മെയ് വഴക്കമല്ലാതെ മഴ ചാറിയതിനാലാവാം ഫെബ്രുവരിയിലെ പ്രഭാതത്തിലേക്ക് ഉഷ്ണം ഇങ്ങനെ കിനിയുന്നത്. നാലുനില കാമ്പസിന്റെ മുകളിലുള്ള ഹോസ്റ്റൽ മുറിയിലെ ഇരുമ്പുകട്ടിലിൽ അൽപ്പനേരം പുകഞ്ഞിരുന്നപ്പോഴേക്ക് മണി മുഴങ്ങി. പിന്നെ താമസംവിനാ പ്രാതലിനു വേണ്ടി കാന്റീനിലേക്ക് നടക്കാൻ തുടങ്ങി. പെട്ടെന്ന് ജലീൽ ഉരക്കുഴിയിലേക്ക് തന്റെ വിരലുകൾ കടത്തിയതിനാൽ ഞാൻ ആമയെ പോലെ അമുങ്ങി അവനോടൊന്ന് ചിരിച്ചു.
ഒരു കരച്ചിൽ കഴിഞ്ഞു വീണ്ടും കരയാൻ തുടങ്ങുന്ന ഭാവമാണ് എപ്പോഴും അവന്റെ മുഖത്തു നിഴലിക്കുക. ഇരുണ്ട കണ്ണുകൾക്ക് ചിരിതൂകുമ്പോൾ മാത്രം ഭംഗിയുള്ളതായി കണ്ടെത്താം. നീണ്ട വരിക്കുശേഷം മൂന്ന് ഇഡ്ഡലിയും അല്പം മെഴുക്കുപിരട്ടിയുമായി ടേബിളിൽ ജലീലിന് മുഖാമുഖം ഇരുന്നു. എനിക്ക് വീണ്ടും ചിരി വന്നു. ചിരിക്കുന്നത് കണ്ട് ഒരു പുഞ്ചിരിയോട് കൂടി അവൻ തലതാഴ്ത്തി. സന്ദർഭാനുസാരിയല്ലാത്ത ചിരികൾക്കെല്ലാം പുറകിൽ ഒരു കഥയുണ്ടാകും. അത് ഓർക്കുമ്പോൾ നൈസർഗികമായി ചിരിയുദിക്കുന്നു. അതുപോലെ ഒരു കഥ, എനിക്കും ജലീലിനും ഇടയിലും യാദൃച്ഛ്യാ സഭവിച്ചു.
കോളജ് ലീവനുവദിച്ച ഒരു സായാഹ്നത്തിൽ എന്റെ കൂട്ടുകാരന്റെ കൂടെയാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. ഞങ്ങൾ മൂന്നുപേരും നാട്ടിലേക്കായി ബസ്സിൽ കയറി. ഞാനും കൂട്ടുകാരനും അടുത്തടുത്താണ് ഇരുന്നത്. അവൻ ഞങ്ങൾക്ക് പിറകിലായി രണ്ടു സീറ്റിനപ്പുറം ഇരിപ്പുറപ്പിച്ചിരുന്നു. ബസ്സ് പുറപ്പെട്ടു തുടങ്ങി. ഇടയ്ക്കിടെ ഞാനവനെ നോക്കും. അപ്പോഴെല്ലാം വ്യസനപർവ്വം മൂടിക്കെട്ടിയ അവന്റെ മുഖം കാണും.
പുറകിൽ നിന്ന് കണ്ടക്ടർ തോണ്ടി വിളിച്ചപ്പോൾ അയാൾക്ക് ചാർജ് നൽകിയശേഷം ഒന്നുകൂടി ഞാൻ പുറകിലോട്ടു നോക്കിയതായിരുന്നു. പക്ഷേ അ മുഖം കണ്ടില്ല. ബസ് മുഴുക്കെ പരതിയെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല. കൂട്ടുകാരനോട് പറഞ്ഞപ്പോൾ എവിടെ ഇറങ്ങിയെന്ന് അവനും ശ്രദ്ധിച്ചിരുന്നില്ല. അവസാനം അവനെ ഫോൺ വിളിച്ചപ്പോഴാണ് കാരണം അറിഞ്ഞത്. ബസിൽ വച്ച് മൂത്രശങ്ക ഉണ്ടായെന്ന് അവൻ മടികൂടാതെ പറഞ്ഞു. കേട്ടതും എനിക്ക് ചിരി പൊട്ടി. ശങ്കിക്കുന്ന അവന്റെ മുഖം മനസ്സിൽ പതിഞ്ഞതിനാൽ പിന്നീട് കോളജിൽ വച്ച് അവനെ കാണുമ്പോഴെല്ലാം എനിക്ക് ചിരി വരും. അവൻ അതൊന്നും കാര്യമാക്കാറുമില്ല.
“അതെ… ഇന്ന് നാട്ടിൽ പോവണ്ടേ…?” അവൻ എന്നോട് തിരക്കി. ഞാൻ തലയാട്ടിയശേഷം “നമുക്കൊരുമിച്ചു പോകാം…” എന്നു പറഞ്ഞപ്പോൾ അവനൊന്നു പതുങ്ങിച്ചിരിച്ചു.
“വീട്ടീ പോയിട്ട് കാര്യമൊന്നുമില്ല… പോയല്ലേ പറ്റൂ !” അവന്റെ അർദ്ധോക്തിയിൽ ഞാൻ ശങ്കിച്ചു. “അതെന്താ നാട്ടീ പോണ്ടേ പിന്നെ… വീട്ടിൽ ആരെല്ലാം ഉണ്ട്…?” തിരക്കിയപ്പോൾ അവൻ വീണ്ടും തലതാഴ്ത്തി. ചിരിക്കാതെ തന്നെ.
