Site icon Janayugom Online

ഗോപാലന്‍ നായരുടെ കൃഷി

പതിവുപോലെ മകള്‍ അശ്വതി ചായയുമായി ഗോപാലന്‍ നായരുടെ മുറിയിലെത്തി. പക്ഷേ, ഇന്ന് ഗോപാലന്‍ നായര്‍ നേരത്തെ ഉണര്‍ന്നിരുന്നു. സാധാരണ സൂര്യന്‍ ഇരുട്ടിനെ നീക്കി വെളിച്ചം നിറച്ചു തുടങ്ങുമ്പോഴാണ് ഗോപാലന്‍ നായര്‍ ഉണരുക. കിടപ്പില്‍ കിടന്ന് അയാള്‍ ചിന്തിച്ചു. മോള്‍ക്ക് കല്യാണപ്രായമായെങ്കിലും കെട്ടിച്ചുവിടാനുള്ള വരുമാനമൊന്നും ഇല്ല അയാള്‍ക്ക്. അഥവാ ഉണ്ടെങ്കില്‍ തന്നെ ആരാ വരിക. ഒരു കൃഷിക്കാരന്റെ മഹത്വം ആരു മനസിലാക്കാന്‍. ഒരു കൃഷിക്കാരന്‍ മണ്ണിലിറങ്ങിയാലെ അന്നന്നത്തെ അന്നം ലഭിക്കു. അത് ഈ തലമുറ മനസിലാക്കണ്ടേ. 

ഓരോ ദിവസം കഴിയുന്തോറും കൃഷി നശിക്കുകയാണ്. കൊടും ചൂടാണ്. കിണറുകള്‍ വറ്റി, വെള്ളം ഒരിടത്തുമില്ല. വീട്ടില്‍ പട്ടിണിയാണ്. ഗോപാലന്‍ നായര്‍ ഓരോന്നുമോര്‍ത്ത് കിടന്നു. കിടക്കുമ്പോള്‍ വീടിനടുത്തുള്ള കൃഷിയിടം കണ്ടാണ് കിടക്കുക. നിലാവിന്റെ വെളിച്ചത്തില്‍ അയാള്‍ തന്റെ മാമ്പൂക്കള്‍ കൊഴിയുന്നത് കണ്ട് കിടന്നു. രാവിലെ കൃഷിയിത്തില്‍ നോക്കിയ അയാള്‍ ഒരു നിമിഷം നിന്നു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. നെഞ്ചില്‍ വെട്ടേറ്റ വേദന. വിളകള്‍ കരിഞ്ഞുപോയി കട്ടി മണ്ണായി കിടക്കുന്ന നിലം. ഇനി എന്തു ചെയ്യും. വെള്ളവുമില്ല, ഒന്നുമില്ല. 

പട്ടിണി തന്റെ കൂടപ്പിറപ്പാണ്. ഇനി അത് തന്നെ വിധി. കല്യാണപ്രായം കഴിഞ്ഞ മകള്‍, വളരുവാന്‍ വേണ്ട സൗകര്യങ്ങളൊന്നുമില്ല എന്ന് പരിഭവിക്കുന്ന കൃഷിയിടം. എന്നാണ് ഇതില്‍ നിന്നും ഒരു മോചനം? ഗോപാലന്‍ നായര്‍ ഓരോന്നും ആലോചിച്ച് തലയ്ക്ക് കൈകൊടുത്തിരിപ്പായി. മന്ദമാരുതന്‍ മെല്ലെ അയാളുടെ അരികില്‍ വന്ന് തഴുകിയിട്ടും തന്റെ ചിന്തകളില്‍ നിന്ന് ഉണരാന്‍ അയാള്‍ക്കായില്ല. പുറത്ത് മാമ്പൂക്കള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒപ്പം ഗോപാലന്‍ നായരുടെ പ്രതീക്ഷകളും.

Exit mobile version