Site icon Janayugom Online

മലയാളിയായ ഇന്ത്യന്‍ ഗലീലിയോ

ലോകം അറിയപ്പെടുന്ന മലയാളിയായ ഒരു ജ്യോതിശാസ്ത്രജ്ഞനുണ്ട്. ഒരുപക്ഷേ സാധാരണ മലയാളിക്ക് അദ്ദേഹത്തെക്കുറിച്ച് അറിയണമെന്നില്ല. ആയിര‌ക്കണക്കിന് വാല്‍നക്ഷത്രങ്ങളില്‍ ഒന്നിന് മാത്രമേ ഒരിന്ത്യക്കാരന്റെ പേരുള്ളു. അത് കേരളത്തിലെ ഒരു തലശേരിക്കാരന്റെ പേരാണ്, വെയ്നു ബാപ്പു. ഹാര്‍വാര്‍ഡില്‍ വച്ച് വെയ്നു ബാപ്പുവും സഹപ്രവര്‍ത്തകരും കണ്ടെത്തിയ വാല്‍നക്ഷത്രമാണ് ബാപ്പു-ബോക്ക്-ന്യൂകിര്‍ക്ക് വാല്‍നക്ഷത്രം.

ആരാണ് വെയ്നു ബാപ്പു. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്റെ ആദ്യ ഇന്ത്യക്കാരനായ പ്രസിഡന്റ്. ഏഷ്യയിലെ ഏറ്റവും വലിയ ടെലസ്കോപ്പിന്റെ സ്ഥാപകന്‍. ഇന്ത്യയിലങ്ങോളമിങ്ങോളം വാന നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വാനനിരീക്ഷണത്തിന് പുത്തനുണര്‍വേകിയ ശാസ്ത്രജ്ഞന്‍. ആധുനിക ഭാരതത്തിലെ വാനശാസ്ത്രത്തിന്റെ പിതാവ് ഇങ്ങനെ വിശേഷണങ്ങള്‍ ഒരുപാട് ചേരും ഇദ്ദേഹത്തിന്.
1927 ഓഗസ്റ്റ് പത്തിന് ചെന്നെെയിലായിരുന്നു വെയ്നു ബാപ്പുവിന്റെ ജനനം. മുഴുവന്‍ പേര് മനാലി കല്ലാട്ട് വെയ്നു ബാപ്പു. കണ്ണൂര്‍ ജില്ലയില്‍ തലശേരിക്കടുത്ത് ചേറ്റംകുന്നിലെ മനാലി കല്ലാട്ട് കക്കൂഴി ബാപ്പുവാണ് പിതാവ്. മാതാവ് സുനന്ദ ബാപ്പു. സംഖ്യാശാസ്ത്രത്തില്‍ തല്പരനായ പിതാവ് മകന്‍ വേണുവിനെ ഇംഗ്ലീഷില്‍ വെയ്നു എന്നാക്കി മാറ്റി. അങ്ങനെയാണ് കൗതുകകരമായ ഈ പേര് വന്നത്. വെയ്നുവിന്റെ പിതാവ് ബാപ്പു ഹെെദരാബാദില്‍ നെെസാം വാന നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥനായിരുന്നു. പിതാവിനോടൊപ്പം ചെറുപ്പത്തില്‍ വെയ്നുവും വാനനിരീക്ഷണം നടത്തുക പതിവായി. ക്രമേണ വെയ്നു ആകാശ വിസ്മയത്തില്‍ തല്പരനായ, ജ്യോതിശാസ്ത്രം കൂടുതല്‍ പഠിക്കണമെന്ന് മോഹമുദിച്ചു.