“ഉമ്മയും വല്യുമ്മയും.…”
“അപ്പൊൾ ഉപ്പ?” പ്രതീക്ഷിച്ചിരുന്ന ചോദ്യം കേൾക്കുന്ന പോലെ അവന്റെ മുഖത്ത് ഭാവ വ്യത്യാസങ്ങൾ ഒന്നും കണ്ടില്ല.
”ഉപ്പ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്… എങ്ങോട്ടെന്ന് അറിയില്ല. എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ. വല്യുപ്പ പണ്ടേ മരിച്ചു. ഞാൻ ഒറ്റ മോനാ… അതൊക്കെയാണ് എന്റെ കഥ.”
അവൻ ചുമടിറക്കിയ ചുമട്ടുതൊഴിലാളിയെ പോലെ ചെറുതായി ഒന്നു പുഞ്ചിരിച്ച്, ശ്വാസം വലിച്ചു വിട്ടു. ഞാൻ അസ്വസ്ഥനായി. നിരന്തരം എഴുതിയിട്ടും ഒരാളെ മനസ്സിലാക്കാൻ കഴിയാത്തതിൽ സ്വയം പഴിച്ചു. എന്റെ കണ്ണുകളിലെ പുറത്തു ചാടാനിരിക്കുന്ന നീർത്തുള്ളികൾ
കാണെ അവൻ ദുഃഖത്തോടെ പറഞ്ഞു.
“ചിലവിന് ഉമ്മാക്ക് വിധവാപെൻഷനുണ്ട്.” അവൻ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞുവെങ്കിലും കുറ്റബോധം കൊണ്ട് ഞാൻ എഴുന്നേറ്റു. അല്ലെങ്കിൽ ഒരു പക്ഷേ ഞാൻ കരയുമായിരുന്നു. “ജലീൽ വലിയ ആളാകുമ്പോൾ എന്തായാലും ഉപ്പ തിരികെവരും.” ശ്രമകരമായി ഒരു ചിരി വരുത്തി തിരിഞ്ഞുനടക്കുമ്പോൾ അവനോടായി ഞാൻ പറഞ്ഞു. അവൻ തലയാട്ടി പ്രതികരിച്ചു.
അവന്റെ മുഖത്ത് നോക്കി ചിരിച്ച ഓരോ നിമിഷങ്ങളും മനസ്സിൽ അശനിപാദം കണക്ക് ഇറങ്ങിവന്നു. അധ്യാപകർ ഒന്നിനുപുറമേ ഓരോരുത്തരായി വന്നു പോയി. പക്ഷേ ഞാൻ മനസ്സിന്റെ അധ്യാപനത്തിലായിരുന്നു. അവന്റെ മുഖത്ത് നോക്കാനുള്ള ശക്തിയില്ലാത്തതിനാൽ ഊണ് കഴിക്കാൻ കാന്റീനിൽ ചെന്നില്ല.
സായാഹ്ന മണിമുഴങ്ങിയതും നമസ്കാരം കഴിഞ്ഞ് വിഴുപ്പലക്കാനുള്ള വസ്ത്രങ്ങളുടെ ബാഗും തോളിലിട്ട് കോളജ് ഗേറ്റു കടന്നു. ജലീൽ എന്നെയും കാത്ത് ഗേറ്റിനോടു ചാരി നിൽപ്പുണ്ടായിരുന്നു. ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അവൻ വല്ലാതെ പരുങ്ങാൻ തുടങ്ങി. എന്തോ അവനിൽ തികട്ടി വരുന്നതറിഞ്ഞു ഞാൻ തിരക്കി.
“എന്തുപറ്റി…?”
“അത്… കയ്യിൽ ഒരു നൂറ്റി അൻമ്പത് രൂപ ഉണ്ടോ…? പിന്നീട് തരാം… ബസ് പൈസ. അവൻ തലച്ചൊറിഞ്ഞു നിൽക്കുന്നത് കണ്ട് ഞാൻ അവനെ ചേർത്തുപിടിച്ചു. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
നിനച്ചിരിയാതെ സംഭവിക്കുന്ന ഓരോ കാര്യങ്ങളിലും ഞങ്ങളുടെ സഖിത്വം ഊഷ്മളമാകുന്നുണ്ട്. ഞാൻ നാപ്ക്കിന്നെടുത്ത് മുഖം തുടച്ചു. “ബസ്റ്റോപ്പ് ” എന്നെഴുതിയ മാമ്പലക തൂങ്ങിയാടുന്നതു കാൺകേ ബസ്സു വന്നു. ഓടി അതിൽ കയറിപ്പറ്റി. സീറ്റിൽ ഒരുമിച്ചാണിരുന്നത്. ഒരു നേർത്ത മൗനവും ഞങ്ങളോടുകൂടെ ഇടംപിടിച്ചിരുന്നു. പെട്ടെന്ന് കണ്ടക്ടർ എന്റെ പുറംതോണ്ടി. ഞാൻ രണ്ടുപേരുടെ ചാർജ് നൽകുമ്പോൾ അയാൾ ജലീലിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൻ അയാളിലേക്കു നോക്കാതെ തലതാഴ്ത്തി ഇരിക്കുന്നുണ്ട്. അപ്പോഴാണ് മനസ്സിൽ ഒരു പിൻവായന ഉയരുന്നത്. അന്ന് ബസ്സിൽ നിന്ന് അവൻ അപ്രത്യക്ഷമായത്. ഒരു പക്ഷേ…!