Site icon Janayugom Online

അലൂമിനിയം ഉല്പാദിപ്പിക്കാനുള്ള പ്രക്രിയയുടെ കണ്ടുപിടുത്തം; ശാസ്ത്രചരിത്രത്തിലെ രസകരമായ ഒരധ്യായം

അലൂമിനിയം വ്യാവസായികമായി ഉല്പാദിപ്പിക്കാനുള്ള ഒരു പ്രക്രിയ വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ രണ്ട് ശാസ്ത്രജ്ഞര്‍ ഒരേ കാലഘട്ടത്തില്‍ കണ്ടെത്തി! 1863ലാണ് രണ്ടുപേരും ജനിച്ചത്. ഇരുപത്തിരണ്ടാം വയസിലാണ് രണ്ടുപേരും ഈ മാര്‍ഗം വികസിപ്പിച്ചെടുത്തത്. രണ്ടുപേരും 1914ല്‍ അന്തരിച്ചു. ഇവരുടെ കണ്ടുപിടുത്തമാണ് ഈ ആഴ്ചയിലെ കുറിപ്പിന് ആധാരമാക്കിയിട്ടുള്ളത്. 1863 ഡിസംബര്‍ ആറിനാണ് ചാള്‍സ് മാര്‍ട്ടിന്‍ഹാള്‍ ജനിച്ചത്. അമേരിക്കയില്‍ ഒഹയോയിലായിരുന്നു ജനനം. 1880ല്‍ പതിനാറാം വയസില്‍ ഒബര്‍ലിന്‍ കോളജില്‍ പഠനത്തിനു ചേര്‍ന്നു. ഫ്രാങ്ക് ഫാനിങ്ജേവറ്റായിരുന്നു അവിടെ അദ്ദേഹത്തിന്റെ അധ്യാപകന്‍. ആ കാലഘട്ടത്തില്‍ വെള്ളിക്കും അലൂമിനിയത്തിനും ഏകദേശം ഒരേ വിലയായിരുന്നു. ഭൂവല്‍ക്കത്തില്‍ മൂന്നാമത്തെ സുലഭമായ മൂലകമാണ് അലൂമിനിയം.

എങ്കിലും അയിരില്‍ നിന്ന് ശുദ്ധമായ അലൂമിനിയം വേര്‍തിരിച്ചെടുക്കുന്നത് ദുഷ്ക്കരമായിരുന്നു. അലൂമിനിയം ഉല്പാദിപ്പിക്കാന്‍ ചെലവ് കുറഞ്ഞ മാര്‍ഗം വികസിപ്പിച്ചെടുത്താല്‍ പെട്ടെന്ന് ധനികനാകാമെന്ന് അധ്യാപകനായ ജേവറ്റ് ഒരു ദിവസം ക്ലാസില്‍ പറഞ്ഞു. അലൂമിനിയം ഉല്പാദിപ്പിക്കാനുള്ള പഠനത്തിലേര്‍പ്പെടാന്‍ ഹാളിനത് പ്രേരണയായി. അവസാന വര്‍ഷ പഠനസമയത്ത് തന്നെ അധ്യാപകന്റെ പരീക്ഷണശാലയില്‍ അലൂമിനിയം ഉല്പാദനത്തിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു. കോളജ് പഠനശേഷം സഹോദരി ജൂലിയ ഹാളിനൊപ്പം ഗവേഷണം തുടര്‍ന്നു. ബോക്സെെറ്റ് അയിര് ഉരുക്കിയ ക്രയോലെെറ്റുമായി ചേര്‍ത്ത് വെെദ്യുതി വിശ്ലേഷണം വഴി അലൂമിനിയം ഉല്പാദിപ്പിക്കുന്ന മാര്‍ഗം വികസിപ്പിച്ചെടുത്തു.

ഇതിന് സമാനമായ മാര്‍ഗം ഫ്രാന്‍സിലെ പോള്‍ ഹെറോള്‍ട്ട് സ്വതന്ത്രമായി വികസിപ്പിച്ചെടുത്തു. പോള്‍ ഹെറോള്‍ട്ട് ജനിച്ചത് 1863 ഏപ്രില്‍ 10നാണ്. രണ്ടുപേരും ഇരുപത്തിരണ്ടാം വയസിലാണ് ഈ മാര്‍ഗം വികസിപ്പിച്ചെടുത്തത്.  1886 ജൂലെെ 9ന് ചാള്‍സ് മാര്‍ട്ടിന്‍ ഹാള്‍ അലൂമിനിയം ഉല്പാദിപ്പിക്കാനുള്ള ഈ പ്രക്രിയയ്ക്ക് പേറ്റന്റിന് അപേക്ഷിച്ചു. അപ്പോഴാണ് ഫ്രാന്‍സില്‍ ഹെറോള്‍ട്ടിന് ഈ മാര്‍ഗത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നറിഞ്ഞത്. ജേവറ്റും ഹാളിന്റെ കുടുംബവും നല്കിയ തെളിവുകള്‍ കണക്കിലെടുത്ത് ചാള്‍സ് മാര്‍ട്ടിന്‍ ഹാളിന് ഈ പ്രക്രിയ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണെന്ന് തെളിയിക്കാനായി. 1889ല്‍ ഹാള്‍ വികസിപ്പിച്ച മാര്‍ഗത്തിന് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചു.
അലൂമിനിയം വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാനുള്ള ഈ മാര്‍ഗം ഇന്ന് ഹാള്‍-ഹെറോള്‍ട്ട് പ്രക്രിയ എന്നറിയപ്പെടുന്നു. 1914 മെയ് 9ന് പോള്‍ ഹെറോള്‍ട്ടും ഡിസംബര്‍ 27ന് ചാള്‍സ് മാര്‍ട്ടിന്‍ ഹാളും അന്തരിച്ചു.

Exit mobile version