അക്കാലത്ത് ഇന്ത്യയില്‍ വാനപഠനത്തിന് ഒരു സൗകര്യവും ഉണ്ടായിരുന്നില്ല. ആയിടക്ക് വിഖ്യാത ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഹാര്‍ലോ ഷാപ്പ്‌ലി ഹെെദരാബാദ് സന്ദര്‍ശിക്കാനിടയായയി. വെയ്നുവിന് ഹാര്‍വാര്‍ഡ് അസ്ട്രോണമി സ്കൂളില്‍ പ്രവേശനം നേടാന്‍ അദ്ദേഹം സഹായിച്ചു. 1949ല്‍ ഹാര്‍വാര്‍ഡില്‍ എത്തിയ വെയ്നു എട്ട് മാസത്തിനുള്ളില്‍ ബാപ്പു-ഡോക്ക്-ന്യൂകിര്‍ക്ക് വാല്‍നക്ഷത്രം കണ്ടെത്തി. ഇതിനദ്ദേഹത്തിന് അസ്ട്രോണമിക്കല്‍ സൊസെെറ്റിയുടെ പ്രത്യേക മെഡല്‍ ലഭിക്കുകയുണ്ടായി.
വെയ്നു വാനശാസ്ത്രത്തിന് നല്കിയ മഹത്തായ സംഭാവനകളിലൊന്നാണ് ബാപ്പു-ഗില്‍സണ്‍ പ്രഭാവം. നക്ഷത്രങ്ങള്‍ ഭൂമിയില്‍ നിന്നും എത്ര അകലത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് മനസിലാക്കാന്‍ ഈ കണ്ടെത്തല്‍മൂലം വാനശാസ്ത്രത്തിന് കഴിഞ്ഞു. തന്റെ സഹപ്രവര്‍ത്തകനായ മറ്റൊരു ജ്യോതിശാസ്ത്രജ്ഞന്‍ വില്‍സനുമായി ചേര്‍ന്നു നക്ഷത്രങ്ങളുടെ വര്‍ണാന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്താന്‍ കഴിഞ്ഞതാണ് ഈ സിദ്ധാന്തം കണ്ടെത്താന്‍ അദ്ദേഹത്തിന് സഹായകമായത്.

നക്ഷത്രങ്ങള്‍ക്ക് ഒരേ വലിപ്പമോ പ്രകാശ തീവ്രതയോ അല്ല ഉള്ളത്. അതുകൊണ്ട് അവ ഭൂമിയില്‍ നിന്ന് എത്ര അകലെയാണ് സ്ഥിതിചെയ്യുന്നത് എന്ന് കണ്ടുപിടിക്കുക എളുപ്പമല്ല. ഭൂമിയില്‍ നിന്നുള്ള അകലം വര്‍ധിക്കുന്തോറും ഇവ പ്രസരിപ്പിക്കുന്ന രശ്മികള്‍ക്ക് പ്രത്യേകത ഉണ്ടെന്ന് ഇവര്‍ മനസിലാക്കി. ഇതാണ് വെയ്നു-വില്‍സണ്‍ പ്രഭാവത്തിന്റെ അടിസ്ഥാനം. നക്ഷത്രങ്ങള്‍ എത്ര അകലത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് മനസിലാക്കാന്‍ ഈ കണ്ടുപിടിത്തം സഹായിക്കുന്നു.

ഹാര്‍വാര്‍ഡില്‍ ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിക്കൊണ്ടിരുന്ന വെയ്നു അവിടെത്തന്നെ ശിഷ്ടകാലം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എത്രയോ ഉന്നതിയിലെത്തുമായിരുന്നു. ഇന്ത്യയില്‍ ആര്യഭട്ടനും, ഭാസ്കരാചാര്യനും, വരാഹമിഹിരനും പടുത്തുയര്‍ത്തിയ മഹത്തായ വാനശാസ്ത്ര പെെതൃകമുണ്ടെന്നും തന്റെ കടമ ഈ പെെതൃകത്തിനെ മുന്നോട്ട് കൊണ്ടുപോവുകയാണെന്നും മനസിലാക്കി വെയ്നു ഇന്ത്യയില്‍ തിരിച്ചെത്തി. 1954ല്‍ വാരണാസിയില്‍ സ്റ്റേറ്റ് ഒബ്സര്‍വേറ്ററിയില്‍ ചീഫ് അസ്ട്രോണറായി ജോലിയില്‍ പ്രവേശിച്ചു. എഷ്യയിലെ ഏറ്റവും വലിയ ടെലസ്കോപ്പ് വെയ്നു ബാപ്പു ടെലസ്കോപ്പ് എന്നാണറിയപ്പെടുന്നത്. ബംഗളൂരുവില്‍ ഇദ്ദേഹം മുന്‍കയ്യെടുത്ത് സ്ഥാപിച്ച വാനശാസ്ത്ര സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ്.

