Site icon Janayugom Online

കേരളപ്പിറവിയും ഭാഷാ പോഷണവും പിന്നെ സുര്‍ക്കി അണക്കെട്ടും

ഒറ്റയാന്മാർക്കു പോലും ഒറ്റപ്പെടാനാവാത്ത അവസ്ഥ. സ്നേഹവായ്പ് ഒഴുകി എത്തുന്ന മാതൃഭാഷയുടെ ആശ്ലേഷമാണിത്. എങ്കിലും ഔദ്യോഗികമായില്ല ഇനിയും മലയാളം എന്ന വ്യാകുലത കേരളപ്പിറവി നാളിലും സഭയിൽ മുഴങ്ങി. 2015 ഡിസംബർ 17 ന് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചതാണ് ‘മലയാളഭാഷാ വ്യാപനവും പോഷണവും’ ബിൽ. നിയമവകുപ്പ് 2016 ഫെബ്രുവരി 11 ന് ഗവർണർക്ക് ബിൽ അയച്ചത് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണെന്ന ശുപാർശയോടെയാണ്. വർഷം ആറു കഴിയാറായിരിക്കുന്നു. ബില്ലുകളിലുള്ള ചർച്ചയിൽ പി സി വിഷ്ണുനാഥ് ഇക്കാര്യം ചൂണ്ടിക്കാട്ടി. തുടക്കത്തിൽ കെ ബാബുവും.

മുല്ലപ്പെരിയാർ അണക്കെട്ട് വീണ്ടും സഭയിൽ ചർച്ചയായി. സമവായത്തോടെ ചര്‍ച്ച ചെയ്യാനാകണം, മുഖ്യമന്ത്രി മറുപടി പറഞ്ഞു. പുതിയ അണക്കെട്ട് എന്ന ആവശ്യം കൃത്യമായി ഉന്നയിക്കാന്‍ കേരളത്തിന് കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയും അല്ലാതെയും ചര്‍ച്ചചെയ്യാം. അനാവശ്യ ഭീതി പരത്തി ഇതാ പൊട്ടാന്‍ പോകുന്നു പൊട്ടാന്‍ പോകുന്നു.. ഈ പ്രചാരണം അപകടമാണ്, ഇതാണ് താന്‍ വ്യക്തമാക്കിയത്; പിണറായി വിശദീകരിച്ചു. വസ്തുതകള്‍ മറച്ചുപിടിച്ച് തെറ്റിദ്ധാരണകള്‍ പരത്തുകയാണ് പ്രതിപക്ഷം, മന്ത്രി റോഷി പറഞ്ഞുസുർക്കി മിശ്രിതമുപയോഗിച്ച് നിർമ്മിച്ച ലോകത്തിൽ ഇന്നു നിലവിലുള്ള ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള മുല്ലപ്പെരിയാര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ നാളുകളില്‍ കൂടുതല്‍ അരക്ഷിതമാകുകയാണ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ബില്ലുകളുടെ ചര്‍ച്ചയില്‍ ക്ഷേമനിധികളില്‍ നിന്നും സര്‍ക്കാര്‍ പണം എടുത്തു എന്നായിരുന്നു തിരുവഞ്ചൂരിന്റെ ആക്ഷേപം. ഒരു പണം പോലും സര്‍ക്കാര്‍ എടുത്തിട്ടില്ല. ക്ഷേമനിധിയിലെ തുക ട്രഷറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അതിന് പലിശയും നല്‍കിയിട്ടുണ്ട്, മറുപടി നല്‍കിയത് മുന്‍ മന്ത്രി ടി പി രാമകൃഷ്ണനാണ്. ഏതു ക്ഷേമനിധി ബോര്‍ഡില്‍ നിന്നും എത്ര പണം എടുത്തു എന്നതിന് കണക്കുകള്‍ കിട്ടുമല്ലോ… തിരുവഞ്ചൂര്‍ അടങ്ങിയില്ല. “ഇലനക്കി നാ.….. വല്ലാത്ത പഴഞ്ചൊല്ല് പറയാതെ പറഞ്ഞു വലഞ്ഞു. മരണാനന്തര ചടങ്ങുകള്‍ നല്‍കുന്ന പണം കൊണ്ട് പാതി ദഹിപ്പിക്കുന്നതിനേ തികയൂ എന്ന ഗുളികന്‍ കയറിയ വാക്കും പറ‍ഞ്ഞു. മൃതദേഹത്തെ അപമാനിക്കുന്നതിനെതിരെ പിന്നീടു പ്രതികരിച്ചു കെ പി ജോയി.

കുത്തക തോട്ടം ഉടമകള്‍ക്കെതിരെ സമരം നടത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെയും പൊലീസിനും മുതലാളിക്കുമൊപ്പം ഒറ്റുകൊടുത്തവര്‍ ഇപ്പോള്‍ തൊഴിലാളികള്‍ക്കായി വാചാലമായി സംസാരിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു എം എം മണിയുടെ വര്‍ത്തമാനം.മാളുകളും വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളും തരംതിരിച്ച് തൊഴിലാളികള്‍ക്ക് പ്രത്യേക സേവന വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്ന് ഇ കെ വിജയന്‍ ആവശ്യപ്പട്ടു. ഇവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രത്യേക ആക്ട് കൊണ്ടുവരേണ്ടതുണ്ട്. സ്ഫോടകവസ്തുക്കള്‍, കീടനാശിനി എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് റിസ്ക് അലവന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തണം.നോക്കുകൂലി എന്ന വാക്കുപോലും ഉയരാതെ നോക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു മന്ത്രി ശിവന്‍കുട്ടി. ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് അപമാനകരമാണ്. മന്ത്രി നിലപാട് വ്യക്തമാക്കി.

Exit mobile version