Site iconSite icon Janayugom Online

രാമായണത്തിലെ കുടുംബങ്ങളും അവ നൽകുന്ന പാഠങ്ങളും

ഒരു പക്ഷികുടുംബം തകർക്കുന്നതിനിടവരുത്തിയ വേടന്റെ അമ്പെയ്ത്തിനു നേരെ വിലക്ക് വാക്യം പറഞ്ഞുകൊണ്ടാണ് വാല്മീകി മഹർഷി തന്റെ കവിത്വവിളംബരം നടത്തുന്നതെന്ന് രാമായണത്തിന്റെ ആരംഭം വായിച്ചാൽത്തന്നെ ആർക്കും മനസിലാകും. ‘മാ നിഷാദ’ എന്ന കവിവാക്യത്തെ പക്ഷികളുടെ കുടുംബം തകർക്കരുതേ കാട്ടാളാ എന്ന നിലയിലും വായിക്കാം. വേടനാൽ തകർക്കപ്പെട്ട പക്ഷികുടുംബത്തിൽ തുടങ്ങുന്ന രാമായണത്തിൽ രാജാ ദശരഥന്റെ കുടുംബവും അദ്ദേഹത്തിന്റെ നാല് ആൺമക്കളുടെ കുടുംബവും തകർന്നതിനെപ്പറ്റിയും നിഷാദ രാജാവായ ഗുഹന്റെ കുടുംബത്തെപ്പറ്റിയും വാനര രാജാക്കളായ ബാലി-സുഗ്രീവന്മാരുടെ കുടുംബത്തെപ്പറ്റിയും ലങ്കേശനായ രാവണന്റെ കുടുംബത്തെപ്പറ്റിയും ദേവേന്ദ്രനാൽ തകർക്കപ്പെട്ട ഗൗതമ മഹർഷിയുടെയും സൂര്യവംശ ഗുരുവായ വസിഷ്ഠ മഹർഷിയുടെയും ശ്രീരാമന് ആദിത്യഹൃദയം ഉപദേശിച്ച അഗസ്ത്യ മഹർഷിയുടെയും ശ്രീരാമ‑ഭരത-ലക്ഷ്മണ-ശത്രുഘ്നന്മാരുടെ ധർമ്മപത്നികളായ സീത, ശ്രുതകീർത്തി, ഊർമ്മിള, മാണ്ഡവി എന്നിവർ വളർന്ന ജനകമഹാരാജാവിന്റെ കുടുംബത്തെപ്പറ്റിയും ഒക്കെ സാമാന്യമായും സവിശേഷമായും പ്രതിപാദിക്കുന്നുണ്ട്. 

ചില രാമായണങ്ങളിൽ ചില കുടുംബഗാഥകൾക്ക് പുകഴ്ചയും വിടർച്ചയും കൂടുതൽ നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പറഞ്ഞ കുടുംബങ്ങളിൽ ഏതുകൂട്ടരുടെ കുടുംബ ജീവിതമാണ് മാതൃകാ കുടുംബജീവിതം എന്നതു പരിശോധിച്ച് പ്രതിപാദിക്കേണ്ട ബാധ്യതയും രാമായണ പഠിതാക്കൾക്കുണ്ടായിവന്നിരിക്കുന്നു. എന്തായാലും നിരവധി കുടുംബ ജീവിതങ്ങളെ അതിന്റെ നിരവധി സങ്കീർണ‑സംഘർഷ സാധ്യതകളിലൂടെ വരഞ്ഞുകാട്ടുന്ന രാമായണം ലോകത്തിലെ ഏറ്റവും വലിയ കുടുംബ ജീവിതാഖ്യാനമാണെന്നു പറയാം.
തീ കണ്ടെത്തിയതിനു ശേഷം മാനവ നാഗരിക ജീവിത ചരിത്രത്തിൽ തീ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം ഉണ്ടായിട്ടില്ല എന്നത് ഏറെക്കുറെ തീർച്ചപ്പെട്ട വസ്തുതയാണ്. ഇതുപോലെയാണ് കുടുംബജീവിതത്തിന്റെ കാര്യവും. അത് ആരംഭം കുറിച്ചതിനുശേഷം പിന്നീടൊരിക്കലും മാനവിക നാഗരികതയിൽ നിന്ന് കുടുംബ ജീവിതത്തെ തീർത്തും ഒഴിവാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ കുടുംബജീവിതം നിലനിൽക്കുന്നതും കുടുംബജീവിതത്തെ നിലനിർത്തുന്നതിന് ഉത്സാഹം കൊള്ളുന്നതുമായ ഒരു മനഃസ്ഥിതിയും വ്യവസ്ഥിതിയും ഉള്ളിടത്തോളം രാമായണവും അതിലെ കുടുംബജീവിത രൂപങ്ങളും അതു പ്രസരിപ്പിക്കുന്ന മൂല്യബോധങ്ങളും പൊതുവേ ലോകത്തും പ്രത്യേകിച്ച് ഇന്ത്യയിലും നിലനിൽക്കും. 

രാമായണമുക്ത ഇന്ത്യ ഉണ്ടാവുന്നതിന് കുടുംബജീവിതമുക്ത ഇന്ത്യ ഉണ്ടാവണം എന്നർത്ഥം. അങ്ങനെ ഒരു ഇന്ത്യ ഉണ്ടാവുക എന്നത് ഹിമാലയം ഇല്ലാത്ത ഇന്ത്യ ഉണ്ടാവാനിടയുള്ളിടത്തോളമേ സാധ്യമാവൂ. മതവും ജാതിയും ദേശവും ഭാഷയും ഏതായാലും കുടുംബജീവിതം നയിക്കുന്നവരാണ് ബഹുഭൂരിപക്ഷം ഇന്ത്യക്കാരും എന്നത് തീർച്ചയാണല്ലോ. അതിനാൽ രാമായണങ്ങൾ പകരുന്ന കുടുംബജീവിത പാഠങ്ങൾ എന്തൊക്കെയാണെന്നും അവയ്ക്ക് ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥയിൽ എത്രത്തോളം പ്രസക്തിയുണ്ടെന്നുള്ളതും പഠനവിധേയമാക്കുന്നത് ഇക്കാലത്തും തീർത്തും അപ്രസക്തമാവില്ല. 

Exit mobile version