കേരളപ്പിറവി ദിനവും സ്കൂൾ തുറപ്പും ഒന്നിച്ചു വന്നത് തികച്ചും യാദൃച്ഛികം. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട നമ്മുടെ സംസ്ഥാനത്ത് മാതൃഭാഷയ്ക്ക് എത്ര മാത്രം പ്രാധാന്യം കൽപ്പിക്കുന്നുണ്ട് എന്നത് ചിന്തനീയമാണ്. ഒരു ദേശത്തിന്റെ സാംസ്കാരിക അടയാളം ആ ദേശത്തിന്റെ ഭാഷയാണ്. മറ്റു ഭാഷകളുടെ കടന്നു കയറ്റത്തിൽ മുങ്ങിത്താണു പോകുന്ന അവസ്ഥയിലാണ് ഇന്ന് മലയാളം. നവ മാധ്യമങ്ങളുടെ സ്വാധീനവും മറ്റും ഭാഷയുടെ രൂപത്തെ മാറ്റി മറിച്ചിട്ടുണ്ട്. എഴുത്ത് എന്നത് കടലാസിൽ നിന്നു മാറുകയും, തൂലിക എന്നത് വിരലുകളാകുകയും ചെയ്ത കാലത്ത് ഭാഷയുടെ രൂപാന്തരീകരണം നമ്മൾ ചർച്ച ചെയ്യണം.
മാതൃഭാഷ ആയത് കൊണ്ടു തന്നെയാണ് മലയാളം ചര്‍ച്ച ചെയ്യപ്പെടുന്നത്. വീട് വിദ്യാലയമാകുമ്പോള്‍ ഭാഷ പഠിച്ചു തുടങ്ങുന്നത് വീട്ടിൽ നിന്നുമാണ്. ഭാഷാധ്യാപനത്തിൽ ആദ്യ ഗുരു മാതാപിതാക്കൾ തന്നെയാണ്.
അമ്മ എന്ന വിളി പോലും പഠിച്ചു തുടങ്ങുന്നത് വീട്ടിൽ നിന്നുമാണ്. അമ്മ ഉച്ചരിച്ച് കേൾക്കുന്ന ഭാഷ പിന്നീട് മാതൃഭാഷയായി മാറുന്നു എന്നത് തന്നെയാണ് ഭാഷാ മാതാവിന് സമൂഹം നൽകുന്ന പ്രാധാന്യം.
അമ്മയുടെ ചുണ്ടിൽ നിന്നും കേട്ടു പഠിക്കുന്ന വാക്കുകൾ ഏറ്റു പറയാൻ കുട്ടി ശ്രമിക്കുന്നതോടെ ഭാഷാപഠനം ആരംഭിച്ചു കഴിഞ്ഞു. പറഞ്ഞു പഠിച്ചവ എഴുതി ഫലിപ്പിക്കാൻ അക്ഷരങ്ങളുടെ പഠനത്തിന് ഗുരുക്കൻമാരെ ആശ്രയിക്കുന്നതോടെ എഴുത്തു പഠനം ആരംഭിക്കുകയായി.
മാതൃഭാഷയിലൂടെ മാത്രമേ മനുഷ്യന് ചിന്താശേഷി കൈവരിക്കാനാകുന്നുള്ളൂ. മറ്റുള്ള ഭാഷയിലെ രചനകൾ വായിക്കുമ്പോഴും അതിന്റെ അർത്ഥതലം നാം ചിന്തിക്കുന്നത് മാതൃഭാഷയിലാണ്.
അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധം തന്നെയാണ് നമുക്ക് മാതൃഭാഷയോടും ഉള്ളത്. പുതിയ കാലത്ത് വാർധക്യം ബാധിച്ച മാതാപിതാക്കളെ തിരസ്കരിക്കുന്നതു പോലെയാണ് നാം ഭാഷയേയും മാറ്റി നിർത്തുന്നത്. മലയാളം പഠിക്കേണ്ടതില്ല എന്ന ചിന്ത കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം ഭാഷാ പഠനത്തെ ലളിതവൽകരിക്കാനും ശ്രമം നടക്കുന്നുണ്ട്. മലയാളം — ഇംഗ്ലീഷ് പദങ്ങളെ കോർത്തിണക്കി രൂപപ്പെടുത്തുന്ന പുതിയ സംസാരഭാഷ മലയാളത്തിന്റെ തനിമ നഷ്ടപ്പെടുത്തുക മാത്രമല്ല പുതിയ ഒരു ഭാഷയുടെ പിറവിയിലേക്കുള്ള വഴിവെട്ടൽ കൂടിയാണ്.