1956ല്‍ യമുനയെ ജീവിതസഖിയായി വെയ്നു സ്വീകരിച്ചു. തന്റെ ഔദ്യോഗിക കാലത്ത് വാനശാസ്ത്രത്തിന് വേണ്ടി നിരന്തരമായ അധ്വാനമായിരുന്നു അദ്ദേഹം ഇന്ത്യയില്‍ നടത്തിയത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ അനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്തി വാനനിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങുകയും അവിടെയൊക്കെ ആധുനിക ടെലസ്കോപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. വാനശാസ്ത്രത്തില്‍ ഊര്‍ജസ്വലമായി ആവേശത്തോടെ പ്രവര്‍ത്തിക്കാനുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ ഇതുമൂലം ഇന്ത്യക്ക് സാധിച്ചു.
നിരവധി പുരസ്കാരങ്ങളാണ് വെയ്നു ബാപ്പുവിനെ തേടിയെത്തിയത്. 1981ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. ഇന്റര്‍നാഷണല്‍ അസ്ടോണമിക്കല്‍ യോഗത്തില്‍ പങ്കെടുത്ത് അധ്യക്ഷപ്രസംഗം നടത്താന്‍ ജര്‍മ്മനിയില്‍ പോയപ്പോഴാണ് വെയ്നു അസുഖബാധിതനായത്. 1982 ഓഗസ്റ്റ് 19ന് അദ്ദേഹം അന്തരിച്ചു.

ഇത്രയും ലോകപ്രശസ്തനായ വെയ്നു ബാപ്പുവിനെ ഭൂരിപക്ഷം മലയാളികള്‍ക്കും അറിയില്ല എന്നത് വളരെ ദുഃഖകരമാണ്. അദ്ദേഹം അന്തരിച്ചിട്ട് ദശകങ്ങളായെങ്കിലും കേരളത്തില്‍ ഒരു സ്മാരകം പോലും ഇതവരെ ഉയര്‍ന്നിട്ടില്ല എന്നത് വേദനാജനകമാണ്. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിലെ ഒരു ചെറിയ ഗ്യാലറി മാത്രമാണ് ആകെക്കൂടിയുള്ള ഏക സ്മാരകം. ഇന്ത്യയില്‍ കുറേ വാനനിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നത് മാത്രമല്ല അദ്ദേഹം ചെയ്തത്. ഇന്ത്യന്‍ വാനശാസ്ത്രത്തിന് തന്നെ അടിത്തറയിട്ട മഹാനാണദ്ദേഹം. ഇന്ന് നാം ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വമ്പന്‍ ബഹിരാകാശ വിജയങ്ങള്‍ക്കെല്ലാം തുടക്കമിട്ട നമ്മുടെ വാനശാസ്ത്രത്തിന്റെ പിതാവ് എന്ന് വെയ്നു ബാപ്പുവിനെ വിളിക്കുന്നത് അതുകൊണ്ടാണ്.

ലോകത്തിന്റെ‍ മൂലയില്‍ വെറുമൊരു വാലുപോലെ കിടക്കുന്ന നമ്മുടെ കേരളത്തിന്റെ നാമം വാനംമുട്ടെ എത്തിച്ച ഈ വലിയ മനുഷ്യന്റെ പേരില്‍ വാനനിരീക്ഷണ പാര്‍ക്കുകളും താല്പര്യമുള്ള കുട്ടികള്‍ക്ക് ബഹിരാകാശത്തെക്കുറിച്ച് പഠിക്കാനും സൗകര്യമൊരുക്കുകയും പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും‍ വേണ്ട നടപടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബഹുമാന പുരസരം അപേക്ഷിക്കുകയാണ്. വരാന്‍ പോകുന്ന ശാസ്ത്ര വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന വലിയൊരു പുണ്യകര്‍മമായിരിക്കും ഇത്. ഇത്തരമൊരു നടപടി കേരളത്തിന്റെ യശസ് ഇനിയുമുയരാന്‍ സഹായിക്കുകയേയുള്ളു. 

Exit mobile version