Site iconSite icon Janayugom Online

സർവ്വംസഹ

നലമിയന്നിടുമീ വസുധയ്ക്കു തൻ
ഹരിതകോമളസസ്യജ ഗാത്രവും
വിമലമാം ജലവാഹിനി പുൽകിടും
കുളിരുമാർദ്രതയും ഇനി അന്യമോ?
പ്രിയതരുക്കൾ മറച്ചൊരു ദേഹമീ-
വിധമനർത്ഥദരാഞ്ഞു മുറിച്ചുവോ?
മറവിയായിതു
വാഹിനിയൊക്കെയും
തനു മെലിഞ്ഞു കിതച്ചൊഴുകുന്നിതേ.
അവനി തന്നുടെ മാറിട മൊന്നു ചൂ-
ഴ്ന്നവിടെയായ് പല ഗർത്തഗണങ്ങളും
പുതിയ നാമ്പുകളേറ്റി നടന്നൊരാ
ജനനിതന്നുടെ ഗർഭവവുമേങ്ങിയോ?
അതി വരൾച്ച തളിർത്ത തരുക്കളും
ജലകണം കിനിയാത്തൊരു കൂപവും
ഖഗകുലത്തിന് തേടിയ ദാഹനീ -
രുറവ വറ്റിയ നീർത്തടമേകുമോ ?
നരകുലദ്ദുരയാൽ വഴിതെറ്റിയ -
ങ്ങൊഴുകിടും പുഴ തന്നൊടു കൂടെയായ്
അപഹരിച്ച പ്രിയങ്കരമാകുമീ
നിവസനങ്ങൾ തകർത്ത മനങ്ങളും
മനുജരാഞ്ഞു വലിച്ചെറിയുന്നതാം
മലിനകമ്പളമേറ്റു
പയോനിധി
നരനുഭോജ്യമതാം
ജലജീവികൾ -
ക്കതൊരജൈവ വിഷാംശകഭോജനം
ഭരമെഴും നിലകൂടിയ കെട്ടിട -
ക്കനമതൊട്ടു സഹിക്കയസാധ്യമായ്
പെരുമഴക്കൊടു പെയ്ത്തിനിടയ്ക്കതാ
നിലകൾ തെറ്റി നിലം നിപതിച്ചിതേ.
വികസനങ്ങൾ വരേണമതെങ്കിലും
വിഭവചൂഷണമീവിധമാകൊലാ
നിയമവും സമനീതിയുമേറ്റി നാം
തടയണം ബഹു
ദുസ്ഥമനീതികൾ
സഹജമാം ദയയാർന്ന മനസ്സിനാൽ
കരുതലാവുക മാനവഹൃത്തടം
കുതികുതിക്കുക മുക്തിയിലേക്കു നീ
മഹിമയാർന്ന മദിയധരിത്രിയേ. 

Exit mobile version