപ്പോള്‍ സത്യമേത് കള്ളമേത് എന്ന് വേര്‍തിരിച്ചെടുക്കുക വളരെ ശ്രമകരമായിരിക്കുകയാണ് ഇക്കാലത്ത്.

 


ഇതുംകൂടി വായിക്കാം;മോന്‍സണ്‍ പുരാവസ്തുവെന്ന പേരില്‍ തന്റെ വീട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഭൂരിഭാഗം വസ്തുക്കളും വ്യാജമെന്ന് കണ്ടെത്തല്‍


 

സത്യത്തേക്കാള്‍ നിര്‍മ്മിത സത്യങ്ങള്‍ക്ക് ദൃശ്യത ഏറെ ലഭിക്കുമ്പോള്‍ വസ്തുതയെ തിരിച്ചറിയാനാകില്ലെന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണ്. മനുഷ്യ പ്രകൃതിയുടെ സഹജസ്വഭാവങ്ങളെ ഫലപ്രദമായി മുതലെടുത്തുകൊണ്ടാണ് അവാസ്തവ നിര്‍മ്മിതികളിലൂടെ പലതരം മോന്‍സന്‍ മാവുങ്കല്‍മാര്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ഇന്ന് അവതരിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യം നല്കിമാത്രം വ്യക്തികളെയും സ്ഥാപനങ്ങളെയും സമീപിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതും അവരവരുടെ മാത്രം ബാധ്യതയാണ്.നമ്മുടെ രാജ്യത്ത് ശതകോടികളുടെ തട്ടിപ്പും വെട്ടിപ്പുമൊക്കെ ഭരണതലത്തിൽ തന്നെ നടന്നതായി ആരോപണമുണ്ടായിട്ടുണ്ടെങ്കിലും കുറെക്കാലം ഒച്ചയും ബഹളവുമുണ്ടാക്കി അവയൊക്കെ കെട്ടടങ്ങുന്നതായും അതിൽ ഉൾപ്പെട്ടിരുന്നവർ യാതൊരു പോറലുമില്ലാതെ വീണ്ടും അവരുടെ മുൻകർമ്മരംഗങ്ങളിൽ വർധിതവീര്യത്തോടെ വ്യാ­പൃതരാകുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്. മോൻസൻ കഥയുടെ പരിണതിയും ചിലപ്പോൾ ഇങ്ങനെയൊക്കെയാകാം. എങ്കിലും കഠിനാധ്വാനികള്‍ മാത്രമാണ് ജീവിതത്തില്‍ ശാശ്വതമായി വിജയിച്ചിട്ടുള്ളത് എന്നത് മറക്കാതിരിക്കാം.

മാറ്റൊലി ;

”യൂദാസിനും വെള്ളിനാണയങ്ങൾക്കും ഒരിക്കലും മരണമില്ല”

Exit mobile version