ജനയുഗം പ്രചരണത്തിന്റെ ഭാഗമായി സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച മാധ്യമസെമിനാര്‍ ജനപക്ഷ മാധ്യമങ്ങളുടെ പ്രസക്തിയും പ്രാധാന്യവും എടുത്തുകാട്ടുന്നതായി. സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നിറഞ്ഞുകവിഞ്ഞ സദസിന് മുന്നില്‍ ‘ആഗോളീകരണ കാലത്തെ മാധ്യമ സംസ്കാരവും ചെറുത്തുനില്പും’ എന്ന വിഷയത്തിന്മേലുള്ള സെമിനാര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം, സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്നിവ മിഥ്യയായി മാറിയ കാലഘട്ടമാണിതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങളുടെ ചരിത്രം ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തോളം പഴക്കമുള്ളതാണ്. കോളനിവാഴ്ചയ്ക്കെതിരായ പോരാട്ടങ്ങളിലും സുപ്രധാന പങ്ക് വഹിച്ചത് ചെറുതും വലുതുമായ മാധ്യമങ്ങളായിരുന്നു. എന്നാല്‍ ഇന്ന് സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിനും നിഷ്‌പക്ഷ നിരീക്ഷണത്തിനും അര്‍ത്ഥവുമില്ലാത്ത സ്ഥിതിയാണുള്ളത്.
എല്ലാ മാധ്യമങ്ങള്‍ക്കും അവരുടേതായ താല്പര്യങ്ങളുണ്ട്. അവരെ നിയന്ത്രിക്കുന്ന ശക്തികളുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്തകളും പ്രതികരണങ്ങളും സംഘടിപ്പിക്കുക എന്നതാണ് മുഖ്യലക്ഷ്യം. നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുക, അതിന്റെ പ്രചാരണം വര്‍ധിപ്പിക്കുക എന്നത് ഇടതുപക്ഷത്തിന്റെ ചുമതലയാണെന്നും കാനം പറഞ്ഞു. ഒരേസമയം രാഷ്ട്രീയശക്തികളും മൂലധനശക്തികളും വര്‍ഗീയശക്തികളും ഒന്നിച്ചുകൂടുന്ന അസാധാരണമായ അവിശുദ്ധ സഖ്യത്തിന് മുന്നിലാണ് രാജ്യമെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരായ ആര്‍ എസ് ബാബു, പി എസ് സുരേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുല്ലക്കര രത്നാകരന്‍ മോഡറേറ്ററായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണി, കെ ആര്‍ ചന്ദ്രമോഹനന്‍, അഡ്വ. ആര്‍ രാജേന്ദ്രന്‍, സാം കെ ഡാനിയേല്‍, എം എസ് താര, ആര്‍ ലതാദേവി, ഹണി ബഞ്ചമിന്‍, ശിവശങ്കരന്‍നായര്‍, സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. ആര്‍ വിജയകുമാര്‍, സെക്രട്ടറി അഡ്വ. ജി ലാലു, സി ആര്‍ ജോസ്‌പ്രകാശ് എന്നിവര്‍ പങ്കെടുത്തു. ചരിത്രപ്രദര്‍ശനം ആര്‍ട്ടിസ്റ്റ് ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ബൈജു ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
English Summary: Janayugom Media Seminar
You may also like this video