മാതാപിതാക്കൾ കുഞ്ഞുങ്ങളോട് സംസാര ഭാഷ ഇംഗ്ലീഷ് ആകണമെന്ന് ശാഠ്യം കാണിക്കരുത്. നിങ്ങൾ അവരോട് മനസ് തുറന്ന് സംസാരിക്കുന്നത് മലയാളത്തിലാകട്ടെ അപ്പോൾ അവരുടെ വാക്കുകളും വാചാലമാകും. പുതിയ കാഴ്ചപ്പാടുകൾ അവരുടെ സംസാരത്തിൽ നിന്നും രൂപപ്പെടും.
പാട്ടും, കളികളും പരിശീലിപ്പിക്കുന്നതിന് ഏറെ ആശ്രയിക്കാവുന്നത് മാതൃമലയാളത്തെത്തന്നെയാണ്. കഥകൾ ധാരാളം പറഞ്ഞു കൊടുക്കുക. കഥ പറയുമ്പോൾ നിങ്ങളുടെ മുഖത്തെ ഭാവങ്ങൾ കുട്ടികളുടെ മനസിനെ ഉണർത്തും എന്നതിൽ തർക്കമില്ല. ചിത്രങ്ങൾ വരയ്ക്കാനോ, വരച്ചവ കാണിച്ച് അവയുടെ പേരുകൾ ഉച്ചരിക്കാനോ പരിശീലിപ്പിക്കാം.
പുതിയ കാലത്ത് കുട്ടികൾ ഉറക്കെ വായിക്കുന്നതിന് മടി കാണിക്കുന്നുണ്ട്. ഇത് ഒരു പരിധി വരെ ഉച്ചാരണ വൈകല്യത്തിന് കാരണമാകാം. ഉറക്കെ വായിക്കുന്നതിലൂടെ നീട്ടും, കുറുക്കും മനസിലാക്കാൻ കഴിയും. യുപി ക്ലാസ് വരെയെങ്കിലും കുട്ടിയുടെ വായന ഉച്ചത്തിലാകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. നാവിനെ പറഞ്ഞു പഠിപ്പിക്കുന്നതിലൂടെ അക്ഷരങ്ങൾ അനുസരണയുള്ളവരായി മാറും. അപ്പോൾ യ“യും, ശ“യും, ഷ” യും ഒക്കെ നമുക്ക് വഴങ്ങിത്തരും.ഭാഷ പഠിക്കുന്നതിന് ഉച്ചാരണ ശുദ്ധി പ്രധാനമാണ്. ചുറ്റുവട്ടത്തിന്റെ ശുദ്ധി പോലെ തന്നെ വാക്കിന്റെ ശുദ്ധിക്ക് ഉച്ചാരണം പ്രധാനമാണ്. കുട്ടിയുടെ മാനസിക വ്യാപാരങ്ങളെ ഉണർത്തുവാൻ മാതൃഭാഷാ പഠനം തന്നെയാണ് ഉചിതം. കുട്ടിയുടെ ചിന്താശേഷി, ഭാവന എന്നിവ വികസിക്കേണ്ടത് മാതൃഭാഷയിലൂടെയാകണം.
ഒരു പദത്തിന് പകരം പദം കണ്ടെത്താൻ ശീലിക്കണം. ഭാഷാ പഠനത്തിന് വായന പ്രധാനമെന്ന് പറയുന്നത് അതുകൊണ്ടാണ്. നിരവധി പുതിയ പദങ്ങളെ പരിചയപ്പെടാനും അവ പുതിയ ഇടങ്ങളിൽ പ്രയോഗിക്കാനും കുട്ടി ശീലിക്കേണ്ടതുണ്ട്. പറഞ്ഞും, എഴുതിയും, വായിച്ചും നമുക്ക് നമ്മുടെ മാതൃഭാഷയെ ആരോഗ്യമുള്ളതാക്കിത്തീർക്കാം. മലയാള നാടിന്റെ കരുത്ത് മലയാളത്തിന്റെ കൈകളിലാണെന്ന തിരിച്ചറിവ് നാം മറക്കാതിരിക്കുക.